''ഇന്ന് ചേച്ചിയുടേതല്ലേ?'' ശ്രാദ്ധം കര്‍മം ചെയ്യാന്‍ തയ്യാറായിരുന്ന എന്നെ നോക്കി ഇളയത് ചോദിച്ചു. അതേ എന്നുള്ള എന്റെ ഉത്തരം യാന്ത്രികമായിരുന്നു. കാരണം ചേച്ചി എന്റെയടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ഇത് ഏകോദിഷ്ട ശ്രാദ്ധം- ഇന്നത്തെ ശ്രാദ്ധം ചേച്ചിയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. കുറച്ച് കൂവളപ്പൂവെടുത്ത് രണ്ടു കൈയിലുമായി പിടിക്കുക. ചേച്ചിയെ മനസ്സില്‍ സങ്കല്പിക്കുക. മരിച്ച നാളും പേരും മനസ്സിലോര്‍ത്ത് രണ്ടു കൈകൊണ്ടും മൂന്നുവട്ടം ആരാധിച്ച് തലയ്ക്കലെ കൂട്ടത്തില്‍ നിന്ന് ചേച്ചിയെ മാത്രം ആനയിച്ച് കറുകയുടെ നടുക്ക് വെച്ച്... ഇളയതിന്റെ ശബ്ദം എന്റെ ചെവിയില്‍ നിന്ന് അകന്നകന്ന് പോയി. പകരം ചേച്ചിയുടെ ശബ്ദമാണ് ഉയര്‍ന്ന് കേട്ടത്. 

ഞാന്‍ മരിച്ച ദിവസം നീ ഓര്‍ക്കേണ്ട. ജനിച്ച ദിവസവും നിന്നോടൊത്ത് ജീവിച്ചിരുന്ന ദിവസങ്ങളും മാത്രം ഓര്‍ത്താല്‍ മതി. ചേച്ചി വാചാലയായി. തിരുപ്പൂരിലെ വീട്ടില്‍ മുന്‍വശത്തെ ഹാളില്‍ പായ് വിരിച്ച് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരറ്റത്ത് മണിച്ചേട്ടന്‍, മറ്റേയറ്റത്ത് ബാലച്ചേട്ടന്‍. നടുക്ക് നീയും ഞാനും. നീ എന്നെ തള്ളി മാറ്റുമായിരുന്നു. 'എന്നെ തൊട്ട് കിടക്കേണ്ട' മുഖം വീര്‍പ്പിച്ചു കൊണ്ട് നീ പറയുമായിരുന്നു. ആരും കാണാതെ ഒരു ചെറിയ നുള്ള് തന്നു കൊണ്ട് ഞാന്‍ നിന്നെയും തള്ളി മാറ്റും. പരസ്പരം ഉന്തും തള്ളും ചെറിയ ചെറിയ അടികളും... 

നിങ്ങള്‍ക്കൊന്ന് കിടന്നുറങ്ങിക്കൂടേ... എല്ലാ സമയത്തും വഴക്ക് മാത്രം. -കീരീം പാമ്പും പോലെ!

അമ്മയുടെ ശകാരത്തിനിടിയിലൂടെ അച്ഛന്റെ ശബ്ദം കേള്‍ക്കേണ്ട താമസം ഞങ്ങള്‍ രണ്ടു വശത്തേക്ക് ചെരിഞ്ഞ് കണ്ണടച്ച് കിടക്കും.

എഴുന്നേല്‍ക്ക്... ഏഴുമണിയായി. വഴക്കൊക്കെ കഴിഞ്ഞ് രണ്ടും കൂടി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് കണ്ടോ! അമ്മയുടെ ഈ പരിഭവങ്ങളൊക്കെ ചേച്ചി ചിരിച്ചു കൊണ്ട് തുടര്‍ന്നു. 

നമ്മളെ തമിഴ് പഠിപ്പിക്കാന്‍ വരാറുള്ള ശിഖാമണി വാധ്യാര്‍... പാട്ട് പഠിപ്പിക്കാന്‍ വരാറുള്ള... ആ പേര് ചേച്ചി മറന്നു പോയെന്ന് തോന്നുന്നു...പാട്ട് ഞാന്‍ ഓര്‍ക്കുന്നുണ്ട്- കരുണൈ ശെയ് വായ്... എന്നു തുടങ്ങുന്ന വരികള്‍- ചേച്ചിയെ നോക്കി ഞാന്‍ പറഞ്ഞു. നീ ഇതൊക്കെ ഓര്‍ത്തിരിക്കുന്നുണ്ടോ! ചേച്ചിക്ക് അത്ഭുതം പോലെ. എങ്ങനെ മറക്കാന്‍... എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ചേച്ചിയുടെ സ്ഥാനം അമ്മയ്ക്ക് തുല്യമാണ്. ഇളയതിന്റെ ശബ്ദം വീണ്ടും. പ്രത്യേകിച്ചും അമ്മയുടെ അഭാവത്തില്‍, അമ്മയുടെ സ്‌നേഹം തന്ന്...ശരിയാണ്. എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്ന കുറേ ചിത്രങ്ങള്‍. ഇളയതിന്റെ ശബ്ദം വീണ്ടും അകന്നകന്ന് പോയി. 

സ്‌കൂള്‍ പഠന കാലത്ത് നമ്മള്‍ എന്നും ഒന്നിച്ചായിരുന്നു. നീ ഓര്‍ക്കുന്നുണ്ടോ... ചേച്ചി ആവേശ ഭരിതയായി തുടര്‍ന്നു. ഇരിങ്ങാലക്കുടയിലും വൈക്കത്തും വീണ്ടും ഇരിങ്ങാലക്കുടയിലും...ഒരു നിമിഷത്തെ മൗനത്തിനു ശേഷം ചേച്ചി തുടര്‍ന്നു- ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളിലാണ് നിന്നെ ചേര്‍ത്തത്- നാലാം ക്ലാസ്സില്‍. പെണ്‍കുട്ടികളുടെ സ്‌കൂളില്‍ പോകില്ല എന്നു പറഞ്ഞ് നീ എന്നും വഴക്കിടുമായിരുന്നു. ഞാനും സതിച്ചേച്ചിയും കൂടി നിന്നെ തൂക്കിയെടുത്ത് സ്‌കൂളില്‍ കൊണ്ടു പോകുമായിരുന്നു. ചേച്ചിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല...

വൈക്കത്ത് പഠിക്കുമ്പോഴും നമ്മള് ഒന്നിച്ചായിരുന്നു. ചേച്ചി എന്നെ വീണ്ടും ഓര്‍മിപ്പിച്ചു. ഓമനച്ചേച്ചിയുടെ (അച്ഛന്റെ സഹോദരി) കൂടെയാണ് താമസിച്ചിരുന്നതെങ്കിലും അവിടെ അതിഥികള്‍ ആരെങ്കിലും വരുമ്പോള്‍ ഞങ്ങള്‍ അന്യരായിപ്പോകുന്ന ഒരവസ്ഥ മനസ്സിനെ വേട്ടയാടാറുണ്ടായിരുന്നു. അമ്മയുടെ അഭാവത്തില്‍ ഞാന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞുറങ്ങിയ രാത്രികള്‍. ഞാനും കരഞ്ഞു കൊണ്ട് നിന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുറങ്ങുമായിരുന്നു- ചേച്ചിയും പറഞ്ഞു...

ചേച്ചി കോയമ്പത്തൂരില്‍ പഠിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടോ? ഇത്തവണ ഞാനാണ് സംഭാഷണത്തിന് തുടക്കമിട്ടത്. എന്നെ കളിയാക്കാനല്ലേ... ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു. എനിക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ വീട്ടില്‍ ഓടിയെത്തുന്നത്. തിങ്കളാഴ്ച രാവിലെ കോയമ്പത്തൂര്‍ക്കുള്ള ബസില്‍ ചേച്ചിയെയും കൊണ്ടുള്ള യാത്ര മനസ്സില്‍ തെളിഞ്ഞു വന്നു. ബി.എ.യ്ക്ക് പഠിക്കുന്ന ചേച്ചി ബസിലിരുന്ന് കരയുന്നത് കാണുമ്പോള്‍ കണ്ടക്ടറുടെ മനസ്സലിയും. 'എന്നമ്മാ അഴുകറേങ്ക...' (എന്തിനാണ് കരയുന്നത്) അയാള്‍ വീണ്ടും വീണ്ടും ചോദിക്കും. ഉത്തരം പറയാതെ ചേച്ചി ഏങ്ങലടിച്ച് കരയും. ബസിലെ എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങളിലേക്ക് തിരിയും. ഈ സംഭവം ഇന്നാണെങ്കില്‍ നീ നാട്ടുകാരുടെ അടി കൊണ്ടേനേ... ചേച്ചി കുലുങ്ങിച്ചിരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാകുമ്പോഴേക്കും പെട്ടിയും കിടക്കയുമായി ചേച്ചി തിരുപ്പൂരെ വീട്ടിലെത്തില്ലേ- എനിക്കും ചിരിയടക്കാനായില്ല. 

ഇലയും കിണ്ടിയുമെടുത്ത് പുറത്തേക്ക് നടന്നോളൂ... ഇളയതിന്റെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. കൈകാലുകള്‍ ശുചിയാക്കി കാറില്‍ കയറുമ്പോള്‍ ചേച്ചി കൂടെയുള്ള ഒരു പ്രതീതി. എത്രയോ വട്ടം ഞാനും ചേച്ചിയും കൂടി ഈ അനുഭവങ്ങള്‍ പങ്കിട്ടിരിക്കുന്നു! പ്രത്യേകിച്ചും ചേച്ചിയുടെ അവസാന നാളുകളില്‍ ചേച്ചി ആശ്വാസം കണ്ടിരുന്നത് ഈ ഓര്‍മകളിലൂടെയായിരുന്നു. 

നീ ബിസിയായിരിക്കുമെന്നെനിക്കറിയാം. എന്നാലും സമയം കിട്ടുമ്പോഴൊക്കെ നീ എന്നെ വിളിക്കണം. എന്റെയടുത്ത് വരണം. നീ വരുമ്പോഴാണ്..ചേച്ചിക്ക് മുഴുമിക്കാന്‍ സാധിക്കില്ലായിരുന്നു.

നീ സൂക്ഷിക്കണം- ചേച്ചിയുടെ ശബ്ദം വീണ്ടും. ക്വാറന്റൈനും ഒറ്റപ്പെടലുകളുമൊന്നും നിന്നെ തളര്‍ത്തരുത്. അസുഖം മൂലം രണ്ടു വര്‍ഷത്തോളം ഞാനും ക്വാറന്റൈനിലെന്ന പോലെ ആയിരുന്നില്ലേ... ചേച്ചിയുടെ ശബ്ദം അകന്നകന്ന് പോകുന്ന പോലെ.. എന്റെ കണ്ണുകള്‍ ഈറനണിയുന്നോ...

Content Highlights: Snehaganga, Dr VP Gangadharan remembering his sister, Health