ഗംഗയല്ലേ, അമ്മായിയാണ്. തൃശൂരില്‍ നിന്ന് ഞായറാഴ്ചകളിലെ പതിവുള്ള ഒരു ഫോണ്‍ വിളി. ആറേഴു മാസമായിട്ട് ഒരേ ഇരിപ്പ് വീട്ടില്‍ത്തന്നെ... മടുത്തു ഗംഗേ... ഇനി എത്ര നാള്‍ കൂടി ഇങ്ങനെ വേണ്ടി വരുമോ ആവോ! ഓരോ ദിവസവും കൊറോണ കൂടിക്കൂടി വരികയല്ലേ! എന്താവുമോ ആവോ! ഞാന്‍ നമ്മുടെ പഴയ കാലമൊക്കെ ആലോചിച്ച് അങ്ങനെയിരിക്കും. ഗംഗയോ?

ഗംഗയുടെ മനസ്സ് അപ്പോഴേയ്ക്കും പത്തന്‍പതു വര്‍ഷം പിറകോട്ടു പാഞ്ഞു കഴിഞ്ഞിരുന്നു. കഥാപാത്രങ്ങളും രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു തുടങ്ങിയിരുന്നു. മാണിക്യം, കുഞ്ഞിപ്പേങ്ങന്‍, മറിയം, കുഞ്ഞന്നം... ആ പട്ടിക അങ്ങനെ നീണ്ടു പൊയ്ക്കൊണ്ടേയിരുന്നു.

പതിവു തെറ്റിക്കാതെ മാസത്തിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന മാണിക്യന്‍. കൈയില്‍ രണ്ടോ മൂന്നോ പണിയായുധങ്ങള്‍ മാത്രം. പല്ലുകളൊടിഞ്ഞ ഒരു പഴയ ചീര്‍പ്പ്, വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കത്രിക, കൂടാതെ പുതുമ അവകാശപ്പെടാവുന്ന ഒരുപകരണം. മാണിക്യന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെഷീന്‍. ഇതെല്ലാം ഒരു മുഷിഞ്ഞ തോര്‍ത്തില്‍ പൊതിഞ്ഞാണ് മാണിക്യന്റെ വരവ്. തോര്‍ത്തിന്റെ നിറവും മണവുമറിയാവുന്ന അമ്മൂമ്മ വിളിച്ചു പറയും എടാ മാണിക്യാ നിന്റെ തോര്‍ത്ത് വേണ്ട. ഇവിടുന്ന് വേറേ തോര്‍ത്ത് തരാം. മാണിക്യനെന്തിനാണ് വന്നതെന്ന് ഇതുവരെ പറഞ്ഞില്ല അല്ലേ...മാണിക്യനാണ് സ്ഥലത്തെ പ്രധാന ബാര്‍ബര്‍. മുടിവെട്ടുകാരന്‍.

മുറ്റത്തൊരു കസേരയിട്ട് നിമിഷങ്ങള്‍ക്കകം മാണിക്യന്‍ റെഡി. ബേബി അമ്മാമന്‍, വാസു അമ്മാമന്‍, ...അവസാനം ഗംഗ. പ്രായമനുസരിച്ചു വേണം മാണിക്യന് തല കൊടുക്കാന്‍.bഅതും അമ്മൂമ്മയുടെ ഉത്തരവാണ്. പത്താം ക്ലാസ്സിലായപ്പോള്‍ ഒരിക്കല്‍ ബാലച്ചേട്ടന്‍ പ്രതികരിച്ചു - എനിക്കു വയ്യ ഇയാളുടെ അടുത്തു പോയി തലമുടി വെട്ടാന്‍... കൂട്ടുകാര്‍ കളിയാക്കും. പാറ്റ കരണ്ടതു പോലെ എന്നൊക്കെ പറഞ്ഞ്. ഞാന്‍ നടയിലെ ബാര്‍ബര്‍ ഷോപ്പില്‍ പോയി വെട്ടിക്കോളാം. ബാലച്ചേട്ടന്റെ പ്രതികരണം ഒന്നു രണ്ടു വര്‍ഷങ്ങള്‍ കൂടി വാക്കുകളിലൊതുങ്ങി നിന്നു.

എന്റെ മുടിയിലാരോ പിടിച്ചു വലിക്കുന്നതു പോലെ... ഞാന്‍ കൈ കൊണ്ട് പതുക്കെ തല തടവി നോക്കി. ഓര്‍മകളായിരുന്നു എന്ന് തിരിച്ചറിഞ്ഞത് അപ്പോളാണ്. മാണിക്യന്റെ അവസാന റൗണ്ടായ മെഷീന്‍ പ്രയോഗം... ഇന്ന് മനസ്സില്‍ ഊറുന്ന ചിരിക്കു പകരം അന്ന് വേദനയായിരുന്നു അനുഭവം. ഗംഗയ്ക്ക് മെഷീന്‍ വെക്കട്ടേ... ഉത്തരത്തിനു കാത്തു നില്‍ക്കാതെ മെഷീന്‍ പ്രയോഗം തുടങ്ങിയിരിക്കും. കഴുത്തിന്റെ പിറകില്‍ ഇരുമ്പുകൊണ്ടുള്ള മെഷീന്‍ വെക്കുമ്പോള്‍ ഐസു കട്ട വെക്കുന്ന പോലെ തണുപ്പ് അനുഭവപ്പെടും. അത് എങ്ങനെയെങ്കിലും സഹിക്കാം. പക്ഷേ, മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ഓരോ മുടിയും വലിച്ചു പറിച്ചെടുക്കുന്ന ഒരനുഭവം. ഇടയ്ക്കിടയ്ക്ക് മാണിക്യന്റെ ശബ്ദം പൊന്തും- പുതിയ മെഷീനാണ് കേട്ടോ... പെട്ടെന്ന് സുഖമായി മുടി ഷെയ്പ്പ് ചെയ്ത് തരാം കേട്ടോ. ഇത് ബാലച്ചേട്ടന്‍ കേള്‍ക്കാന്‍ പറയുന്നതാണെന്ന് എനിക്ക് കത്തിയത് പിന്നീടാണെന്നു മാത്രം.

കുഞ്ഞിപ്പേങ്ങന്റെ വരവും മാസത്തിലൊരിക്കല്‍ മാത്രം. ആ വരവ് കൊച്ചു ഗംഗയ്ക്കും സന്തോഷമുള്ള ദിവസമാണ്. കുറച്ചു പൈസ പോക്കറ്റു മണിയായി കിട്ടുന്ന ദിവസം. വെറുതേയല്ല പൈസ കിട്ടുന്നത്. ജോലി ചെയ്തിട്ടാണ്. അതാണ് കൂടുതല്‍ സന്തോഷം. കുഞ്ഞിപ്പേങ്ങന്‍ കയറുന്ന തെങ്ങുകളുടെ എണ്ണവും താഴേയ്ക്ക് വെട്ടിയിടുന്ന തേങ്ങകളുടെ കണക്കും അമ്മൂമ്മയെ ഏല്പിക്കണം. ഓരോ തെങ്ങിനും ഗംഗയുടെ വരുമാനം അഞ്ചു പൈസ വീതം. ചിതറി വീഴുന്ന തേങ്ങകള്‍ പെറുക്കിയെടുത്ത് മുറ്റത്ത് കൂട്ടിയിടാന്‍ സഹായിച്ചാല്‍ രണ്ടു തേങ്ങ ബോണസ്സ്. ആ രണ്ടു തേങ്ങ എനിക്ക് തന്നേക്ക്- കുഞ്ഞിപ്പേങ്ങന്‍ വെച്ചു നീട്ടുന്ന പൈസയും ഗംഗയുടെ പോക്കറ്റിലേയ്ക്ക്.

കുത്തീരുന്ന് ഉറങ്ങാണോ? സ്‌കൂളില്‍ പോണില്ലേ? ഞായറാഴ്ചയാണെങ്കിലും മുറ്റമടിയ്ക്കുന്ന മറിയത്തിന്റെ ഈ ചോദ്യത്തിന് മാറ്റമില്ല. സരസ്വതിയമ്മ എന്നു വരും? അമ്മ വരുമ്പോള്‍ ഈ പാവം മറിയത്തിന് എന്തെങ്കിലും കൊണ്ടു വരാന്‍ പറയണം കേട്ടോ.. കൊണ്ടു വരേണ്ട സാധനങ്ങളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് മറിയം മുറ്റമടി തുടരും. മുറ്റത്തെ മാവ് വെട്ടിക്കളയണം. വീണു കിടക്കുന്ന മാവില അടിച്ചു വാരിക്കളഞ്ഞ് മടുത്തു- മറിയത്തിന്റെ സ്ഥിരം പല്ലവി.

പ്രഭാത ഭക്ഷണത്തിന് ഇസ്ലാമിയ ബേക്കറിയില്‍ നിന്ന് വാങ്ങിയ റൊട്ടി- അല്ലെങ്കില്‍ ബേബി മാമന്‍ ചുട്ടു തരുന്ന ചൂടുള്ള ദോശ. ഉച്ചയൂണിന് പുളിങ്കറി, മുരിങ്ങയിലത്തോരന്‍, മാങ്ങാക്കറി... എല്ലാം അമ്മൂമ്മയുടെ കരവിരുതില്‍ ഉരിത്തിരയുന്ന നാടന്‍ വിഭവങ്ങള്‍. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അത്താഴപ്പൂജ കഴിഞ്ഞുള്ള വെടി കേട്ടാല്‍ കഞ്ഞിയും പ്ലാവിലയും തയ്യാര്‍. രാത്രി ഭക്ഷണത്തിനുള്ള അമ്മൂമ്മയുടെ വിളിക്ക് കാതോര്‍ത്തിരിക്കും. രാവിലെ ഒമ്പതു മണിക്കും രാത്രി എട്ടു മണിക്കും കൃത്യമായി മുഴങ്ങുന്ന മുനിസിപ്പല്‍ സൈറണ്‍...

നദികളില്‍ സുന്ദരി യമുനാ...യമുനാ... യേശുദാസിന്റെ മനോഹരമായ ഗാനം തീയേറ്ററില്‍ നിന്ന്... സിനിമ കഴിഞ്ഞു. ഉറങ്ങാറായി- അമ്മൂമ്മയുടെ ശബ്ദം വീണ്ടും. വാഹനങ്ങളുടെ ഇരമ്പലുകളും കാതടപ്പിക്കുന്ന ഹോണുകളുമില്ല. ഫോണില്ല. ടിവിയില്ല. സോഷ്യല്‍ മീഡിയ ഇല്ല... അമേരിക്കയും റഷ്യയും വളരെ വളരെ അകലെ കേട്ടു കേള്‍വി മാത്രമുള്ള രാജ്യങ്ങള്‍. എന്തിന്! ഇരിഞ്ഞാലക്കുടക്കാരന് എറണാകുളം പോലും വളരെ അകലെ... പക്ഷേ, ശാന്തമായ, സുന്ദരമായ ഒരു ജീവിതമുണ്ടായിരുന്നു.

അന്നത്തെ ആ കാലത്ത് കൊറോണ വന്നിരുന്നെങ്കില്‍! അയ്യോ! ആലോചിക്കാന്‍ പോലും വയ്യ! അമ്മായിയുടെ ശബ്ദം വീണ്ടും. എന്റെ ചിന്തയും അതു തന്നെയായി. ജനങ്ങള്‍ ഒറ്റപ്പെട്ട് വലഞ്ഞു പോകുമായിരുന്നു. പരസ്പരം കാണാനോ സംസാരിക്കാനോ വിവരങ്ങള്‍ അറിയാനോ കഴിയാതെ കഷ്ടപ്പെട്ടു പോകുമായിരുന്നു. ആഹാരം, ആശുപത്രികള്‍, മരുന്നുകള്‍... ചിന്ത കാടുകയറിത്തുടങ്ങിയിരുന്നു അപ്പോഴേക്ക്.

അതിന് അന്ന് നമ്മളാരും തനിച്ചായിരുന്നില്ലല്ലോ. നിനക്ക് നുറുങ്ങു കഥകള്‍ നിനക്ക് കഥകള്‍ പറഞ്ഞു തരാനും താരാട്ടു പാടി ഉറക്കാനും അമ്മയും അമ്മൂമ്മയും- അങ്ങനെ എത്രയെത്ര പേര്‍! നമുക്ക് സ്‌കൂളില്‍ നല്ല ബലമുള്ള കാലുകളുണ്ടായിരുന്നു. കിലോമീറ്ററുകള്‍ യാത്ര ചെയ്യാന്‍ നിനക്ക് സൈക്കിളുണ്ടായിരുന്നു. നിനക്ക് ബിരിയാണി വേണ്ടായിരുന്നു. ബര്‍ഗര്‍ വേണ്ടായിരുന്നു. ശീതീകരിച്ച മധുര പാനീയങ്ങള്‍ വേണ്ടായിരുന്നു. നിനക്കിഷ്ടം പിണ്ടിത്തോരനും മുരിങ്ങയിലക്കറിയും. കിണറ്റിലെ നല്ല തണുത്ത വെള്ളവും. എല്ലാം മുറ്റത്തു തന്നെ കിട്ടുന്ന കാര്യങ്ങള്‍. നിനക്ക് അന്യരാജ്യത്തേക്ക് പറക്കാനും താത്പര്യമില്ലായിരുന്നു....ആ കേട്ടത് അമ്മയുടെ ശബ്ദമായിരുന്നു.

എല്ലാം ദൈവനിശ്ചയം പോലെ വരട്ടെ അല്ലേ ഗംഗേ... അമ്മായി പറഞ്ഞു കൊണ്ടിരുന്ന വര്‍ത്തമാനങ്ങള്‍ ചുരുക്കുകയാണ്. പണ്ടത്തെ കാലം പോലെ അമേരിക്കയും റഷ്യയുമെല്ലാം അകലെയായി അല്ലേ! എന്തിന് എറണാകുളത്ത് താമസിക്കുന്ന ഗംഗയ്ക്ക് ഇരിങ്ങാലക്കുടയും അകലെയായി അല്ലേ! ആളുകള്‍ ഓരോരോ ആവശ്യത്തിന് പഴയ പോലെ മാണിക്യനെയും കുഞ്ഞിപ്പേങ്ങനെയും ഒക്കെ കാത്തിരിക്കാനും അന്വേഷിച്ചിറങ്ങാനും തുടങ്ങി അല്ലേ? അമ്മൂമ്മയുടെ ചിരികലര്‍ന്ന ശബ്ദം അകലെയങ്ങോ നിന്ന് ഉള്ളില്‍ മുഴങ്ങിക്കേട്ടു.
മനസ്സിന് ആശ്വാസവും സന്തോഷവും തരുന്ന പഴയ ഓര്‍മകള്‍! എനിക്ക് അതു മതി. എന്റെ മനസ്സിന് അതു മതി.

Content Highlights: Snehaganga, Dr VP Gangadharan shares his lifes experiences, Health