അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടാകും- കുട്ടിക്കാലത്ത്, അടുത്തിരുന്ന് വെറ്റില മുറുക്കാനായി അടയ്ക്ക ഉരച്ചുകൊടുക്കുമ്പോള്‍ അമ്മൂമ്മയുടെ വായില്‍ നിന്ന് പലവട്ടം കേട്ടിട്ടുള്ള ഈ പല്ലവി ശരിയാണെന്ന് തോന്നിയ പല സന്ദര്‍ഭങ്ങളും ഈ കോവിഡ് കാലത്തും ഉണ്ടാകുന്നുണ്ടെന്നുള്ളത് അത്ഭുതപ്പെടുത്താറുണ്ട്.
''കോവിഡ് ഒരു എട്ടു മാസം കൂടി ഇങ്ങനെ തന്നെ തുടരട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.'' ഒരു മാസം മുമ്പ് കീമോ തെറാപ്പി ചികില്‍സ ആരംഭിച്ച രാധയുടെ ഈ പ്രാര്‍ഥന എന്തിനു വേണ്ടിയായിരുന്നു എന്ന് അറിയേണ്ടേ?.. തന്റെ കീമോ തെറാപ്പിയെല്ലാം കഴിഞ്ഞ് പോയ മുടി തിരികെ വരാനുള്ള സമയത്തിനു വേണ്ടിയായിരുന്നു മനസ്സുരുകിയുള്ള ഈ പ്രാര്‍ഥന. കോവിഡ് തുടര്‍ന്നാല്‍ ആരും വിശേഷം അന്വേഷിച്ച് വീട്ടില്‍ വരില്ലല്ലോ എന്നതും തന്നെ ഈ കോലത്തില്‍ ആരും കാണില്ലല്ലോ എന്നതും ഒരാശ്വാസമായി കണ്ടുകൊണ്ടാണ് രാധ ഇങ്ങനെ ചിന്തിച്ചത്. കോവിഡ് കാലം നീണ്ടുനില്‍ക്കാന്‍ പ്രാര്‍ഥിച്ചതിനു കാരണവും മറ്റൊന്നല്ല. ലോകം മുഴുവന്‍ ഈ കോവിഡ് കാലത്തിന് ഒരറുതി വരാന്‍ ഒറ്റക്കെട്ടായി ചിന്തിക്കുമ്പോള്‍ മറിച്ചു ചിന്തിക്കുന്ന ഒരാള്‍.
ആ പക്ഷത്ത് പക്ഷേ, ഒരാള്‍ മാത്രമല്ല ഉള്ളത് എന്നു കാണിച്ചു തന്ന അനുഭവങ്ങള്‍ വീണ്ടുമുണ്ടായി. എന്റെയൊരു ഡോക്ടര്‍ സുഹൃത്തിന്റെ ഭാര്യയെ സ്തനാര്‍ബുദ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുശലാന്വേഷണത്തിനായി എത്തിയ എന്നോട് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു- കോവിഡ് കാലമായത് നന്നായി. ഞങ്ങള്‍ ക്വാറന്റീനിലാണെന്ന് നാട്ടുകാര്‍ വിചാരിച്ചോളും.. എന്റെ ചികില്‍സ കഴിയുന്നതു വരെ ഇങ്ങനെ തുടര്‍ന്നാല്‍ മതിയായിരുന്നു- അത് സ്ത്രീ ശബ്ദമായിരുന്നു. നാട്ടുകാരും വീട്ടുകാരും അറിയാതെ ചികിത്സ പൂര്‍ത്തിയാക്കാമല്ലോ! അവര്‍ പറഞ്ഞു.
എന്റെ അമ്മൂമ്മോ... ഞാന്‍ അറിയാതെ വിളിച്ചുപോയി!
കോവിഡ് കാലം... ഡോക്ടര്‍ക്ക് സന്തോഷമായിക്കാണും. തിരക്കിട്ട ജീവിതത്തിനിടെ വീണു കിട്ടിയ കുറച്ച് അവധി ദിനങ്ങള്‍ അല്ലേ! വീട്ടുകാരുമൊത്തെ ചെലവഴിക്കാന്‍ കുറേ സമയം... പ്രാര്‍ഥിക്കുന്നുണ്ടാകുമല്ലേ ഈ കാലം കുറേ കൂടി നീണ്ടു കിട്ടാന്‍ - എന്റെ ഒരു അഭ്യുദയകാംക്ഷിയുടെ വാക്കുകളാണിത്. സ്വപ്‌നത്തില്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല എന്നും അങ്ങനെ ചിന്തിക്കാന്‍ സാധിക്കുകയേ ഇല്ല എന്നും ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി. പക്ഷേ, ഞാനൊന്നും പറഞ്ഞില്ല.
കോവിഡ് കാലത്ത് അങ്ങനെ ശബ്ദം നഷ്ടപ്പെട്ട, മുഖം നഷ്ടപ്പെട്ട, പ്രാധാന്യം നഷ്ടപ്പെട്ട മറ്റനേകം അസുഖങ്ങളുടെ രോദനം ചെവിയില്‍ മുഴങ്ങുന്ന പോലെ. കാന്‍സറേ... എന്തൊരഹങ്കാരമായിരുന്നു നിനക്ക്! എന്റെ മനസ്സിന്റെ ശബ്ദമാണ് ഇടയിലൂടെ കേട്ടത്. ജനലക്ഷങ്ങളെ ഭീതിയിലാഴ്ത്തി നെഞ്ചും വിരിച്ച് നടന്നിരുന്ന, കാന്‍സറെന്ന് പേരുള്ള നിന്നെ ജനം പുച്ഛിച്ച് തള്ളിക്കഴിഞ്ഞു. കോവിഡ് ഭീതിയുടെ മുന്നില്‍ നിന്നെ ജനം മറന്നു. ജീവിതശൈലീ രോഗങ്ങളെ മറന്നു. ഫലമോ! പല ആശുപത്രികളും കോവിഡ് ആശുപത്രികള്‍ മാത്രമായി മാറി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ജനം നെട്ടോട്ടമോടിത്തുടങ്ങിയപ്പോള്‍ ഇഞ്ചിയുടെയും മഞ്ഞളിന്റെയും വില കുത്തനെ കൂടി. ബനിയന്‍ ഉത്പന്നങ്ങള്‍ക്ക് പകരം മാസ്‌കും പി.പി.ഇ. കിറ്റും മാര്‍ക്കറ്റ് കീഴടക്കിയതോടെ ബനിയന്‍ കമ്പനികള്‍ കളം മാറി ചവിട്ടി. വിഷുവും ഈസ്റ്ററും ചെറിയ പെരുന്നാളുമൊക്കെ വന്നു പോയി. പക്ഷേ, ജനം ചന്തയില്‍ വന്നില്ല. കടകളില്‍ വന്നില്ല... കൈയില്‍ തുട്ട് ഇല്ലാതായി- ജനങ്ങളുടെ കൈയില്‍ പണമില്ല.
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ... ഇത് പഴയ വരികള്‍. പുത്തന്‍ വരികള്‍ മനസ്സില്‍ തെളിഞ്ഞു വന്നു- കോവിഡ് നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ- അതെ, ദാരിദ്ര്യത്തിലൂടെ ഒന്നായവര്‍. ശരീരത്തിലും മനസ്സിലും കൊഴുപ്പ് നഷ്ടപ്പെട്ട് '1' പോലെ ആയവര്‍.
കുടുംബം വഴിയാധാരമാകാന്‍, ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്താന്‍ വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ മതി സാറേ... സിനിയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു. കോവിഡ് ബാധിച്ച് ഞാന്‍ ചികില്‍സയിലായിരുന്ന സമയത്ത് ഭര്‍ത്താവും മോനും കൂടി കോവിഡ് ബാധിച്ച് അവരെയും കൊണ്ട് സൈറണ്‍ മുഴക്കി ആംബുലന്‍സ് പാഞ്ഞപ്പോള്‍... സിനിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. നാട്ടുകാര്‍ അതോടെ ഞങ്ങളെ ഒറ്റപ്പെടുത്തി സാറേ... ഞങ്ങളെല്ലാവരും അസുഖം മാറി തിരികെ വീട്ടിലെത്തിയിട്ടും നാട്ടുകാരുടെ മനസ്സില്‍ ഞങ്ങള്‍ എന്തോ തൊട്ടു തീണ്ടിക്കൂടാത്തവരെപ്പോലെ. പ്രായമായ അച്ഛനുമമ്മയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം പത്തു ലിറ്റര്‍ പാല്‍ തരുന്ന ഒരു പശുവായിരുന്നു. ഇപ്പോള്‍ പാല്‍ വാങ്ങാന്‍ ആളില്ലാതായി. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അയല്‍ക്കാര്‍ രണ്ടു കൂട്ടര്‍ താമസം മാറി. വീടിനു മുന്നിലെ വഴിയിലൂടെ നടന്നു പോകുന്ന ചിലര്‍ കുട ചെരിച്ചു പിടിച്ചും മറുവശത്തേക്ക് മുഖം തിരിച്ചും ഞങ്ങളെ കാണാതിരിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ ചങ്കു പൊട്ടിപ്പോകും സാറേ... കോവിഡ് അവരെ കാണാതിരിക്കാന്‍ വേണ്ടിയോ അവര്‍ കോവിഡിനെ കാണാതിരിക്കാന്‍ വേണ്ടിയോ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതി- ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
ഒരാഴ്ച മുന്‍പ് മസ്‌കറ്റില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഒരു സുഹൃത്തിന്റെ അനുഭവം മനസ്സില്‍ തെളിഞ്ഞു വന്നു. ആദ്യത്തെ രണ്ടാഴ്ച വീട്ടിനുള്ളില്‍ത്തന്നെ കഴിയണം. ജനലുകളും വാതിലുകളും തുറക്കരുത്. അടുത്ത രണ്ടാഴ്ച വീട്ടിനു പുറത്തിറങ്ങി പറമ്പിലൊക്കെ നടന്നോളൂ- റോഡിലിറങ്ങരുത്. 15 സെന്റ് ഭൂമിയില്‍ ഒരു കൊച്ചു വീടുള്ള ഒരു മലബാറിയുടെ അവസ്ഥ. നാട്ടുകാരുടെ ഒരു 'വിദഗ്ധ സമിതി'യാണ് ക്വാറന്റീന്‍ നിശ്ചയിച്ചത് എന്നാണറിഞ്ഞത്.
ഇതെല്ലാം സംഭവിക്കുന്നത് നൂറു ശത്മാനം സാക്ഷരത അവകാശപ്പെടുന്ന ഈ കൊച്ചു കേരളത്തിലാണെന്ന് വിശ്വസിക്കാന്‍ പ്രയാസം അല്ലേ.... അക്ഷരങ്ങളും അക്കങ്ങളും മാത്രം മനസ്സില്‍ നിറഞ്ഞപ്പോള്‍ മലയാളിയുടെ മനസ്സില് സ്‌നേഹത്തിനും സാഹോദര്യത്തിനും ഇടമില്ലാതായി. ഇരുളടഞ്ഞ ഇത്തരം മനുഷ്യമനസ്സുകള്‍ക്കിടയിലും അണയാത്ത തിരിനാളങ്ങളായി കുറച്ചു പേരെങ്കിലും ഈ ഭൂമിയില്‍ അവശേഷിക്കുന്നു എന്നതു മാത്രമാണ് ഒരാശ്വാസം. പെട്ടിമുടിയിലും കരിപ്പൂരുമൊക്കെ രക്ഷാപ്രവര്‍ത്തകരായി നാം കണ്ടത് അവരെയാണ്. ആ മനസ്സുകളെയാണ്.
Content Highlights: Snehaganga Dr VP Gangadharan writes about Covid and life, Health