രു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു ചൂതാട്ടത്തിന് തുല്യമാണ് അല്ലേ അങ്കിളേ... മരിച്ചു പോയ എന്റെ സുഹൃത്തിന്റെ മകൾ മിനിയാണ് മുന്നിൽ നിന്ന് കരയുന്നത്. അച്ഛനും അങ്കിളുമൊക്കെ നിർബന്ധിച്ചിട്ടാണ് ഞാൻ അന്ന് കല്യാണത്തിന് സമ്മതിച്ചത്. അങ്കിൾ ഓർക്കുന്നുണ്ടോ? ഞാൻ എത്ര വട്ടം പറഞ്ഞതാണ് എനിക്ക് നല്ലൊരു ജോലിയൊക്കെ കിട്ടിയിട്ട് മതി കല്യാണമൊക്കെ എന്ന്. എന്നിട്ടിപ്പോൾ കുടുംബ കോടതിയുടെ വാതിൽക്കൽ എത്തി നിൽക്കുകയാണ് ഞങ്ങളുടെ വിവഹ ജീവിതം. എനിക്ക് മടുത്തു അങ്കിളേ...എനിക്ക് ജോലിയില്ല, സ്വന്തമായി വരുമാനമില്ല, എന്തൊരു ജീവിതം അങ്കിളേ... അവൾ ജനാലയ്ക്കിരികിൽ വിദൂരതയിലേക്ക് കണ്ണും നട്ടു നിന്ന് മൂകയായി നിന്നു.

കഴിഞ്ഞ ആഴ്ചയിലുണ്ടായ ഒരു ഫോൺ സംഭാഷണം എന്റെ ഓർമയിലേക്ക് തെളിഞ്ഞു വന്നു. വർഷങ്ങൾക്കു മുമ്പ് ചികിത്സിച്ച ഒരു പെൺകുട്ടിയുടെ വിവാഹമായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്താനാവില്ല എന്നു പറയാൻ വേണ്ടിയാണ് തലേദിവസം വൈകിട്ട് ഞാൻ വിളിച്ചത്. പെൺകുട്ടിയുടെ അച്ഛനോടാണ് സംസാരിച്ചത്. കല്യാണപ്പരിപാടിയൊക്കെ എവിടെ വരെയായി എന്ന് മുഖവുരയായി ചോദിച്ചു കൊണ്ടാണ് ഞാൻ തുടങ്ങിയത്. വീട്ടിലെ ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു ഡോക്ടറേ..,, നാളെ ഇവളെ ഇറക്കിവിട്ടാൽ മതി. അതോടെ എന്റെ ഭാരങ്ങൾ ഒഴിയുകയായി... അച്ഛന്റെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്ത് മോൾ പറഞ്ഞു പടിയടച്ച് പിണ്ഡം വെച്ചു എന്ന് പറഞ്ഞതു പോലെ അല്ലേ ഡോക്ടറേ...അവൾ പൊട്ടിച്ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. ആ ചിരി കല്യാണത്തലേന്നായതു കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി. മിക്ക പെൺകുട്ടികളുടെയും അച്ഛനമ്മമാരുടെ ചിന്താഗതി ഇതു തന്നെ ആയിരിക്കും. ഒരു ഭാരം ഇറക്കി വെക്കൽ...

അതു കൊണ്ടാണല്ലോ വിദ്യയുടെ അച്ഛൻ അവളെ ഉന്നത വിദ്യാഭ്യാസത്തിന് വിടേണ്ട എന്ന് തീരുമാനിച്ചത്. എന്റെ മനസ്സിന് അത് ന്യായീകരിക്കാനായില്ല. 'പെൺകുട്ടികൾ ഇത്രയൊക്കെ പഠിച്ചാൽ മതി. ഇനിയും അവളുടെ പഠനത്തിന് പൈസ ചെലവാക്കിയാൽ ബാക്കി കാര്യത്തിന് ഞാൻ എവിടെ പോകും! ആ ബാക്കി കാര്യം എന്നത് അവളുടെ കല്യാണമാണെന്ന് മനസ്സിലാക്കാൻ സാമാന്യ വിവരം മതിയല്ലോ.

കൊറോണവൈറസിനെയും കോവിഡ് കാലത്തെയും ലോകം മുഴുവൻ ശപിക്കുമ്പോൾ കുറച്ചു പേരെങ്കിലും, കുറച്ച് പെൺകുട്ടികളുടെ അച്ഛനമ്മമാരെങ്കിലും മറിച്ച് ചിന്തിക്കുന്നവരുണ്ടാകും.കോവിഡ് കാലത്ത് പെൺമക്കളുടെ വിവാഹം നടത്താൻ സാധിച്ച ഭാഗ്യശാലികളാണവർ. എന്തു കൊണ്ടാണെന്നത് ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനോധർമത്തിന് വിടുന്നു!
***********************************
വിവാഹത്തിനു മുൻപ് ഞാനും അമ്മയും എല്ലാം തുറന്നു പറഞ്ഞതാണ് സാറേ, സ്ത്രീധനം തരാൻ സ്വർണമായിട്ട് ഒന്നുമില്ലെന്നും വിവാഹസമയത്ത് അണിയുന്നതൊന്നും സ്വർണമാലകളല്ലെന്നും ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ്. എന്നിട്ടിപ്പോൾ പറയുന്നത്, ഞാൻ ആ സ്വർണമൊക്കെ ആരുമറിയാതെ മാറ്റി വെച്ചിരിക്കുകയാണെന്നാണ്. അതിന്റെ കൂടെയാണെങ്കിലോ ' നീ ഇനി ജോലിക്ക് പോകണ്ട.. വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ മതി. അടുക്കളയിൽ അമ്മയെ സഹായിക്കാൻ ഒരാളു വേണ്ടേ....' എന്നൊക്കെയുള്ള നിർദേശങ്ങളും. ഇതാണ് ഭർത്താവിന്റെ ചിന്താ ഗതി! മടുത്തു സാറേ, ഞാൻ വല്ല ഹോസ്റ്റലിലും പോയി നിൽക്കാമെന്ന് വിചാരിക്കുകയാണ് ഇത് കല്യാണിയുടെ വാക്കുകളാണ്.

സ്ത്രീകളുടെ മാത്രം അവസ്ഥയാണിത് എന്ന് വിചാരിക്കേണ്ട. കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണെന്നത് സത്യം.

വിവാഹം കഴിഞ്ഞ അന്നു മുതൽ തുടങ്ങിയതാണിവൾ. അവൾക്ക് ഇവിടെ നിന്ന് മാറി വേറേ താമസിക്കണം. പ്രായമായ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഞാൻ എങ്ങനെ പോകാനാണ് സാറേ...അമ്മയാണെങ്കിൽ അവളുടെ ഒരാഗ്രഹത്തിനും എതിര് പറയില്ല സാറേ. ഞങ്ങൾ രണ്ടു പേരെയും ഒരേ കണ്ണിലൂടെ കാണുന്ന അപൂർവം അമ്മമാരിലൊരാൾ. എന്നിട്ടും അവൾക്ക്.... ഇത് രാജന്റെ കദനകഥയാണ്

****************************

ഭർത്താവിന് ബൈക്കും സ്കൂട്ടറുമൊന്നും ഓടിക്കാനറിയില്ല എന്ന ഒറ്റക്കാരണത്താൽ വിവാഹമോചനത്തിന് തയ്യാറെടുത്ത നിൽക്കുന്ന പെൺകുട്ടി. ഭർത്താവിന്റെ കാൻസർ ചികിൽസാ സമയത്ത് തുണയായി നിൽക്കേണ്ടതിന് പകരം സ്വന്തം സുഖം തേടി മറ്റു കൂട്ടു തേടി പോകുന്നവൾ. നൊന്തു പെറ്റ് വളർത്തി വലുതാക്കിയ അമ്മയെ ശത്രുവായി കാണാൻ വേണ്ടി ഭർത്താവിന്റെ മനസ്സിൽ വിഷം കുത്തി വെക്കുന്നവൾ... വിശേഷണങ്ങൾ നീണ്ടു പോകുന്നു.

*******************************
ആനിമോളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്ലസ് പോയന്റ് എന്താണെന്ന് ഡോക്ടർക്കറിയാമോ? ചെറുക്കന് അപ്പനും അമ്മയുമില്ല. രണ്ടു പേരും നേരത്തേ മരിച്ചു പോയി. മറിയാമ്മച്ചേടത്തിയുടേതാണ് ഈ കാഴ്ചപ്പാട്. വിചിത്രമായ ലോകവും വിചിത്രമായ കാഴ്ചപ്പാടുകളും അല്ലാതെന്തു പറയാൻ!! ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിക്കുകയായിരുന്നു.

അമ്മായിയമ്മയും മരുമകളുമായുള്ള പോര്, വിവാഹ മോചനം തുടങ്ങിയവയൊക്കെ ഉയർന്ന വിദ്യാഭ്യാസവും ജീവിത നിലവാരവുമുള്ളവരുടെ ഇടയിലാണ് കൂടുതൽ ഇത് അമ്മിണിയമ്മയുടെ വിശകലനമാണ്. ഉപജീവനത്തിനുള്ള തത്രപ്പാടിനിടയിൽ സാധാരണക്കാർക്ക് ഇത്തരം വഴക്കിനൊക്കെ എവിടെ സമയം!

വിദ്യാഭ്യാസവും ജോലിയും വരുമാനവുമായാൽ തമ്മിലാർക്കാണ് കേമത്തം എന്ന ചിന്ത ഒരു വശത്ത്. മത്സരബുദ്ധിയും അനാവശ്യമായ അപകർഷ ബോധവും മറ്റൊരു വശത്ത്. ഭാര്യയും ഭർത്താവുമായുള്ള ഈ പന്തയത്തിൽ ആരുമറിയാതെ തോൽവി ഏറ്റുവാങ്ങുന്ന കുറേ ജന്മങ്ങൾ അവർക്കിടയിലുണ്ട്. അവരുടെ പിഞ്ചു മക്കൾ. അവരുടെ സങ്കടം ആരു കാണാൻ! ബാല്യം കോടതിയുടെ തീരുമാനത്തിനനുസരിച്ച് അച്ഛനുമമ്മയും പങ്കിട്ടെടുക്കുന്നതിന് നിസ്സഹായരായി നിന്നു കൊടുക്കാനേ അവർക്ക് കഴിയൂ. ആ കുഞ്ഞുങ്ങൾക്കു വേണ്ടിയെങ്കിലും ഇത്തരം പന്തയങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
***************************************

ഡോക്ടറുടെ വിവാഹം പ്രേമവിവാഹമായിരുന്നു അല്ലേ? ഡോക്ടറുടെ മൂത്ത മകനും ആ പാരമ്പര്യം തെറ്റിച്ചില്ല അല്ലേ... അമ്മിണിയമ്മ സ്വതസിദ്ധമായ, ഉള്ളുതുറന്നള്ള പൊട്ടിച്ചിരിയോടെ ചോദിച്ചു. എനിക്കറിയാം, ഡോക്ടറുടെ കൂട്ടുകാരും അങ്ങനെയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ! ഗോപിസാറിന്റെയും ജയശ്രീ മാഡത്തിന്റെയും കാര്യം. പക്ഷേ, ഡോക്ടറേ നിങ്ങളുടെ വഴിയിൽ അതിനു വളരെ മുമ്പേ സഞ്ചരിച്ചവരാണ് ഞങ്ങൾ. ഞങ്ങളുടേതും പ്രേമവിവാഹമായിരുന്നു കേട്ടോ! കൊല്ലം നാല്പത്തെട്ടായി. ഒരു ദിവസം പോലും പിരിയാതെയാണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചത്. പിരിഞ്ഞത് അദ്ദേഹം പോയപ്പോളാണ് ഡോക്ടറേ... പൊട്ടിച്ചിരിയുടെ മുഴക്കം തീരും മുമ്പേ അമ്മിണിയമ്മ ഒരു നെടുവീർപ്പിന്റെ വിഷാദത്തിലേക്കായി.

ഒരു കണക്കിന് പ്രേമവിവാഹമാണ് നല്ലത് അല്ലേ? പരസ്പരം മനസ്സിലാക്കിയുള്ള വിവാഹം. രണ്ടു പേരും പരസ്പരം അവരുടെ നന്മകൾ കാണിക്കാനും അഭിനന്ദിക്കാനും വിവാഹത്തിനു മുമ്പ് ശ്രമിക്കും എന്നത് സമ്മതിക്കുന്നു. എന്നാലും ഒരു സുപ്രഭാതത്തിൽ ഒരു അപരിചിതനൊപ്പമുള്ള ജീവിതത്തിലേക്ക് തള്ളിവിടുന്നതിനെക്കാൾ നല്ലതല്ലേ?

ഞാൻ കുറേ നാൾ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിവാഹ സർട്ടിഫിക്കറ്റ് ഒപ്പിടാൻ കൊണ്ടു വരുമ്പോൾ ഞാൻ തമാശയ്ക്ക് പറയും അതിന്റെ കൂടെ വിവാഹമോചനത്തിനുള്ള ഒരപേക്ഷയും കൂടെ കൊടുത്തേക്കണേയെന്ന്. അതാണ് ഇപ്പോഴത്തെ അവസ്ഥ അമ്മിണിയമ്മ വീണ്ടും മുഴക്കത്തോടെ ചിരിച്ചു.

സന്തോഷപൂർണമായി മുന്നോട്ടു പോയി ശുഭപര്യവസായിയാകേണ്ട ഈ തിരക്കഥയിലെ വില്ലൻ കഥാപാത്രങ്ങൾ ആരൊക്കെയെന്ന് നോക്കാം. നീ അങ്ങനെ അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവളല്ല, അവനെ വരച്ച വരയിൽ നിർത്തണം... മകളെ ജീവിതം പഠിപ്പിക്കുന്ന അമ്മ.
പറ്റിയില്ലെങ്കിൽ നീ ഇങ്ങു പോരേ... അച്ഛൻ അമ്മയുടെ വാക്കിന് മൂർച്ച കൂട്ടി.

പെൺകോന്തൻ... അവളുടെ പാവാടച്ചരടിൽ കുടുങ്ങിക്കിടക്കുകയാണവൻ... മകനെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്ന അച്ഛൻ അഥവാ അമ്മായിയച്ഛൻ. കൂടോത്രം പ്രയോഗിച്ച് അവനെവളച്ചെടുത്തിരിക്കുകയാ ആ പിശാശ്... അമ്മായിയമ്മയുടെ ആക്രോശമാണിത്. സ്ത്രീധനത്തുക ഒരു മാസത്തിനകം തരാമെന്നു പറഞ്ഞ് കളിപ്പിച്ചില്ലേ നിങ്ങളെ?ഉപകഥാ പാത്രമായി ഒരു സഹോദരിയും കൂടിയുണ്ടെങ്കിൽ അസ്വസ്ഥതയുടെ സീരിയലിൽ കഥാപാത്രങ്ങൾ ഏകദേശം പൂർണം. ഇതിനിടയിൽ നായികയും നായകനും ശക്തരായ കഥാപാത്രങ്ങളല്ലെങ്കിൽതിരക്കഥ ദുരിതപൂർണവും ദുഃഖപര്യവസായിയുമായി മാറുമെന്നത് തീർച്ച. ഇതിനിടയിൽ നായികയും നായികയും തുറന്ന് ഏറ്റുമുട്ടിയാലോ! തിരക്കഥ ഒരു ഹൃസ്വചിത്രം പോലെ വേഗം പൂർണമാകുമെന്ന് മാത്രം.
***********************************

വിവാഹക്കമ്പോളത്തിന്റെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ നാം കാണാൻ പോകുന്ന ചില വിവാഹപ്പരസ്യങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു.

വരനെ ആവശ്യമുണ്ട് സുന്ദരിയും സുശീലയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള പെൺകുട്ടിക്ക് യോഗ്യതയുള്ള പുരുഷന്മാരിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഇരുചക്രവാഹനം ഓടിക്കാൻ അറിയാവുന്നവർക്കും കുശിനിപ്പണി അറിയാവുന്നവർക്കും അച്ഛനുമമ്മയും മരിച്ചവർക്കും മുൻഗണന. കുഞ്ഞുങ്ങളെ നോക്കി വളർത്താനറിയാവുന്നവർക്ക് പ്രത്യേക പരിഗണന.

വധുവിനെ ആവശ്യമുണ്ട് സുന്ദരനും വിവേകശാലിയും ആറക്കം മാസവരുമാനവുമുള്ള ഒരു യുവകോമളന് യോഗ്യതയുള്ള പെൺകുട്ടികളിൽ നിന്ന് വിവാഹാലോച ക്ഷണിക്കുന്നു. പുക വലിക്കുന്നവർക്കും ആഴ്ചയിൽ ഒരു ദിവസമൊക്കെ മദ്യപിക്കുന്നവർക്കും കുട്ടികൾ വേണ്ടാത്തവർക്കും മുൻഗണന. 100 പവൻ ആഭരണങ്ങളും വീടും ബെൻസ് കാറും സ്ത്രീധനമായി തരുന്നവർക്ക് പ്രത്യേകം പരിഗണന. മുൻഗണനയിൽ പറഞ്ഞ കാര്യങ്ങളിൽ ഇവർക്ക് ഇളവു കൊടുക്കുന്നതാണ്...

ഇന്നാർക്ക് ഇന്നാരെന്ന് എഴുതി വെച്ചല്ലോ ദൈവം കല്ലിൽ... ജയചന്ദ്രന്റെ മനോഹര ശബ്ദം ചെവിയിൽ മുഴങ്ങുന്നു. അതെ, വിവാഹം സ്വർഗത്തിൽ നിശ്ചയിക്കപ്പെടുന്നു. വിവാഹമോചനം ഭൂമിയിലാണെന്ന് മാത്രം.

Content Highlights:Snehaganga, Dr VP Gangadharan writes about his experiences, Health