ഫോണിലൂടെ ആരൊക്കെയോ ഉച്ചത്തിൽ കരയുന്ന ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. സ്വപ്നമായിരിക്കുമെന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. കണ്ണു തുറന്നു നോക്കിയപ്പോൾ ഫോണിൽ നോക്കിയിരിക്കുന്ന രമയെയാണ് കണ്ടത്. ആരാണ്... അറിയില്ല. രമ പകുതി ഉറക്കത്തിലായിരുന്നെന്നു തോന്നുന്നു. പ്രശാന്തിന്റെ ശബ്ദമല്ലേ അത്... ഞാൻ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. ഗംഗനങ്കിൾ... അച്ഛൻ പോയി ഗംഗനങ്കിൾ... പ്രശാന്തിന്റെ അലറിച്ചയോടെയുള്ള കരച്ചിൽ കൂട്ടക്കരച്ചിലിനിടയിൽ കേൾക്കാം. പറഞ്ഞതു മറ്റൊന്നും വ്യക്തമായി മനസ്സിലാക്കാനായില്ല. ഞാൻ എഴുന്നേറ്റ് കൺസൾട്ടേഷൻ മുറിയിലെത്തി എന്റെ ഫോൺ പരിശോധിച്ചപ്പോൾ അഞ്ചാറു മിസ്ഡ് കോളുകൾ. വിശ്വസിക്കാനാകാതെ പ്രശാന്തിനെ തിരികെ വിളിച്ചു. അച്ഛൻ പോയി ഗംഗനങ്കിൾ... കുറേ നേരം എല്ലാവരും കൂടെ കട്ടിലിൽ കിടന്ന് ചിരിച്ചു കളിച്ച് തമാശയൊക്കെ പറഞ്ഞ് പിരിഞ്ഞതേയുള്ളൂ. കുറച്ചു കഴിഞ്ഞ് അമ്മ പോയി നോക്കിയപ്പോൾ.... ഒരു നിമിഷം പോലും പാഴാക്കാതെ അച്ഛനെയും കൊണ്ട് ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ! തുടർന്നുള്ള വാക്കുകൾ പ്രശാന്തിന്റെ കരച്ചിലിൽ അമർന്നു പോയി.

രണ്ടു മൂന്നു ദിവസം മുമ്പാണ് ഹരിയേട്ടനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് അവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു വിട്ടത്. ആൻജിയോഗ്രാമിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഗുരുതരമല്ല എന്ന് ഞാനും ഹരിയേട്ടന്റെ ഡോക്ടറുമായി സംസാരിച്ചതുമാണ്. അച്ഛനെയും കൊണ്ട് ഞങ്ങൾ വീട്ടിലെത്തി ഗംഗനങ്കിൾ പ്രശാന്തിന്റെ മെസേജിലൂടെ ഞാൻ വീണ്ടും വീണ്ടും കണ്ണോടിച്ചു. വൈകിട്ട് ആറരയോടെയുള്ള ആ മെസേജിൽ നിന്ന് കണ്ണെടുക്കാനായില്ല. ബാൽസു, മണികണ്ഠൻ, ബാലകൃഷ്ണൻ... ഇവരെയൊക്കെ വിളിച്ച് വിവരമറിയിച്ചിട്ട് കട്ടിലിൽ പോയി കിടന്നു. ഉറക്കത്തിലേക്ക് വഴുതി വീണത് അറിഞ്ഞില്ല.

അടിക്ക് ബാലച്ചേട്ടാ... അടിച്ച് ഫിനിഷ് ചെയ്യ്... വള്ളി നിക്കറിട്ട ഗംഗയുടെ ഉച്ചത്തിലുള്ള ശബ്ദം. ബോൾബാഡ്മിന്റൺ ടൂർണമെന്റ് നടക്കുകയാണ്. മുന്നിൽ ബാലച്ചേട്ടൻ പിന്നിൽ ഹരിയേട്ടൻ. ഫ്രണ്ട് ആൻഡ് ബാക്ക് ആയി കളിക്കുന്നു. തലങ്ങും വിലങ്ങും പാസ്ഷോട്ടുകൾ പായിക്കുന്ന ഹരിയേട്ടൻ. മറുവശത്തു നിന്ന് വരുന്ന അടികൾ പുഷ്പം പോലെ പെറുക്കുന്ന ഹരിയേട്ടൻ. നെറ്റിന്റെ മുകളിൽ പന്ത് കുറച്ച് പൊങ്ങിയാൽത്തന്നെ അത് കുത്തനെ എതിർ കോർട്ടിലേക്ക് അടിച്ച് പോയിന്റ് കരസ്ഥമാക്കുന്ന ബാലച്ചേട്ടൻ. അതാണ് വടവട്ടത്ത് വീടിന്റെ ബാഡമിന്റൺ ടീം. ഗംഗയും കുട്ടിപ്പട്ടാളവും ആർത്തു വിളിച്ച് വടവട്ടത്ത് വീടിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

'ബാലാ ഓടി കേറിക്കോ' ഹരിയേട്ടന്റെ ശബ്ദം. അതു കേൾക്കേണ്ട താമസം ബാലച്ചേട്ടൻ ഓടി നെറ്റിന്റെ അടുത്തെത്തും. ബാറ്റ് ചുഴറ്റിക്കൊണ്ട് നെറ്റിന്റെ വശത്തു കൂടി ഹരിച്ചേട്ടൻ പന്തു പായിക്കും. എതിർ വശത്തെ കളിക്കാർ ആ പന്ത് വിഷമിച്ച് പൊക്കി വിടുമ്പോൾ നെറ്റിനടുത്ത് ബാലച്ചേട്ടൻ ജാഗ്രതയോടെ നില്പുണ്ടാവും. കുത്തനെ അടിച്ചു താഴ്ത്തി ബാലച്ചേട്ടൻ ആ പോയന്റ് കരസ്ഥമാക്കും. വിജയഭാവത്തിൽ ബാലച്ചേട്ടനും ഹരിയേട്ടനും ബാറ്റുകൾ കൂട്ടിമുട്ടിക്കും. രണ്ടു പേരുടെയും മുഖത്ത് പുഞ്ചിരി. ആർത്തു വിളിക്കുന്ന കൊച്ചുഗംഗയും മറ്റ് വടവട്ടത്തുകാരും. പെട്ടെന്ന് ബാലച്ചേട്ടൻ അപ്രത്യക്ഷനായി. അതാ... ഹരിയേട്ടനും അപ്രത്യക്ഷനായിരിക്കുന്നു. മുൻനിരയിൽ കളിക്കാൻ ആരുമില്ലാതായിരിക്കുന്നു. വടവട്ടത്ത് ടീമിൽ കളിക്കാൻ ആരെങ്കിലുമുണ്ടോ? മൈക്കിലൂടെ ആരുടെയൊക്കെയോ ശബ്ദം. പക്ഷേ, മറുപടി ഇല്ലായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഇരിഞ്ഞാലക്കുട അനാഥമായിക്കൊണ്ടിരിക്കുന്ന പോലെ. പേഷ്കാർ റോഡ് ശൂന്യമായിക്കൊണ്ടിരിക്കുന്ന പോലെ. വിമലച്ചേച്ചി, രഘുച്ചേട്ടൻ, വിശാലച്ചേച്ചി, ലക്ഷ്മിക്കുട്ടി വാരസ്യാർ, ശിവരാമേട്ടൻ, ഇപ്പോൾ ഇതാ ഹരിയേട്ടനും. നികത്താനാവാത്ത നഷ്ടങ്ങൾ. പകരം വെക്കാനാവാത്ത ജീവിതങ്ങൾ. അപ്പോൾ ഞങ്ങളോ... അത് ബാലച്ചേട്ടന്റെയും അമ്മയുടെയും ചേച്ചിയുടെയും ശബ്ദമായിരുന്നു. അതിനിടയിലും അവ്യക്തമായി കുറേ ശബ്ദങ്ങൾ. അമ്മൂമ്മമാർ, വലിയമ്മ ചെറിയമ്മമാർ, വലിയച്ഛൻ ചെറിയച്ഛൻമാർ, തച്ചുടയകൈമൾ അമ്മിണിയമ്മ... ആ പട്ടിക അങ്ങനെ നീണ്ടുപോകുന്നു.

ഇരിഞ്ഞാലക്കുട തന്നെ മാറിപ്പോയിരിക്കുന്നു. പഴയകാല ഇരിഞ്ഞാലക്കുട എന്നേ മരിച്ചു പോയി! ഹരിയേട്ടനുമായി ഒരു മാസം മുമ്പ് കുട്ടിക്കാലം അയവിട്ടത് മനസ്സിൽ തെളിഞ്ഞു വന്നു, പാട്ടവണ്ടിയില്ല, റിക്ഷയില്ല, പാലിയത്തച്ഛന്റെ പാട്ടുകളില്ല. മാണിക്യ അയ്യരുടെ പലവ്യഞ്ജനക്കടയില്ല. എതിർവശത്തെ പച്ചക്കറിക്കടയില്ല. അമ്മൂമ്മയ്ക്കുള്ള വെറ്റിലയും പുകയിലയും വാങ്ങിക്കാറുള്ള ആ കൊച്ചു മുറുക്കാൻകടയില്ല. ഇസ്ലാമിയ ബേക്കറി മാറിപ്പോയിരിക്കുന്നു. ആൽത്തറയിൽ കൂട്ടംകൂടിയിരുന്ന് സൊറ പറഞ്ഞ് പപ്പടം ഉണ്ടാക്കിയിരുന്ന പണ്ടാരന്മാർ അപ്രത്യക്ഷരായിരിക്കുന്നു. പി.എസ്.എൻ. ബസുകൾ നിറഞ്ഞിരുന്ന ബസ് സ്റ്റാൻഡ് ഏറെ മാറിയിരിക്കുന്നു. അനിവാര്യമായ മാറ്റങ്ങൾ. ഹരിയേട്ടനും ഞാനും സമാധാനിക്കാൻ ശ്രമിച്ചു. ഹരിയേട്ടനുമായി അവസാനം ഏതാനും മണിക്കൂറുകൾ.

ഉണക്കമുണർന്നപ്പോൾ മനസ്സിലൊരു വിഷാദഭാവമായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ദഹിപ്പിക്കുന്നത്. പ്രശാന്തിന്റെ ഫോൺകോൾ.
ഇല്ല പ്രശാന്തേ, ഞാൻ വരുന്നില്ല. ഹരിയേട്ടനെ എനിക്ക് അങ്ങനെ കാണണ്ട. അങ്ങനെയൊരു ചിത്രം എന്റെ മനസ്സിൽ പതിയണ്ട.
ഷർട്ടിന്റെ കോളർ സ്ഥിരമായി ഉയർത്തിവെച്ച് ചിരിച്ച മുഖവുമായി ബാലച്ചേട്ടന്റെ കൂടെ സ്കൂളിലേക്ക് നടന്നു നീങ്ങുന്ന ഒരു ഹരിയേട്ടനുണ്ട് എന്റെ മനസ്സിൽ. ആ രൂപം മാറ്റി പ്രതിഷ്ഠിക്കാൻ... അതു വേണ്ട പ്രശാന്തേ, ഞാൻ പിന്നീട് വരാം.

പകൽ സമയം ആശുപത്രി ജോലികളിൽ വ്യാപൃതനായിരിക്കുമ്പോഴെല്ലാം ഹരിയേട്ടന്റെ മുഖമായിരുന്നു മനസ്സിൽ. ഹരിയേട്ടന്റെ ശബ്ദമായിരുന്നു ചെവികളിൽ മുഴങ്ങിയിരുന്നത്. ഗംഗ്ജി... ഹരിയേട്ടന്റെ സ്ഥിരം വിളി. തിരിഞ്ഞു നോക്കിയപ്പോൾ കൈവീശി യാത്ര പറഞ്ഞു കൊണ്ട് ഹരിച്ചേട്ടൻ. ജ്യോതിയും പ്രശാന്തും രമ്യയും രശ്മിയും ഗംഗ്ജിയെ കാത്തിരിക്കുന്നു. ഇരിഞ്ഞാലക്കുടയ്ക്ക് വരുന്നില്ലേ... ഹരിയേട്ടന്റെ സ്ഥിരം ചോദ്യം.

വാച്ചിൽ നോക്കി. സമയം അഞ്ചു കഴിഞ്ഞിരിക്കുന്നു. അതെ, ഇരിഞ്ഞാലക്കുടയ്ക്ക് പോകണം. തീരുമാനം പെട്ടെന്നായിരുന്നു. കാറിൽ യാത്ര തുടരുമ്പോൾ മനസ്സു നിറയെ കുടുംബയോഗത്തിന്റെ ചിത്രങ്ങളായിരുന്നു. മുടങ്ങാതെ ഹരിയേട്ടൻ സംഘടിപ്പിച്ചിരുന്ന വടവട്ടത്തെ കുടുംംബയോഗങ്ങൾ. ഗംഗ്ജി അറിയില്ലേ ഇവരെ... നമ്മുടെ പരിയാരത്തെ.... ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോൾ ഹരിച്ചേട്ടൻ ആവേശം കൊള്ളുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. യോഗത്തിന്റെ അവസാന നിമിഷം വരെ ഹാളിൽ സംഘാടകനായി ഹരിച്ചേട്ടനുണ്ടാവും. എല്ലാവരും പിരിഞ്ഞു പോയിക്കഴിയുമ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ തളർന്നിരിക്കുന്ന ഹരിയേട്ടന് വടവട്ടത്തുകാർ എന്നും ജീവനായിരുന്നു. വടവട്ടത്ത് കുടുംബയോഗങ്ങൾക്ക് നാഥനില്ലാത്ത ഒരവസ്ഥ.

മനസ്സ് വീണ്ടും അസ്വസ്ഥമാവുകയായിരുന്നു.
ഹരിച്ചേട്ടനില്ലാത്ത ഈ വീട്ടിലേക്ക് നമ്മൾ ആദ്യമായി വരികയാണ്. ജെഫ്രിയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്ന ഉണർത്തിയത്. കാർ ഹരിയേട്ടന്റെ വീട്ടുമുറ്റത്ത് എത്തിയിരുന്നു. വാതിൽക്കൽ ഞങ്ങളെ സ്വീകരിക്കാൻ ഹരിയേട്ടൻ നിൽക്കുന്നതു പോലെ. പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നത് പ്രശാന്താണ്. പ്രശാന്തിനെ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പു നിന്നു പോയതുപോലെ! കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രശ്മി. കട്ടിലിൽ തളർന്നു കിടക്കുന്ന ജ്യേതിയും രമ്യയും. എങ്ങനെ തുടങ്ങണം... എങ്ങനെ അവരെ ആസ്വസിപ്പിക്കണം... വാക്കുകൾ തൊണ്ടയിൽ കുരുങ്ങുകയാണ്. എന്താ എല്ലാവരും മിണ്ടാതിരിക്കുന്നത്? പ്രശാന്തിന്റെ ശബ്ദമാണ് നീണ്ട നിശ്ശബ്ദതയ്ക്ക് വിരാമമിട്ടത്. എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് അച്ഛനിഷ്ടം. പ്രശാന്ത് കരച്ചിലടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഗംഗച്ചേട്ടന് വേണ്ടി ഞാൻ ഇന്ന് ഒന്നുമുണ്ടാക്കിയിട്ടില്ല കേട്ടോ! ആദ്യമായിട്ടാണ് ഈ വീട്ടിൽ ഇങ്ങനെ ജ്യോതി കിടന്നു കൊണ്ടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഗംഗച്ചേട്ടൻ വരുന്നു എന്നറിഞ്ഞാൽ രണ്ടു ദിവസം മുമ്പോ ഹരിയേട്ടൻ തുടങ്ങും... മാങ്ങാച്ചമ്മന്തി, മുരിങ്ങയിലത്തോരൻ, കടുമാങ്ങ അച്ചാർ..പഴയ വിഭവങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഹരിയേട്ടൻ നിരത്തും. ഇതൊക്കെയാണ് ഗംഗയ്ക്കിഷ്ടം. നമുക്ക് ഇതൊക്കെ തയ്യാറാക്കി വെക്കാം എന്നു പറഞ്ഞ്. എല്ലാം തീർന്നു. പോയില്ലേ ഗംഗേട്ടാ... ജ്യോതി പൊട്ടിക്കരഞ്ഞു. രമ്യയും എന്റെ നെഞ്ചോടു ചേർന്നു നിന്ന് വിതുമ്പി.

പതുക്കെ ഞാൻ സ്വീകരണമുറിയിലേക്ക് നീങ്ങി. ശൂന്യമായി കിടക്കുന്ന ഹരിയേട്ടന്റെ കസേര. അച്ഛൻ ഈ കസേരയിൽ... ഗംഗനങ്കിൾ ഇവിടെ പ്രശാന്ത് ഓർമകൾ അയവിറക്കുകയായിരുന്നു. അച്ഛനെപ്പോഴും പറയുമായിരുന്നു ഗംഗയുമൊത്ത് ഒരു രാത്രി ഈ തിണ്ണയിൽ ഇങ്ങനെ പഴയകാല കഥകൾ പറഞ്ഞ് നമുക്ക് ഒരുമിച്ച് ഇരിക്കണം. ഒരിക്കൽ ഞാൻ വാക്കു കൊടുത്തത് പാലിക്കാൻ സാധിക്കാതെ പോയി ഞാൻ പതുക്കെ പറഞ്ഞു.

കാർ ഷെഡ്ഡിലെ സ്കൂട്ടറിലേക്ക് കണ്ണും നട്ടിരുന്ന എന്നെ ചിന്തയിൽ നിന്ന് വീണ്ടുമുണർത്തിയത് പ്രശാന്താണ്. അച്ഛന്റെ പഴയ സ്കൂട്ടർ. അത് വിൽക്കാൻ സമ്മതിക്കില്ലായിരുന്നു. രണ്ടു ദിവസം മുമ്പ് ഈ സ്കൂട്ടറിനെ ചുറ്റിപ്പറ്റി ഒരു അനുഭവമുണ്ടായി ഗംഗനങ്കിൾ പ്രശാന്ത് പറഞ്ഞു. രണ്ടു ദിവസം മുമ്പ് അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നല്ലോ. രാവിലെ രമ്യ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരാൻ വാഹനത്തിനായി വഴിയിൽ കാത്തു നിൽക്കുകയായിരുന്നു, പാൽ വിൽപ്പന കഴിഞ്ഞ് തിരികെ പോവുകയായിരുന്ന ഒരു ഓട്ടോക്കാരനാണ് രമ്യയെ വീട്ടിൽ എത്തിച്ചത്. പിന്നീട് രമ്യയെ തിരികെ ഹോസ്പിറ്റലിൽ എത്തിക്കാനും അയാൾ തയ്യാറായി. തിരികെയുള്ള യാത്രയ്ക്കിടയിൽ അയാൾ രമ്യയുമായി കൂടുതൽ പരിചയപ്പെട്ടു. സംഭാഷണത്തിനിടയിൽ സ്കൂട്ടറും കടന്നു വന്നു. സ്കൂട്ടറിനെക്കുറിച്ച് അയാൾ ചോദിച്ചു അത് ബാങ്കിലെ ഹരിസാറിന്റെ സ്കൂട്ടറല്ലേ അതെന്താ ഇവിടെ? വർഷങ്ങളായി പുറത്തിറങ്ങാറില്ലാത്ത ആ സ്കൂട്ടറിനെയും അതിലെ സഞ്ചാരിയെയും ഓർത്തുവെച്ചിരിക്കുന്ന ഓട്ടോക്കാരനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് രമ്യ പറഞ്ഞു. അതെ, അതെന്റെ അച്ഛന്റെ സ്കൂട്ടറാണ്. ഞാൻ രമ്യ. ബാങ്കിലെ ഹരിസാറിന്റെ മകളാണ്. ആശുപത്രിയിൽ എത്തുന്നതു വരെ അയാൾ ഹരിയേട്ടനെക്കുറിച്ച് സംസാരിക്കുകയായിരുന്നത്രെ. ബാങ്കിൽ നിന്ന് ലോൺ കിട്ടാനും അയാളുടെ ജീവിതം കെട്ടിപ്പടുക്കാനുമൊക്കെ ഹരിയേട്ടൻ സഹായിച്ച കഥകൾ അയാൾ വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു. രമ്യ നീട്ടിയ നോട്ടുകൾ നിരസിച്ചു കൊണ്ട് അയാൾ പറഞ്ഞത്രെ ഹരിസാറ് എനിക്കു ചെയ്തു തന്ന ഉപകാരത്തിന് പ്രത്യുപകാരം ചെയ്യാൻ ദൈവം തന്ന ഒരവസരമായിരിക്കും ഇത്. ഇതും പറഞ്ഞ് അയാൾ ഒരു കടലാസിൽ അയാളുടെ ഫോൺ നമ്പർ കുറിച്ചു കൊടുത്തു. ഞാൻ ഇവിടെ അടുത്താണ് താമസിക്കുന്നത്. കുട്ടിക്ക് എന്താവശ്യമുണ്ടെങ്കിലും ഏത് അർധരാത്രിയ്ക്കും എന്നെ വിളിച്ചോളൂ. ഞാൻ ഓടിയെത്തിക്കോളാം...

ഞാൻ ആ സ്കൂട്ടറിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു. അതിനു മുകളിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ഹരിയേട്ടൻ.
യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു ഹരിയേട്ടനില്ല എന്ന് വിചാരിച്ച് ഇങ്ങോട്ടു വരാതിരിക്കരുത് കേട്ടോ! ഇടയ്ക്കിടയ്ക്ക് വരണേ! അതിന് ഹരിയേട്ടൻ ഉണ്ടല്ലോ... ഞാൻ മനസ്സിൽ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഔദ്യോഗിക കാര്യങ്ങൾക്കിടെ കണ്ട, പരിചയപ്പെട്ട ആ ഓട്ടാക്കാരന്റെ മനസ്സിൽ പോലും അത്രയും പ്രിയപ്പെട്ടയാളായി ഹരിയേട്ടൻ ജീവിക്കുമ്പോൾ കുട്ടിക്കാലം മുതലേ എന്റെ കൂടെയുള്ള ഹരിയേട്ടൻ എങ്ങനെ ഇല്ലാതാകും! കാർ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോൾ എന്റെ മനസ്സും ശാന്തമാകാൻ തുടങ്ങി.

അങ്ങകലെ നീലാകാശത്തെങ്ങോ ഉള്ളൊരു കോർട്ടിൽ ബാഡ്മിന്റൺ കളിക്കുന്ന രണ്ടു പേരെ ഞാൻ കാണുന്നു. മുന്നിൽ ബാലച്ചേട്ടൻ, പിന്നിൽ ഹരിയേട്ടൻ. ബാലാ ഓടിക്കേറ്... ഹരിയേട്ടന്റെ വ്യക്തമായ ശബ്ദം. ശബ്ദമുണ്ടാക്കി അവരെ പ്രോത്സാഹിപ്പിക്കാൻ ഗംഗ ഉൾപ്പെടെ വടവട്ടത്തുകാർ ഇങ്ങു താഴെ ഈ ഭൂമിയിൽ. അവർ സന്തോഷത്തോടെ കളിക്കട്ടെ. ആരൊക്കെയോ വിളിച്ചു പറയുന്ന പോലെ.

Content Highlights:Snehaganga, Dr VP Gangadharan remembers his friends family and relatives, Health, Cancer Awareness