ഞാൻ ടി.വി. കാണുന്നത് നിർത്തി. ഏതു ചാനൽ വെച്ചാലും സ്വപ്നയും സ്വർണക്കടത്തും മാത്രം. അതിന്റെ കൂടെ ആകാശത്തിനു താഴെയുള്ള എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ആധികാരികമായി സംസാരിക്കാനും അപഗ്രഥിക്കാനും വ്യാഖ്യാനിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഒരു പറ്റം ജ്ഞാനികളും ചേർന്നാൽ ചിത്രം പൂർണം. മടുത്തു. രാജേട്ടന്റെ വാക്കുകളാണിത്. ബേബിച്ചേച്ചിയുടെ വാക്കുകളും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് ഞാൻ പത്രം വായന നിർത്തി! സ്വർണക്കടത്തും കഞ്ചാവ് വേട്ടയും പീഡനകഥകളും മാത്രം നിറയുന്ന പത്രവാർത്തകൾ മടുത്തിട്ടാണ് വായന നിർത്തിയത്. പൈസയും ലാഭം ബേബിച്ചേച്ചി പറയുന്നു.ശരിയാണല്ലോ... എന്റെ മനസ്സും പറഞ്ഞു.

അറിയപ്പെടേണ്ട എത്രയോ ജീവിതങ്ങൾ. അവരെ ആരും അറിയുന്നില്ല. അറിയാൻ ശ്രമിക്കുന്നുമില്ല. അറിഞ്ഞാലും അവരെ ലോകം അറിയാൻ, ലോകത്തെ അറിയിക്കാൻ ആരും ശ്രമിക്കാറുമില്ല. എന്റെ ഇന്നത്തെ കുറിപ്പ് ഇതിനൊരു അപവാദമായി ചിലരുടെയെങ്കിലും മനസ്സിൽ പതിഞ്ഞാൽ എന്റെ തൂലികയ്ക്ക് ജീവനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു കൊള്ളാം. ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് അവരുടെ സൽപ്രവൃത്തികളാണ് ഇക്കഴിഞ്ഞ രണ്ടു ദിവസം എന്റെ മനസ്സിന് കുളിരേകിയത്. സന്തോഷമേകിയത്.

പതിവിൽ നിന്ന് വ്യത്യസ്തമല്ലാത്ത ഞായറാഴ്ച. പ്രഭാത നടത്തത്തിനിടെ ഫോണിലൂടെ കണ്ണോടിച്ചു. അതിലെ സന്ദേശങ്ങൾ വായിച്ചു കൊണ്ടായിരുന്നു നടപ്പ്. 'ഞാൻ സാലി. ഡോക്ടർ ജോലി ചെയ്യുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് തിരിച്ചുവിളിക്കാമോ..' പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള ഈ സന്ദേശം ഒരിക്കൽക്കൂടി വായിച്ചു. ഹോസ്പിറ്റലിലെ എന്തെങ്കിലും പ്രശ്നങ്ങൾ പറയാനായിരിക്കും. ആ ചിന്തയോടെ പാതിമനസ്സോടെ ആ നമ്പറിലേക്ക് വിളിച്ചു. ഫോണിന്റെ മറുപുറത്ത് ഒരു സ്ത്രീശബ്ദം. പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ശേഷം അവർ പറഞ്ഞു 'സാർ ചികിൽസിച്ചിരുന്ന ആ കെനിയക്കാരി കുട്ടിയില്ലേ അവളും അമ്മയും അമ്മൂമ്മയും ഇവിടെ എന്റെ കൂടെയുണ്ട്. എന്റെ വീട്ടിൽ. അവർക്ക് ഫ്ളൈറ്റിൽ കയറാൻ ബോർഡിങ് പാസ് വരെ കിട്ടിയതാണ് അവസാന നിമിഷം എന്തൊക്കെയോ പ്രശ്നങ്ങൾ പറഞ്ഞ് അവർക്ക് പോകാൻ സാധിച്ചില്ല. രാവിലെ രണ്ടു മണിക്ക് എനിക്ക് ഫോൺ വന്നു. ഞാൻ അപ്പോൾത്തന്നെ എയർപോർട്ടിൽ പോയി അവരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്നു. പാവം! മൂന്നു വയസ്സുകാരി കുഞ്ഞ്. അവൾ തളർന്നു പോയിരുന്നു. എന്റെ ഭർത്താവ് രാവിലെ തിരിച്ച് എയർപോർട്ടിലേക്ക് പോയിരിക്കുകയാണ്. എന്തെങ്കിലും മാർഗമുണ്ടെങ്കിൽ അവരെ കയറ്റി നാട്ടിലേക്ക് വിടാൻ ശ്രമിക്കാം എന്നു പറഞ്ഞാണ് പോയിരിക്കുന്നത്. ശരിയായാൽ ഞാൻ സാറിനെ അറിയിക്കാം' അവർ പറഞ്ഞു.

ആറു മാസം മുമ്പ് മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൊണ്ട് ചികിൽസയ്ക്കെത്തിയ ഒരു കെനിയൻ കുടുംബം. ഒരു ഭാഷയുമറിയാത്ത മൂന്നു വയസ്സുകാരി. അല്പസ്വല്പം ഇംഗ്ലീഷ് പറയുന്ന അമ്മ. ഏതു ഭാഷയെന്നു പോലും ഞങ്ങൾക്ക് മനസ്സിലാകാത്ത ഒരു മൊഴിയിൽ സംസാരിക്കുന്ന അമ്മൂമ്മ. ഇതാണ് ആ കെനിയൻ കുടുംബം. അവരുടെ സാമ്പത്തിക പരിമിതി മനസ്സിലാക്കാൻ ഞങ്ങൾക്ക് അധിക ദിവസം വേണ്ടി വന്നില്ല. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കുറേ നല്ല മനസ്സുകളുടെയും സഹായത്താൽ ആറു മാസത്തെ ചികിത്സ. അതിനിടയിൽ എത്രയോ വട്ടം അവൾ മരണത്തെ മുഖാമുഖം കണ്ടിരുന്നു! എത്രയോ ദിവസങ്ങൾ ഞങ്ങൾ ഒരേ മനസ്സോടെ അവൾക്കു വേണ്ടി പ്രാർഥിച്ചിരിക്കുന്നു! ഉള്ളു തുറന്നുള്ള ആ പ്രാർഥനകൾ ദൈവം കേട്ടിരിക്കും! അതു കൊണ്ടായിരിക്കും സുന്ദരിക്കുട്ടിയായി, പാറി നടക്കുന്ന ഒരു പൂമ്പാറ്റയായി ഞങ്ങളുടെയൊക്കെ മനസ്സിൽ അവൾ കയറിക്കൂടിയത്. തിരികെ കെനിയയിലേക്ക് പോകാൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഞങ്ങളിൽ പലരും കണ്ണീരൊപ്പുകയായിരുന്നു.

ടൈമറിന്റെ ശബ്ദം. പതിവു തെറ്റിക്കാതെ ഞാൻ അര മണിക്കൂർ നടന്നു കഴിഞ്ഞു എന്ന് എന്നെ ഓർമിപ്പിക്കുന്ന, കൃത്യതയും ഉത്തരവാദിത്തവുമുള്ള ഈ ഉപകരണമാണ് എന്റെ ചിന്തകൾക്ക് വിരാമമിട്ടത്. അവർ കെനിയയിലെത്തിയിരിക്കുമെന്ന വിശ്വസത്തോടെയാണ് ഇന്നലെ രാവിലെ ഞാൻ സാലിയെ വിളിച്ചത്. 'അവർ പോയിട്ടില്ല സാറേ... പേപ്പറുകൾ ശരിയായിട്ടില്ല. വിസയും തീർന്നില്ലേ... അത് പുതുക്കാൻ കൊടുത്തിരിക്കുകയാണ്. പോലീസ് സ്റ്റേഷനിലൊക്കെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമില്ലായിരിക്കും. കെനിയൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർ സുഖമായി എന്റെ കൂടെ താമസിക്കുന്നു സാറേ. അവൾ കളിച്ചു ചിരിച്ചു നടക്കുന്നു. എന്റെയും ഭർത്താവിന്റെയും മോളുടെയും കൂടെ' ചിരിയോടെയാണ് സാലി പറഞ്ഞത്.

'നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടല്ലേ'... ഏതൊരു സാധാരണ മലയാളിയുടെയും മനസ്സിലുയരുന്ന ചോദ്യം. ഞാനും ചോദിച്ചത് അതു തന്നെ ആയിരുന്നു. 'എന്തു ബുദ്ധിമുട്ട് സാറേ! ഉള്ളതു കൊണ്ട് ഞങ്ങൾ ഓണം ആഘോഷിക്കും പോലെ കഴിയുന്നു സാറേ... അവര് പാവങ്ങളല്ലേ സാറേ! കൈയിൽ നയാ പൈസയില്ല. വിമാന ടിക്കറ്റിന്റെ കാശും പോയ മട്ടാണ്. സഹായത്തിന് ആരുമില്ല താനും. നമ്മളൊക്കെ വേണ്ടേ സാറേ അവരെ സഹായിക്കാൻ.'..

ചികിൽസയ്ക്കിടയിലെ പരിചയത്തിനപ്പുറം വളർന്ന ബന്ധം. സാലിയുടെയും കുടുംബത്തിന്റെയും മനസ്സിന്റെ വലിയ നന്മ! ചൂടുള്ള പത്ര വാർത്തകൾക്കിടയിൽ ഇവരെ തിരിച്ചറിയാൻ ആർക്കാണ് നേരം!

***************************

അടുത്തത് ഒരു ഉത്തരേന്ത്യൻ കഥയാണ്. അതിലെ ഒരു കഥാപാത്രം മലയാളിവത്‌ക്കരിക്കപ്പെട്ട ഒരു ഉത്തരേന്ത്യക്കാരിയാണെന്നു മാത്രം. ലോക്ഡൗൺ കാലത്ത് ഒരു വയസ്സൻ ബീഹാറിയുടെ വരുമാനമാർഗവും താമസസ്ഥലവുമൊക്കെയായിരുന്ന റിക്ഷ മോഷ്ടിക്കപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ചിത്രത്തോടു കൂടി വന്ന സഹായാഭ്യർഥന കണ്ട് മനംനൊന്ത് നമ്മുടെ കഥാപാത്രം ഒരു ചെറിയ തുക ഒരു സംഘടന രൂപീകരിച്ച് സഹായനിധിയിലേക്ക് നൽകുന്നു. ഒരു മാസം തികഞ്ഞില്ല, ഒരു പറ്റം മദ്യപന്മാരുടെ പേക്കൂത്തിൽ അവരോടിച്ച വാഹനമിടിച്ച് സൈക്കിൾറിക്ഷ തകരുന്നു. നമ്മുടെ ആ വയസൻ വീണ്ടും തെരുവിൽ!

അതേ സംഘടന വീണ്ടും സോഷ്യൽ മീഡിയയിൽ. വീണ്ടും അതേ അവസ്ഥ കണ്ടറിഞ്ഞ് നമ്മുടെ കഥാപാത്രത്തിന്റെ മനസ്സലിഞ്ഞു. ഒരു ചെറിയ തുക കൂടി സഹായനിധിയിലേക്ക്. ഗാന്ധിയൻ തത്ത്വങ്ങളിലൂന്നി പ്രവർത്തിക്കുന്ന ഒരു വലിയ സംഘടനയാണ് ഈ സഹായം സ്വരൂപിക്കുന്നത് എന്ന് പിന്നീടാണ് അറിഞ്ഞത്. അവർ അവളെ അന്താരാഷ്ട്ര തലത്തിലുള്ള ഒരു അവാർഡിനായി തിരഞ്ഞെടുത്തു. അവളുടെ ചിന്ത മറ്റൊരു തലത്തിലായിരുന്നു എന്റെ പി.എച്ച്ഡി സ്കോളർഷിപ്പിൽ നിന്ന് അത്ര വലുതല്ലാത്തൊരു തുക അയച്ചു കൊടുത്തതിന് എന്തിനാണ് ഈ അവാർഡ്!

ആ റിക്ഷക്കാരന്റെ മുഖത്തെ ദൈന്യം ഞാനറിയാതെ എന്റെ മനസ്സിൽ വന്നു. ഒരു നിമിഷം അയാളെ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്ത് സങ്കല്പിച്ചു... അതു കൊണ്ടാണ്.... അവൾ ആ വാചകം പൂർത്തിയാക്കിയില്ല.

സംഘടന ഏതാണെന്നൊന്നും അവർ നോക്കിയിരുന്നില്ല. ആ റിക്ഷക്കാരൻ ആരാണെന്നും അവർ അന്വേഷിച്ചില്ല. എന്നിട്ടും രണ്ടാമതും ചെറുതല്ലാത്ത തുക സംഭാവനയുമായി എത്തിയ ആ അപരിചിതയെ ഞങ്ങൾക്ക് ആദരിക്കാതിരിക്കാൻ ഞങ്ങൾക്കാവില്ല അവാർഡ് കമ്മിറ്റി അവരുടെ കുറിപ്പിൽ എഴുതിയിരുന്നതാണ് ഇത്.

ചൂടു ചൂടു പത്രവാർത്തകൾക്കിടയിൽ ഇത്തരം വിശേഷങ്ങൾക്ക് എന്തു പ്രസക്തി! ഇവരെ ആരറിയാൻ!

Content Highlights:Snehaganga Dr VP Gangadharan shares his treatment experiences, Health