വംബർ ഏഴ് ദേശീയ കാൻസർ ബോധവത്‌കരണ ദിനമാണല്ലോ! ഈ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർക്ക് എന്താണ് പറയാനുള്ളത്? ചാനൽ അവതാരകയുടെ ഈ ചോദ്യം നേരിട്ടുള്ളതായിരുന്നില്ല. കോവിഡ് കാലമായതിനാൽ സങ്കല്പ വേദിയിൽ ഇരുന്നിട്ടായിരുന്നു ഈ ചാനൽ പരിപാടി. നേർക്കു നേർ കണ്ടുള്ള പരിപാടി അല്ലാത്തതിനാൽ അതിന്റെ ജീവനും ആത്മാവും അനുഭവപ്പെടുന്നില്ലല്ലോ എന്നോർത്തു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി.

കാൻസറിനെ ഭയപ്പെടുകയല്ല മറിച്ച് അതിനെക്കുറിച്ച് അറിയുകയാണ് വേണ്ടത് മനസ്സിലാക്കുകയാണ് വേണ്ടത്. അതിന് ഞങ്ങൾ കൊടുക്കുന്ന മുദ്രാവാക്യം ഇതാണ് കാൻസറിനെ അറിയുക, അകറ്റി നിർത്തുക.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ തുടർന്നു. 30 ശതമാനം കാൻസറുകളും നമുക്ക് തടയാൻ സാധിക്കും. പുകവലിയും മദ്യപാനവും വേണ്ടേ വേണ്ട. അമിത വണ്ണം നിയന്ത്രിക്കണം. അതിനായി കൊഴുപ്പും കാലറിയും കൂടുതലുള്ള ആഹാരം നിയന്ത്രിക്കുക. വ്യായാമം ജീവിതത്തിന്റെ ഒരു ഭാഗമാക്കുക.

ഇനിയൊരു 30 ശതമാനം കാൻസറുകൾ നമുക്ക് പ്രാരംഭ ദശയിൽ തന്നെ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. പക്ഷേ, സങ്കടകരമെന്ന് പറയട്ടെ, ഇന്ത്യയിൽ 65 ശതമാനത്തിലധികം കാൻസർ രോഗികളും ചികിത്സ തേടിയെത്തുന്നത് പ്രാരംഭദശ പിന്നിട്ട ശേഷമാണ്. പലരും അസുഖം മൂർച്ഛിച്ച ശേഷമാണ് ചികിൽസ തേടിയെത്താറുള്ളത്. കാൻസറിനെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയുമാണ് ഇതിന് പ്രധാന കാരണം. ഇതിനെതിരേ ജനങ്ങളെ, സമൂഹത്തെ ബോധവത്‌കരിക്കാനാണ് നാം ഈ ദിവസം നവംബർ ഏഴ് കാൻസർ അവബോധ ദിനമായി ആചരിക്കുന്നത്. കാൻസറിനെതിരേയുള്ള യുദ്ധത്തിന് തുടക്കം കുറിച്ച മാഡം ക്യൂറിയുടെ ജന്മവാർഷികം കൂടിയാണ് ആ ദിനം എന്നത് അതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഈ പ്രത്യേക ദിനത്തിൽ, ഡോക്ടറുടെ 30 വർഷത്തെ പ്രവർത്തനാനുഭവങ്ങൾ മനസ്സിൽ വെച്ചു കൊണ്ട് പ്രേക്ഷകർക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്? വീണ്ടും അവതാരകയുടെ ചോദ്യം.

എന്റെ പ്രത്യേക ഉപദേശങ്ങളായിട്ടു വേണ്ട, മറിച്ച് ഈ ആഴ്ച എനിക്കുണ്ടായ ചില അനുഭവങ്ങൾ പങ്കു വെക്കാം. അതിൽ ഉൾക്കൊണ്ടിട്ടുള്ള സന്ദേശങ്ങൾ പ്രേക്ഷകർക്ക് അവരവരുടെ യുക്തിക്കും താത്‌പര്യത്തിനും അനുസരിച്ച് സ്വീകരിക്കാമല്ലോ ഞാൻ പറഞ്ഞു.
*********************************

14 വർഷം മുമ്പ് ഹോഡ്ജ്കിൻസ് ലിംഫോമ എന്ന അസുഖത്തിന് ചികിൽസ തേടിയെത്തിയ രാജന്റെ ജീവിതമാകട്ടെ ആദ്യത്തെ അനുഭവം. രാജന്റെ വിവാഹം ഉറപ്പിച്ചു എന്ന സന്തോഷ വാർത്ത പങ്കിട്ടത് രാജന്റെ അമ്മയാണ്. അങ്ങനെ കാത്തു കാത്തിരുന്ന് അവസാനം ഒരു ശ്രീലക്ഷ്മി എനിക്ക് കൂട്ടായി വരുന്നു ഈ വീട്ടിലേക്ക്. ആ അമ്മയുടെ സന്തോഷം വാക്കിലും ശബ്ദത്തിലും പ്രകടമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺകോൾ വന്നു. രാജന്റെ കല്യാണം നിശ്ചയിച്ചിരുന്ന പെൺകുട്ടിയുടെ അച്ഛൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയാൾ സംഭാഷണം ആരംഭിച്ചത്. 'ഹലോ.. രാജനെ ചികിത്സിച്ച ഡോക്ടറല്ലേ.. അവന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്... അവൻ കുറേ കാലം കൂടി ജീവിച്ചിരിക്കുമോ... ഞങ്ങളുടെ മകളെ കൊടുത്തിട്ട്... അവൾ വിധവയായിപ്പോകുമോ ഡോക്ടറേ...കൊച്ചുങ്ങളുമുണ്ടാകില്ല, അവനങ്ങു ചത്തു പോവുകയും ചെയ്യും... പിന്നെ ഞങ്ങളുടെ മകൾ... അദ്ദേഹം ഇടവേളയില്ലാതെ പറയുകയാണ്.

എന്തൊരു നികൃഷ്ടമായ ചിന്തയാണ് ആ പിതാവിന്റേത് എന്ന് ഞാൻ ഓർത്തു പോയി.

സാറിന്റെ കണക്കു കൂട്ടലിൽ ഇനി എത്ര നാൾ കൂടി അവനുണ്ടാവും സാറേ! അയാളുടെ വാക്കുകളിൽ ഒരു തരം പുച്ഛമാണ് ഉള്ളതെന്ന് എനിക്കു തോന്നി.

രാജന് ഒന്നും സംഭവിക്കില്ല. അയാൾക്കുണ്ടായിരുന്ന അസുഖം മൂലം ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്നവുമുണ്ടാവുകയില്ല. അയാൾക്ക് അസുഖം വന്ന് ചികിൽസിച്ച് ഭേദമാക്കിയിട്ട് ഇപ്പോൾ 15 കൊല്ലമായില്ലേ... രാജനെക്കുറിച്ചുള്ള സത്യാവസ്ഥകൾ ആ വധൂപിതാവിനോടു പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പരമാവധി പരിശ്രമിച്ചു.

സാറിന് അതൊക്കെ പറയാം. അവന്റെ ആയുസ്സിന് സാറ് ഗ്യാരന്റി തരുമോ... അവനൊന്നും സംഭവിക്കില്ലെന്ന് സാറിന് ഗ്യാരന്റി തരാമോ... അയാളുടെ സംഭാഷണം കുറേക്കൂടി രൂക്ഷമായതു പോലെ.

ഗ്യാരന്റി തരാൻ എനിക്ക് മടിയൊന്നുമില്ല. പക്ഷേ, ഞാൻ ഒന്നു ചോദിച്ചോട്ടെ, ഇതു പറയുന്ന സാറ് ഈ കല്യാണം കഴിയുന്നതു വരെ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ... അതു പോയിട്ട് നാളെ ഉറക്കമുണരുമെന്ന് ഗ്യാരന്റി തരാൻ പറ്റുമോ?

അദ്ദേഹത്തിന്റെ രോഷ പ്രകടനം ഒരു നീണ്ട മൂളലിലും പെട്ടെന്നുള്ള ഫോൺ വിഛേദിക്കലിലും പ്രകടമായിരുന്നു.
******************************************

അടുത്ത കഥാപാത്രം മൂന്നു വർഷം മുമ്പ് ഞാൻ ചികിത്സിച്ച ഒരു ചെറുപ്പക്കാരനാണ്. ചുരുണ്ട മുടിക്കാരനായ സുനിൽ. വർഷങ്ങളായി ഇതര മതക്കാരിയായ ഒരു പെൺകുട്ടിയുമായി പ്രേമത്തിലാണെന്ന് ചികിൽസാ സമയത്തു തന്നെ സുനിൽ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. കീമോ തെറാപ്പി മരുന്നുകൾ ഏറ്റു വാങ്ങുമ്പോൾ കിടക്കയ്ക്കരികിൽ അയാളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ടിരിക്കുന്ന വെളുത്തു മെലിഞ്ഞ ആ നീളൻമുടിക്കാരിയുടെ മുഖം എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല.

അങ്കിളേ.. ഞാൻ സുനിലാണ്. എന്റെ കല്യാണമാണ് അടുത്തയാഴ്ച. അങ്കിൾ തീർച്ചയായും വരണം കല്യാണത്തിന് സുനിലിന്റെ ഫോൺകോൾ വന്നത് ഏതാനും ദിവസം മുമ്പാണ്. അങ്കിളിന് ഞാനൊരു സർപ്രൈസ് തരട്ടേ... ഫോൺ വെക്കല്ലേ...

തുടർന്ന് ഞാൻ കേട്ടത് ഒരു സ്ത്രീ ശബ്ദമാണ്... വേണ്ട സുനിലേ, ഇപ്പോൾ വേണ്ട. എനിക്ക് പേടിയാ, ഒരു പെൺകുട്ടിയുടെ ഈ വാക്കുകൾ കഴിഞ്ഞ് ഒരു നീണ്ട നിശ്ശബ്ദത.

ഹലോ... അങ്കിളേ ... ഞാൻ ഇങ്ങോട്ടു പോന്നു. വീട്ടികാർ എന്നെ പേടിപ്പിച്ചു. സുനിലിന്റെ അസുഖം ഒരിക്കലും ഭേദമാവില്ല. ഒരു മാറാ രോഗമാണ് അവന് പിടിപെട്ടിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് എന്നെ എന്നും ഭയപ്പെടുത്തും വിവാഹത്തിലൂടെ എനിക്കും അസുഖം വരുമെന്ന് ഭയപ്പെടുത്തും. ഒരു കാരണവശാലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്നും പറഞ്ഞുള്ള ഭീഷണികൾ കേട്ടു കേട്ടു മടുത്തു അങ്കിളേ. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്നും സുനിലുമൊത്ത് ജീവിക്കാൻ സമ്മതിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ല. അങ്ങനെ ഞാൻ ഇറങ്ങി ഇങ്ങോട്ടു പോന്നു അങ്കിളേ. അങ്കിൾ കല്യാണത്തിന് വരില്ലേ...

ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടോട്ടേ.. അങ്കിൾ നോ പറയരുത്. അങ്കിൾ ഞങ്ങളുടെ കല്യാണത്തിന് വരണം. എന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന് എന്റെ കൈ പിടിച്ച് സുനിലിന്റെ കൈയിൽ കൊടുക്കുന്ന ചടങ്ങ്... അത് അങ്കിൾ തന്നെ ചെയ്യണം. എനിക്ക് പറയാൻ വേറേ ആരുമില്ല അങ്കിളേ... വിങ്ങിപ്പൊട്ടിയുള്ള ഒരു കരച്ചിൽ കേൾക്കാം. എനിക്കും ഉള്ളിൽ നിന്ന് ഒരു വിങ്ങൽ...
*************************************

അങ്കിളേ, ഞാൻ സീനയാണ്. എനിക്ക് അങ്കിളിനെ ഒന്ന് അത്യാവശ്യമായി കാണണം... ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാണാം. ഞാനാണ് സമയം പറഞ്ഞത്.

ഞായറാഴ്ച കൃത്യം രണ്ടു മണിക്കു തന്നെ കോളിങ് ബെൽ മുഴങ്ങി. വാതിൽ തുറന്നപ്പോൾ മുന്നിൽ ചിരിയോടെ സീന. കൂടെ സീനയെ വളർത്തി വലുതാക്കിയ അമ്മയും ഒരു ചെറുപ്പക്കാരനും തിണ്ണയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഡോക്ടറേ... ആറു മാസം പ്രായമുള്ളപ്പോൾ എന്റെ അടുത്തു വന്ന കുട്ടിയാണ് ഇവൾ. ഞാൻ പ്രസവിക്കാത്ത എന്റെ 12 മക്കളിൽ ഇളയവൾ. താൻ എടുത്തു വളർത്തിയ കുട്ടികളുടെ പേരും അവരുടെ ഇന്നലെകളും ഇന്നുമെല്ലാം സന്തോഷത്തോടെ ആ അമ്മ പങ്കുവെച്ചു. ആറു വർഷം മുമ്പാണ് ഇവൾ ഡോക്ടറുടെ ചികിത്സ തേടി എത്തിയത്. ഇവളുടെ വിവാഹമാണ് ഡിസംബറിൽ. ഇവനാണ് ആള്. ചെറുപ്പക്കാരനെ നോക്കി ആ അമ്മ ചിരിച്ചു. ഇവൾക്ക് ഒരേ നിർബന്ധം ഈ സന്തോഷ വാർത്ത നേരിട്ട് ഡോക്ടറെ അറിയിക്കണം എന്ന്. നിനക്ക് എന്താണ് പറയാനുള്ളതെന്നു വെച്ചാൽ പറയ് മോളേ... അമ്മ സീനയെ വിളിച്ചു.

എന്നത്തെയും പോലെ സീന മൗനം പാലിച്ചതേയുള്ളൂ.
ഇവൾ ഹോസ്പിറ്റലിൽ വരുമ്പോഴും ഒരക്ഷരം മിണ്ടാത്ത പാർട്ടിയല്ലേ...
ഞാൻ അവളെ കളിയാക്കി.

അങ്ങനെയൊന്നുമില്ല സാറേ... അവൾ വർത്തമാനം തുടങ്ങിയാൽ നിർത്തില്ല. ചെറുപ്പക്കാരൻ വാചാലനായി.
അതെങ്ങനെ ഇയാൾക്ക് ഇപ്പോഴേ അറിയാം?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കി അയാൾ പറഞ്ഞു ഡോക്ടറേ ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചിരുന്നതാണ്. ഞാൻ മൂന്നു വർഷം സീനിയറാണെന്നു മാത്രം. അന്ന് തുടങ്ങിയ പ്രണയമാണ്.
സീനയുടെ മുഖത്ത് നാണം.

ഇവന് സ്ഥിരമായി ഒരു സർക്കാർ ജോലിയുണ്ട്. കുടുംബം പോറ്റാൻ അതു മതിയല്ലോ. പക്ഷേ,... അമ്മ അർധോക്തിയിൽ നിർത്തി.

അമ്മയുടെ പക്ഷേ, എന്താണെന്നോ സാറേ... ഇവളുടെ അസുഖത്തിന്റെയും ചികിത്സയുടെയും കാര്യം ഞാൻ എന്റെ വീട്ടിൽ പറഞ്ഞിട്ടില്ല. അത് ഞാൻ സൗകര്യം പോലെ അവതരിപ്പിച്ചു കൊള്ളാം. കല്യാണത്തിന് മുമ്പ് പറഞ്ഞാൽ അതു ചിലപ്പോൾ പ്രശ്നമാകും സാറേ. അതിന്റെയൊന്നും കാര്യമില്ലെന്നേ...

ആ ചെറുപ്പക്കാരന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ ബലമുണ്ടായിരുന്നു.

***********************************

അങ്കിളേ, ഞങ്ങളെ ഓർക്കുന്നുണ്ടോ? വർഷങ്ങൾക്കു മുമ്പ് അങ്കിൾ ചികിത്സിച്ചിരുന്ന ഓമനയുടെയും ചന്ദ്രന്റെയും മകൻ രവിയാണ് ഞാൻ.
അണ്ഡാശയ കാൻസറുമായി വന്ന ഓമന. കൂടെ വരാറുള്ള ഭർത്താവ് ചന്ദ്രൻ. ഓമനയുടെ ചികിൽസ തുടരുന്നതിനിടയ്ക്കാണ് ചന്ദ്രന് ശ്വാസകോശാർബുദം കണ്ടു പിടിക്കുന്നത്. ചന്ദ്രനാണ് ആദ്യം ലോകത്തോട് വിട പറഞ്ഞത്. അധികം വൈകാതെ ഓമനയും. അതോടെ രവിയും സഹോദരിയും അനാഥരായി. സഹോദരിയുടെ കല്യാണ നിശ്ചയമാണ് അടുത്തയാഴ്ച. കല്യാണം ജനുവരിയിൽ. സാറിനെയും മാഡത്തിനെയും അറിയിക്കണമെന്ന് തോന്നി. കൊച്ചിൻ കാൻസർ സൊസൈറ്റിയിലൂടെ ഞങ്ങളെ സഹായിച്ചത് മറക്കാനാവില്ല അങ്കിളേ...

ഞങ്ങൾ കഷ്ടപ്പെട്ട് വളർന്നു. ഞാൻ അവളെ വളർത്തി. അവളുടെ വിവാഹം കൂടി കഴിഞ്ഞാൽ... എല്ലാവരും ഞങ്ങളെ സഹായിക്കാനുണ്ടാവുമെന്നറിയാം. എന്നാലും അവളുടെ കല്യാണക്കാര്യം ഓർക്കുമ്പോൾ മനസ്സിൽ ഒരു പേടി...
ആ മനസ്സിൽ ഭീതിയല്ല വലിയ തീ തന്നെ ആയിരിക്കും എന്ന് എനിക്കറിയാം...
*****************************

ഇപ്പറഞ്ഞത് എല്ലാം ശരിയായ അനുഭവങ്ങളാണ്. ചിലതിലൊക്കെ ചിലയാളുകളുടെ പേരുകൾ മാറ്റിയിട്ടുണ്ട് എന്നേയുള്ളൂ. കാൻസറിന്റെ കാര്യത്തിൽ പേടിയല്ല അറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. നവംബർ ഏഴിനെ കാൻസർ പ്രതിരോധത്തിനും നേരത്തേ കണ്ടെത്താനുമുള്ള വിവരങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു ദിവസമായി കാണരുത്. കാൻസറിനെ ചെറുത്ത് തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന കുറേ ഏറെപ്പേർ നമ്മുടെ കൂടെയുണ്ട്. അവർക്കു കൂടി ഒരു കൈത്താങ്ങായി. അവരെ ജീവിതത്തിലേക്ക് കൂടുതൽ നന്നായി അടുപ്പിച്ച് നിർത്താനായി, അവരെ നെഞ്ചോടു ചേർത്തു പിടിച്ച് മുന്നോട്ട് നയിക്കാനായി സമൂഹം ഉണരണം. അതാണ് കാൻസർ ബോധവത്‌കരണ ദിനത്തിൽ നമുക്ക് ഓർക്കാനുള്ള സന്ദേശം. വ്യക്തമാണ് ലളിതവും. പക്ഷേ, അക്കാര്യം പ്രാവർത്തികമാക്കാൻ നല്ല പ്രയത്നം വേണമെന്നു മാത്രം. അതിനുള്ള മനസ്സുണ്ടാവുകയും വേണം.

Content Highlights:Snehaganga, Dr VP Gangadharan remembers his cancer patients, Health, Cancer Care