ഒരു സുഹൃത്തിന്റെ ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് ഞാൻ അന്നു രാവിലെ ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചത്. കോവിഡിനു മുമ്പ് എല്ലാ ആഴ്ചയും പോയിരുന്ന വഴികൾ മറന്നു പോയെന്ന് തോന്നിക്കുന്ന അനുഭവമായിരുന്നു മനസ്സിൽ. ആലപ്പുഴ ബൈപ്പാസിലൂടെയുള്ള കന്നിയാത്രയും ആസ്വദിച്ച് അമ്പലപ്പുഴ എത്തിയപ്പോൾ ഫോണിലെ മെസേജുകളിലൂടെ കണ്ണോടിച്ചു. ഒരു നമ്പറിൽ നിന്നുള്ള നീണ്ട മെസേജാണ് ഹൃദയത്തെ തൊട്ടുണർത്തിയത്.

രണ്ടാം വർഷ ഡിഗ്രിക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഹൃദയത്തിൽ തൊട്ട എഴുത്തായിരുന്നു അത്. അതിലെ ഏതാനും വരികൾ ഇങ്ങനെ
'ഞങ്ങൾ ആദ്യവർഷം പഠിച്ചു കൊണ്ടിരുന്നപ്പോൾ സാർ ഞങ്ങളുടെ കോളേജിൽ വന്നിരുന്നു. അതിനും ഒരുപാട് മുൻപേ സാറിനെ നേരിൽ കാണണമെന്ന് വിചാരിച്ചിരുന്നു. ദൈവം അന്നാണ് അതിനുള്ള അവസരം ഒരുക്കിയത്. അന്നത്തെ സാറിന്റെ വാക്കുകൾ ഞങ്ങളെ ഒരുപാട് പ്രചോദിപ്പിക്കുകയുണ്ടായി. ഇപ്പോൾ ഞാൻ രക്താർബുദത്തിന് ചികിത്സയിലാണ് സാർ. എനിക്ക് അതിൽ ദുഃഖമൊന്നുമില്ല സാർ. ദൈവം നൽകുന്നതെല്ലാം നമുക്ക് സ്വീകാര്യമാകണമല്ലോ. അങ്ങയുടെ വാക്കുകൾ കൂടുതൽ ശക്തി പകരുമെന്ന് വിശ്വസിക്കുന്നു. അങ്ങ് വളരെയധികം തിരക്കുള്ള വ്യക്തിയാണെന്ന് അറിയാം. എന്നിരുന്നാലും എപ്പോഴെങ്കിലും അങ്ങേയ്ക്ക് ഒഴിവു ലഭിക്കുമ്പോൾ കഴിയുമെങ്കിൽ മാത്രം എന്നെ ഒന്ന് വിളിക്കുമോ സാർ! എനിക്ക് അങ്ങയെ വിളിക്കാൻ ഭയമായതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. എനിക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഒന്നും ഇല്ല. അതിനാൽ അതുവഴിയും സാറിനോട് സംസാരിക്കാൻ സാധിക്കില്ല. ഈ വരികളിൽ എന്തെങ്കിലും തെറ്റുകൾ വന്നു പോയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കണം.

മെസേജ് വായിച്ചു കഴിഞ്ഞ ഉടനെ തന്നെ ഞാൻ അവളെ വിളിച്ചു. അസുഖം തളർത്തിക്കളഞ്ഞ സ്വരവും സംഭാഷണവുമായിരുന്നില്ല അവളുടേത്. അവളുടെ ഇന്നേവരെയുള്ള ജീവിത യാതനകളെത്തുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അവൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. പാവപ്പെട്ട എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളൂ. എനിക്ക് ഒരു ജോലി കിട്ടിയിട്ടു വേണം അവർക്ക് വിശ്രമിക്കാൻ. ഒരു ചിരിയോടെ അവൾ സംഭാഷണം തുടർന്നു. എന്തായാലും ഡോക്ടർക്ക് വിളിക്കാൻ തോന്നിയല്ലോ. അതു തന്നെ വലിയ കാര്യം. എങ്ങനെ വിളിക്കാതിരിക്കും എന്ന് പറയാനാണ് എനിക്കു തോന്നിയത്. ഇനിയും വിളിക്കാം എന്ന് ഉറപ്പു കൊടുത്താണ് ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

എത്രയെത്ര ജീവിതങ്ങളാണ് സ്നേഹം നിറഞ്ഞ തുറന്നു പറച്ചിലുകളിലൂടെ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളത് എന്ന് ഒരു മാത്ര ഓർക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എണ്ണിത്തീരാത്തത്ര ജീവിതങ്ങൾ ഹൃദയം തന്നെയാണ് അതു പറഞ്ഞത്. ഈ കഴിഞ്ഞ ഒരാഴ്ചയിലെ ഓർമകൾ തന്നെ ഒന്നു ചികഞ്ഞെടുക്കൂ, പരിചയമുള്ള ചില ശബ്ദങ്ങൾ ചെവിയിൽ പറയുന്നതു പോലെ.

വ്യാഴാഴ്ച അതിരാവിലെ എന്നെ കാണാനെത്തിയത് ആൽഫിയയും ഭർത്താവുമായിരുന്നു. മരിയയുടെയും അബുവിന്റെയും മകൾ ആൽഫിയ. ഞങ്ങൾ മറ്റന്നാൾ തിരികെ കാനഡയ്ക്കു പോവുകയാണ്. അതിനു മുമ്പ് അങ്കിളിനെ ഒന്നു കാണണം എന്നു തോന്നി. അങ്കിളിനും ആന്റിക്കും സുഖമാണല്ലോ അല്ലേ! ആൽഫിയയുടെ കുശലാന്വേഷണം. എന്റെ ഹൃദയത്തിൽ ഒരു ചെറിയ നൊമ്പരം. വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയ അബുവിന് എന്റെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ട് എന്നുള്ള ഓർമിപ്പിക്കലായിരുന്നു ആ ഹൃദയ നൊമ്പരം. ആൽഫിയയുടെ വിവാവും തുടർന്നുള്ള ചടങ്ങുകളും എന്റെ മനസ്സിൽ മിന്നി മറഞ്ഞു.
*********************
അമ്മയുടെ നാലാം ചരമവാർഷികമാണ്. ഞങ്ങൾ ഡോക്ടറെ കാണാൻ വരുന്നു. വിലമതിക്കാനാവാത്ത ഒരു സമ്മാനവുമായിട്ടാണ് ഞാൻ വരുന്നത്. ഇഷയുടെ മകളുടെ ഫോൺ മെസേജ് ഞാൻ പലയാവർത്തി വായിച്ചു. നെറ്റിയിൽ കുറിയുമായി പുഞ്ചിരി തൂകി ഇഷയുടെ രൂപം മനസ്സിൽ. ഇഷയുടെ ഭർത്താവ് ഡോ. ബാലചന്ദ്രനും നാലു മക്കളും കൂടിയാണ് കാണാൻ വന്നത്.

ഞാൻ ഇവിടെ ഡോക്ടറുടെ അടുത്ത് ഇരുന്നോട്ടേ... കൈയിലൊരു പൊതിയുമായി വന്ന മൂന്നാമത്തെ മകൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. മറ്റുള്ളവരുടെയെല്ലാം സംഭാഷണം അവസാനിച്ചപ്പോൾ ഞാൻ എന്റെ അടുത്തിരുന്ന മകളുടെ മുഖത്തേക്ക് നോക്കി. കണ്ണടകൾക്കകത്ത് ആ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. ഞാൻ ഡോക്ടറെ ഒന്ന് കെട്ടിപ്പിടിച്ചോട്ടേ... എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ എന്നെ കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങി കരഞ്ഞു. ഞാൻ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഡോക്ടർ കരച്ചിലടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു. ഇഷയുടെ കുസൃതി കലർന്ന വാക്കുകൾ എനിക്ക് കേൾക്കാം. എന്റെ ഹൃദയത്തിൽ ഒരു നൊമ്പരം വിങ്ങി. എനിക്കും അവിടെയൊരു സ്ഥാനമുണ്ട് അല്ലേ... ഇഷയുടെ ശബ്ദം തന്നെ അതും...
******************************
''ഞാൻ ഒരു ചിന്ന മളികക്കടൈ നടത്തറേൻ സാർ തിരുനൽവേലിയിലേ. മൂന്ന മാസമായ് ഇന്ത വ്യാധി സാർ. കാപ്പാത്തുങ്കോ സാർ. ഇവൾ എൻ സംസാരം''. അടുത്തു നിന്നിരുന്ന ഭാര്യയെ ചൂണ്ടിക്കാട്ടി മണിയൻ പറഞ്ഞു. അസുഖത്തെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു കൊടുത്തതിനു ശേഷം ഞാൻ മണിയനുള്ള മരുന്നുകളും കുറിച്ചു കൊടുത്തു. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് മണിയന്റെ ഭാര്യ പറഞ്ഞു ''കാപ്പാത്തുങ്കോ സാമി''. അതു പറഞ്ഞു തീരേണ്ട താമസം അവർ സാഷ്ടാംഗം തറയിൽ. എന്റെ കാലിൽ മുറുകെ പിടിച്ചു കൊണ്ട് അവർ വിതുമ്പി... ചിന്ന രണ്ടു കുളന്തൈകൾ സാമി. എങ്കളൈ എപ്പടിയാവത് കാപ്പാത്തുങ്കോ സാമീ...എന്റെ കാലിലൂടെ ഒരു വേദന അരിച്ചരിച്ച് നെഞ്ചിന്റെ ഇടതു വശത്തേക്ക്... അവിടെ നിന്ന് അത് അകത്തേക്ക് ഊർന്നിറങ്ങുന്നതു പോലെ. അതും ഹൃദയത്തിനുള്ളിലെ ഒരു നൊമ്പരമായി ഒരു സ്നേഹ നൊമ്പരം കൂടി.
************************************
പത്തു വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി കാൻസർ അവളുടെ കഴുത്തിന്റെ ഇടതു വശത്തെ നല്ലതോതിൽ കാർന്നു തിന്നു കൊണ്ടിരുന്നു. അത് നിസ്സഹയാനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യരിൽ ഞാനും ഒരാൾ. അവളെ എങ്ങനൈയെങ്കിലും ഈ വേദനയിൽ നിന്ന് കരകയറ്റണം ഞാൻ മനസ്സിലോർത്തു. ഞാൻ അവളുടെ മുഖത്തെ മാസ്ക് സാവധാനം ഊരിമാറ്റി.

അവൾദയനീയതയോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നതേയുള്ളൂ. എനിക്ക് മുടി പോകുന്ന മരുന്നും വേണ്ട, ആശുപത്രിയിൽ കിടക്കുകയും വേണ്ട... ഞാൻ എന്തെങ്കിലും പറയും മുമ്പു തന്നെ അവൾ അതിവേഗം ഉറക്കെ വിളിച്ചു പറഞ്ഞു. ഞാൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ ഹൃദയത്തിന്റെ നൊമ്പരം കൈകളിലേക്ക് അരിച്ചിറങ്ങുന്നതു പോലെ. അവളും എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് ഞാൻ തിരിച്ചറിഞ്ഞ നിമിഷം.
**************************************
റഫീക്കും ഭാര്യയും മസ്കറ്റിൽ നിന്ന് ചികിത്സയ്ക്കായി എന്റെ അടുത്തെത്തിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ആമാശയത്തിൽ കാൻസറാണ് റഫീക്കിന്. പർദയ്ക്കിടയിലും റഫീക്കിന്റെ ഭാര്യയുടെ കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നത് തിരിച്ചറിയാൻ പ്രയാസമില്ലായിരുന്നു. കുത്തിവെപ്പിനുള്ള കുറിപ്പടികളുമായി പുറത്തേക്കിറങ്ങിയ റഫീക്കിന്റെ ഭാര്യ നിമിഷങ്ങൾക്കകം എന്റെ മുറിയിലേക്ക് കടന്നു വന്നു. നിയന്ത്രിക്കാനാവാതെ, എന്റെ നെഞ്ചിൽ മുഖം അമർത്തി അവർ തേങ്ങിക്കരഞ്ഞു. എനിക്ക് ആരുമില്ല ഡോക്ടറേ... റഫീക്കിനെ രക്ഷിക്കണം ഡോക്ടറേ... രണ്ടു കൊച്ചു കുഞ്ഞുങ്ങളാണ്...റഫീക്കിനെ രക്ഷിക്കണം ഡോക്ടറേ...അവർ പൊട്ടിക്കരഞ്ഞു. ചുറ്റും നിന്ന സിസ്റ്റർമാരെ നോക്കി ഞാൻ പകച്ചു നിന്നു പോയി. അവരും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. ഹൃദയത്തിന്റെ കോണിൽ ഒരു നൊമ്പരം വിങ്ങിയത് ഞാൻ അറിഞ്ഞു.
**************************************
നൊമ്പരങ്ങൾ മാത്രം ഏറ്റു വാങ്ങുന്ന ഹൃദയത്തിൽ, മനസ്സിൽ വിഷാദം തളം കെട്ടി നിൽക്കാത്തതെന്തു കൊണ്ട്... വായനക്കാരിൽ ഈ സംശയമുണ്ടാവും. അതിനു കാരണം... തെളിഞ്ഞു വരുന്ന ഒരായിരം മനുഷ്യമുഖങ്ങളാണ്. അവയുടെ പ്രകാശം ഈ നൊമ്പരങ്ങളെ അലിയിച്ചു കളയും.

ഈ അങ്കിളെന്തൊരു മണ്ടനാ! മടിയിലിരുന്ന് കുലുങ്ങിച്ചിരിക്കുന്ന ആരാധ്യ...
താടിയപ്പൂപ്പനെന്താ ഇന്ന് ചിരിക്കാത്തേ?... അമ്മയോട് കൊഞ്ചിച്ചോദിക്കുന്ന കുഞ്ഞ് ആഷ്ലി..
എനിക്ക് മമ്മൂട്ടിയെ കാണണം... കൊണ്ടു പോകാമോ.... സൻജുവിന്റെ അഭ്യർഥന...
എനിക്ക് മതി ഇത് നീ തിന്നോ... പാതി ചപ്പിയ കോലുമിഠായി നീട്ടി കീർത്തന...
ലാലേട്ടന്റെ പുതിയ സിനിമ അങ്കിള് കണ്ടോ? നമുക്ക് പോവാം... സിറാജിന്റെ ക്ഷണം..
അങ്കിളേ, കോലി അടിക്കണ അടി കണ്ടാര്ന്നോ.... എട്ടാം ക്ലാസ്സുകാരനായ ഗോപൻ...

ഇനിയും എത്രയെത്ര സ്നേഹമുഖങ്ങൾ! ഇവർക്കും ഹൃദയത്തിൽ സ്നേഹം പതിച്ചു നൽകുമ്പോൾ ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു... മനസ്സിൽ അറിയാതെ വിടർന്ന ആ മനോഹരഗാനം ഞാനും ഏറ്റുപാടി. ഒരു മൂളിപ്പാട്ടായി.

Content Highlights:Snehaganga Dr VP Gangadharan shares memories about his patients, Health, Cancer Awareness