ആരാധ്യനായ ഡോക്ടർ,
ഞങ്ങൾ (ഞാനും ഭാര്യയും) 65 വയസ്സുകാരാണ്. 4.30ന് രാവിലെ വീട്ടിൽ നിന്നിറങ്ങി. 10.15ന് ഇവിടെ എത്തി. കൂടെ വരാൻ വേറേ ആളില്ല. പഴയ മാരുതി 800 ൽ ഞങ്ങൾ തന്നെ ഓടിച്ചു വരും. പരമാവധി വേഗത 40 കിലോമീറ്റർ. തൃശൂർ ടൗൺ കടന്ന് വഴി നിശ്ചയമില്ലാത്തതു കാരണം ഷൊർണൂർ റോഡ് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. ഇരുട്ടും മുമ്പാണെങ്കിൽ ചോദിച്ചു ചോദിച്ചു പോകും. ഇരുട്ടിപ്പോയാൽ നല്ലവണ്ണം ബുദ്ധിമുട്ടും. അങ്ങയുടെ ഭാഗത്തു നിന്ന് ഹൃദയപൂർവം ഒരു ഇടപെടലുണ്ടായാൽ ഞങ്ങളുടെ വിഷമവും വെപ്രാളവും ഒരുപാടു കുറയും. അങ്കമാലി കഴിയും വരെ നല്ല ട്രാഫിക്ക് ആണ്.
ഇങ്ങനെ കത്തെഴുതിയത് തെറ്റാണെങ്കിൽ മാപ്പാക്കണം.
ഒപ്പ്

രണ്ടു ദിവസം മുമ്പ് ലഭിച്ച ഒരു കത്താണിത്. തിരക്കുള്ള ഒ.പിയ്ക്കിടയിൽ നഴ്സിന്റെ കൈവശം കത്ത് കൊടുത്തയച്ച് ക്ഷമയോടെ കാത്തിരിപ്പ് തുടരുന്ന രാമകൃഷ്ണനും ഭാര്യയും. ക്ഷമാപണത്തോടെയാണ് അവർ മുറിയിലേക്ക് കടന്നു വന്നത്. പരിശോധന കഴിഞ്ഞ് മുറി വിട്ടിറങ്ങുമ്പോൾ അവർ വീണ്ടും പറഞ്ഞു നന്ദി സാറേ, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഭവ്യത, ബഹുമാനം, ആദരവ്... പുതിയ തലമുറയ്ക്ക് നഷ്ടപ്പെട്ടു പോകുന്ന ചില മൂല്യങ്ങൾ ഞാൻ മനസ്സിലോർത്തു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒ.പി.യ്ക്കു പുറത്ത് ഭയങ്കര ബഹളം. ഒരു ചെറുപ്പക്കാരൻ സിസ്റ്ററിനു നേരേ തട്ടിക്കയറുകയാണ് നീയൊക്കെ സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തരെ ഡോക്ടറെ കാണിച്ച് വിടുകയാണ് അല്ലേടീ! ഞാൻ മാനേജ്മെന്റിന് പരാതി നൽകും. നിന്റെയൊക്കെ ജോലി ഞാൻ തെറിപ്പിക്കും. നിനക്കൊക്കെ ഈ അസുഖം വരണം. അല്ലെങ്കിൽ നിന്റെ തന്തയ്ക്ക് വരണം... പിന്നെ കുറേ സഭ്യമല്ലാത്ത വാക്കുകൾ.

കരഞ്ഞു കൊണ്ടാണ് സിസ്റ്റർ മുറിയിലേക്ക് കടന്നു വന്നത്. അയാളെ മുറിയിലേക്ക് വിളിപ്പിച്ചപ്പോൾ കടന്നുവരാൻ അയാൾ വിസമ്മതിച്ചു. അയാളുടെ കൂടെ വന്ന പ്രായമായ രണ്ടു പേർ മുറിയിലേക്ക് കടന്നു വന്നു. ഞാനാണ് സാറേ രോഗി. അവന്റെ അപ്പനാണ്. പേര് പോൾ. ഇതെന്റെ ഭാര്യ. അയാൾ സ്വയം പരിചയപ്പെടുത്തി. ആദ്യം തന്നെ ഞങ്ങൾ സാറിനോട് ക്ഷമ ചോദിക്കുന്നു, അവൻ ബഹളമുണ്ടാക്കിയതിന്. ഞങ്ങൾ മുംബൈയിലായിരുന്നു. കസേരയിൽ നിവർന്നിരുന്നു കൊണ്ട് പോൾ തുടർന്നു. ചെറുപ്പത്തിലേ തന്നെ ഞാൻ ജോലിക്കായിട്ട് ബോംബെയിൽ ചേക്കേറിയതാണ്. അവിടെ ജോലി ചെയ്ത് കുറച്ച് പൈസയൊക്കെ ഉണ്ടാക്കി. അതൊക്കെ അവിടെത്തന്നെ ചെലവാക്കിയിട്ട് വെറും കൈയോടെ ഈ നാട്ടിലേക്ക് തിരിച്ചെത്തി. ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു.

ഏകദേശം 30 ലക്ഷം രൂപ എന്റെ ചികിൽസയ്ക്കായി ചെലവാക്കി സാറേ. ഓരോ ആഴ്ചയും ഡോക്ടറെ കാണണം. കുത്തിവെപ്പ് എടുക്കണം. അതിന് ഓരോ പ്രാവശ്യവും 25,000 രൂപ ചെലവു വരും. ഒന്നു രണ്ടു പ്രാവശ്യം ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നു. അതിനിടെ മോന്റെ ജോലി പോയി. അതോടെ തകർന്നു സാറേ. അയാൾ മുഴുമിക്കും മുമ്പേ ഭാര്യ പറഞ്ഞു നിങ്ങൾ കഥ പറഞ്ഞിരിക്കാതെ രോഗവിവരം പറയൂ. പുറത്ത് വേറേയെും രോഗികൾ കാത്തിരിക്കുന്നുണ്ട്.

അസുഖ വിവരങ്ങൾ വിവരിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു വില കൂടിയ മരുന്നൊന്നും എഴുതല്ലേ സാറേ! വാങ്ങാൻ നിവൃത്തിയില്ല. പിന്നെ മോന്റെ പെരുമാറ്റത്തിന് ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു സാറേ. അയാൾ സാവധാനം നടന്നു നീങ്ങി.

സാഹചര്യങ്ങളാണ് മനുഷ്യനെ പല സന്ദർഭങ്ങളിലും മൃഗമാക്കുന്നത്. മനുഷ്യ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത്. അയാളുടെ മകന്റെ വാക്കുകൾ കേട്ട് സിസ്റ്റർ കരയണ്ട. കണ്ണീരോടെ നിൽക്കുന്ന സിസ്റ്ററെ ഞാൻ ആശ്വസിപ്പിച്ചു.

ചില സന്ദർഭങ്ങളിൽ മാത്രമല്ല സാറേ... ചില ആളുകൾ അങ്ങനെയാ. ചിലരുടെ സ്വഭാവം അങ്ങനെയാ. സാറു തന്നെ ഒന്ന് ഓർത്തു നോക്കൂ. ചിലരുടെ രീതിയാണത്... കൂടെയുണ്ടായിരുന്ന ഡോക്ടർ അനിൽ പറഞ്ഞു. അതു ശരിയാണ് എന്ന് സമ്മതിക്കേണ്ടി വരുന്ന പല പല സന്ദർഭങ്ങളാണ് ഓർമയിൽ തെളിഞ്ഞു വന്നത്.
******************************************************************
വരി തെറ്റിച്ച് കടന്നു വന്ന ആ കരുനാഗപ്പള്ളിക്കാരിയുടെ മുഖമാണ് ആദ്യം മനസ്സിൽ തെളിഞ്ഞത്. അവരുടെ സമയം ആയിട്ടില്ല സാറേ! ആ നമ്പർ ആകുന്നതേയുള്ളൂ. പക്ഷേ, അവർ ഇവിടെ കൗണ്ടറിൽ വന്ന് വലിയ ബഹളമാണ്. ഫോണിലൂടെ ജിജിയുടെ ശബ്ദം. പരിശോധനാ മുറിയിലേക്ക് കടന്നു വരുമ്പോഴും അവർ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു.

നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇവിടെ വന്ന് എന്നോട് പറഞ്ഞാൽ പോരേ! കൗണ്ടറിൽ ചെന്ന് ബഹളം വെക്കുന്നത് എന്തിനാണ്? ഞാൻ വളരെ സൗമ്യമായിട്ടാണ് അവരോട് സംസാരിച്ചത്.

ഞാനാരാണെന്ന് നിങ്ങൾക്കറിയില്ല... രോഗിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ പൊട്ടിത്തെറിച്ചു. നിങ്ങളുടെ ഈ ആശുപത്രി മൊത്തം വിലയ്ക്ക് വാങ്ങാൻ കഴിവുള്ളവരാണ് ഞങ്ങൾ... ബാക്കി അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. അവരൈക്കുറിച്ചോർത്ത് സഹതാപം മൂലം എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ചു കൊണ്ട് അവരുടെ മുഖത്തേയ്ക്ക് നോക്കി.
ഞാൻ നേമത്തു നിന്നാണ് വരുന്നത്. മന്ത്രി വിളിച്ചു പറഞ്ഞിട്ടാണ് വന്നത്.
സാറിനോട് രോഗവിവരം പറ. വേഗം പോകണം. വൈകിട്ട് കൊല്ലത്ത് മന്ത്രിയുടെ കൂടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കണം.
ഇത് മറ്റൊരു കൂട്ടരാണ്. മന്ത്രിമാരുടെയോ പ്രൈവറ്റ് സെക്രട്ടറിമാരുടെയോ ഒക്കെ പേരു പറഞ്ഞ് കാര്യ സാധിക്കാനെത്തുന്നവർ. മുള്ളിത്തെറിച്ച ബന്ധം പോലുമില്ലെങ്കിലും മന്ത്രി മന്ദിരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് വിശേഷിപ്പിച്ച് ആശുപത്രിയിലും വന്ന് പൊങ്ങച്ചം കാട്ടുന്ന ഇവരെ തിരിച്ചറിയാൻ പ്രയാസമൊന്നുമില്ല.
********************************************************************************************
എന്നാൽ, അക്ഷരാർഥത്തിൽ എന്നെ പറ്റിച്ച മറ്റൊരാളുണ്ട്.
ഞാൻ കോട്ടയത്തു നിന്ന് സിബിയാണ് സാറേ. എന്റെ സഹോദരൻ രോഗിയായി സാറിന്റെ ഒ.പി.യിൽ കാത്തിരിപ്പുണ്ട്. അവന് തീർത്തും വയ്യ സാറേ. തീർത്തും വയ്യാത്തതു കൊണ്ടാണ് ഞാൻ സാറിനെ വിളിച്ചത്. സാറിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. സാറിനെ എന്നെ ഓർമയുണ്ടല്ലോ അല്ലേ... അന്ന് കുമരകത്തു വെച്ച്...
ആരായാലെന്താ തീർത്തും വയ്യാത്ത ആളല്ലേ പുറത്ത് കാത്തിരിക്കുന്നത് എന്ന ചിന്തയോടെ രോഗിയെ അകത്തേക്ക് വിളിച്ചു. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനും ഭാര്യയുമാണ് മുറിയിലേക്ക് കയറി വന്നത്.
നാവിൽ ഒരു വെളുത്ത പാട്. അതൊന്ന് സാറിനെ കാണിച്ചു തരാനും സംശയം തീർക്കാനും വന്നതാണ്. മസ്കറ്റിലാണ് ജോലി... അയാൾ പറഞ്ഞു.

കബളിക്കപ്പെട്ടതിന്റെ ചമ്മൽ മുഖത്ത് പ്രകടമാക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇത്തരം നമ്പറുകൾ ഇനി ഇറക്കരുത് എന്ന് സിബിയോടു പ്രത്യേകം പറഞ്ഞേക്കണം എന്നു മാത്രം അദ്ദേഹത്തോട് പറഞ്ഞു വിട്ടു.
***************************************************************************************************
എന്റെ ഉമ്മായ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ... നാലഞ്ചു ചെറുപ്പക്കാരുടെ നടുക്ക് നിസ്സഹായയായി നിൽക്കുന്ന ഐ.സി.യു. സിസ്റ്ററെ എനിക്ക് കാണാം.... എല്ലാറ്റിനെയും കത്തിച്ചു കളയും ഞങ്ങള്. വിദേശത്തു നിന്നെത്തിയ പുത്തൻ പണക്കാരുടെ ഉമ്മയാണ് അകത്തു കിടക്കുന്നതെന്നറിയാൻ അധിക സമയം വേണ്ടി വന്നില്ല. ഒന്നു രണ്ടു മണിക്കൂറിനകം അവരെല്ലാം അപ്രത്യക്ഷരാകും. പിന്നെ അവരെ കണ്ടെത്താൻ ലുലു മാളിലോ ഏതെങ്കിലും മുന്തിയ റസ്റ്റേറന്റിലോ പോയി അന്വേഷിക്കേണ്ടി വരും.

ഇതിനിടയിൽ വേറൊരു വിഭാഗമുണ്ട്. സെലിബ്രിറ്റീസ് എന്ന് സ്വയം വിശേഷിപ്പിക്കുകയോ വിശ്വസിപ്പിക്കുകയോ ചെയ്യുന്നവർ. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തനിക്കുള്ള അറിവിനപ്പുറം മറ്റാർക്കും ഒന്നും അറിയില്ല എന്ന് വിശ്വസിക്കുന്നവർ. കൂടെ ഒരു അമേരിക്കൻ കസിൻ കൂടിയുണ്ടെങ്കിൽ ചിത്രം പൂർണം. അമേരിക്ക സ്വർഗമാണെന്നും അവിടത്തെ ചികിത്സാ രീതികളും സമ്പ്രദായങ്ങളും ഇങ്ങനെയൊന്നുമല്ലെന്നും അവർ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടിരിക്കും. അവർ ഉദ്ദേശിക്കുന്ന, നിർദേശിക്കുന്ന തരത്തിൽ ചികിത്സ നൽകാൻ തയ്യാറല്ലെങ്കിൽ അവരും വേഗം ചിത്രത്തിൽ നിന്ന് അപ്രത്യക്ഷരാകും.
***************************************************************************
പൊതു ജനം പലവിധം... മനസ്സ് അറിയാതെ മന്ത്രിച്ചു പോയി. ഇതിനിടയിലും തെളിഞ്ഞു നിൽക്കുന്ന ചില മുഖങ്ങളുണ്ട്. വലിയ മനസ്സിനുടമകളുണ്ട്. അവരുടെ രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു രാധാ വിനോദ്. സീനിയർ ഐ.പി.എസ്. ഓഫീസറാണ്. രാജ്യത്ത് ഉന്നത പദവി അലങ്കരിച്ചിരുന്ന വ്യക്തി. ഞാനുമായി മഹാരാജാസ് കോളേജിൽ തുടങ്ങിയ സൗഹൃദം. പക്ഷേ, ഇതൊന്നും വക വെക്കാതെ കൈയിലുള്ള പുസ്തകവും വായിച്ച് രോഗികൾക്കിടയിൽ തന്റെ ഊഴവും കാത്തിരിക്കുന്ന ആ വലിയ മനുഷ്യനെ ആദരവോടെ ഓർത്തു പോകുന്നു... കൈ കൂപ്പി നമസ്കരിക്കുന്നു.

Content Highlights: Snehaganga Dr VP Gangadharan shares his experience about his patients