ച്ഛൻ മരിച്ചപ്പോൾ ഇത്ര മനോവിഷമം ഉണ്ടായില്ല. പക്ഷേ, അമ്മ മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മുക്തനാകാൻ കഴിഞ്ഞിട്ടില്ല. അത് എല്ലാവർക്കും അങ്ങനെയായിരിക്കും അല്ലേ ഡോക്ടറേ... എന്റെ ഒരു സുഹൃത്ത് സംഭാഷണത്തിനിടയ്ക്ക് മനസ്സു തുറന്നതാണ്. അങ്ങനെയല്ല എന്ന് മറുപടി പറയാൻ എനിക്ക് ആലോചിക്കാനൊന്നുമില്ലായിരുന്നു.

ഗംഗേ, നിനക്കു ചുറ്റും ധാരാളം ശത്രുക്കളുണ്ട്. നീ വളരെ സൂക്ഷിക്കണം...അമ്മയുടെ സ്നേഹം ചാലിച്ച വാക്കുകളാണ്. ജീവിതത്തിൽ നമുക്ക് ധാരാളം ശത്രുക്കളുണ്ടാകും. പേടിച്ചു ജീവിക്കുകയല്ല വേണ്ടത്. മറിച്ച് അവരെ നേരിടാൻ മാനസികമായി തയ്യാറെടുക്കണം. ശരിയെന്നു തോന്നുന്നത് ധൈര്യമായി ചെയ്യണം. തെറ്റാണെന്നു മനസ്സിലാക്കിയാൽ അത് സമ്മതിക്കാനുള്ള തന്റേടവും തിരുത്താനുള്ള മനസ്സും വേണം.

ഇത് സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന അച്ഛന്റെ വാക്കുകളാണ്. ഈ അച്ഛനും അമ്മയും തന്ന ഊർജവും ആത്മധൈര്യവും തന്നെയാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്. ഇവർ നഷ്ടപ്പെട്ടപ്പോൾ എനിക്കുണ്ടായ ആഘാതം വ്യത്യസ്തമായിരുന്നില്ല.

അമ്മ മരിച്ചിട്ട് ആറു വർഷമായി. പക്ഷേ, അമ്മയെക്കുറിച്ചുള്ള ഓർമകൾക്ക് മരണമില്ലല്ലോ. അമ്മ അവസാനനാളുകളിൽ കിടന്നിരുന്ന മുറിയുടെ മുന്നിലൂടെ പോകുമ്പോൾ അറിയാതെ പെട്ടെന്ന് ആ കിടക്കയിലേക്ക് ഒന്നു നോക്കിപ്പോകും. അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് കാലും തിരുമ്മി ഇരിക്കുന്ന പോലെ. ചെവിയിൽ അമ്മയുടെ ശബ്ദം നീ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ...

ചെന്നൈയിൽ കഴിക്കുന്ന പനിയാരത്തിന്റെയും ഇഡ്ഡലിയുടെയും സ്വാദ് മകൻ അപ്പു പങ്കുവയ്ക്കുമ്പോൾ ഞാൻ അവനോട് പറയാറുണ്ട് അമ്മ ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നിരുന്ന പനിയാരത്തിന്റെയും ഇഡ്ഡലിയുടെയും അടുത്തൊന്നും ഇത് വരില്ല അപ്പൂ... എന്നിട്ട് ഞാൻ മനസ്സിൽ പറയും അമ്മ പാചകം ചെയ്യുന്നത് സ്നേഹവും വാത്സല്യവും കൂടി ചേർത്തിട്ടാണ്. അതിന്റെ രുചി മറ്റൊരു പാചകക്കൂട്ടിലുമുണ്ടാവില്ല. അതാണ് വ്യത്യാസം. കുട്ടിക്കാലത്തെ അമ്മയുമായിട്ടുള്ള വഴക്കുകൾ, പിണക്കങ്ങൾ... അതൊക്കെ എങ്ങനെയാണ് മറക്കാനാവുക! സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന അമ്മ...

അച്ഛൻ മരിച്ചിട്ട് വർഷം 28 കഴിഞ്ഞു. പക്ഷേ, അന്നത്തെ അതേ തിളക്കത്തോടെയാണല്ലോ അച്ഛൻ ഇന്നും മനസ്സിലുള്ളത്. രാപകൽ അധ്വാനമായിരുന്നു അച്ഛൻ. ഒരു പഴയ സൈക്കിളിലായിരുന്നു ആദ്യകാലങ്ങളിൽ അച്ഛന്റെ യാത്ര. വാടക വീട്ടിൽ താമസം. അച്ഛനും അമ്മയും ഞങ്ങൾ നാലു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഏക വരുമാനം അച്ഛന്റെ ശമ്പളമായിരുന്നെങ്കിലും അല്ലലുകളൊന്നുമറിയാതെ ഞങ്ങളെ വളർത്തിക്കൊണ്ടു വരാൻ അച്ഛൻ എന്തു മാത്രം പ്രയാസപ്പെട്ടു കാണുമെന്ന് ഞാൻ ഇന്ന മനസ്സിലാക്കുന്നു.

അച്ഛന്റെ വരവും കാത്ത് ശനിയാഴ്ച കൊച്ചു ഗംഗ വീടിന്റെ വാതിൽത്തൽത്തന്നെയുണ്ടാവും. സൈക്കിളിന്റെ ഇടതു ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന തുണി സഞ്ചിയിലാണ് അവന്റെ കണ്ണെന്ന് അച്ഛന് നല്ലതു പോലെ അറിയാം. മറക്കാതെ എല്ലാ ശനിയാഴ്ചയും അച്ഛൻ കൊണ്ടു വരുന്ന സേലം മാമ്പഴം ആ സഞ്ചിയിൽ... അതിന്റെ പുളിയും മധുരവും പിന്നീടു കഴിച്ച മാമ്പഴങ്ങൾക്കൊന്നിനുമില്ലായിരുന്നു.

ഒരിക്കൽപ്പോലും ശകാരിച്ചിട്ടോ അടിച്ചിട്ടോ ഇല്ല അച്ഛൻ. പക്ഷേ, കുട്ടിക്കാലത്ത് പേടിയായിരുന്നു അച്ഛനെ! പലപ്പോഴും ശകാരിക്കുകയും വേണ്ടത്ര അടി തരികയും ചെയ്തിട്ടുണ്ട് അമ്മ. പക്ഷേ, ഒട്ടും പേടിയില്ലായിരുന്നു അമ്മയെ. അതു കൊണ്ടു തന്നെ ഞങ്ങൾ കുട്ടികൾ തമ്മിലുള്ള അടിപിടികൾ അമ്മയുടെ കൈയിൽ ഒതുങ്ങില്ലെന്ന് കണ്ടാൽ, അമ്മ വജ്രായുധം പുറത്തെടുക്കും. 'അച്ഛൻ വരട്ടെ, ഇതെല്ലാം ഇന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്...' ആ ആയുധത്തിനു മുന്നിൽ ഞങ്ങൾ കീഴടങ്ങും. അതിനാൽ അമ്മയ്ക്ക് അച്ഛനോട് ഒന്നും പറഞ്ഞു കൊടുക്കേണ്ടി വരാറില്ല! അച്ഛനു മുന്നിൽ ഞങ്ങളൊക്കെ എന്തു പരമശാന്തർ!

വളർന്ന് വലുതായപ്പോളാണ് അച്ഛനോടുള്ള സ്നേഹവും അതിലുമധികം ബഹുമാനവും കൂടിയത്. സൈക്കിൾ മാറി മോട്ടോർ സൈക്കിൾ. പിന്നെ സ്റ്റാൻഡേഡ് 10 കാർ, പിന്നെ അംബാസിഡർ കാർ... സാവധാനത്തിലുള്ള അച്ഛന്റെ വളർച്ച കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. വെങ്കിടേശ്വര ടെക്സ്റ്റൈൽസിലെ ഡൈയിങ് മാസ്റ്റർ, ബാലസുബ്രഹ്മണ്യം കളർ വർക്സിലെ വർക്കിങ് പാർട്ണർ... പിന്നെ സോണാർ ഡൈയിങ്ങിന്റെ ഉടമസ്ഥൻ... നിരന്തരമായ കഠിനാധ്വാനത്തിലൂടെ അച്ഛൻ നേടിയ സാമ്പത്തിക ഭദ്രതയാണ് അല്ലലില്ലാതെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞങ്ങളെ സഹായിച്ചത്. മാസാമാസം ഞാൻ ചോദിക്കുന്ന തുക കൃത്യമായ എനിക്ക് എത്തിച്ചു തരാറുള്ള അച്ഛൻ ഒരിക്കൽ പോലും ഞാൻ അതെങ്ങനെ ചെലവഴിച്ച് എന്ന് അന്വേഷിച്ചിട്ടില്ല. അച്ഛൻ സാധാരണ പോലെ പറയുന്ന അർഥവത്തായ ചില ഉപദേശങ്ങൾ മനസ്സിൽ ആഴ്ന്നിറങ്ങുന്നവയായിരുന്നു.

'നീ സിഗരറ്റ് വലി തുടങ്ങുമ്പോൾ അത് എന്നോട് പറയണം കേട്ടോ... നീ, മദ്യപിക്കില്ല എന്ന് തീരുമാനമെടുക്കുന്നതിനെക്കാൾ എനിക്ക് കേൾക്കാനിഷ്ടം, മദ്യപരായ സുഹൃത്തുക്കൾക്കൊപ്പം മദ്യശാലകളിൽ പോയിരിക്കാറുണ്ടെങ്കിലും ഒരിക്കലും മദ്യപിച്ചിട്ടില്ല എന്നു പറയുന്നത് കേൾക്കാനാണ് എനിക്കിഷ്ടം. ഇന്നു വരെ, സിഗരറ്റ് വലിക്കാനോ മദ്യപിക്കാനോ എനിക്ക് തോന്നാതിരുന്നത് ആ വാക്കുകളുടെ ശക്തി മൂലമാണെന്ന് ഞാൻ തിരിച്ചറിയുന്നു. അച്ഛൻ പറയുമായിരുന്നു ആഹാരത്തിനു വേണ്ടി നീ എത്ര പണം വേണമെങ്കിലും ചെലവാക്കിക്കോളൂ. ഞാനൊന്നും പറയില്ല. പക്ഷേ, ധൂർത്ത് പാടില്ല. പൈസയുടെ വില നീ അറിയണം, മനസ്സിലാക്കണം.

അധ്വാനത്തിന്റെ മൂല്യവും അതു നൽകുന്ന ആനന്ദവും ഞാൻ പഠിച്ചതും ഉൾക്കൊണ്ടതും അച്ഛനിൽ നിന്നാണ്. ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയുടെ ആഴനും പരപ്പും ഞാൻ മനസ്സിലാക്കിയതും അച്ഛന്റെ പ്രവൃത്തികളിലൂടെ തന്നെ. രാവിലെ ഏഴര മുതൽ രാത്രി ഒരു മണി രണ്ടു മണി വരെ നീളുന്ന അച്ഛന്റെ പ്രവൃത്തിദിനങ്ങൾ. അവധിയേയില്ലാത്ത ആഴ്ചകൾ, മാസങ്ങൾ... അതൊന്നും അച്ഛനെ തളർത്തിയില്ല. ഏറ്റെടുത്ത ജോലി കൃത്യസമയത്തു തന്നെ തീർക്കാനായി ഒരു വിട്ടുവീഴ്ചയുമില്ലാതെ അധ്വാനിച്ചു മുന്നേറുന്ന അച്ഛനെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

എത്രയെത്ര ജീവിതങ്ങൾ അച്ഛനിലൂടെ വളർന്ന് പടർന്ന് പന്തലിച്ചു പുഷ്പിച്ചുവെന്ന് ഞാൻ ചിലപ്പോൾ തിരിഞ്ഞു നോക്കുമായിരുന്നു. ഗോപീലകൃഷ്ണൻ, പ്രേമൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, ശാന്തൻ... ആ പട്ടിക അങ്ങനെ നീണ്ടു പോകുന്നു. അതിൽ ചിലരൊക്കെ തിരിഞ്ഞു കൊത്തിയപ്പോൾ അച്ഛൻ പറയുമായിരുന്നുനമുക്ക് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്തു കൊടുക്കണം. പ്രതിഫലം മോഹിച്ച് ചെയ്യരുത്.

കാലം അതിവേഗം മുന്നോട്ടു പോയി. ഞാൻ എം.ബി.ബി.എസ്. വിദ്യാർഥിയായി. ഡോക്ടറാകണമെന്ന ആഗ്രഹം അച്ഛനും സന്തോഷമായിരുന്നു. ഡോക്ടറോ എൻജിനീയറോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്യോഗസ്ഥനോ ആകണമെന്ന് പറഞ്ഞ് ഒരിക്കലും ഒന്നിനും നിർബന്ധിച്ചിട്ടുമില്ല. എന്തിന്ഒരിക്കൽപ്പോലും അച്ഛൻ എന്നോട് ക്ലാസ്സിലെ റാങ്കോ പരീക്ഷയ്ക്ക് കിട്ടിയ മാർക്കോ ഒന്നും ചോദിച്ചിട്ടു പോലുമില്ല. കുറച്ചു മുതിർന്നപ്പോൾത്തന്നെ അച്ഛൻ ഒരു നല്ല സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം, എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം തരാൻ കെല്പുള്ള ഒരു മനസ്സ്... ഇതെല്ലാം ഞാൻ അച്ഛനിലൂടെ അനുഭവിച്ചറിഞ്ഞു. അച്ഛന്റെ കൂടെയുള്ള കുമരകം യാത്രകൾ, വെട്ടിക്കാട്ടെ പാടശേഖരത്തെ ഏറുമാടത്തിൽ അന്തിയുറങ്ങിയ രാത്രികൾ, ബോട്ടു യാത്രകൾ, പാടവരമ്പിലൂടെ സൊറ പറഞ്ഞ് നടന്നു നീങ്ങിയ അനുഭവങ്ങൾ... എങ്ങനെ മറക്കും അതൊക്കെ!

രമയും ഞാനുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. കോട്ടയത്തെ ഒരു ഹോട്ടൽ മുറിയാണ് വേദി. 'നിങ്ങൾ തമ്മിലുള്ള പ്രേമം... അത് സീരിയസാണോ! അച്ഛന്റെ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ ഉത്തരം മുട്ടി പകച്ചു പോയി. ആണെങ്കിൽ നാളെ രാവിലെ ഞാൻ രമയുടെ വീട്ടിൽ പോവുകയാണ്. അവരുടെ വീട്ടുകാരെ വിവരം ധരിപ്പിക്കണം. അവർക്ക് ഇതിഷ്ടമല്ലെങ്കിൽ, അല്ലെങ്കിൽ എനിക്ക് സ്വീകാര്യമായി തോന്നിയില്ലെങ്കിൽ... എന്തു ചെയ്യണം?

അച്ഛൻ എന്റെ മുഖത്തേക്ക് സ്നേഹഗൗരവങ്ങളോടെ ഉറ്റു നോക്കി.
അങ്ങനെ വന്നാൽ...ഞാൻ... ഞാനത് വേണ്ടെന്നു വെക്കാം അച്ഛാ!
എന്റെ ശബ്ദം പതറിയില്ല. കാരണം, അച്ഛൻ അങ്ങനെയൊരു തീരുമാനം എടുക്കില്ല എന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു.

മക്കളെക്കാൾ മരുമക്കളോട് അടുപ്പം പുലർത്തിയ അച്ഛനെയാണല്ലോ ഞാൻ പിന്നീട് കണ്ടത്.
അടുത്ത തലമുറ വന്നപ്പോളാകട്ടെ, അവരുടെ നല്ല കളിക്കൂട്ടുകാരനായിരുന്നു അച്ഛൻ.
'നിങ്ങൾ എന്നെ മുത്തച്ഛാ എന്നു വിളിച്ചാൽ മതി. അപ്പൂപ്പാ എന്ന വിളി വേണ്ട. ആ വിളി കേട്ടാൽ വല്ലാത്ത പ്രായം തോന്നും അച്ഛൻ ചിരിച്ചു കൊണ്ട് അവരോട് പറയുമായിരുന്നു.

ഓർമയിൽ തിളക്കം മങ്ങാതെ എത്രയെത്ര ഓണങ്ങൾ! മുറ തെറ്റാതെ ഓണക്കോടികൾ. അച്ഛനൊരുക്കിയ എത്രയെത്ര വിഷുക്കണികൾ! വില മതിക്കാനാവാത്ത വിഷുക്കൈനീട്ടങ്ങൾ...

ഇതൊന്നും ഇനിയൊരിക്കലും എന്റെ ജീവിതത്തിലുണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ ആ ദിവസം! അച്ഛൻ കടന്നു പോയ ആ ദിവസം! അതിന്റെ ആഘാതം. അതിൽ നിന്ന് കരകയറാൻ പലർ പലതരത്തിൽ സഹായിച്ചിരുന്നു.

നീ കരയരുത്... അമ്മ പറഞ്ഞു. ബാലച്ചേട്ടൻ പറഞ്ഞു. ചേച്ചി പറഞ്ഞു... എന്നിട്ട് അവരൊക്കെ കരച്ചിലടക്കാൻ പാടുപെടുന്നത് ഞാൻ കണ്ടു.
പിന്നെയോ... അവർ ഓരോരുത്തരായി വിട പറഞ്ഞു പോയി. എന്നോട് കരയരുതെന്ന് ആശ്വസിപ്പിക്കാൻ പോലും അവരാരുമില്ലാതായി.

സ്നേഹവും വാത്സല്യവും പകർന്നു തന്ന് വളർത്തി വലുതാക്കിയ അമ്മ, നിറഞ്ഞ് എന്നാൽ തുളുമ്പാതെ സ്നേഹവും വാത്സല്യവും മനസ്സിൽ സൂക്ഷിക്കുന്ന അച്ഛൻ...അവർ എങ്ങനെയാണ് വ്യത്യസ്തരാകുന്നത്! സ്നേഹമെന്ന നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം.

Content Highlights:Snehaganga, Dr VP Gangadharan remembers his parents and family, Health