ഞാൻ മുഹമ്മദ് അലിയാണ്. വളരെ നിസ്സാരമായ ഒരു തുക ഞാൻ കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് അയയ്ക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന് മനസ്സിലാക്കിയാണ് ഞാൻ ഇതിന് മുതിരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പ്രവാസി മലയാളിയാണ് ഞാൻ. ജീവിതത്തിൽ രണ്ടറ്റവും മുട്ടിക്കാൻ പാടു പെടുന്ന ഒരു യഥാർഥ പ്രവാസി. എന്റെ ഉമ്മ സാറിന്റെ ഒരു രോഗിയായിരുന്നു. 2008ൽ. ഉമ്മയുടെ ഓർമയ്ക്കായി ഞാൻ സമർപ്പിക്കുന്ന ഒരു ചെറിയ ഉപഹാരമാണിത്...

ഒരു തുകയും നിസ്സാരമല്ല മുഹമ്മദ് അലി. താങ്കളുടെ വലിയ മനസ്സ് ഞാൻ തിരിച്ചറിയുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
മറുപടി ഞാൻ രണ്ടു വാചകത്തിൽ ഒതുക്കി.
സമൂഹത്തിൽ ഇതു പോലെ എത്രയെത്ര മനുഷ്യർ! എന്റെ ചിന്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ അനുഭവങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി.
*************************
അംബികയുടെ മോൾ സാറിനെ കാണാൻ വന്നിരിക്കുന്നു ശ്രുതി സിസ്റ്ററാണ് ഒ.പി.യിലെ തിരക്കിനിടയിൽ ഈ വിവരം എന്നെ ധരിപ്പിക്കാനെത്തിയത്. മോളല്ല, മരുമകളല്ലേ അംബികയുടെ കൂടെ എപ്പോഴും ആശുപത്രിയിൽ വരാറുള്ളത്! എന്റെ സംശയത്തിന് ശ്രുതിയുടെ മറുപടി പെട്ടെന്നായിരുന്നു. ശരിയാണ് സാറേ! പക്ഷേ, സ്വന്തം മകളെപ്പോലെ അംബികയെ ശുശ്രൂഷിച്ചിരുന്ന അവരെ മോൾ എന്ന് വിശേഷിപ്പിച്ചതിൽ തെറ്റൊന്നുമില്ല, അല്ലേ സാറേ! ശ്രൂതിയുടെ ന്യായീകരണം ശരിയാണെന്ന മട്ടിൽ ഞാൻ തലയാട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മുറിയിലേക്ക് കയറി വന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്.

ഇരിക്കൂ... ഞാൻ പറയേണ്ട താമസം അവൾ ഉറക്കെ പൊട്ടിക്കരഞ്ഞു.
ഇനിയെന്തിനിരിക്കാൻ സാറേ... അമ്മ പോയില്ലേ...
അവൾ ഏങ്ങലടിച്ച് കരയുകയായിരുന്നു.
എന്നാണ് ചടങ്ങുകൾ തീരുന്നത് എന്റെ ചോദ്യത്തിന് അവൾ കരച്ചിലിനിടയിലൂടെ മറുപടി പറഞ്ഞു. മറ്റന്നാളാണ് സഞ്ചയനം. അടിയന്തരം അടുത്തയാഴ്ച അവസാനം.
എന്തോ ഓർത്തിട്ടെന്നോണം അവൾ വീണ്ടും പൊട്ടിക്കരഞ്ഞു. കരച്ചിലിനിടെ അവ്യക്തമായ വാക്കുകളിലൂടെ അവൾ പറഞ്ഞു അമ്മയ്ക്ക്.... അമ്മയ്ക്ക് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയാൽ ഡോക്ടർക്കും ഒ.പിയിലെ സിസ്റ്റർമാർക്കും ഡോക്ടറുടെ വാർഡിൽ കിടക്കുന്ന രോഗികൾക്കുമെല്ലാം ഒരു സദ്യ ഉണ്ടാക്കിക്കൊടുക്കണം. അത് അമ്മ ഉണ്ടാക്കുന്ന സദ്യ തന്നെ ആയിരിക്കണം...
കൂടെ വന്ന ചെറുപ്പക്കാരനും കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടു.
പക്ഷേ, അമ്മയ്ക്ക് അതിന് സാധിച്ചില്ല സാറേ.. അവൾ എന്തോ ആലോചിച്ചുറപ്പിച്ച മട്ടിൽ തുടർന്നു. ഞാൻ ഡോക്ടറോട് ഒരു കാര്യം ചോദിച്ചോട്ടേ... പറ്റില്ല എന്നു മാത്രം പറയരുത്.

ഒരു ചെറിയ മൗനത്തിനു ശേഷം അവൾ തുടർന്നു. അമ്മയുടെ ആണ്ടിന് ഞങ്ങൾ അമ്മയുടെ ആ ആഗ്രഹം സഫലീകരിക്കാൻ ശ്രമിക്കട്ടേ! വേണ്ട എന്ന് ഞാൻ പറഞ്ഞില്ല. എനിക്കങ്ങനെ പറയാൻ സാധിക്കില്ല. എത്രയോ വട്ടം അംബിക സ്നേഹത്തോടെ വെച്ചു നീട്ടിയ പരിപ്പുവടയും ഏത്തയ്ക്കാപ്പവും ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു.

ഇത് ഞാൻ തന്നെ ഉണ്ടാക്കിയ കടികളാണ്... എങ്ങനെയുണ്ട് ഡോക്ടറേ...
അംബികയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്ന പോലെ.
അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സു മന്ത്രിച്ചു അമ്മായിയമ്മയ്ക്ക് ചേർന്ന മരുമകൾ. അല്ല, അമ്മയ്ക്കു ചേർന്ന മരുമകൾ. ഇതൊന്നുമല്ല ശരി. അമ്മയ്ക്കു ചേർന്ന മകൾ... മനസ്സ് തിരുത്തിപ്പറഞ്ഞു.
*********************************************************
രണ്ടു ദിവസം മുമ്പുണ്ടായ മറ്റൊരനുഭവം മനസ്സിലേക്ക് കടന്നു വന്നു. വർഷങ്ങൾക്കു മുമ്പു ഞാൻ ചികിത്സിച്ച ഒരു സ്തനാർബുദ രോഗിയാണ് ഈ കഥയിലെ നായിക അവർ തുടർപരിശോധനയ്ക്കായി എന്റെയടുത്ത് വന്ന ഒരു ദിവസമായിരുന്നു അത്. വിശദപരിശോധനകൾക്കു ശേഷം ഞാൻ പറഞ്ഞുഒരു കുഴപ്പവുമില്ല. എല്ലാം സാധാരണ പോലെ. ഇനി ആറുമാസം കഴിഞ്ഞ് വന്നാൽ മതി. താഴെ വെച്ചിരുന്ന ചെറിയ സഞ്ചിയെടുത്ത് പുറത്തേക്കിറങ്ങാൻ ഭാവിച്ച അവർ എന്തോ മറന്നിട്ടെന്നവണ്ണം എന്റെയടുത്തേക്ക് തിരികെ വന്നു. അവർ ഒരു നിമിഷം എന്നെ നോക്കി നിന്നു.

ഞാനൊരു കാര്യം പറഞ്ഞാൽ ഡോക്ടർ ദേഷ്യപ്പെടരുത് എന്ന മുഖവുരയോടെയാണ് അവർ സംസാരിച്ചു തുടങ്ങിയത്. ഞാൻ ഡോക്ടർക്ക് തരാൻ വേണ്ടി ഒരു സാധനം കൊണ്ടു വന്നിട്ടുണ്ട്. ഇതൊന്നും ഡോക്ടർക്കു കൊടുക്കാനായി കൊണ്ടുപോകരുത് എന്നു പറഞ്ഞ് ചിലരൊക്കെ എന്നെ കളിയാക്കുകയും ചെയ്തു. ഇപ്പോൾ എനിക്കും ഒരു ചെറിയ ചമ്മലൊക്കെ തോന്നുന്നു ഡോക്ടർക്ക് അതെടുത്തു തരാൻ. പക്ഷേ, അത് തിരികെ കൊണ്ടു പോകാനും മനസ്സ് അനുവദിക്കുന്നില്ല, അതു കൊണ്ടാണ് കേട്ടോ ഡോക്ടറേ.. അവർ സഞ്ചിക്കുള്ളിൽ നിന്ന് ഒരു പൊതിയെടുത്ത് നീട്ടി. കൊറോണക്കാലത്ത് ഞങ്ങൾ മൂന്നു പേരുടെ വിയർപ്പിന്റെ വിലയാണിത് ഡോക്ടറേ.. അത് ഡോക്ടർക്ക് സമർപ്പിക്കണമെന്ന് കൃഷി തുടങ്ങിയപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നതാണ്. കൃത്രിമവളവും കീടനാശിനിയും ഉപയോഗിക്കാതെ ഞാൻ ചെടികൾ വളർത്തിയെടുത്തു. സാറിന് തരാൻ വേണ്ടി ഞാൻ തന്നെ ഉണക്കിയെടുത്ത് വീട്ടിൽ പൊടിച്ചെടുത്ത പൊടിയാണ് ഈ പൊതിക്കുള്ളിൽ. ഞാൻ ചെയ്തത് അവിവേകമാണെങ്കിൽ ക്ഷമിക്കണം. എന്റെ മനസ്സിന്റെ അടങ്ങാത്ത ഒരു ആഗ്രഹം സാധിക്കാൻ വേണ്ടി കൊണ്ടു വന്നുപോയതാണ് ഇത്.
അവർ ആ പൊതി അഴിച്ചു. ഒരു വലിയ കവർ നിറയെ മഞ്ഞൾപ്പൊടിയായിരുന്നു അത്.

തെറ്റായിപ്പോയെങ്കിൽ ഞാൻ തിരികെ കൊണ്ടു പൊയ്ക്കോളാം. അവർ അത് തിരികെ സഞ്ചിയിൽ വെക്കാൻ തുടങ്ങി.

അല്ല..ഒരിക്കലുമല്ല.. അവരുടെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഞാൻ സന്തോഷത്തിൽ വിളിച്ചു പറഞ്ഞു. ഒരു നിമിഷം ആ കണ്ണുകളിൽ ഞാൻ സന്തോഷത്തിന്റെ തിളക്കം കണ്ടു. അവർ തൂവാല കൊണ്ട് കണ്ണുനീർ തുടച്ചു. അത് സന്തോഷക്കണ്ണീരായിരുന്നു. എന്റെ മനസ്സിലെവിടെയോ കുചേലനും കൃഷ്ണനും അവൽപ്പൊതിയുമെല്ലാം മിന്നി മറഞ്ഞു. എന്റെ മുന്നിൽ കുചേലനില്ല. എന്റെ തലയിൽ മയിൽപ്പീലിയുമില്ല. എന്നിട്ടും... മനസ്സ് അതിനൊരു ഉത്തരം കണ്ടെത്തി സ്നേഹിക്കാൻ നല്ല മനസ്സ് മാത്രം മതി.
**********************************************************************
ഫോണിനലെ സന്ദേശങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കെ ഒരു സന്ദേശം ശ്രദ്ധയിൽപ്പെട്ടു. ഞാൻ റിമാ ജോയിയാണ് ഡോക്ടർ എന്നെ ഓർക്കുന്നുണ്ടാവുമെന്ന് കരുതട്ടേ. മരിച്ചു പോയ അപ്പച്ചന്റെ ഓർമയക്ക് എന്തെങ്കിലും ചെയ്യണം എന്ന് ഒരാഗ്രഹം. അതിനായി ഞാൻ കുറച്ച് തുക സ്വരൂപിച്ചു വെച്ചിട്ടുണ്ട്. ഞാൻ കുറച്ച് ഡ്രൈഫ്രൂട്ട്സ് വാങ്ങി തരട്ടേ? അത് ക്രിസ്മസ് ഗിഫ്റ്റുകളുടെ കൂടെ കുട്ടികൾക്ക് കൊടുക്കാം. അല്ലെങ്കിൽ ഞാൻ ആ തുക കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് സംഭാവനയായി നൽകാം. ഏതായാരിക്കും കൂടുതൽ ഉപകാരപ്രദം? ഡോക്ടറുടെ മറുപടിക്കായി കാത്തിരിക്കുന്നു.

കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് സംഭാവനയായി നൽകിയാൽ മതി. അതായിരിക്കും നല്ലത്. ഞാൻ ഉടനെ മറുപടിയും നൽകി.
റിമയെ ഞാൻ എങ്ങനെ മറക്കും! വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി. ജോയിയെ പരിചരിച്ച് ആശുപത്രി മുറിയിൽ മാസങ്ങളോളം കൂടെയുണ്ടായിരുന്ന മകൾ. ഒരു കണ്ണ് മുന്നിലെ ലാപ്ടോപ്പിലും മറുകണ്ണ് ജോയിയിലും കേന്ദ്രീകരിച്ചു കൊണ്ട് പകൽ സ്വന്തം ജോലിയിൽ വ്യാപൃതയാകുന്ന ആ പെൺകുട്ടിയെ ഞങ്ങൾക്കാർക്കും മറക്കാൻ സാധിക്കില്ല.

ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾക്കായി ഹോട്ടലുകളും റിസോർട്ടുകളും അന്വേഷിച്ച് പരക്കം പായുന്നവരിൽ നിന്ന് വ്യത്യസ്തയായി ഒരു പെൺകുട്ടി... ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു പോയി.

***************************************************
മസ്കറ്റിൽ നിന്ന് സജി അങ്കിളിന്റെ ഫോണാണ്... മൊബൈൽ എന്റെ നേരേ നീട്ടിക്കൊണ്ട് ഉമ പറഞ്ഞു. കുശലാന്വേഷണങ്ങൾക്കു ശേഷം സജി പറഞ്ഞു ഡോക്ടറേ.. എനിക്കൊപ്പം കഴിഞ്ഞ വർഷം ശബരിമലയ്ക്കു പോയ എന്റെ സുഹൃത്തില്ലേ.. അദ്ദേഹം ഇന്ന് ഡോക്ടറെ കാണാൻ വരണമെന്ന് പ്ലാൻ ചെയ്തിരുന്നതാണ്. അത് നടന്നില്ല. അദ്ദേഹം കുറച്ചു പണം മാറ്റിവെച്ചിട്ടുണ്ട്. കൊച്ചിൻ കാൻസർ സൊസൈറ്റിയിലൂടെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ തരണമെന്ന് പറഞ്ഞ് എന്നെ ഏല്പിച്ചതാണ്. ഞാനത് അങ്ങോട്ട് എത്തിക്കാം....

ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ നല്ല സുഹൃത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. കണ്ടിട്ടില്ലാത്തയാളുടെ മുഖം മനസ്സിൽ തെളിയുന്നതെങ്ങനെ എന്നതിന് എന്റെ മനസ്സ് ഇതാ ഉത്തരം തരുന്നു സ്നേഹത്തിന്റെ മുഖത്തിന് ഒരു രൂപമേയുള്ളൂ. ഒരു ഭാവമേയുള്ളൂ.
***************************************************************************************************
ഗംഗയാണോ... സജിയുടെ ഫോൺ കോളിനു തുടർച്ചയെന്നോണം വന്നത് തൃശൂരിൽ നിന്ന് അമ്മായിയുടെ ഫോൺകോളാണ്. സങ്കടവും സന്തോഷവും കലർന്ന ഒരു സന്ദർഭം പറയാനാണ് ഞാൻ ഗംഗയെ വിളിച്ചത്. ഇപ്പോൾ ഫ്രീയാണോ! അതിന്റെ ഉത്തരത്തിനു നിൽക്കാതെ അമ്മായി തുടർന്നു നമ്മുടെ സുധയുടെ മകൾ വിദ്യയില്ലേ.. മദ്രാസിൽ താമസിക്കുന്നവൾ.. വിദ്യയുടെ മോളാണ് ഗായത്രി. എന്റെ കൊച്ചു പേരക്കുട്ടി. അവൾ ഞാനറിയാതെ ഒരു കാര്യം ചെയ്തു. അവളുടെ മുടി വളരാൻ ഞാനാണ് എല്ലാ മാസവും മുടങ്ങാതെ എണ്ണ കാച്ചി കൊടുത്തയയ്ക്കുന്നത്. അവൾക്ക് നല്ല മുടിയുമുണ്ടായിരുന്നു. അവൾ കാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാനായി ഒരു സന്നദ്ധ സംഘടനയ്ക്ക് ആ മുടി മുറിച്ചു കൊടുത്തു. കേട്ടപ്പോൾ ആദ്യം ഒരു വിഷമമാണ് തോന്നിയത്. പക്ഷേ, പിന്നീട് ആലോചിക്കുന്തോറും അത് സന്തോഷമായി മാറി. അവൾക്ക് അങ്ങനെ ചെയ്യാനുള്ള ഒരു നല്ല മനസ്സ് ഉണ്ടായല്ലോ എന്നോർത്തപ്പോൾ സന്തോഷവും അതിനെക്കാൾ അഭിമാനവും തോന്നി. അമ്മായിയുടെ വാക്കുകളിൽത്തന്നെയുണ്ടായിരുന്നു ആ ആഹ്ലാദാഭിമാനങ്ങൾ. എനിക്ക് എളുപ്പം അതിൽ പങ്കു ചേരാനായി.
***************************************************************************************************
എഴുത്തു നിർത്തി ഞാൻ ആശുപത്രിയിലേക്ക് പോകാനായി എഴുന്നേറ്റതാണ്. ഫോൺ ശബ്ദിക്കുന്നു. ഡോക്ടർ... ഞാൻ ബീനയാണ്. വെറുതേ വിളിച്ചതാണ്ബീനയുടെ ശബ്ദം.

എന്റെ പ്രമോഷൻ ശരിയായില്ല കേട്ടോ! ബീനയുടെ സ്വരത്തിൽ നഷ്ടത്തിന്റെ, സങ്കടത്തിന്റെ ലാഞ്ചന. കുറച്ച് കാശു പോയെന്നേയുള്ളൂ. കാശ് മാത്രമല്ലല്ലോ ജീവിതം! ആ സമയം കൂടി എനിക്ക് കൊച്ചിൻ കാൻസർ സൊസൈറ്റിയിലൂടെ രോഗികൾക്കായി ചെലവഴിക്കാം. നാരായണന്റെ ആഗ്രവും അതു തന്നെയായിരിക്കും ബീന ചിരിച്ചു കൊണ്ടു പറഞ്ഞു.

എന്റെ മനസ്സിൽ സന്തോഷം മാത്രം. എത്രയെത്ര നല്ല മനസ്സുകൾ... അവർക്കിടയിൽ ജീവിക്കാൻ സാധിക്കുന്നത് ഒരു മഹാഭാഗ്യം... മനസ്സ് മന്ത്രിച്ചു.

Content Highlights:Snehaganga, Dr VP Gangadharan shares his experience with patients, Cancer Awareness, Cancer Care, Health