വാരം വാരം ആസ്പിറ്റല്‍ വന്തുപോക കഷ്ടമായിറുക്കാ... എന്റെ മുന്നിലിരിക്കുന്ന 35 വയസ്സുകാരിയെ നോക്കി ഞാന്‍ ചോദിച്ചു. സാറ് കഷ്ടപ്പെട്ട് തമിഴ് സംസാരിക്കണ്ട. എനിക്ക് നന്നായി മലയാളം അറിയാം. ജനിച്ചതും വളര്‍ന്നതും മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലാണെങ്കിലും കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ എറണാകുളത്തുകാരിയാണ് സാറേ... പേര് മാത്രം തമിഴ്- ആണ്ടാള്‍. അവര്‍ ചിരിയടക്കിക്കൊണ്ട് പറഞ്ഞു.

മുഖത്തെ ജാള്യത മറച്ചു വെക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു- ഭര്‍ത്താവ് എവിടെയാണ്? 
അവര് പേര്.... ഞങ്ങളുടെ നാട്ടുനടപ്പു പ്രകാരം ഭര്‍ത്താവിന്റെ പേര് ഞാന്‍ പറയാന്‍ പാടില്ല സാറേ. ആണ്ടാളിന്റെ മുഖത്ത് നാണം കലര്‍ന്ന ചിരി. എന്നാലും സാറിനോടായതു കൊണ്ട് ഞാന്‍ പറയാം- മുരുകേശന്‍. എന്റെ കൂടെ ഇവിടെത്തന്നെയുണ്ട് സാറേ. കല്‍പ്പണിക്ക് പോകും. ഞങ്ങളുടേത് ലൗ മാര്യേജാണ് സാറേ. 15 വര്‍ഷമായി.. അവള്‍ ഇനിയുമെന്തോ ബാക്കിയുള്ളതു പോലെ പറഞ്ഞു നിര്‍ത്തി.

എല്ലാ ആഴ്ചയും ഇവനെയും കൊണ്ട് ആശുപത്രിയില്‍ വരാന്‍ ബുദ്ധിമുട്ടായിരിക്കും അല്ലേ... മുന്നിലിരിക്കുന്ന 10 വയസ്സുകാരന്റെ കൈ പിടിച്ച് പള്‍സ് പരിശോധനയില്‍ ശ്രദ്ധിച്ചു കൊണ്ട് ആണ്ടാളോട് ആദ്യത്തെ ചോദ്യം ഞാന്‍ മലയാളത്തില്‍ ആവര്‍ത്തിച്ചു. 

പ്രയാസമാണ് സാറേ... എന്റെ മകന്‍... ആണ്ടാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സാറിനറിയാമല്ലോ, കഴിഞ്ഞ ഒരു വര്‍ഷമായി ഇവനെയും കൊണ്ട് ഞാന്‍ തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലായിരുന്നു. കാന്‍സറാണെന്ന് കണ്ടു പിടിക്കാന്‍ കുറച്ച് താമസിച്ചു പോയി. കുറേ കുത്തിവെപ്പ് എടുത്തു സാറേ. ഇപ്പോള്‍ ഗുളിക മാത്രമേ കഴിക്കാനുള്ളൂ. അതു കൊണ്ട് ഇനി തിരുവനന്തപുരത്ത് പോകുന്നില്ല. പിന്നെ കോവിഡും... എന്റെ ജോലിയും... ആണ്ടാള്‍ വാത്സല്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി സംസാരം തുടര്‍ന്നു. ഞാന്‍ വീട്ടു ജോലിക്ക് പോവുകയാണ്. ഒരു ദിവസം പോയില്ലെങ്കില്‍ അന്ന് കൂലിയൊന്നുമില്ലല്ലോ. ഇനി ഒന്നര വര്‍ഷം കൂടി ഇവനുള്ള മരുന്ന് വാങ്ങണ്ടേ! പിന്നെ എല്ലാ ആഴ്ചയും... ആണ്ടാളിന് മുഴുമിക്കാനായില്ല.

നാന്‍ ആണയിട്ടാല്‍... ആണ്ടാളിന്റെ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പാടാന്‍ തുടങ്ങി. മക്കള്‍തിലകം എംജിആറിന്റെ ആളാണ് അല്ലേ... തമാശ മട്ടില്‍ ഞാന്‍ ചോദിച്ചു. ജോലിക്ക് പോകുന്ന ഒരു വീട്ടിലെ അമ്മയുടെ വിളിയാണ് സാറേ.. മുറിയില്‍ നിന്ന് ഇറങ്ങി നിന്നാണ് സംസാരിക്കുന്നതെങ്കിലും ആണ്ടാളിന്റെ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. രണ്ട് മണിക്ക് വരാം അമ്മാ... ഫോണ്‍ ബാഗിലിട്ട് അവര്‍ തിരികെ മുറിയിലേക്ക് വന്നു. അധകം വൈകാതെ വീണ്ടും ഫോണ്‍ ശബ്ദിച്ചു. 

ഫോണ്‍ എടുത്തോളൂ... എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ തന്നെ ആണ്ടാള്‍ ഫോണില്‍ സംസാരിച്ചു തുടങ്ങി. ഞാന്‍ നാലുമണിയോടെ വരാം അമ്മാ.. ഇത് മറ്റൊരു വീട്ടിലെ അമ്മയാണ് സാറേ.. ഇപ്പോള്‍ സാറിന് മനസ്സിലായോ എല്ലാ ആഴ്ചയും മോനെയും കൊണ്ട് ആശുപത്രിയില്‍ വരാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞത്- ആണ്ടാള്‍ എന്നെ നോക്കി ചിരിച്ചു. രാവിലെ എട്ടു മണിക്ക് മുമ്പോ വൈകിട്ട് അഞ്ചു മണിക്ക് ശേഷമോ വരാന്‍ പറ്റില്ലേ- ചോദിക്കുമ്പോള്‍ എനിക്ക് തെല്ലൊരു അമര്‍ഷമുണ്ടായിരുന്നു. 

ഇന്ന് എട്ടു മണിക്ക് ഞാന്‍ വന്നത് ഒരു വീട്ടിലെ ജോലി നേരത്തേ ചെയ്തു തീര്‍ത്തിട്ടാണ്. ഞാന്‍ അഞ്ചു വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട് സാറേ.. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ പണിയുണ്ട് സാറേ. ഉച്ചയ്ക്ക് ഉണ്ണാന്‍ പോലും എനിക്ക് വീട്ടില്‍ വരാന്‍ സമയമില്ല. എന്റെ രണ്ടു മക്കള്‍...ഒരു നെടുവീര്‍പ്പോടെ ആണ്ടാള്‍ തുടര്‍ന്നു. ഇവനെക്കൂടാതെ ഒരു നാലു വയസ്സുകാരന്‍ കൂടിയുണ്ട് സാറേ വീട്ടില്‍. അവനെ പകല്‍ മുഴുവന്‍ നോക്കുന്നതും കൃത്യ സമയത്ത് ആഹാരം കൊടുക്കുന്നതും കിടത്തി ഉറക്കുന്നതും ഒക്കെ ഇവനാണ് സാറേ. ഇവന്റെ അസുഖത്തിനിടയിലും... ആണ്ടാള്‍ മകനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഗുളികകള്‍ കഴിച്ച് ക്ഷീണിച്ച് കിടക്കുമ്പോഴും കുഞ്ഞനിയനെ അവന്‍ പൊന്നു പോലെ നോക്കും. അതാണ് അവന്റെ തങ്ക മനസ്സ്- ആണ്ടാള്‍ തേങ്ങി.

വൈകിട്ട് ആറു മണിക്ക് ശേഷമോ രാവിലെ എട്ടു മണിക്ക് മുമ്പോ കാണാന്‍ സമയം തരാം. വരാന്‍ പറ്റില്ലേ... എന്റെ ചോദ്യം കേട്ട് ആണ്ടാള്‍ മുഖമുയര്‍ത്തി. രാവിലെയും രാത്രിയും ഈ രണ്ട് കുഞ്ഞുങ്ങള്‍ക്കും ജോലി കഴിഞ്ഞ് വരുന്ന കണവനും  കഴിക്കാന്‍ ഞാനെന്തെങ്കിലും ഉണ്ടാക്കി വെക്കണ്ടേ സാറേ... പിന്നെ വീട്ടിലെ ബാക്കി ജോലികളും. എന്റെ മാസവരുമാനം ഏകദേശം പതിനയ്യായിരം രൂപ വരും എല്ലാ ദിവസവും ജോലി ചെയ്താല്‍- ആണ്ടാള്‍ കൂട്ടിച്ചേര്‍ത്തു. ഇവന്റെ മരുന്നിന് തന്നെ വേണ്ടേ സാറേ നല്ലൊരു തുക. കോവിഡ് കാലം വന്നതിനു ശേഷം അദ്ദേഹത്തിന്റെ വരുമാനവും കമ്മിയാണ് സാറേ. പക്ഷേ, കണവന്‍ നല്ലവനാണ് സാറേ. കുടിയില്ല, വലിയില്ല... ഇങ്ങനെയൊക്കെ മതി സാറേ. സാറ് എനിക്ക് ഇവനെ രക്ഷപ്പെടുത്തി തന്നാല്‍ മതി. ആ അമ്മയുടെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു.

എന്റെ മുന്നിലിരുന്ന കടലാസുകള്‍ കൈയിലെടുത്ത് മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു- ആണ്ടാളിന് കോവിഡിനെയൊന്നും പേടിയില്ലേ. ഈ ചോദ്യത്തിന് എന്തു പ്രസക്തി എന്ന മട്ടില്‍ അവര്‍ എന്നെ നോക്കിയിരുന്നതേയുള്ളൂ.  എന്റെ കൈയിലെ കടലാസുകള്‍ ഞാന്‍ ഓരോന്നായി മറിച്ചു നോക്കിക്കൊണ്ടിരുന്നു. കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി എടുക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു കൊണ്ടും അതില്‍ നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള കാരണങ്ങള്‍ വിവരിച്ചു കൊണ്ടുമുള്ള ചില ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അപേക്ഷകളായിരുന്നു ആ കടലാസുകള്‍.

ഇവനെയും കൊണ്ടുള്ള ഓരോ വരവിനും ഓട്ടോറിക്ഷയ്ക്കു തന്നെ 150 രൂപ വേണം. അവന്റെ തുടര്‍ ചികില്‍സയ്ക്കിടയില്‍ ഇടയ്ക്കിടെ വരുന്ന പനികള്‍- അതിനുള്ള ചെലവ് വേറേ. പേടിച്ചിരുന്നാല്‍ ജീവിക്കണ്ടേ സാറേ- മകന്റെ കൈയും പിടിച്ച് മുറി വിട്ടിറങ്ങുന്നതിനിടെ ആണ്ടാള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു. അവരുടെ ഫോണ്‍ വീണ്ടും പാടാന്‍ തുടങ്ങി. ഞാന്‍ വന്നു കൊണ്ടിരിക്കുന്നു അമ്മാ...  ഇതാ ഇപ്പോള്‍ എത്താം. ആണ്ടാളുടെ ശബ്ദം അകന്നു പൊയ്‌ക്കൊണ്ടിരുന്നു.

സ്വന്തം ജീവിത പ്രശ്‌നങ്ങള്‍ക്കു മുന്‍പില്‍ കീഴടങ്ങാതെ യുദ്ധം ചെയ്തു മുന്നേറുന്ന ഒരു പടയാളി- എന്റെ മനസ്സ് മന്ത്രിച്ചു. യുദ്ധക്കളത്തില്‍ നിന്ന് പേടിച്ച് തിരിഞ്ഞോടാന്‍ ശ്രമിക്കുന്നവരെല്ലാം ആണ്ടാളിനെ മാതൃകയാക്കിയിരുന്നെങ്കില്‍- എന്റെ കൈയിലിരുന്ന കടലാസുകള്‍ക്കുള്ള ഉത്തരവും അതു തന്നെയായിരുന്നു.

Content Highlights: Snehaganga, Dr VP Gangadharan writes about a Tamil woman, Health