ഡോക്ടര്‍ ഒ.പിയിലാണോ... സിസ്റ്റര്‍ അര്‍ച്ചനയാണ് ഫോണില്‍. എത്ര ദിവസമായി ഞാന്‍ ഡോക്ടറെ വിളിയാണെന്നോ! മോന്റെ പരീക്ഷയല്ലേ ഈ മാസം. അത് എന്നാണെന്നറിയാന്‍ വേണ്ടി വിളിച്ചതാ. അവന് നല്ല മാര്‍ക്ക് കിട്ടാനും റാങ്ക് കിട്ടാനുനൊക്കെ ആ ദിവസം പ്രാര്‍ഥിക്കാന്‍ വേണ്ടിയാണ് ഞാന്‍ പരീക്ഷ എന്നാണെന്ന് അന്വേഷിക്കുന്നത്. നവംബര്‍ മാസത്തിലാണെന്ന് ഞാന്‍ ഓര്‍ത്തു വെച്ചിരുന്നു. ഡോക്ടറെ ഫോണില്‍ കിട്ടാതായപ്പോള്‍ ഞാന്‍ ഒരു കാര്യം ചെയ്തു-എല്ലാ ദിവസവും അവനു വേണ്ടി പ്രാര്‍ഥിച്ചു. ഞങ്ങള്‍ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് കേള്‍ക്കാതിരിക്കില്ല. വെള്ള ഉടുപ്പിട്ട് ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി എന്റെ ഒ.പിയില്‍ എത്താറുള്ള സിസ്റ്റര്‍ അര്‍ച്ചനയുടെ രൂപം മനസ്സില്‍ തെളിഞ്ഞു വന്നു. എത്രയോ മൈലുകള്‍ക്കപ്പുറത്ത് അരുണാചല്‍ പ്രദേശിലിരുന്ന് എന്റെ മോനു വേണ്ടി പ്രാര്‍ഥിക്കുന്ന സിസ്റ്ററിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു.

പരീക്ഷകള്‍.. പരീക്ഷണങ്ങള്‍...റാങ്കുകള്‍, വിദ്യാലയത്തിലെ ഏറ്റവും നല്ല വിദ്യാര്‍ഥി, ഏറ്റവും നല്ല സ്വഭാവമുള്ള വിദ്യാര്‍ഥി അങ്ങനെ നീണ്ടു പോകുന്ന മിടുക്കന്മാരുടെയും മിടുക്കികളുടെയും പട്ടിക. അതിനുപയോഗിക്കുന്ന അളവുകോലുകളോ... മനസ്സില്‍ ചിരി വന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്കു നഷ്ടപ്പെട്ട അത്തരം ഒരു ബഹുമതിയുടെ ചിത്രവും ഇന്ന് മനസ്സില്‍ ചിരി വിടര്‍ത്തുന്നു. ഞാനന്ന് നാലാം ക്ലാസ്സ് വിദ്യാര്‍ഥി. പ്രൈമറി സ്‌കൂളിലെ ഏറ്റവും നല്ല സ്വഭാവഗുണമുള്ള കുട്ടിയെ കണ്ടെത്തി സ്‌കൂള്‍ വാര്‍ഷികത്തിന് ഒരു പാരിതോഷികം നല്‍കുന്നു. അതിന് നമ്മുടെ ക്ലാസ്സില്‍ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത് ഗംഗാധരനെയാണ്. ഗംഗാധരന്‍ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് ചെല്ലൂ. ഇത്രയും പറഞ്ഞ് പാര്‍വതി ടീച്ചര്‍ ക്ലാസ്സ് മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. ഞാന്‍ പേടിച്ചു പേടിച്ച് ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് നടന്നു. ഇരിക്കൂ...ഹെഡ്മിസ്ട്രസ് പറഞ്ഞു. ഞാനുള്‍പ്പെടെ അവിടെയുണ്ടായിരുന്ന ആറു പേരും അനുസരണയോടെ സ്റ്റൂളുകളിലിരുന്നു. പത്തു പതിനഞ്ചുമിനിറ്റ് ഞങ്ങളെല്ലാവരും അനുസരണയോടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. ഇനി എല്ലാവരും ക്ലാസ്സുകളിലേക്ക് പൊയ്‌ക്കോളൂ.... ഹെഡ്മിസ്ട്രസിന്റെ ശബ്ദം വീണ്ടും. നാലു മണിയായപ്പോള്‍ പാര്‍വതി ടീച്ചര്‍ വീണ്ടും ക്ലാസ്സില്‍ വന്നു. നാല് ബി യിലെ ഹരി പൈയെയാണ് ഏറ്റവും നല്ല സ്വഭാവമുള്ള കുട്ടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആ തിരഞ്ഞെടുപ്പു രീതിയെക്കുറിച്ചും ഹെഡ്മിസ്ട്രസിന്റെ ബുദ്ധിയെക്കുറിച്ചും ടീച്ചര്‍ പ്രകീര്‍ത്തിച്ചു. നിങ്ങള്‍ അവിടെയിരുന്നപ്പോള്‍ ഹെഡ്മിസ്ട്രസിന്റെ മേശപ്പുറത്തു നിന്ന് ഒരു കടലാസ് താഴെ വീണില്ലേ! ആരാണ് എടുത്ത് തിരികെ മേശപ്പുറത്തു വെച്ചത്... ടീച്ചര്‍ എന്റെ നേരേ നോക്കി. ഹരി പൈയുടെ അടുത്ത് കടലാസ് വീണതും അവന്‍ അത് എടുത്ത് മേശപ്പുറത്തു വെച്ചതും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അത് അവന്റെയടുത്തു വീണതു കൊണ്ടല്ലേ അവന്‍ എടുത്ത് മേശപ്പുറത്തു വെച്ചത്... ഈ ചോദ്യം പാര്‍വതി ടീച്ചറോട് അന്നു ഞാന്‍ ചോദിച്ചില്ല. സ്വഭാവഗുണം കണ്ടെത്താന്‍ ഹെഡ്മിസ്ട്രസിന് അതു മതിയായിരുന്നു എന്ന് വിശകലനം ചെയ്യുമ്പോള്‍ ഇന്ന് എന്റെ മനസ്സില്‍ പിന്നെയും ചിരി ഉയരുന്നു. പക്ഷേ, അന്ന് സങ്കടമുണ്ടായിരുന്നു. ഒരു നാലാം ക്ലാസ്സുകാരന്റെ മനസ്സിനെ വിഷമിപ്പിക്കാന്‍ അതൊക്കെ ധാരാളമാണല്ലോ.

ഒരു മെഡിക്കല്‍ കോളേജിലെ കോണ്‍വൊക്കേഷന്‍ അഥവാ ഗ്രാജ്വേഷന്‍ സെറിമണി ഓര്‍മ വരുന്നു. മലയാളത്തില്‍ പറഞ്ഞാല്‍ ബിരുദദാനച്ചടങ്ങ്. നാലു വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തെ നിര്‍ബന്ധിത ആശുപത്രി പരിശീലനവും പൂര്‍ത്തിയാക്കി കോളേജില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെയും വിദ്യാര്‍ഥിനികളെയും ആദരിക്കുകയും അവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്ന പരിപാവനമായ ഒരു ചടങ്ങാണത്. ചടങ്ങിന്റെ ഭാഗമായി എം.ബി.ബി.എസ്. പഠനകാലത്ത് ഓരോ വിഷയത്തിലും ഏറ്റവുമധികം മാര്‍ക്കു നേടിയവരെ പ്രത്യേകം അഭിനന്ദിക്കുകയും മെഡലുകള്‍ സമ്മാനിക്കുകയും ചെയ്യുന്നു. ആ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടി, കലാതിലകം, കായിക തിലകം എന്നിങ്ങനെ ആ പട്ടിക നീണ്ടു പോകും. ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ ഇതിനെല്ലാമുപരി മറ്റൊരു മിടുക്കനെ കൂടി കണ്ടെത്തിയിരുന്നു. ആ ക്ലാസ്സിലെ ബെസ്റ്റ് ആള്‍റൗണ്ടര്‍. എല്ലാ മേഖലയിലും മികവു തെളിയിച്ച കുട്ടി എന്നു സാരം. മൈക്കിലൂടെ അവന്റെ പേരു വിളിച്ചു പറയേണ്ട താമസം സദസ്സില്‍ നിന്ന് ഉറക്കെ ക്ണീം ക്ണീം.. എന്ന് മണിയടി ശബ്ദമുയര്‍ന്നു. അതിന്റെ അര്‍ഥം വായനക്കാര്‍ സ്വയം ഊഹിച്ചെടുക്കട്ടെ!!

കാലം മാറിയപ്പോള്‍ പരീക്ഷകകള്‍ മാറി. വിദ്യാര്‍ഥി എഴുതുന്ന പേപ്പറുകളുടെ എണ്ണവും തൂക്കവും നോക്കി മൂല്യ നിര്‍ണയം നടത്തിയിരുന്ന കാലം കഴിഞ്ഞു. അന്ന് വിദ്യാര്‍ഥികള്‍ക്ക് പേജുകള്‍ എഴുതി നിറയ്ക്കാന്‍ എളുപ്പമായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പശുവിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍ പശുവിനെ കെട്ടുന്ന പറമ്പിനെക്കുറിച്ചും കെട്ടിയിടുന്ന കയറിനെക്കുറിച്ചും അതിന് തിന്നാനിട്ടു കൊടുക്കുന്ന പുല്ലിനെക്കുറിച്ചും വൈക്കോലിനെക്കുറിച്ചും ഒക്കെ എഴുതി ജയിക്കാനുള്ള മാര്‍ക്ക് സമ്പാദിക്കാമായിരുന്നു. ഇത്തരം പരീക്ഷകള്‍ വിദ്യാര്‍ഥിയുടെ അറിവിന്റെ യഥാര്‍ഥ അളവു കോലല്ല എന്ന വിദ്യാഭ്യാസ വിദഗ്ധര്‍ തിരിച്ചറിഞ്ഞപ്പോളാണ് പരീക്ഷാ രീതികള്‍ മാറിയത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകള്‍, അതായത് ഒരു പറ്റം ഉത്തരങ്ങളില്‍ നിന്ന് യഥാര്‍ഥ ഉത്തരം കണ്ടെത്തലാണ് അറിവിന്റെയും ബുദ്ധിയുടെയും അളവുകോല്‍ എന്ന് വിദഗ്ധര്‍ വിധിയെഴുതി. പരീക്ഷ എന്ന സങ്കല്പം തന്നെ പാടേ തകിടം മറിഞ്ഞു. ശരിയായ ഉത്തരം എത്രയും വേഗം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ വേഗം വിജയത്തിന്റെ ഒരു പ്രധാന ഘടകമായി മാറുന്നു. അതിനുള്ള തന്ത്രങ്ങള്‍ മെനയേണ്ടി വരുന്നു. അങ്ങനെയാണ് രാജ്യത്തെങ്ങും കൂണുകള്‍ പോലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍ മുളച്ചു വന്നത്. എല്‍.കെ.ജി. മുതല്‍ സിവില്‍ സര്‍വീസ് വരെയുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിക്കുന്ന വിഖ്യാതമായ പഠന കേന്ദ്രങ്ങള്‍. ആ കേന്ദ്രങ്ങള്‍ തമ്മില്‍ വാശിയേറിയ മല്‍സരമായി. ഓരോ വര്‍ഷവും റാങ്കു നേടുന്നവരെ അവര്‍ വീതിച്ചെടുത്തു. ആ കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അടുത്ത വര്‍ഷത്തേയ്ക്കുള്ള വിദ്യാര്‍ഥികളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചെടുക്കുന്നു. ഇത്തരം പരീക്ഷകള്‍ക്കു വേണ്ട ഉത്തരങ്ങള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭ്യമാക്കുന്നു എന്ന് സാരം. കാലം പുരോഗമിക്കുന്നു... വിദ്യാഭ്യാസത്തിനും വിവരങ്ങള്‍ക്കും വിവരക്കേടുകള്‍ക്കുമുള്ള ആപ്പുകള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ വളരെയെളുപ്പം. പരിണത ഫലമോ!

ഒരു ചെറിയ ഉദാഹരണം- അമ്മ മകനോട് ചോദ്യങ്ങള്‍ ചോദിക്കുന്നു- മോന്റെ അച്ഛന്റെ പേരെന്താ?
അമ്മ എനിക്ക് നാല് ഉത്തരങ്ങള്‍ താ. കറക്റ്റായത് ഞാന്‍ പറയാം.
ഇത്തരം ഉത്തരങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളാണ് ഉണ്ടാവുക.

പണ്ട് പ്രായോഗിക പരീക്ഷകള്‍ എന്നാല്‍, തോല്‍ക്കേണ്ട വിദ്യാര്‍ഥികളെ തോല്പിക്കാനുള്ള ഒരു ആയുധമായിട്ടാണ് കണക്കാക്കിയിരുന്നത്. ഇന്റേണല്‍ അസസ്‌മെന്റും അതിനുള്ള നല്ലൊരു ഉപാധിയായിരുന്നു. എത്ര പേരെ തോല്പിക്കാനാവും എന്ന ചിന്തയുമായി പരീക്ഷ നടത്താന്‍ വരുന്ന ചില പരീക്ഷകര്‍ പണ്ടുമുണ്ടായിരുന്നു. തങ്ങളുടെ വിവരം പ്രദര്‍ശിപ്പിക്കാനും വിദ്യാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്താനും അവരുടെ ആത്മവീര്യം കെടുത്താനുമായിരിക്കും പരീക്ഷയിലുടനീളം ഇത്തരക്കാരുടെ ശ്രമം. വിദ്യാര്‍ഥികള്‍ പരാജയപ്പെടുമ്പോള്‍ ഒരു തരം മനസ്സുഖം അനുഭവിക്കുന്നവരാണിവര്‍. ഇത്തരം പരീക്ഷകര്‍ തങ്ങളുടെ പ്രായോഗിക പരീക്ഷയ്ക്ക് വരാതിരിക്കാന്‍ അമ്പലങ്ങളിലും പള്ളികളിലും നേര്‍ച്ച നേര്‍ന്നിരുന്ന കൂട്ടുകാര്‍ ധാരാളമുണ്ടായിരുന്നു. കൃത്യമായി 'പടി' പറ്റുന്ന പരീക്ഷകരും പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന പരീക്ഷകരും ഉണ്ടെന്നുള്ളതും സത്യം. കോവിഡ് കാലത്തെ പരീക്ഷകള്‍ ഇത്തരം പരീക്ഷകര്‍ക്ക് ഒരു തിരിച്ചടിയാണെന്നുള്ളത് ഒരു ആശ്വാസമായി അവശേഷിക്കുന്നു. കുട്ടികളിലും മാറ്റങ്ങള്‍ വന്നു. കൈയിലും തുടയിലും കടലാസു തുണ്ടുകളിലും ഒതുങ്ങിയിരുന്ന കോപ്പിയടി വിദ്യകള്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വഴി മാറി. മൊബൈല്‍ ഫോണ്‍, ചെവിയിലും മുടിക്കിടയിലും ഒട്ടിച്ചു വെക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, ചിപ്പുകള്‍... ശാസ്ത്രം അവിടെയും മുന്നേറിയിരിക്കുന്നു.

എന്തൊക്കെയായാലും പരീക്ഷ പരീക്ഷണം തന്നെയാണ് അല്ലേ അച്ഛാ.. അല്ലേ അമ്മേ..
എല്ലാ അച്ഛനമ്മമാരും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം തന്നെയാണിത്. അതെ, എന്തു ചെറിയ പരീക്ഷയായാലും ഒരു ചെറിയ ടെന്‍ഷന്‍ വരും. ആ ചെറിയ ടെന്‍ഷന്‍ വരണം. അതാണ് പരീക്ഷ എഴുതാന്‍ നമ്മെ സഹായിക്കുന്നത്. എല്ലാ പരീക്ഷകളും ജീവിതത്തിലെ ചെറിയ പരീക്ഷണങ്ങള്‍ മാത്രമാണ്. ഒരു പരീക്ഷയില്‍ തോറ്റതു കൊണ്ട് ജീവിതം തീരുന്നൊന്നുമില്ല. പരീക്ഷകളില്‍ തോറ്റ എത്രയോ പേര്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയിരിക്കുന്നു! അതുകൊണ്ട് ആത്മഹത്യ പരീക്ഷാത്തോല്‍വിയ്ക്ക് ഒരു പരിഹാരമല്ലെന്ന് എല്ലാവരും മനസ്സിലാക്കേണ്ടിയി രിക്കുന്നു.

പരീക്ഷകരിലെ റാങ്കുകാരെ കണ്ടെത്താനുള്ള അളവു കോലുകള്‍ രസകരമായിത്തോന്നി. രണ്ടു കുട്ടികള്‍ക്ക് ഒരേ മാര്‍ക്കാണെങ്കില്‍ ബയോളജിക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടിക്കായിരിക്കും എം.ബി.ബി.എസിനുള്ള ലിസ്റ്റില്‍ ഉയര്‍ന്ന റാങ്ക്. എനിക്ക് ഏറ്റവും കുറവു മാര്‍ക്ക് ബയോളജിക്കായിരുന്നു. ഇഷ്ടമല്ലാത്ത വിഷയവുമായിരുന്നു അത് എന്ന് നടുക്കത്തോടെ ഞാന്‍ ഓര്‍ത്തു പോയി. അതു പോലെ റാങ്ക് നിര്‍ണയിക്കാന്‍ പ്രായവും ഒരു ഉപാധിയായി കണക്കാക്കുന്നു. രണ്ടു പേര്‍ക്ക് ഒരേ മാര്‍ക്കാണെങ്കില്‍ പ്രായം കൂടിയ വ്യക്തിക്കാണ് ഉയര്‍ന്ന റാങ്ക്. ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ വയസ്സ് ഒരു അളവുകോലാക്കിയിരുന്നെങ്കില്‍ ഞാന്‍ എവിടെയെത്തിയേനേ... ഇത് ഇന്നസെന്റിന്റെ ശബ്ദമാണല്ലോ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.  

Content Highlights: Snehaganga, Dr VP Gangadharan remembers his school life, Health, Dr VP Gangadharan