ഞാൻ ആമിനയുടെ വാപ്പയാണ്. ഞായറാഴ്ച ഞാൻ സാറിനെ കാണാൻ വന്നോട്ടേ? അവള് നമ്മളെ വിട്ടു പോയിട്ട് രണ്ടു മാസം കഴിഞ്ഞു. എന്നാലും... ഒരു വിതുമ്പലോടെ ആ ഫോൺ വിളി അവസാനിച്ചു. അഞ്ചു മിനിറ്റിനകം ആ ഫോൺ വീണ്ടും വന്നു. സാറൊന്നും പറഞ്ഞില്ല... നീണ്ട ഒരു മൗനത്തിനു ശേഷം ഞാൻ പറഞ്ഞു ഞായറാഴ്ച രാവിലെ വന്നോളൂ. എന്റെ മനസ്സ് അറിയാതെ പറഞ്ഞ ഉത്തരമായിരുന്നു അത്. കാരണം എന്റെ മനസ്സ് അതിനകം ആമിനയെക്കുറിച്ചുള്ള ഓർമകളിൽ മുഴുകിപ്പോയിരുന്നു.

അഞ്ചു വർഷം മുമ്പ് അണ്ഡാശയത്തിൽ കാൻസറുമായി എന്റെ അടുത്തെത്തിയ ആമിന വളരെ പെട്ടെന്നു തന്നെ എന്റെ മകളെപ്പോലെയായിരുന്നു. 30 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്ന അവൾക്ക് സ്വന്തം ദുഃഖങ്ങൾ പങ്കുവെക്കാൻ, മനസ്സു തുറന്ന് സംസാരിക്കാൻ ഒരു അച്ഛനെ കിട്ടി എന്ന മട്ടിലായിരുന്നു എന്നോടുള്ള അവളുടെ പെരുമാറ്റം. നഴ്സായിരുന്ന അവൾക്ക് അസുഖത്തെക്കുറിച്ചും തന്റെ ഭാവി ജീവിതത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. കുടുംബ കോടതിയിൽ എത്തി നിൽക്കുന്ന ദാമ്പത്യജീവിതം, ജോലിസ്ഥലത്തെ അസ്ഥിരത, വിട്ടുവിട്ടുള്ള കീമോ തെറാപ്പി ചികിത്സ മൂലമുള്ള ശരീരക്ഷീണം... ഇതെല്ലാം താങ്ങാനുള്ള ശേഷി അവളുടെ മനസ്സിന് ദൈവം അറിഞ്ഞു കൊടുത്തതാണെന്നു തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ആ കുഞ്ഞു മനസ്സ് തകർന്നുപോയ ചില സന്ദർഭങ്ങൾ അവൾ എന്നോട് പങ്കുവെച്ചത് മനസ്സിൽ തെളിഞ്ഞു വന്നു. വിവാഹത്തിനു മുൻപേ തന്നെ കാൻസറുണ്ടായിരുന്നു എന്നും അതറിയിക്കാതെ വിവാഹം ചെയ്ത് ഒരു പുരുഷന്റെ ജീവിതം അവൾ തകർത്തെന്നും കോടതിയിൽ അവസരോചിതമായി വാദിക്കുന്ന വക്കീലന്മാരും അതിനെ നേരിടാൻ മാനസികമായും സാമ്പത്തികമായും ശേഷിയില്ലാത്ത ആമിനയും. 'എനിക്ക് ജീവിതം മടുത്തു ഡോക്ടറേ..'  എത്രയോ വട്ടം അവൾ ആ വാചകം ആവർത്തിച്ചിരിക്കുന്നു!

ഉല്ലാസവതിയായി എന്റെ മുൻപിലെത്തിയ ആമിനയുടെ ചിത്രവും മനസ്സിലേക്കോടിയെത്തി. 'എനിക്കൊരു കൂട്ടുകാരിയെ കിട്ടാൻ പോകുന്നു ഡോക്ടറേ...' ഇക്കയുടെ കല്യാണമാണ്. ഡോക്ടർ വരണം. ഒരു കല്യാണക്കുറി അവൾ വെച്ചു നീട്ടി. ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തലേ ദിവസത്തെ കീമോതെറാപ്പിയുടെ ക്ഷീണവും അസുഖവുമെല്ലാം മറന്ന ഒരു ആമിനയെയാണ് ഞാൻ ആ വേദിയിൽ കണ്ടത്.

പക്ഷേ, അവളുടെ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. 'ഇക്ക ഞങ്ങളുടെ കൂടെ താമസിക്കുന്നതും എന്നെ പരിചരിക്കുന്നതും അവൾക്ക് ഇഷ്ടമല്ല ഡോക്ടറേ...അവൾ മുഖത്തടിച്ച പോലെ എന്നോട് പറഞ്ഞു നീയാണ് എന്റെ ജീവിതത്തിലെ സുഖവും സന്തോഷവും കളയുന്നത്, നിനക്കൊന്ന് ചത്തൂടേ എന്ന്. ഈ കാൻസറും നിന്നെ കൊണ്ടു പോകുന്നില്ലല്ലോയെന്ന്... ' ആമിന വാക്കുകൾ കണ്ണീരിൽ നനഞ്ഞിരുന്നു. താമസിയാതെ ഒരു ദിവസം ആമിന വന്നു പറഞ്ഞു, 'ഇക്കയ്ക്ക് എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല സാറേ. ഞാൻ പലവട്ടം പൊയ്ക്കോളാൻ പറഞ്ഞതാണ്. പക്ഷേ, അവൾ... അവൾ ഇക്കയെ വിട്ടിട്ട് സ്വന്തം വീട്ടിലേക്ക് പോയി ഡോക്ടറേ... ' . ആമിന എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. 'ഞാൻ കാരണം എല്ലാവർക്കും...' അവൾ പൊട്ടിക്കരയുകയായിരുന്നു. അങ്ങനെയെങ്കിലും അവളുടെ മനസ്സ് ഒന്നു തണുക്കട്ടെ എന്ന് എനിക്കു തോന്നി.

രോഗം മൂർച്ഛിക്കുമ്പോഴും അവൾ ആശ്വാസം കണ്ടെത്തിയിരുന്നത് അവളുടെ ജോലിയിലൂടെയായിരുന്നു. സ്വന്തം ശാരീരികാസ്വാസ്ഥ്യങ്ങൾ വകവെക്കാതെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവൾ ആശുപത്രിയിൽ നഴ്സായി ജോലി തുടർന്നു. ഡോക്ടർമാരുൾപ്പെടെയുള്ള സഹപ്രവർത്തകർ അവസാന നിമിഷം വരെ സഹായിക്കാൻ കൈകോർത്ത് നിന്നതും അവളെ നെഞ്ചോടു ചേർത്ത് നിർത്തിയതും അവളുടെ ഈ ആത്മാർഥത കൊണ്ടു തന്നെ ആയിരിക്കും.

അവൾ ആഗ്രഹിച്ചതു പോലെ തന്നെ, 'കിടപ്പിലാകാതെ അവൾ കടന്നു പോയി സാറേ..'. ആമിനയുടെ കൂട്ടകാരി വിളിച്ചു പറഞ്ഞപ്പോളാണ് വേദനിപ്പിക്കുന്ന ആ മരണവാർത്ത ഞാൻ അറിഞ്ഞത്.

പറഞ്ഞതു പോലെ, ഞായറാഴ്ച രാവിലെ തന്നെ ആമിനയുടെ വാപ്പ എന്നെ കാണാനെത്തി. ഞാൻ ഓട്ടോറിക്ഷ ഓടിക്കുകയാണ് സാറേ എന്ന മുഖവുരയോടെയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. 'രണ്ടു മാസം കഴിഞ്ഞു സാറേ. പക്ഷേ, മനസ്സിന് ഇനിയും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഉൾക്കൊള്ളാൻ സാധിക്കുമെന്ന് തോന്നുന്നുമില്ല സാറേ... അവളില്ലാതെ എനിക്കും അവളുടെ ഉമ്മയ്ക്കും ഒരു ജീവിതമില്ല സാറേ. അത്രമാത്രം... ' അദ്ദേഹം പൊട്ടിക്കരയാൻ തുടങ്ങി.

കണ്ണീരടക്കാൻ പാടുപെട്ട് അദ്ദേഹം പറഞ്ഞു, 'സാറിനെ അവൾക്ക് വലിയ കാര്യമായിരുന്നു സാറേ... അവളുടെ അവസാനത്തെ ആഗ്രഹമാണിത്.' പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് എന്റെ നേരേ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'ഇത് കുറച്ചു രൂപയാണ്. അവളുടെ പ്രോവിഡന്റ് ഫണ്ട് കിട്ടിയതിന്റെ ഒരു ഭാഗമാണിത്. ഇത് സാറിനെ ഏല്പിക്കണമെന്ന് പറഞ്ഞിട്ടാണ് അവൾ യാത്രയായത്. ഏതെങ്കിലുമൊരു കാൻസർ രോഗിയുടെ ചികിത്സയ്ക്കായി ഈ തുക... ' . അദ്ദേഹത്തിന് വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല. 'തൽക്കാലം ഈ തുക നിങ്ങളുടെ കൈയിൽത്തന്നെ ഇരിക്കട്ടെ. കൊറോണക്കാലമല്ലേ. അതുകൊണ്ട് നിങ്ങളുടെ വരുമാനവും കുറവല്ലേ. പിന്നീട് ഈ തുക നിങ്ങൾ കൊണ്ടു വന്നു തന്നാൽ മതി...'- ഞാൻ പറയുമ്പോഴേക്ക് ആ കവർ ഞാൻ നിന്നതിനു ചുവട്ടിൽ വെച്ച് അദ്ദേഹം കണ്ണുതുടച്ചു കൊണ്ട് തിരിച്ചു നടന്നു കഴിഞ്ഞു. പിന്നെ നിന്ന് അദ്ദേഹം പറഞ്ഞു, 'ഇല്ല ഡോക്ടറേ ആ പൈസ ഞാൻ കൈയിൽ വെച്ചാൽ അവൾക്ക് എന്നോട് പൊറുക്കാനാവില്ല സാറേ. മരണാനനന്തര ചെലവിനു വേണ്ടി വരുന്ന തുക കൂടി എന്റെ കൈയിൽ ഏല്പിച്ചിട്ടാണ് അവൾ പോയത്.'

ഏതാനും ചുവട് നടന്ന് അദ്ദേഹം തിരികെ വന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു. 'അവളുടെ ഉമ്മയെയും കൂട്ടി ഒരു ദിവസം കൂടി ഞാൻ വന്നോട്ടേ സാറിനെ കാണാൻ... കുടുംബകോടതിയിൽ നിന്ന് കിട്ടാനിടയുള്ള തുകയുടെയും ഒരു വിഹിതം സാറിനെ ഏല്പിക്കണമെന്ന് അവൾ പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്.' അത്രയും പറഞ്ഞ് എന്റെ മുഖത്തേയ്ക്കു നോക്കാതെ അദ്ദേഹം വേഗം തിരിഞ്ഞു നടന്നു.

ആ കവർ എടുത്ത് തുറക്കാൻ കഴിയാതെ അതും പിടിച്ചു കൊണ്ട് വീട്ടിനകത്തേക്കു കയറുമ്പോൾ ഞാൻ ചിന്തിച്ചു വർഷം തോറും സമ്പന്നരുടെ പട്ടികയിൽ ഇടം നേടുന്നവർ, അതിൽ ഇടം പുതുക്കുന്നവർ അഴിമതിയിലൂടെ കോടികൾ തട്ടിയെടുക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും, ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ കോടികൾ കൊയ്യുന്ന ബിസിനസുകാർ, ഇവരിൽ ആരെങ്കിലുമൊക്കെ ആമിനയെ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചു പേരെങ്കിലും ആ മനസ്സ് ഉൾക്കൊണ്ടിരുന്നെങ്കിൽ... എങ്കിൽ ഈ ലോകം ഇങ്ങനെയൊന്നുമാകുമായിരുന്നില്ല.

സ്വാഭാവികമായും ഒരു സംശയം എല്ലാവരുടെയും മനസ്സിൽ വരാം. കാൻസർ ബാധിച്ചതു കൊണ്ടല്ലേ ആമിന ഇങ്ങനെ ആയത് എന്ന്. ഉത്തരം വളരെ ലളിതം. ആയിരിക്കാം... കാൻസർ വന്ന് ഭേദമാകുന്നതോടെ ഈ വലിയ മനസ്സുണ്ടാകുമെങ്കിൽ കാൻസർ വന്ന് ഭേദമായി എല്ലാവരുടെയും മനസ്സ് ശുദ്ധമാകട്ടെ...
********* ***************

എന്നെ മറന്നു പോയോ... വർഷങ്ങൾക്കു മുമ്പേ മരിച്ചു പോയ പുഷ്പാ സാമിയുടെ സ്വരം കേട്ട് ഞാൻ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി. പുഷ്പാസാമി പെട്ടെന്ന് എങ്ങനെയോ മനസ്സിലേക്ക് പൊട്ടിവീഴുകയായിരുന്നു. ആരുടെയൊക്കെയോ സഹായം കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കിയിരുന്ന ഒരു വയോധിക. മരണക്കിടക്കയിൽ കിടന്നു കൊണ്ട് അവർ എനിക്കു സമ്മാനിച്ച ഒരു കിഴി. അതിൽ അവശേഷിച്ചിരുന്ന സമ്പാദ്യം ഏതെങ്കിലും പാവപ്പെട്ട കാൻസർ രോഗിക്ക് ചികിത്സയ്ക്ക് ഉപയോഗിക്കണമെന്ന് പറഞ്ഞിട്ടാണ് അവർ യാത്രയായത്.

ആമിന, പുഷ്പാസാമി, മാർഗരറ്റ്... വലിയ വലിയ മനസ്സുമായി എത്രയെത്ര ചെറിയ മനുഷ്യരാണ് മനസ്സിലേക്ക് തിക്കിക്കയറി വരുന്നത്.... മനസ്സ് നന്നായാൽ മതി എന്നതാണല്ലോ ഏറ്റവും വലിയ ജീവിതസത്യം!

Content Highlights:Snehaganga, Dr VP Gangadharan writes about his Cancer patients, Health