രാഴ്ചയായി മനസ്സ് അസ്വസ്ഥമായിരുന്നു. കോവിഡ് എന്ന മഹാമാരിയെ ഭയപ്പെട്ടിട്ടല്ല, ഞാനുള്‍പ്പെടുന്ന സമൂഹം ഈ അസുഖം ബാധിച്ചവരെയും അവരുമായി ഇടപഴകേണ്ടി വരുന്ന ബന്ധുക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തുന്ന നേരിട്ടുള്ള ധാരാളം അനുഭവങ്ങള്‍. ഞാനറിയാതെ എന്റെ മനസ്സിനെ വേട്ടയാടുന്നുണ്ടായിരുന്നു ആ ഓരോ അനുഭവങ്ങളും. 

എല്ലാ നിയമങ്ങളും പാലിച്ച് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ എണ്‍പതുകാരിയായ ഒരമ്മയുടെയും മകന്റെയും ചിത്രമാണ് ആദ്യം മനസ്സില്‍ തെളിഞ്ഞത്. സ്വന്തം നാട്ടിലെത്തിയതിന്റെ സന്തോഷത്തോടും മനസ്സമാധാനത്തോടും കൂടി ആലുവയ്ക്കടുത്തുള്ള സ്വന്തം ഫ്‌ളാറ്റില്‍ ക്വാറന്റീനില്‍ കഴിയാനെത്തിയ അവരെ ആ ഫ്‌ളാറ്റിലെ അന്തേവാസികളും റെസിഡെന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് ആട്ടിപ്പായിച്ചു. ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീണ്ടും ഫ്‌ളാറ്റിലെത്തിയ അവരെ അതേ ജനം വീണ്ടും തടഞ്ഞു. ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് അവര്‍ക്ക് അവിടെ താമസിക്കാനുള്ള അവസരം തരമാക്കാന്‍ കഴിഞ്ഞത്. നിബന്ധനകളോടെയുള്ള  ജീവിതമായിരുന്നു അതെന്നത് ശ്രദ്ധേയമാണ്. അവരാരും പുറത്തിറങ്ങരുത്. പുറത്തേയ്ക്കുള്ള ജനാലകളും വാതിലുകളും തുറക്കരുത്. ആ അപ്പാര്‍ട്ട്‌മെന്റിന് മാത്രമായുള്ള ബാല്‍ക്കെണിയില്‍ പോലും അവരാരും ഇറങ്ങി നില്‍ക്കരുത്. പോരണ്ടായിരുന്നല്ലോ നാട്ടിലേക്ക്, മുംബൈയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നല്ലോ എന്ന് ആ അമ്മയും മകനും ചിന്തിച്ചതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. 

*********************
ഭൂമിയിലെ മാലാഖമാര്‍, കോവിഡിനെതിരേയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളുകള്‍, സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചും മറ്റുള്ളവര്‍ക്കു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന വെള്ളരിപ്രാവുകള്‍... നഴ്‌സുമാര്‍ക്ക് നമ്മള്‍ നല്‍കുന്ന വിശേഷണങ്ങള്‍ ഏറെ. അവരുടെയും ദുരിതങ്ങളും അനുഭവങ്ങളും ഇക്കാലത്ത് കൂടുതലായി കണ്ടറിഞ്ഞു. അടുത്തറിഞ്ഞു. 

ഉറക്കമില്ലാത്ത ഒരു രാത്രി കൂടി പിന്നിട്ട് ആശുപത്രിയില്‍ നിന്ന് കൂടണയാന്‍ അവരുടെ വാടക വീട്ടിലേക്ക് എത്തിയ ഏതാനും നഴ്‌സുമാരെ കാത്തിരുന്നത് വീട്ടുടമസ്ഥനും നാട്ടിലെ ചില പ്രമാണികളുമായിരുന്നു. 'കോവിഡ് രോഗികളുണ്ടെന്ന് സ്ഥിരീകരിച്ച ആശുപത്രിയില്‍ നിന്ന് നിങ്ങള്‍ ഇനി ഇങ്ങോട്ട് വരണ്ട. വേറേ താമസസ്ഥലം കണ്ടു പിടിച്ച് സ്ഥലം വിട്ടോണം'- അവരുടെയെല്ലാം ഒരേ സ്വരം! ഞങ്ങള്‍ തകര്‍ന്നു പോയി സാറേ...ഞങ്ങള്‍ എവിടെ പോകാന്‍... അവരുടെ തേങ്ങലുകള്‍ എനിക്ക് ഫോണിലൂടെ കേള്‍ക്കാമായിരുന്നു. 

ഇക്കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു ഫോട്ടോ എന്നെ നോക്കി ചിരിക്കുന്നതു പോലെ തോന്നി. ഏതോ ഒരു പഞ്ചായത്തു പ്രസിഡന്റും പ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് കുറച്ച് നഴ്‌സുമാരെ പൂമാലയും ബൊക്കെയും ഒക്കെയായി ആദരിക്കുന്ന വര്‍ണചിത്രം. മനസ്സറിയാതെ മന്ത്രിച്ചു പോയി- കപടമുഖങ്ങള്‍...

***************************
ആശുപത്രി ജീവനക്കാരിക്ക് കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നപ്പോള്‍ ഉണ്ടായ അനുഭവവും വ്യത്യസ്തമായിരുന്നില്ല. രണ്ടു കൊച്ചു കുട്ടികളും ഭര്‍ത്താവും അടങ്ങുന്ന ആ ചെറിയ കുടുംബം. രണ്ടും ചെറുമുറികള്‍ മാത്രമുള്ള ആ കൊച്ചു വീട്ടിലെ കുളിമുറിയും ശൗചാലയവും പുറത്തായിരുന്നു. സ്വന്തം പുരയിടത്തില്‍ പോലും പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ നാട്ടുകാര്‍ അനുവദിക്കാതെ വന്നപ്പോള്‍ അവര്‍ക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. 

***************************
ഞാന്‍ ശ്രീദേവിയാണ് സാര്‍... ഫോണിലൂടെയുള്ള ആ ശബ്ദം എനിക്ക് തിരിച്ചറിയാവുന്നതു തന്നെയായിരുന്നു. ശ്വാസകോശാര്‍ബുദത്തിന് ചികില്‍സയില്‍ കഴിയുന്നവരാണ് അവര്‍. പ്രായം എഴുപതിനോടടുത്ത്.  വീരമൃത്യു വരിച്ച ഒരു പട്ടാള ഓഫീസറുടെ ഭാര്യ. എന്റെ മനസ്സിലെ കംപ്യൂട്ടര്‍ ആ ചിത്രം പെട്ടെന്ന് ചികഞ്ഞെടുത്തു. ''ഒന്‍പതു ദിവസം മുമ്പാണ് ഞാന്‍ കീമോ തെറാപ്പി എടുത്തത്. നാളെ രക്തം പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട് സാറേ... ഇന്നെനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വലിയ അധികാരസ്വരത്തിലായിരുന്നു സാറേ... ഇനി ഒരറിയിപ്പു ലഭിക്കുന്നതു വരെ പുറത്തേയ്‌ക്കെങ്ങും ഇറങ്ങിയേക്കരുത് എന്ന്...'' ശ്രീദേവിയുടെ തേങ്ങലുകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഞാന്‍ അവരോടും സാറിനോടും ഒറ്റക്കാര്യമേ പറയുന്നുള്ളൂ. ഞാന്‍ രക്തപരിശോധനയ്‌ക്കൊന്നും പോകാതെ അകത്തു തന്നെ ഇരുന്നോളാം. ആരും ഇതും പറഞ്ഞ് ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് വരരുത്... അങ്ങനെ സംഭവിച്ചാല്‍... ശ്രീദേവി മുഴുമിപ്പിച്ചില്ല.

*********************************
ഈ കോവിഡ് കാലത്ത് എത്രയെത്ര ആത്മഹത്യകള്‍! സാമ്പത്തികത്തകര്‍ച്ച മാത്രമല്ല കാരണമെന്ന് ഞാന്‍ തിരിച്ചറിയുന്നു. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമൂഹം കല്പിച്ചു നല്‍കുന്ന ഒരു ഭ്രഷ്ട് ഉണ്ടല്ലോ അതാണ് കോവിഡിനെക്കാള്‍ ജനമനസ്സുകള്‍ ഭയപ്പെടുന്നത്. അകറ്റി നിര്‍ത്തേണ്ടത് കോവിഡിനെയാണ്. കോവിഡ് ബാധിച്ചവരെയല്ല. അവരെ പരിചരിക്കുന്നവരെയല്ല. ഞാനും നിങ്ങളും നാളെ ഈ കഥാപാത്രങ്ങളാകാം എന്ന ഒരു തിരിച്ചറിവ് ഇനിയെങ്കിലും നമ്മുടെ അകക്കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍...

Content Highlights: Snehaganga, Dr VP Gangadharan writes about Covid19 patients and society, Corona Virus, Health