ന്റെ സാധനം എവിടെ? ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തുമ്പോള്‍ കുഞ്ചിയുടെ സ്ഥിരം ചോദ്യമാണത്. ഇന്ന് ഒന്നും വാങ്ങിയില്ല എന്ന് പറയുമ്പോള്‍ അവളുടെ മുഖം വാടും. ശനിയാഴ്ച ദിവസങ്ങളില്‍ ഞാന്‍ എന്തെങ്കിലും അവള്‍ക്കായി കൊണ്ടു വരുമെന്ന് അവള്‍ക്കുറപ്പാണ്. ഈ ശനിയാഴ്ചയും പതിവ് തെറ്റിക്കേണ്ട എന്നു കരുതി, അവള്‍ക്കുള്ള കളിപ്പാട്ടങ്ങളെന്തെങ്കിലും വാങ്ങാം എന്നു ചിന്തിച്ചാണ് കടയില്‍ കയറിയത്. എനിക്ക് അപരിചിതമല്ലാത്ത ഇനം കളിപ്പാട്ടങ്ങള്‍ തേടിയാണ് അവിടെ കയറുന്നത്. ആ കട നിറയെ തൂക്കിയിട്ടിരിക്കുന്ന വിവിധ തരം പാവകള്‍, താഴെ നിരത്തി വെച്ചിരിക്കുന്ന കാറുകള്‍, ബസുകള്‍, എഴുതാനുള്ള ബോര്‍ഡുകള്‍... അതൊക്കെ എനിക്ക് മനസ്സിലാകുന്ന തരം കളിപ്പാട്ടങ്ങളാണ്. പിന്നെയുമുണ്ട് ഒട്ടേറെ. എനിക്ക് അപരിചിതമായ തരം നിരവധി നിരവധി കളിപ്പാട്ടങ്ങള്‍. ചുവരിലെ ഷെല്‍ഫില്‍ നിറയെ പായ്ക്കറ്റുകളിലുള്ള കളിപ്പാട്ടങ്ങള്‍. ഒരു നിമിഷം ഞാന്‍ അപ്പൂപ്പനെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് പഴയ കൊച്ചു ഗംഗ എന്ന സങ്കല്പത്തിലേക്ക് തെന്നിമാറി. 

കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമായിരുന്നു. തീപ്പെട്ടി കൊണ്ടും സിഗരറ്റ് പായ്ക്കറ്റുകള്‍ കൊണ്ടും ഞാന്‍ സ്വയംനിര്‍മിച്ച തീവണ്ടികള്‍, ഗോട്ടി, കല്ല് കളിക്കാനുള്ള വെള്ളാരങ്കല്ലുകള്‍, ഓലപ്പന്തുകള്‍... എല്ലാം നാടന്‍ കളിക്കോപ്പുകള്‍... കളിപ്പാട്ടക്കടകള്‍ കണ്ടതായി ഓര്‍ക്കുന്നില്ല.

ഡോക്ടര്‍ക്ക് എന്താണ് വേണ്ടത്? കടയില്‍ സ്ഥിരം കാണാറുള്ള യുവാവിന്റെ ചോദ്യമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്.

കൊച്ചുമോള്‍ക്കാണ് അല്ലേ... കൗണ്ടറില്‍ രൂപ എണ്ണിക്കൊണ്ടിരിക്കുന്നതിനിടെ മുഖം ഉയര്‍ത്തി ഉമ്മ ചോദിച്ചു.
സാധാരണ കാണാറുള്ള ആള്‍ എവിടെ?
ഞാന്‍ ഒരു മറു ചോദ്യമാണ് ഉമ്മയ്ക്ക് മറുപടിയായി കൊടുത്തത്.
ഇവന്റെ വാപ്പയാണത്. വാപ്പ കടയിലേക്കുളള കുറേ സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കുകയാണ്...
ഉമ്മ വീണ്ടും രൂപ ആദ്യം മുതല്‍ എണ്ണിത്തുടങ്ങി.

കൊച്ചു മോള്‍ക്ക് കണക്ക് ഇഷ്ടമാണോ? എണ്ണം പഠിക്കാനുള്ള ഒരു കളിപ്പാട്ടം എന്റെ നേരേ നീട്ടിക്കൊണ്ട് യുവാവ് ചോദിച്ചു.
അവള്‍ക്ക് നാലു വയസ്സാകുന്നതേയുള്ളൂ...ഞാന്‍ തെല്ലൊരത്ഭുതത്തോടെ യുവാവിനെ നോക്കി.
കുഞ്ചുവിന് നാലു വയസ്സില്‍ താഴെയേ പ്രായമുള്ളൂ എന്ന് ആ യുവാവിന് അറിയാവുന്നതാണ്. എത്രയോ വട്ടം അയാള്‍ തന്നെ അവളുടെ പ്രായം പറഞ്ഞ് അതിനു പറ്റിയ കളിപ്പാട്ടങ്ങള്‍ എടുത്തു തന്നിരിക്കുന്നു!

എല്ലാവരും നിന്നെപ്പോലെ ആയിരിക്കുമോ?
ഉമ്മയുടെ ഉത്തരമാണ് എന്റെ സംശയത്തിന് ഒരു നിവാരണമായത്.
ഇവന് കുട്ടിക്കാലം മുതല്‍ക്കേ കണക്ക് മതി കളിക്കാന്‍. കണക്കാണ് ഇവന്റെ ജീവന്‍.

ഉമ്മ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്ന് തെളിഞ്ഞു വന്നത് സ്ഫടികം എന്ന സിനിമയിലെ തിലകന്റെ കഥാപാത്രമാണ്. എ പ്ലസ് ബി ദ ഹോള്‍ സ്‌ക്വയര്‍ ഈസ് ഈക്വല്‍ ടു(A+B)2=....? ആ സിനിമയിലെ തിലകന്റെയും മോഹന്‍ ലാലിന്റെയും മറക്കാനാവാത്ത ചില ഡയലോഗുകളും ഓര്‍മയിലെത്തി.

ഇവന്‍ എന്‍ജിനീയറാ. ഉമ്മ തുടര്‍ന്നു. എന്‍ട്രന്‍സ് എഴുതി കിട്ടിയതാ സാറേ...
കളിപ്പാട്ടവുമായി നില്‍ക്കുന്ന യുവാവിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം.
എവിടെയാ പഠിച്ചത്?
അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാന്‍ അറിയാതെ ചോദിച്ചു.
ഞാന്‍... ഇവിടെ... മോഡല്‍ എന്‍ജിനീയറിങ് കോളേജിലാ പഠിച്ചത് ഡോക്ടറേ... ഈ ഉമ്മാടെ ഒരു കാര്യം... അവന്‍ ചിരി മായാതെ പറഞ്ഞു.
എന്നിട്ടു പിന്നെ... ഇവിടെ... ഇങ്ങനെ...?
എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
ഞാന്‍ എവിടെയെങ്കിലും ഒരു ജോലി സംഘടിപ്പിച്ച് തരട്ടേ...
ശരി എന്ന ഉത്തരം പ്രതീക്ഷിച്ചു ചോദിച്ച ചോദ്യത്തിന് ഉമ്മയാണ് മറുപടി പറഞ്ഞത്.
അവന് എത്ര സ്ഥലത്ത് ജോലി കിട്ടിയതാണെന്നോ സാറേ... അതൊന്നും അവന് വേണ്ട. അവന് ഇഷ്ടം കുട്ടികളെ കണക്ക് പഠിപ്പിക്കാനാണ്. കോവിഡിന് മുമ്പ് അവന്‍ രണ്ട് ട്യൂഷന്‍ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. പഠിക്കാന്‍ ഇഷ്ടം പോലെ കുട്ടികളും ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെ....

ഉമ്മ പറഞ്ഞു തീരും മുമ്പ് യുവാവ് പറഞ്ഞു തുടങ്ങി-
ഇപ്പോളും പഠിക്കാന്‍ ധാരാളം കുട്ടികളുണ്ട് ഡോക്ടറേ. ഓണ്‍ലൈന്‍ ക്ലാസ്സുകളാണെന്ന് മാത്രം. ബാക്കി സമയം ഞാന്‍ ഈ കടയില്‍ ഉപ്പയെയും ഉമ്മയെയും സഹായിക്കാന്‍ കൂടും. എന്‍ജിനീയറിങ് പഠിക്കുമ്പോഴും ഞാന്‍ കുട്ടികളെ കണക്ക് പഠിപ്പിക്കുമായിരുന്നു. കണക്ക് എനിക്ക് ഒരു ഹരമാണ് ഡോക്ടറേ...ഡോക്ടറുടെ ഓഫറിന് നന്ദി... അയാള്‍ കൈ കൂപ്പി ചിരിയോടെ നിന്നു.

ആ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം എന്നെ ആകര്‍ഷിച്ചു.
അയാള്‍ക്ക് ഇഷ്ടപ്പെട്ട ജോലി തിരിച്ചറിഞ്ഞ് അത് ആസ്വദിച്ച് ജീവിക്കുന്ന ചുരുക്കം ചില യുവാക്കളിലൊരാള്‍. ഏതു ജോലിയും ചെയ്യാന്‍ തയ്യാറുള്ള മനസ്സും. വിജയീ ഭവഃ... എന്റെ മനസ്സ്, അറിയാതെ ആശീര്‍വദിച്ചു പോയി.

കളിപ്പാട്ടം വാങ്ങി ഉമ്മയോടും യുവാവിനോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉമ്മയും പുറത്തേക്കിറങ്ങി.

ഇവന്‍ ഞങ്ങളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവാണ് സാറേ. ഇവന്റെ മൂത്തത് മോളാണ്. ആയുര്‍വേദ ഡോക്ടറായി ഇവിടെ അടുത്തു തന്നെ പ്രാക്ടീസ് ചെയ്യുന്നു. ഏറ്റവും മൂത്തയാളും എന്‍ജിനീയറാണ്. മെട്രോയിലാണ് ജോലി. മൂന്നു പേര്‍ക്കും അഡ്മിഷന്‍ കിട്ടിയത് എന്‍ട്രന്‍സ് പരീക്ഷ എഴുതിത്തന്നെയാണ്. ഉമ്മയുടെ കണ്ണുകളില്‍ അഭിമാനത്തിളക്കം.

ഞാനും പഴയ ഡിഗ്രിക്കാരിയാണ് സാറേ! ഇവരുടെ വാപ്പയ്ക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എങ്ങനെയായാലും പിള്ളേരെ പഠിപ്പിക്കണമെന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമായിരുന്നു. അതു നടന്നു സാറേ... ഉമ്മയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു പറയുമ്പോള്‍.

തിരികെ വീട്ടിലെത്തി ഗോകുലിനോടും ഉമയോടും ഇതെല്ലാം വിശദമായി പറഞ്ഞ ശേഷം ഞാന്‍ പറഞ്ഞു- അവരുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ചെറുതായി ചെറുതായി ഇല്ലാതാകുന്നതു പോലെ തോന്നി. അവരുടെ മുന്‍പില്‍ നാമെല്ലാം എത്ര ചെറിയവര്‍...
ശരിയാണ് അച്ഛാ... ഉമയും ഗോകുലും എന്റെ തോന്നല്‍ ശരിവെച്ചു.

ചില ദിവസങ്ങള്‍ അങ്ങനെയാണ്. സ്വയം വിലയിരുത്താന്‍ ഒന്നിലധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന ദിവസങ്ങള്‍. അത്തരത്തിലുള്ള ഒരു ദിവസം തന്നെയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ചയും എന്നു തോന്നുന്നു. കളിപ്പാട്ടക്കടയിലെ സംഭവങ്ങളും സംഭാഷണങ്ങളും അതിലൊന്നു മാത്രം. മറ്റൊന്ന് ആശുപത്രിയില്‍ തന്നെയായിരുന്നു.

ഒ.പി.യില്‍ വന്ന മധ്യവയസ്‌കയായ ഒരു സ്തനാര്‍ബുദ രോഗിയെ കുറേ വഴക്കു പറയേണ്ടി വന്നു. മാസ്‌ക് ധരിച്ചിരുന്നതു കൊണ്ട് എന്റെ മുഖത്തെ കോപം അവര്‍ തിരിച്ചറിഞ്ഞു കാണില്ല. ശസ്ത്രക്രിയയ്ക്കു ശേഷം തുടര്‍ ചികില്‍സയ്ക്ക് എന്റെ അടുത്ത് എത്തിയതാണവര്‍. കൂടെ കോളേജ് വിദ്യാര്‍ഥിനിയായ മകളുമുണ്ടായിരുന്നു. കീമോ തെറാപ്പിയും റേഡിയേഷനും ഹോര്‍മോണ്‍ ചികില്‍സയും വേണം. അവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഞാന്‍ നിര്‍ദേശിച്ചു.

എനിക്ക് ഇപ്പോള്‍ റേഡിയേഷന്‍ മാത്രം മതി ഡോക്ടറേ....
അവരുടെ ഈ മറുപടിയാണ് എന്നെ പ്രകോപിപ്പിച്ചത്.
അങ്ങനെ തീരുമാനിക്കാന്‍ എന്താണ് കാരണം?
എന്റെ ചോദ്യത്തിന് അവര്‍ മൗനം പാലിച്ചതേയുള്ളൂ.
ജോലി ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അവരുടെ ഉത്തരം പെട്ടെന്നായിരുന്നു.
ഞാന്‍ നഴ്സായി ജോലി ചെയ്യുകയാണ് ഡോക്ടറേ...
അവര്‍ എന്നെ നോക്കി പറഞ്ഞു.
അതു കൊണ്ടാണ് ഡോക്ടറെക്കാള്‍ വിവരമുണ്ടെന്ന തോന്നലും തീരുമാനങ്ങളും അല്ലേ...
ദേഷ്യത്തോടെ ഞാന്‍ പറഞ്ഞ ഒന്നിനും അവര്‍ മറുപടി പറഞ്ഞില്ല.

റേഡിയേഷന് മാത്രമായി ഞാന്‍ എഴുതിത്തരില്ല. ഓപ്പറേഷന്‍ ചെയ്ത ഡോക്ടറുടെ അടുത്ത് പോയി എഴുതി വാങ്ങി റേഡിയേഷന്‍ ചെയ്തോളൂ... ചികില്‍സിക്കുന്നത് അസുഖം ഭേദമാകാനല്ലേ... നിങ്ങളുടെ സൗകര്യമുള്ള ചികിത്സകള്‍ മാത്രം ചെയ്താല്‍ മതിയോ?
മകളെയും കൂട്ടി അവര്‍ മുറി വിട്ടിറങ്ങുമ്പോഴും എന്റെ ദേഷ്യം ശമിച്ചിരുന്നില്ല.
ഗൗരവമുള്ള രോഗാവസ്ഥയാണ്. കൃത്യമായി ചികില്‍സിക്കേണ്ട ഘട്ടമാണ്. ശരിയായ ചികില്‍സ ചെയ്താല്‍ പ്രയോജനമുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഘട്ടവുമാണ്.
ശരിയായ സമയത്ത് ശരിയായ ചികിത്സ ചെയ്യാന്‍ തയ്യാറാകാതെ മാറിപ്പോകുന്നതാണ് എന്റെ ദേഷ്യത്തിന് കാരണം എന്ന് അവരോട് ഉറക്കെ വിളിച്ചു പറയണമെന്ന് എനിക്ക് തോന്നി. ഛെ! അവരോട് അങ്ങനെ ദേഷ്യപ്പെടാന്‍ പാടില്ലായിരുന്നു എന്ന് മനസ്സ് പറഞ്ഞു... ആ വിഷമം മനസ്സില്‍ അങ്ങനെ കിടന്നു.

അവരുടെ നമ്പര്‍ എടുത്ത് രാത്രി അവരെ വിളിച്ചു. ചികിത്സയെക്കുറിച്ചും അവരുടെ രോഗാവസ്ഥയെക്കുറിച്ചും വിശദമായി പറഞ്ഞു.
സാറിന്റെ ദേഷ്യമൊക്കെ മാറിയോ? ചിരിയോടെയാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്.
സാറിനോട് വിശദമായി തുറന്ന് സംസാരിക്കാവുന്ന സാഹചര്യമായിരുന്നില്ല അപ്പോള്‍ ആശുപത്രിയില്‍. സാറിന്റെ കൂടെ ആ സമയത്ത് കുറേ ഡോക്ടര്‍മാരും സിസ്റ്റര്‍മാരുമുണ്ടായിരുന്നു. അതു കൊണ്ടാണ് ഞാന്‍ മൗനം പാലിച്ചത്. എന്റെ ധിക്കാരം കൊണ്ടോ എനിക്ക് സാറിനെക്കാള്‍ വിവരമുണ്ടെന്ന് കരുതിയിട്ടോ അല്ല സാറേ അങ്ങനെ തീരുമാനിച്ചത്. എനിക്കൊപ്പം ഉണ്ടായിരുന്നത് മൂത്ത മകളാണ്. അവളുടെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. ഞാന്‍ കാന്‍സര്‍ രോഗിയാണെന്നറിഞ്ഞാല്‍ ആ വിവാഹം മുടങ്ങും സാറേ.. തീര്‍ച്ച. നാട്ടുകാരും വീട്ടുകാരും എന്നല്ല, കൂട്ടുകാര്‍ പോലുമറിയാതെയാണ് ഞാന്‍ ഇതു വരെ ചികിത്സ മുന്നോട്ടു കൊണ്ടു പോയത്. കീമോതെറാപ്പിയെടുത്ത് എന്റെ മുടി കൊഴിയുമ്പോള്‍... എനിക്ക് പ്രശ്നമില്ല ഡോക്ടറേ.. എനിക്ക് മനസ്സിലാക്കാനാവും കാര്യങ്ങള്‍. പക്ഷേ, മകളുടെ കല്യാണത്തിന് പ്രശ്നമായാല്‍... കുടുംബം തകര്‍ന്നു പോകും സാറേ... ഭര്‍ത്താവാണെങ്കിലും ഒട്ടും സുഖമില്ലാതിരിക്കുകയാണ്. ക്ഷമിക്കണം സാറേ...

സാറിന്റെ മനസ്സ് എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്. അല്ലെങ്കില്‍ സാറ് ഇപ്പോള്‍ വീണ്ടും നമ്പര്‍ എടുത്ത് വിളിക്കില്ലല്ലോ.. നന്ദിയുണ്ട്... അവര്‍ തേങ്ങിക്കരയുകയായിരുന്നു.
ഞാന്‍ ചെറുതായി.. ചെറുതായി.. ചെറുതായി പോകുന്നതു പോലെ തോന്നി.
എന്താണ് ഇത്തരം സാഹചര്യങ്ങളില്‍ പരിഹാരം!
അനുഭവം ഗുരു! അല്ലേ...
എങ്ങനെയാണ് ജീവിതത്തിലെ ഇത്തരം സങ്കടസമയങ്ങളെ തരണം ചെയ്യാനാവുക...

Content Highlights: Snehaganga Dr VP Gangadharan shares his memories, Health