ഗംഗാധരൻ സാർ, ഞാൻ വാസുദേവനാണ്. അച്ഛൻ ഇന്നലെ രാത്രി മരിച്ചു. കഴിഞ്ഞ രണ്ടു വർഷമായി അച്ഛൻ സാറിന്റെ പേഷ്യന്റാണ്. പാലക്കാട്ടു നിന്ന് വരാറുള്ള രാരു നായർ... സാർ ഓർക്കുന്നുണ്ടോ! നെൽകൃഷിയെക്കുറിച്ച് സാറിനോട് വാ തോരാതെ സംസാരിക്കുമായിരുന്നു അച്ഛൻ.

ഉവ്വ്.. എനിക്ക് ഓർമയുണ്ട് എന്നു പറഞ്ഞു തീരും മുമ്പു തന്നെ അദ്ദേഹം വീണ്ടും പറഞ്ഞു തുടങ്ങി. ഒരു കാര്യത്തിൽ പക്ഷേ, സന്തോഷമുണ്ട് സാറേ, അവസാന നിമിഷം വരെ അച്ഛന് കാൻസറാണെന്ന് ഞങ്ങൾ അറിയിച്ചിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം മാനസികമായി തകർന്നു പോയേനേ!...

ഇത് ഒരു രാരു നായരുടെയും വാസുദേവന്റെയും മാത്രം കഥയല്ല. അസുഖത്തെക്കുറിച്ച് രോഗി അറിയരുത്, രോഗിയെ അറിയിക്കരുത് എന്ന നിബന്ധനയുമായി ചികിത്സയ്ക്ക് എത്തുന്ന കുറേയധികം മനുഷ്യർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. സാമൂഹിക സാമ്പത്തിക നിലവാരമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും ഇതിന് അപവാദമായി തോന്നിയിട്ടില്ല. രോഗിയെ എന്നല്ല, രോഗിയുടെ അടുത്ത ചില ബന്ധുക്കളെപ്പോലും രോഗവിവരം അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുന്നവരുമുണ്ട്.

*********************************************************************
ഇതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം വന്ന ഒരു ഫോൺകോൾ.

20 വയസ്സുള്ള പ്രമീളയാണെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടാണ് അവർ വിഷയത്തിലേക്ക് കടന്നത്. എനിക്ക് കുറച്ചു സംശയങ്ങൾ തീർക്കാനുണ്ട് സാറേ! ഡോക്ടറോട് ഇങ്ങനെയൊക്കെ ചോദിക്കാമോ എന്ന് അറിയില്ല. അല്ലെങ്കിൽ വേണ്ട... അത് ശരിയാവില്ല...എന്തോ ആലോചിച്ചിട്ടെന്ന പോലെ അവർ പാതിവഴിയിൽ ഫോൺവിളി നിർത്തി പോയി. അന്നു രാത്രി തന്നെ അവരുടെ ഒരു നീണ്ട സന്ദേശം വന്നു ഫോണിൽ. ക്ഷമാപണത്തോടു കൂടിയാണ് അവർ കഥ തുടങ്ങിയത്. നേരത്തേ ഞാൻ പെട്ടെന്ന് ഫോൺവിളി നിർത്തിയതിൽ ക്ഷമ ചോദിക്കുന്നു ഡോക്ടർ. അമ്മയെക്കുറിച്ച് പറയാനാണ് ഞാൻ വിളിച്ചത്. അമ്മ പോയില്ലേ, ഇനി പറഞ്ഞിട്ടും അറിഞ്ഞിട്ടും എന്തു പ്രയോജനം എന്ന് പെട്ടെന്നു തോന്നിയതു കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തുപോയത്. അത് പറയാനുള്ള ധൈര്യവും ചോർന്നു പോയതു പോലെ തോന്നി. രാത്രി ആയപ്പോഴേക്കും എങ്ങനെ എന്നറിയില്ല, എങ്ങു നിന്നെന്നറിയില്ല-, മനസ്സിനൊരു ധൈര്യം കൈവന്ന പോലെ. അതാണ് ഈ സന്ദേശമയയ്ക്കാൻ കാരണം.

അമ്മയ്ക്ക് സ്തനാർബുദമായിരുന്നു. സാറിന്റെയടുത്ത് ചികിത്സയ്ക്കൊന്നും വന്നിട്ടില്ല. അതുകൊണ്ടാണ് ഡോക്ടറോട് എന്റെ സംശയങ്ങൾ ചോദിക്കാമോ എന്ന് ഞാൻ ഇപ്പോഴും സംശയിക്കുന്നത്. രണ്ടര വർഷം മുമ്പാണ് അമ്മയ്ക്ക് ഈ അസുഖമാണെന്ന് തിരിച്ചറിയുന്നത്. കീമോതെറാപ്പിയും ഓപ്പറേഷനും റേഡിയേഷനുമെല്ലാം കഴിഞ്ഞ് അമ്മ വീട്ടിൽ തിരിച്ചെത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒന്നു രണ്ടു മാസം കൊണ്ട് അമ്മ പൂർവാധികം ആരോഗ്യവതിയായതു പോലെ തോന്നി. ചെറിയൊരു നടുവുവേദനയൊഴിച്ചാൽ എനിക്ക് ഒരു പ്രശ്നവുമില്ല. അമ്മ പല പ്രാവശ്യം ഇത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അമ്മ പഴയ പോലെ വീട്ടുകാര്യങ്ങളിലും അടുക്കള ജോലിയിലും വ്യാപൃതയായി. ദിവസവും ഒരു ഗുളിക കഴിക്കാനുണ്ട്, നീ എന്നെ ഓർമിപ്പിച്ചേക്കണം കേട്ടോ- അമ്മ പറയുമായിരുന്നു. ഞാൻ ഓർമിപ്പിക്കാതെ തന്നെ അമ്മ മുടങ്ങാതെ ആ ഗുളിക കഴിക്കാറുമുണ്ട്. ഡോക്ടർ നിർദേശിച്ചിരുന്ന പ്രകാരം അമ്മ കൃത്യതയോടെ തുടർ പരിശോധനകളും നടത്തുന്നുണ്ടായിരുന്നു. ഒരു മാസം മുമ്പാണ്, ക്ഷീണം തോന്നുന്നു എന്ന് അമ്മ പറഞ്ഞു തുടങ്ങിയത്. അത് സാരമില്ലെന്ന് പറഞ്ഞ് ഞാൻ എന്റെ പഠനത്തിൽ മുഴുകുമായിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അമ്മയുടെ കണ്ണുകളി മഞ്ഞപ്പ്, വയറു വീർക്കൽ, വിശപ്പില്ലായ്മ... അമ്മ കിടപ്പിലായി. ഇനി ഒന്നും ചെയ്യാനില്ല- വീട്ടിലേക്ക് കൊണ്ടു പൊയ്ക്കൊള്ളൂ... ഡോക്ടർ ഇതു പറയുമ്പോൾ ഞാൻ അമ്മയുടെ കൂടെയുണ്ടായിരുന്നു. ഞാൻ ആകെ അന്ധാളിച്ച് നിന്നുപോയി. അമ്മയുടെ മുഖത്താകട്ടെ ഒരു ഭാവവ്യത്യാസവുമില്ലായിരുന്നു. ഇതെല്ലാം നേരത്തേ പ്രതീക്ഷിച്ചിരുന്നതല്ലേ എന്ന മട്ടിലുള്ള ഒരു ഭാവമായിരുന്നു.

ഇനി ഞാൻ എന്റെ സംശയങ്ങൾ ചോദിച്ചോട്ടേ...
അമ്മയുടെ അസുഖം പ്രാരംഭ ദശയിലുള്ളതാണെന്നാണ് എന്നോടും കിടപ്പിലായിരുന്ന അച്ഛനോടും പറഞ്ഞിരുന്നത്. എന്തു കൊണ്ടാണ് അത് പെട്ടെന്ന് വീണ്ടും വന്നത്? ഞാൻ എന്തെങ്കിലും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നോ? ഡോക്ടറുടെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ അമ്മ രക്ഷപ്പെടുമായിരുന്നോ? ഒരു വല്ലാത്ത കുറ്റബോധം മനസ്സിൽ നിറയുന്നു. അതു കൊണ്ടാണ് ഞാൻ ഡോക്ടറെ ബുദ്ധിമുട്ടിക്കുന്നത്. സൗകര്യം പോലെ ഒരു മറുപടി നൽകിയാൽ നന്നായിരുന്നു. ഇത്രയും പറഞ്ഞാണ് ആ നീണ്ട വാട്സ് ആപ്പ് സന്ദേശം അവസാനിച്ചത്.

ഞാൻ ആവശ്യപ്പെട്ട പ്രകാരം അവർ അമ്മയുടെ റിപ്പോർട്ടുകളെല്ലാം തൊട്ടടുത്ത ദിവസം തന്നെ എനിക്ക് അയച്ചു തന്നു.

അമ്മയുടെ അസുഖം പ്രാരംഭദശയിലുള്ളതായിരുന്നില്ല. സ്തനാർബുദം കണ്ടു പിടിക്കുമ്പോൾത്തന്നെ അത് കരളിലേക്കും എല്ലുകളിലേക്കും വ്യാപിച്ചു കഴിഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കിയിരുന്നു. റേഡിയേഷൻ ചെയ്തതാകട്ടെ, എല്ലുകളിലെ വേദന കുറയ്ക്കാൻ വേണ്ടി മാത്രവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ അമ്മയുടെ അസുഖം കണ്ടുപിടിച്ചപ്പോൾത്തന്നെ നാളുകൾ എണ്ണപ്പെട്ട അവസ്ഥയിലായിരുന്നു അവർ. നൽകിയിരുന്ന മരുന്നുകളാകട്ടെ, അസുഖം നിയന്ത്രിക്കാനും കുറച്ചു നാൾ കൂടി മുന്നോട്ടു പോകാനുമുള്ള ചികിത്സകൾ മാത്രവും. നിങ്ങൾക്കെന്നല്ല, ലോകത്ത് ആർക്കും ആ അമ്മയുടെ കാര്യത്തിൽ കൂടുതലായി ഒന്നും ചെയ്യാനാവുമായിരുന്നില്ല എന്ന അർഥത്തിൽത്തന്നെ ഞാൻ ഏതാനും വാചകങ്ങളിൽ മറുപടിയും അയച്ചു.

അടുത്ത ദിവസം തന്നെ അവരുടെ സന്ദേശം വീണ്ടും വന്നു. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു ഡോക്ടറേ! അമ്മ എല്ലാം ഞങ്ങളുടെയടുത്തു നിന്ന് മറച്ചു വെച്ചു. കാര്യങ്ങൾ അറിഞ്ഞാൽ ഞങ്ങൾ തകർന്നു പോകും എന്നു വിചാരിച്ച് ഞങ്ങളോടാരോടും അമ്മ ഒന്നും പറഞ്ഞിരുന്നില്ല. അറിയാതെയാണെങ്കിലും വലിയൊരപരാധമാണ് ഞാൻ ചെയ്തത്. അടുക്കളപ്പണികളിൽ പോലും അമ്മയെ സഹായിക്കാൻ ഞാൻ കൂടാറില്ലായിരുന്നു. അമ്മയുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ അമ്മയുടെ കൂടെത്തന്നെ ഇരിക്കുമായിരുന്നു. അമ്മയുടെ ആഗ്രഹങ്ങൾ അറിഞ്ഞ് ഞാൻ നിറവേറ്റിയേനേ! അമ്മയ്ക്കു വേണ്ടി ഒന്നും ചെയ്തു കൊടുക്കാൻ സാധിച്ചില്ല ഡോക്ടറേ! ഒരു തീരാ ദുഃഖമായി, മാറാ ദുഃഖമായി ആ ഓർമകൾ എന്നും എന്നിൽ നിൽക്കും.

അമ്മ ഇക്കാര്യങ്ങൾ മറച്ചു വെച്ചത് ഒരു തരത്തിൽ നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നു. പക്ഷേ, അത് അങ്ങനെ ആയിരുന്നോ ചെയ്യേണ്ടിയിരുന്നത് എന്നതിൽ പലർക്കും പല അഭിപ്രായമായിരിക്കാം. അത് ഓരോരുത്തർക്കും വിലയിരുത്താം.

*********************************************

സൗമിനിയുടെ കഥയും വ്യത്യസ്തമല്ല. തനിക്ക് തൈറോയ്‌ഡ് കാൻസർ ആയിരുന്നു എന്ന് അറിയാത്ത ഒരു പെൺകുട്ടി. ചികിത്സയായി വേണ്ടി വന്നത് ഒരു ഓപ്പറേഷൻ മാത്രം. അന്ന് അവളുടെ പ്രായമാകട്ടെ, 17 വയസ്സിൽ താഴെ മാത്രവും. അവൾ വിവാഹിതയായപ്പോൾ പ്രായം 25 വയസ്സ്. തനിക്ക് കാൻസറായിരുന്നുവെന്ന് അവൾ ഒരിക്കലും അറിയരുതെന്ന് അച്ഛനമ്മമാർ എടുത്ത തീരുമാനമാണ് പിന്നീട് അവൾക്കു വിനയായത്.

വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ തന്നെ അവളുടെ കഴുത്തിലെ മുറിപ്പാട് ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടു. സംസാരിച്ചപ്പോൾ അത് പ്രശ്നമില്ലാത്ത ഒരു തൈറോയ്‌ഡ് മുഴ കുട്ടിക്കാലത്ത് എടുത്തു കളഞ്ഞതാണെന്ന് സൗമിനി പറയുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ഭർത്താവും വീട്ടുകാരും നിജസ്ഥിതി അറിഞ്ഞു.അതോടെ പ്രശ്നങ്ങളായി. ഞങ്ങളെ കളിപ്പിക്കുകയല്ലേ ചെയ്തത്? സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. ഭർത്താവും വീട്ടുകാരും ഒരേ സ്വരത്തിൽ കുറ്റപ്പെടുത്തിയത് സൗമിനിയെത്തന്നെ. സൗമിനിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ!
രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിജയസാധ്യതകളെക്കുറിച്ചുമെല്ലാം രോഗിയോട് വെട്ടിത്തുറന്നു പറയുക എന്ന പാശ്ചാത്യ രീതിയോട് ഞാൻ പൂർണമായി യോജിക്കുന്നില്ല. എന്താണ് രോഗമെന്നു പോലും രോഗി അറിയാതെ ചികിത്സിക്കുന്നതിനോടും എനിക്ക് എതിർപ്പുണ്ടെന്നത് പറയാതെ വയ്യ.

അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിജയസാധ്യതകളെക്കുറിച്ചും എല്ലാം തീർച്ചയായും രോഗി അറിയണം. അത് രോഗിയെ പറഞ്ഞു മനസ്സിലാക്കേണ്ടത് ഡോക്ടർ തന്നെയാണ്. ഡോക്ടറുടെ ഈ കഴിവിനെ ഞാൻ എപ്പോഴും വിശേഷിപ്പിക്കാറുള്ളത് ഒരു കലയായിട്ടാണ്, ശാസ്ത്രമായിട്ടല്ല. ഓരോ രോഗിയുടെയും മനസ്സറിയണം. രോഗിയെ മനസ്സിലാക്കണം. എന്നിട്ടു വേണം ഏതു പരിധിവരെ താൻ പോകണം എന്നും എന്തൊക്ക കാര്യങ്ങൾ എങ്ങനെയൊക്കെ വിശദീകരിക്കണം എന്നുമൊക്കെ ഡോക്ടർ തീരുമാനമെടുക്കാൻ. ഡോക്ടർ ആർജിക്കുന്ന പരിചയ സമ്പത്ത് ഇതിനൊരു മുതൽക്കൂട്ടു തന്നെയാണ്. രോഗിയെപ്പോലെയോ അതിലധികമായോ അടുത്ത ബന്ധുക്കൾ തീർച്ചയായും രോഗവിവരങ്ങൾ വിശദമായി അറിഞ്ഞിരിക്കണം. കാര്യങ്ങൾ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. അറിയേണ്ട മറ്റു ബന്ധുക്കളോട് അവർ രോഗകാര്യങ്ങളും ചികിത്സാ വിവരങ്ങളും പറഞ്ഞു കൊടുക്കുകയും വേണം. അവർ അതു ചെയ്തില്ലെങ്കിൽ.... മറ്റൊരനുഭവമാണ് മനസ്സിലേക്കോടിയെത്തുന്നത്!

**********************************************************************

കരളിലെ കാൻസറുമായിട്ടാണ് പോൾ ഞങ്ങളുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. സ്ഥിരം മദ്യപിക്കുമായിരുന്ന പോളിന്റെ കരളിന് പ്രശ്നങ്ങളുണ്ടെന്ന് ഭാര്യക്കും മക്കൾക്കും അറിയാമായിരുന്നു. കാൻസറാണെന്ന വിവരം പോളിനും അറിയാം. കരളിലെ കാൻസർ ഗുരുതരാവസ്ഥയിലാണെന്നും എണ്ണപ്പെട്ട ദിവസങ്ങളേ ബാക്കിയുള്ളൂ എന്ന കാര്യങ്ങളുമെല്ലാം ഞങ്ങൾ പോളിന്റെ മകനെ ധരിപ്പിച്ചിരുന്നു. അയാളാകട്ടെ, ആ വിവരങ്ങൾ അമ്മയിൽ നിന്നും വിദേശത്തുള്ള സഹോദരിയിൽ നിന്നും മറച്ചു വെക്കുകയാണ് ചെയ്തത്. പോൾ മരിച്ചതറിഞ്ഞ് ഭാര്യ ബോധമറ്റു വീണു പോയി. വിദേശത്തുള്ള മകൾ ഞങ്ങളോട് ഫോണി പൊട്ടിത്തെറിച്ചു. അവരുടെയെല്ലം ആരോപണം ഒന്നുമാത്രം. കരളിന് ചെറിയ അസുഖം മാത്രമായി ചികിത്സയ്ക്ക് എത്തിയ പോൾ ഇത്ര പെട്ടെന്ന് മരിച്ചത് ചികിത്സാപ്പിഴവു കൊണ്ടു തന്നെയാണ്. ഡോക്ടറെ ക്രൂശിക്കണം...

കാൻസറാണെന്ന് അറിയുന്ന നിമിഷം രോഗിയുടെ ആത്മധൈര്യം തകരുമെന്നാണ് ചിലർ വാദിക്കുന്നത്. ആ കുടുംബത്തിന്റെ സന്തോഷമാകെ ഇല്ലാതാകും. സമൂഹം അറിഞ്ഞാലോ! പലപ്പോഴും ആ കുടുംബം തന്നെ ഒറ്റപ്പെട്ടു പോകും. അസുഖം ബാധിച്ച വ്യക്തിക്ക് രോഗം പൂർണമായി ഭേദമായാലും ആയുഷ്കാലം മുഴുവൻ ഒരു കാൻസർ രോഗിയായി അയാൾ മുദ്രകുത്തപ്പെടും. വിദ്യാഭ്യാസം, ജോലി, വിവാഹം, എല്ലാറ്റിനും തടസ്സങ്ങൾ മാത്രം. അതു കൊണ്ടു തന്നെ രാഷ്ട്രീയക്കാർ, ബിസിനസുകാർ, സമൂഹത്തിലെ ഉന്നതർ, സെലിബ്രിറ്റികൾ... എല്ലാവരും ചികിത്സയ്ക്കായി വിദേശത്തേക്ക് പറക്കുന്നു. വീട്ടുകാരറിയാതെ, നാട്ടുകാരറിയാതെ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഞാൻ ആരുടെയും മുതലൊന്നു കട്ടെടുത്തിട്ടില്ലല്ലോ ഇതെല്ലാം ഒളിച്ചു വെക്കാനും ഒളിച്ചു താമസിക്കാനും എന്ന് വിളിച്ചു പറയാൻ കഴിവും ധൈര്യവുമുള്ളത് ഇന്നസെന്റിനെപ്പോലെ വളരെക്കുറച്ചു പേർക്കു മാത്രം. അതുകൊണ്ടു തന്നെ അവരുടെ മനസ്സി ൽ സംഘർഷങ്ങളില്ല. പിരിമുറുക്കങ്ങളില്ല. രോഗിക്ക് സമാധാനം. ബന്ധുക്കൾക്ക് കൂടുതൽ സമാധാനം. ചികിത്സിക്കുന്ന ഡോക്ടർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പതിന്മടങ്ങ് സമാധാനം.

Content Highlights:Snehaganga, Dr VP Gangadharan shares his cancer patients experience, Health, Cancer Awareness, Health