ശ്വാസകോശ കാൻസർ ബോധവത്‌കരണ മാസാചരണത്തിന്റെ അവസാന ദിവസമായിരുന്നു നവംബർ 30. നവംബർ ഒന്നു മുതൽ 30 വരെയാണ് ലോകമെങ്ങും ശ്വാസകോശാർബുദ അവബോധ പ്രചാരണമാസമായി ആചരിക്കുന്നത്.

ശ്വാസകോശാർബുദത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ഡോക്ടർ ഈ മാസാചരണത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ഒരു ചാനൽ അവതാരകയുടെ ആദ്യ ചോദ്യം. 90 ശതമാനം ശ്വാസകോശാർബുദ രോഗികളിലും ഒറ്റക്കാരണമായി എടുത്തു പറയാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ അത് പുകവലിയാണ്. പുകവലിക്കുന്നവരും അവർ പുറന്തള്ളുന്ന പുക ഏറ്റുവാങ്ങുന്നവരും പാസീവ് സ്മോക്കർമാർ. അവർക്കും ശ്വാസകോശാർബുദം വരാനുള്ള സാധ്യത 15-25 ശതമാനം വരെ കൂടുതലാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. റാഡോൺ ഗ്യാസ്, വായു മലുനീകരണം, ആസ്ബസ്റ്റോസുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ജോലികൾ തുടങ്ങിയവയെല്ലാം ശ്വാസകോശാർബുദത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കാറുണ്ട്- ഞാൻ വിശദീകരിച്ചു.

മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ ശ്വാസകോശാർബുദത്തിന് എന്ന് അവതാരക വീണ്ടും ചോദിച്ചപ്പോൾ ഒന്നാലോചിച്ച എന്റെ മനസ്സിലേക്ക് ഉത്തരവുമായി പെട്ടെന്ന് കടന്നു വന്നത് മിനി ആയിരുന്നു. സാറ് ഇത്ര പെട്ടെന്ന് മറന്നു പോയോ ഭാര്യയുടെ ഗ്രഹനില... ദുഃഖം കലർന്ന മിനിയുടെ വാക്കുകൾ കേട്ടപ്പോൾ പെട്ടെന്ന് ഞാൻ അറിയാതെ തിരിഞ്ഞു നോക്കിപ്പോയി. മനസ്സിലാണ് മിനിയുടെ വാക്കുകൾ മുഴങ്ങിയത്. മിനിയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എന്നാലും അവരോട് ഒരടുപ്പമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് മിനിയുടെ ഒരു നീണ്ട സന്ദേശം ഫോണിൽ വന്നത്.

''പ്രിയ ഡോക്ടർ,
ഞാൻ മിനി. ഡോക്ടർ എന്നെ ഓർക്കുന്നുണ്ടാവില്ല. ഒരു വർഷം മുമ്പ് ഞാൻ ഡോക്ടറെ വിളിച്ചിരുന്നു. എന്റെ ഭർത്താവിന്റെ ചികിത്സയുടെ കാര്യം ചോദിക്കാൻ വിളിച്ചതാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആറുമാസമേ ആയിട്ടുള്ളൂ. അദ്ദേഹത്തിന് ശ്വാസകോശാർബുദമാണെന്ന് കണ്ടു പിടിച്ചിരിക്കുന്നു. അദ്ദേഹം രക്ഷപ്പെടുമോ എന്ന് സാറിനോട് ചോദിച്ചപ്പോൾ സാറ് കുറച്ചു ജീനുകളുടെ കാര്യം ചോദിച്ചിരുന്നു. പരിശോധനാഫലങ്ങളിൽ അതിലൊരു ജീൻ അദ്ദേഹത്തിന്റെ അസുഖത്തിൽ പോസിറ്റീവാണെന്ന് പറഞ്ഞപ്പോൾ തൽക്കാലം ഒരു ഗുളിക കഴിച്ചു നോക്കാൻ പറഞ്ഞു. ആ ഗുളിക കഴിച്ചപ്പോൾ അദ്ദേഹത്തിന് വളരെയധികം ആശ്വാസം കിട്ടി. ആ വിവരം ഞാൻ സന്തോഷത്തോടെ സാറിനെ അറിയിച്ചിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് മറ്റു പ്രശ്നങ്ങളായിരുന്നു. എന്റെ ഗ്രഹനില മോശമായതു കൊണ്ടാണ് അദ്ദേഹത്തിന് കാൻസർ വന്നത് എന്നായിരുന്നു അമ്മായിയമ്മയുടെ കണ്ടെത്തൽ. അതിനോട് അദ്ദേഹത്തിന്റെ വീട്ടുകാരും യോജിച്ചു. ഞാൻ തളർന്നു പോയത് അദ്ദേഹവും അത് ഏറ്റു പറഞ്ഞപ്പോളാണ്. എന്റെ ജാതകത്തിലും ഗ്രഹനിലയിലും പ്രശ്നമുണ്ടെന്നറിഞ്ഞിട്ടും എന്റെ അച്ഛനമ്മമാർ അതെല്ലാം മറച്ചു വെച്ചു കൊണ്ട് വിവാഹം നടത്തുകയായിരുന്നു എന്നു വരെ അവർ ആരോപിച്ചു. അവസാനം സഹികെട്ട് എനിക്ക് ആ വീടു വിട്ട് ഇറങ്ങേണ്ടി വന്നു സാറേ. പിന്നെ കേസായി വഴക്കായി കുടുംബകോടതിയായി... ബാക്കിയൊക്കെ സാറിന് ഊഹിക്കാമല്ലോ! ഞാൻ സാറിനോട് ഒരു കാര്യം ചോദിച്ചോട്ടേ... സത്യസന്ധമായി സാറതിനൊരു മറുപടി തരണം.
ഭാര്യയുടെ ജാതക ദോഷം കൊണ്ടും ഗ്രഹനിലയുടെ പ്രശ്നം കൊണ്ടും ഭർത്താവിന് ശ്വാസകോശ കാൻസർ വരുമോ സാറേ...
എനിക്ക് ആ പെൺകുട്ടിയോട് സഹതാപം തോന്നി. ഞാനതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു Never Ever. ഇല്ല, ഒരിക്കലുമില്ല.

ഈ സന്ദേശം കിട്ടിയ ദിവസം തന്നെയാണ് മറ്റൊരു അനുഭവവും. 40 വയസ്സുള്ള ജീന എന്റെയടുത്ത് ചികിത്സ തേടിയെത്തിയത് തൈറോയ്‌ഡ് ഗ്രന്ഥിയെ ബാധിച്ച ഒരു കാൻസറുമായിട്ടാണ്. ഓപ്പറേഷന്റെയും തുടർ ചികിത്സയുടെയും ആവശ്യകതയെക്കുറിച്ച് അവരോട് വിശദമായി സംസാരിച്ചു. ഒരു നെടുവീർപ്പിനു ശേഷം ജീന എന്നോടു ചോദിച്ചു 'അപ്പോൾ എന്റെ ഭർത്താവിന് നിർദേശിച്ച എല്ലാ ചികിത്സകളും എനിക്കും വേണ്ടി വരും അല്ലേ?' അമ്പരപ്പോടെ ഞാൻ ജീനയുടെ മുഖത്തേക്ക് നോക്കി. എന്റെ ഭർത്താവും ഇതേ അസുഖമായിട്ട് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുകയാണ്. ഞാൻ ഡോക്ടറോട് ഒരു കാര്യം ചോദിച്ചോട്ടേ..ഞങ്ങൾ രണ്ടു പേർക്കും ഇതേ പോലെ ഒരേ അസുഖം ഒരേ സമയത്ത് വരാൻ എന്തെങ്കിലും കാരണമുണ്ടോ... നിങ്ങൾ തമ്മിലുള്ള മനപ്പൊരുത്തവും ജാതകപ്പൊരുത്തവും ഗ്രഹനിലപ്പൊരുത്തവുമായിരിക്കും കാരണമെന്ന് തമാശയായി പറയാനാവുമെന്ന് തോന്നിയെങ്കിലും ഞാനത് മനസ്സിലൊതുക്കി ഒന്നു പതുക്കെ ചിരിച്ചതേയുള്ളൂ.

തുടക്കത്തിൽ പറഞ്ഞ ടെലിവിഷൻ അഭിമുഖത്തിൽ ശ്വാസകോശാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമുള്ള വിശദമായ ചർച്ചകൾക്കു ശേഷം അവതാരക ചോദിച്ചു കഴിഞ്ഞ 30 വർഷത്തിനിടയ്ക്ക് നൂറുകണക്കിന് ശ്വാസകോശാർബുദ രോഗികളെ ചികിത്സിച്ചിരിക്കുമല്ലോ. ആ അനുഭവങ്ങളിൽ ഡോക്ടറുടെ മനസ്സിനെ പിടിച്ചു കുലുക്കിയ, ഡോക്ടർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കാമോ...

പെട്ടെന്ന് ഓർമയിൽ വന്നത് തൊട്ടു മുമ്പ് നടന്ന ഒരു കാര്യമായിരുന്നു. അല്പം മുമ്പ്, രണ്ടോ മൂന്നോ മണിക്കൂർ മുമ്പുണ്ടായ ഒരു കാര്യം പറയാം. അതിന്റെയൊരു ഞെട്ടൽ എനിക്ക് അപ്പോഴുമുണ്ടായിരുന്നു. അതിനെക്കുറിച്ച് ചെറുതായൊന്നു സൂചിപ്പിച്ച് ഞാൻ അക്കാര്യം പറയാൻ തൂടങ്ങി.

''സർ, പ്ലീസ് കോൾ മി.. അർജന്റ്.. എന്റെ ഫോണിൽ വന്ന ഒരു സന്ദേശമാണ്. ഞാൻ അനുസരണയോടെ തിരികെ വിളിച്ചു. ഫോണെടുത്തത് ഒരു പെൺകുട്ടിയാണ്. വിളിച്ചതിന് നന്ദി സാറേ... ബുദ്ധിമുട്ടിച്ചതിന് സാറിനോട് ക്ഷമ ചോദിക്കുന്നു. വേറേ വഴിയില്ലാഞ്ഞിട്ടാണ് അങ്ങനെയൊരു സന്ദേശമിട്ടത്. ഞാൻ രാജശേഖരൻ നായരുടെ മകളാണ്. ശ്വാസകോശ കാൻസറിന് റേഡിയേഷൻ ചികിത്സയെടുക്കുന്ന രാജശേഖരൻ നായരുടെ മകൾ. ഇന്ന് അവസാനത്തെ റേഡിയേഷനാണ്. ഏകദേശം ഒരു ലക്ഷം രൂപയോളം ഞങ്ങൾ ഹോസ്പിറ്റലിൽ അടയ്ക്കാനുണ്ട്. അത് അടച്ചാലേ ഇന്നത്തെ റേഡിയേഷൻ നടക്കുകയുള്ളൂ. ഞാൻ രാവിലെ മുതൽ ആ തുക ഒപ്പിക്കാൻ വേണ്ടി നടക്കുകയാണ് സാറേ. അതിന്റെ പേരിൽ റേഡിയേഷൻ മുടങ്ങിയാൽ... അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ അതെനിക്ക് താങ്ങാനാവില്ല സാറേ... അവളുടെ കരച്ചിൽ എന്റെ നെഞ്ചിൽ തറച്ചു കയറുന്നതു പോലെ തോന്നി.

എന്റെ നിർദേശ പ്രകാരം അരമണിക്കൂറിനകം അവൾ ഓടി എന്റെ മുറിയിലെത്തി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. അവൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഒരു ജോലി കിട്ടിയതേ ഉള്ളൂ സാറേ... അവൾ സംസാരിച്ചു തുടങ്ങി. അച്ഛന്റെ ചികിത്സയ്ക്കുള്ള പണം ഞാൻ സ്വരൂപിച്ചു വെച്ചതാണ്. അതിനിടയ്ക്കാണ് അച്ഛനും ഞങ്ങൾക്കും കോവിഡ് ബാധിച്ചത്. അതോടെ ബജറ്റ് താളം തെറ്റി. കുറച്ചു ദിവസങ്ങൾ നീട്ടിക്കിട്ടിയാൽ മതി. ഞാൻ പൈസ സംഘടിപ്പിക്കാം. ഹോസ്പിറ്റൽ ബിൽ അടച്ചു തീർത്തോളാം. ചെറിയ ഒരു സാവകാശം... അത്രയേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. അച്ഛന്റെ ചികിത്സ മുടങ്ങരുത് സാറേ... ചേച്ചിയെ നഷ്ടപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞതേയുള്ളൂ.. അവൾക്ക് അടക്കി നിർത്താനാവാതെ കരച്ചിൽ പൊട്ടിയൊഴുകി.

ആ ഡോക്ടറേ... മോൾക്ക് രക്താർബുദമായിരുന്നു സാറേ... അച്ഛനാണ് മറുപടി പറഞ്ഞത്. എന്റെ കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം അവളുടെ ചികിത്സയ്ക്ക് ചെലവായി. എനിക്ക് ജോലി ചെയ്യാൻ വയ്യാതെയുമായി. ആ അച്ഛൻ നിസ്സഹായതയോടെ പറഞ്ഞു. ആകെയുള്ളത് ഇവളാണ് സാറേ. അയാൾ മകളെ ചേർത്തു നിർത്തി. ഈ ചെറിയ വയസ്സിൽ എല്ലാ പ്രാരബ്ധവും ഇവളുടെ തലയിൽ... അയാളും പൊട്ടിക്കരഞ്ഞു.

അവതാരക താഴേക്കു നോക്കി കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. എന്റെ കാഴ്ചയും മങ്ങുന്നതു പോലെ തോന്നി. കഥ ഇവിടെ തീരുന്നില്ല. ഞാൻ അവതാരകയെ നോക്കിപ്പറഞ്ഞു. ഒന്നു രണ്ടു മണിക്കൂറിനകം അവൾ വീണ്ടു മുറിയിൽ വന്നു. കൂപ്പിയ കൈയോടെ അവൾ പറഞ്ഞു അച്ഛന്റെ റേഡിയേഷൻ കഴിഞ്ഞു. നന്ദിയുണ്ട് സാറേ... ഒരാഴ്ചയ്ക്കകം ഞാൻ ബാക്കി തുക നൽകാമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ട് സാറേ! അതിനു സാധിച്ചില്ലെങ്കിൽ... അവൾ മുഴുമിച്ചില്ല... ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ പാടില്ല... ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചത് എന്നോടു തന്നെ പറഞ്ഞു...

Content Highlights:Snehaganga, Dr VP Gangadharan shares his memories on cancer treatments, Health, Cancer Awareness