കുട്ടിക്കാലം മുതല്‍ക്കു തന്നെ ഒരു ഡോക്ടര്‍ ആകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നോ- മിക്കവാറും എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ എന്റെ ഉത്തരത്തിന് ഒരു യാന്ത്രികത കൈവന്നിട്ടുണ്ടെന്ന് തോന്നുന്നു. ഉത്തരം അന്നും ഇന്നും ഒന്നു തന്നെയാണ്.
ഒരിക്കല്‍പ്പോലും ഒരു ഡോക്ടറാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. തീവണ്ടികളോടുള്ള കമ്പവും ഒരു ഗാര്‍ഡ് ആകാനുള്ള ആഗ്രഹവും ഞാന്‍ പലവട്ടം വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്ക് ആയിരുന്നു. ഏറ്റവും ഇഷ്ടമില്ലാത്ത വിഷയം ജീവശാസ്ത്രവുമായിരുന്നു. എന്നിട്ടും ഞാന്‍ ഡോക്ടറായത് വിരോധാഭാസമെന്ന് കുറച്ചു പേര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.
'രണ്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടതാണ്, പഠിച്ചു വലിയവനായി ഒരു കളക്ടറാകണമെന്ന്. അന്നു മുതല്‍ തുടങ്ങിയ ശ്രമം.' ഒരു സിവില്‍ സര്‍വീസ് പരീക്ഷാ വിജയിയുടെ വാക്കുകളാണിത്. രണ്ടാം ക്ലാസ്സില്‍ പഠിക്കാത്ത ഞാന്‍ ആ പ്രായത്തില്‍ ആലോചിച്ച് നടന്നിരുന്നത് എവിടെ നല്ല കടല മിഠായി കിട്ടും എന്നതായിരുന്നു എന്നു മാത്രം! രണ്ടാം ക്ലാസ്സുകാരന്‍ ഒരു കളക്ടറാകണമെന്നൊക്കെ ആഗ്രഹിക്കുമോ... ആഗ്രഹിക്കാമോ എന്നൊക്കെ എന്റെ മനസ്സ് ചോദിച്ചു തുടങ്ങി. അഭിമുഖമല്ലേ, കുറച്ച് പൊടിപ്പും തൊങ്ങലും പടക്കവുമില്ലാതെ എന്തഭിമുഖം...
ജനിച്ചു വീണപ്പോള്‍ത്തന്നെ ള്ളേ... ള്ളേ... എന്ന് കരയുന്നതിനു പകരംകളക്ടറാവണമെന്ന് പറഞ്ഞ് വാശിപിടിച്ചു കരഞ്ഞു എന്നൊന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ സ്വയം സമാധാനിച്ചു.
ഒരു പുതുമുഖ നടിയുടെ അഭിമുഖം മനസ്സിലേക്കോടിയെത്തി.
ആ ചിത്രത്തില്‍ നിങ്ങള്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു അല്ലേ...
ഈ ചോദ്യത്തിനുള്ള നടിയുടെ ഉത്തരമാണ് അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചത്. എന്റെ ജീവിതമാണ് ആ ചിത്രത്തില്‍ ഞാന്‍ വരച്ചു കാട്ടിയത്. കുട്ടിക്കാലം മുതല്‍ സ്വാര്‍ഥ താത്പര്യങ്ങളൊന്നുമില്ലാതെയായിരുന്നു എന്റെ ജീവിതം. എനിക്കൊന്നും വേണ്ടായിരുന്നു. എനിക്കു കിട്ടുന്ന ഉടുപ്പുകളും കളിക്കോപ്പുകളുമെല്ലാം ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുക്കും. അതായിരുന്നു എന്റെ മനസ്സ്. ഞാനഭിനയിച്ച സിനിമയിലെ കഥാപാത്രവും അതുപോലെ ആയിരുന്നതു കൊണ്ട് എനിക്ക് അഭിനയിക്കേണ്ടി വന്നില്ല- ജീവിച്ചാല്‍ മതിയായിരുന്നു....
അവര്‍ ഇരുന്ന കസേര ഉയര്‍ന്നു പോകുന്നതു പോലെ തോന്നി.
ഇത്തരം അഭിമുഖങ്ങളെല്ലാം ഓര്‍ത്തു കൊണ്ടാണ് ഞാന്‍ ഒരു അഭിമുഖത്തിന് തയ്യാറായത്. എന്റെ റോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്നു മാത്രം.
അവതാരകന്‍ അല്ലെങ്കില്‍ ചോദ്യകര്‍ത്താവ് എന്നൊക്കെ വേണമെങ്കില്‍ എന്നെ വിശേഷിപ്പിക്കാം. പരിചയമില്ലാത്ത ഒരു റോളായിരുന്നതു കൊണ്ട് മനസ്സില്‍ ഒരു ശങ്ക -ഒരു ഭയം- അസ്‌കിത ഇതെല്ലാം സ്വാഭാവികം. ഫോണിന്റെ മറ്റേ തലയ്ക്കല്‍ എന്റെ സ്വന്തം കുട്ടൂസ് ആയിരുന്നു എന്നതു മാത്രമാണ് ആശ്വാസം.
റാങ്ക് കിട്ടിയപ്പോള്‍ എന്തു തോന്നി മുഖവുരയൊന്നുമില്ലാതെ തന്നെ ഞാന്‍ ചോദ്യത്തിലേക്ക് കടന്നു.
സന്തോഷം തോന്നി- സംശയമില്ലാത്ത ഉത്തരം.
റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ
ഇല്ല. സ്‌കൂളില്‍ ഫസ്റ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഭാഗ്യം. അല്ലാതെന്താ..
500ല്‍ 497 മാര്‍ക്ക് അല്ലേ മൂന്നു മാര്‍ക്ക് എവിടെ പോയി, എങ്ങനെ പോയി
എവിടെയോ പോയി... എങ്ങനെയോ പോയി... ഒരു ശങ്കയുമില്ലാത്ത ഉത്തരം.
ആരൊക്കെ അഭിനന്ദിച്ചു
ടീച്ചര്‍മാരെ കണ്ടു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കണ്ടു. അവര്‍ക്കൊക്കെ സന്തോഷമായി. അതു മതി.
എന്റെ ആവനാഴിയില്‍ ഇനി തൊടുക്കാന്‍ ചോദ്യശരങ്ങളൊുമില്ലാത്ത അവസ്ഥ- പഠന രീതികള്‍ വിശദീകരിക്കാമോ? പലവട്ടം കേട്ടു തഴമ്പിച്ച ഒരു ചോദ്യം ഞാന്‍ തൊടുത്തു വിട്ടു. പക്ഷേ, മറുപടിക്ക് ഒരു പുതുമ ഉണ്ടായിരുന്നു. 'ഞാന്‍ പഠിക്കും, കളിക്കും, പുസ്‌കങ്ങള്‍ വായിക്കും, പാട്ടു കേള്‍ക്കും- അങ്ങനെയങ്ങു പോകും.
എനിക്കു വേണ്ടത് ഇങ്ങനെയൊരു റാങ്കുകാരനെയാണ്- അറിയാതെ മനസ്സില്‍ പറഞ്ഞു പോയി. നേടിയതൊന്നും തന്റെ തന്റെ കഴിവു കൊണ്ടുമാത്രമുള്ളതല്ലെന്നും ഇതിലൊന്നും താനൊട്ടും അഹങ്കരിക്കുന്നില്ലെന്നും വ്യക്തമാക്കിയ മറുപടികള്‍. നന്നായി വരട്ടെ- ആത്മാര്‍ഥമായി മനസ്സില്‍ പ്രാര്‍ഥിച്ചത് അതു തന്നെയാണ്.
നിന്റെ പ്രാര്‍ഥന മാത്രം മതി- മരിച്ചു പോയ ചേച്ചിയുടെ ശബ്ദം. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചേച്ചി, മകള്‍ രഞ്ജനയോട് പറയാറുള്ളത് എന്റെ ചെവിയില്‍ മുഴങ്ങുന്നതു പോലെ.- നീയാണ് നിന്റെ മകനെ നോക്കേണ്ടത്. കുട്ടൂസ് പത്താം ക്ലാസ്സിലല്ലേ. ഈ സമയത്ത് നീ അവന്റെ കൂടെ വേണം. ഇവിടെ വന്നിരിക്കേണ്ട.
അവന്‍ അതിന് സമ്മതിക്കില്ല അമ്മേ, അമ്മൂമ്മയുടെ അടുത്തേക്ക് പോകാന്‍ പറയും. ഞാന്‍ പഠിച്ചോളാം എന്ന് പറയും... രഞ്ജനയുടെ കണ്ണീരില്‍ കുതിര്‍ന്ന മറുപടിയും മുഴങ്ങിക്കേള്‍ക്കുന്നതു പോലെ. എന്നിട്ട് എന്നെ നോക്കി രഞ്ജന പറയും- അവന്‍ അങ്ങനെയാണ് ഗംഗമ്മാമാ..
ഞാന്‍ സിദ്ധാര്‍ഥിനെ- എന്റെ കുട്ടൂസിനെ അഭിനന്ദിക്കുന്നത് അവന്റെ ഈ മനസ്സിനാണ്. ഒരു പത്താംക്ലാസ്സുകാരനില്‍ പ്രത്യേകിച്ചും ഒരു റാങ്കുകാരനില്‍ വളരെ വിരളമായി മാത്രം കാണുന്ന ഒരു വലിയ- പെരുത്ത മനസ്സ്.
ഞാന്‍ അവനോടു പറഞ്ഞു റാങ്കുകള്‍ വരും പോകും. റാങ്കിനു വേണ്ടി പഠിക്കരുത്. ആസ്വദിച്ച് പഠിക്കുക. ജീവിക്കാന്‍ പഠിക്കുക. സമൂഹത്തിന്റെ ഭാഗമായി, സമൂഹത്തിനു വേണ്ടി സമൂഹത്തില്‍ ജീവിക്കാന്‍ പഠിക്കുക. നിന്റെ ഓരോ വിജയവും നിന്റെ മാതാപിതാക്കളുടെയും ടീച്ചര്‍മാരുടെയും സഹപാഠികളുടെയും കൂടി വിജയമായി നീ കണക്കാക്കുക. അവരൊക്കെയായിരുന്നു നിന്റെ വിജയത്തിന്റെ ശില്പികള്‍ എന്ന് നിനക്കു കാണാന്‍ സാധിച്ചാല്‍... നീ ഒരു മല്ല മനുഷ്യനായി വളരും. ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത് അതാണ്. നിന്റെ ദേഹത്ത് രണ്ടു തുള്ളി വെള്ളം വീണു അല്ലേ... എന്റെ അഭിമുഖത്തിലെ അവസാനത്തെ ചോദ്യം. ഉത്തരം പറഞ്ഞതും ഞാന്‍ തന്നെയാണ്. അത് സ്വര്‍ഗലോകത്തു നിന്നുള്ള ആനന്ദക്കണ്ണീരാണ്. നിന്റെ ഈ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിന്റെ അമ്മൂമ്മയുടെ- എന്റെ ചേച്ചിയുടെ ആനന്ദക്കണ്ണീര്‍.
Content Highlights: Snehaganga, Dr VP Gangadharan writes about a rank holder's story, Health