ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച. രാവിലെ മുതല്‍ ഒ.പി.യില്‍ നല്ല തിരക്കായിരുന്നു. കീമോ തെറാപ്പിക്കുള്ള രോഗികളെയെല്ലാം പരിശോധിച്ചു കഴിഞ്ഞ് ഒരു കപ്പ് കാപ്പിയും മോന്തി കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നതേയുള്ളൂ. സാറേ... നല്ല പനിയുമായി ക്ഷീണിച്ച് ഒരു കുട്ടി പുറത്ത് കിടക്കുന്നുണ്ട് വിളിക്കട്ടേ... എന്റെ മറുപടിക്ക് കാത്തിരിക്കാതെ സിസ്റ്റര്‍ രജിത ഉറക്കെ നീട്ടി വിളിച്ചു - ഗംഗ, 25 വയസ്സ്... എത്രയോ വട്ടം എന്റെ ചെവിയില്‍ മുഴങ്ങിയിട്ടുള്ള പേര്! ഗംഗ. അമ്മ, അച്ഛന്‍, മണിച്ചേട്ടന്‍, ബാലച്ചേട്ടന്‍, ചേച്ചി... എല്ലാവര്‍ക്കും ഞാന്‍ ഗംഗയായിരുന്നു. അതു കൊണ്ടു തന്നെ ആ പേരിന് എന്റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്.
വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി എന്റെ മുറിയിലേക്ക് കടന്നു വന്നു. ശരീരത്തിന്റെ ക്ഷീണം വകവെക്കാതെ തിളങ്ങി നില്‍ക്കുന്ന കണ്ണുകളും ഒരു ചെറു പുഞ്ചിരിയുമായി ഗംഗ എന്റെ മുന്നില്‍ ഇരുന്നു. എനിക്ക് ഹോഡ്ജ്കിന്‍സ് ലിംഫോമ ആണ് സാറേ. കൈയിലിരുന്ന റിപ്പോര്‍ട്ടുകളും സ്‌കാനുകളും എന്റെ നേരേ നീട്ടിക്കൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞു. ഞാന്‍ രക്ഷപ്പെടുമോ സാറേ... കൂടെ വന്ന അമ്മയുടെ കൈയില്‍ അവള്‍ മുറുകെ പിടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഗംഗ എന്തു ചെയ്യുന്നു?
അവളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനെന്ന മട്ടില്‍ ഞാന്‍ ഒരു മറുചോദ്യം തൊടുത്തു വിട്ടു.
പഠിത്തം കഴിഞ്ഞ് ഒരു താല്‍ക്കാലിക ജോലിയില്‍ കയറിയതേ ഉള്ളൂ സാറേ. ഒരു ബാങ്കിലെ താല്‍ക്കാലിക ജോലി. ആദ്യമാസത്തെ ശമ്പളം ഇന്നലെയാണ് അവള്‍ എന്റെ കൈയില്‍ കൊണ്ടു വന്നു തന്നത്- അമ്മയ്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
കടങ്ങളില്‍ നിന്ന് കര കയറാമെന്ന് വിചാരിച്ചതാണ് സാറേ... അമ്മയ്ക്ക് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലായിരുന്നു...
ഞാന്‍ രക്ഷപ്പെടുമോ സാറേ... ഗംഗ ചോദ്യം ആവര്‍ത്തിച്ചു. ഇല്ലെങ്കില്‍ ഇനിയും ഒരു കടബാധ്യത... അതു വേണ്ടെന്നു വെക്കണം സാറേ... അതുകൊണ്ടാ ഈ ചോദ്യം വീണ്ടും. ഗംഗ ചിരിക്കാന്‍ ശ്രമിച്ചു.
അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അവരോട് ഞാന്‍ വിശദമായി സംസാരിച്ചു. രക്ഷപ്പെടാന്‍ സാധ്യത ഏറെയുള്ള അസുഖമാണ് നിന്റേത്. അതു കൊണ്ട് ചിട്ടയായി ചികിത്സിക്കണം- ഞാന്‍ പറഞ്ഞു.
അമ്മയുടെ കരച്ചില്‍ പതുക്കെ നിന്നു. ഞങ്ങള്‍ പാവങ്ങളാണ് സാറേ... അമ്മ പറഞ്ഞു തീരും മുമ്പ് തന്നെ ഗംഗയുടെ ഉറച്ച ശബ്ദം ഉയര്‍ന്നു- ഞങ്ങള്‍ക്ക് പ്രൈവറ്റ് ആശുപത്രിയിലൊന്നും ചികിത്സിക്കാനുള്ള വകുപ്പില്ല സാറേ. ഒരെഴുത്തു തരാനാവുമെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ചികിത്സിച്ചോളാം.
പേരിനോടുള്ള അടുപ്പം കൊണ്ട് മാത്രമായിരുന്നില്ല, അവള്‍ എന്റെ മകളായിക്കഴിഞ്ഞിരുന്നു. ഇവളെ രക്ഷപ്പെടുത്താനായില്ലെങ്കില്‍ 30 വര്‍ഷത്തെ പരിചയമുള്ള കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ എന്ന പട്ടത്തിന് എന്തര്‍ഥം? പരിചിതമായ കുറേ ശബ്ദങ്ങള്‍ ചുറ്റും നിന്ന് ഈ വാക്കുകള്‍ ഉരുവിടുന്നതു പോലെ. ഇവളെ വിധിക്ക് വിട്ടു കൊടുക്കരുത്.. അത് എന്റെ ശബ്ദം തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ഗംഗയുടെ ചികിത്സ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി ഏറ്റെടുക്കുകയാണെങ്കിലോ- എന്റെ ചോദ്യം കേട്ട് ഗംഗയുടെ കണ്ണുകള്‍ ഒന്നു വിടര്‍ന്നു. ഞങ്ങള്‍ക്ക് ഇവിടെത്തന്നെ ചികിത്സിക്കണമെന്നാണ് ആഗ്രഹം സാറേ.. പക്ഷേ...ഗംഗ ഒന്നു പുഞ്ചിരിച്ചു. പക്ഷേ, എനിക്ക് ബാങ്കില്‍ പോകണം സാറേ... ജോലി, ശമ്പളം അതൊന്നും ഇല്ലാതെ എങ്ങനെയാ...ഗംഗ എന്റെ മുഖത്തേക്ക് നോക്കി. കീമോ തെറാപ്പി എടുക്കുമ്പോള്‍ മുടിയൊക്കെ പോവില്ലേ? പിന്നെ എങ്ങനെ ബാങ്കില്‍ പോകും! സിസ്റ്റര്‍ ലതയുടെ ചോദ്യത്തിന് വീണ്ടും തിളക്കം കുറഞ്ഞ പുഞ്ചിരിയോടെ മറുപടി- ജീവിക്കണ്ടേ സാറേ...
ആ മറുപടി ഒരു ഇരുപത്തഞ്ചുകാരിയുടേതല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ മനസ്സും 25 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടേതല്ല എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
ആറു മാസം നീണ്ടു നിന്ന ചികിത്സ. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കൊന്നും ഗംഗയുടെ മനസ്സിനെ തളര്‍ത്താനാവില്ലായിരുന്നു. ചികിത്സ പൂര്‍ത്തീകരിച്ച ശേഷം സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങളുമായി അവള്‍ വന്നു. അവളുടെ ഇച്ഛാശക്തിക്കു മുന്നിലായിരുന്നു രോഗം തോല്‍വി സമ്മതിച്ചത്. അസുഖമെല്ലാം മാറി. ഇനി മൂന്നു മാസം കഴിഞ്ഞ് തുടര്‍പരിശോധനയ്ക്ക് വന്നാല്‍ മതി കേട്ടോ ഗംഗേ... ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരു സമയത്തും തിളക്കം മങ്ങാത്ത കണ്ണുകള്‍.
അമ്മയുടെ കൈയും പിടിച്ച് പുറത്തേക്കിറങ്ങിയ അവള്‍ വീണ്ടു മുറിയിലേക്ക് കയറി വന്നു. ഞാന്‍ സാറിനോട് ഒരു കാര്യം ചോദിച്ചാല്‍ സാറ് സമ്മതിക്കുമോ? കുറേ നാളായി ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരാഗ്രഹമാണ്. സാറിന്റെ കൂടെ നിന്നുള്ള ഒരു ഫോട്ടോ എടുക്കണം എന്നായിരിക്കും അവളുടെ ആഗ്രഹം- ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടില്‍ സിസ്റ്റര്‍ രജിത.
അതൊന്നുമല്ല സാറേ.. സാറിന് സമ്മതമാണെങ്കില്‍ മാത്രം..
സാറിന് സമ്മതമാണെങ്കില്‍ എന്റെ അടുത്ത മാസത്തെ ശമ്പളം ഏതെങ്കിലും ഒരു രോഗിയുടെ കീമോ തെറാപ്പിക്കായി സാറിനെ ഏല്പിക്കട്ടേ... ഒറ്റ ശ്വാസത്തില്‍ ചോദ്യം തീര്‍ത്ത് ഗംഗ എന്റെ കണ്ണുകളിലേക്ക് ചിരിച്ചു.
ഈ മനസ്സ് 25 കാരിയായ ഒരു പെണ്‍കുട്ടിയുടേതല്ല... എന്റെ മനസ്സ് വീണ്ടും അതു തന്നെ പറഞ്ഞു.
തീര്‍ച്ചയായും ആ പണം വേണം... ഞാന്‍ പറയുമ്പോള്‍ മനസ്സില്‍ ഞാന്‍ ചിരിച്ചു കൊണ്ടുള്ള ചില വാക്കുകള്‍ കേട്ടു-
ഇത്തരം ഗംഗമാരെയാണ് ഈ ലോകത്തിന് ആവശ്യം. അല്ലാതെ നിന്നെപ്പോലെയുള്ള ഗംഗാധരന്‍മാരെയല്ല കേട്ടോ... ഉള്ളില്‍ മുഴങ്ങിയ ആ വാക്കുകള്‍ കേട്ട് ഞാന്‍ അറിയാതെ ചിരിച്ചു പോയി. അത് എന്റെ ചില ഉറ്റ സുഹൃത്തുക്കളുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു...
Content Highlights: Snehaganga, Dr VP Gangadharan writes about a woman Cancer patient, Health