ത്രാട രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരു മൂന്നാം ക്ലാസ്സുകാരിയുടെയും ആറു വയസുകാരന്റെയും മുഖം മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. കുട്ടിത്തം മാറാത്ത ആ മുഖങ്ങൾ വാടിത്തളർന്നിരുന്നു. നടക്കാൻ പാടുപെടുന്ന അച്ഛന് കൈത്താങ്ങായി ആറു വയസ്സുകാരൻ. അമ്മയുടെ കൈയിൽ തൂങ്ങി മൂന്നു വയസ്സുകാരി... പട്ടിണിക്കോലങ്ങൾ. മനസ്സ് നീറുകയായിരുന്നു.

ഇവരെ എന്റെയടുത്ത് എത്തിച്ച സിസ്റ്ററിന്റെ വാക്കുകൾ മനസ്സിൽ തെളിഞ്ഞു നിന്നു പാവങ്ങളാണ് സാറേ... ഇന്നലെ ഒന്നും കഴിച്ചില്ല എന്നു പറഞ്ഞ് ആ ചേച്ചി എന്റെയടുത്തിരുന്ന് കരയുകയായിരുന്നു. അതു കൊണ്ടാണ് സാറ് പറഞ്ഞപ്പോൾ... സിസ്റ്ററിന് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

ഒരു സന്നദ്ധസംഘം സംഭാവന തന്ന അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന രണ്ടു കിറ്റുകൾ ഞാൻ അവർക്കു നൽകി. ഒരെണ്ണം നീ പിടിക്ക്, ഒരെണ്ണം ഞാൻ പിടിക്കാം. മൂന്നു വയസ്സുകാരിയുടെ കൈ മാറ്റിപ്പിടിച്ചു കൊണ്ട് അമ്മ ആറുവയസ്സുകാരനോട് പറഞ്ഞു. അങ്ങേർക്ക് ആവതില്ല സാറേ... ഭാരം തൂക്കാനൊന്നും സാധിക്കില്ല. കഴിഞ്ഞ ഓണക്കാലത്ത് കെട്ടിടം പണിക്കിടെ താഴെ വീണതാ... ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു.

****************************************

ഉത്രാട രാത്രിയിൽ ഉണ്ണാതുറങ്ങാതെ
ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു...
ഉണ്ണീടച്ഛനെ കാത്തിരുന്നു..

യൂസഫലി കേച്ചേരിയുടെ മനോഹരമായ വരികൾ. എം.എസ്.വിശ്വനാഥന്റെ ഈണത്തിന് മാധുര്യം പകർന്നത് യേശുദാസിന്റെയും ചിത്രയുടെയും ആലാപനം..
ഇങ്ങനെ കാത്തിരിക്കുന്ന എത്രയെത്ര ഉണ്ണിമാരും അമ്മമാരും... ആ മനോഹമായ ഗാനം മനസ്സിനെ തൊട്ടുണർത്തി കടന്നു പോയതറിഞ്ഞില്ല. പാട്ടു കേട്ട് ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ കണ്ട ആ കുടുംബത്തെക്കുറിച്ചുള്ള ചിന്തകൾ ഇടയ്ക്കിടെ മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടേയിരുന്നു. അതിനൊപ്പം നാടു കാണാൻ, പ്രജകളെ കാണാൻ ഇറങ്ങിത്തിരിച്ച മാവേലിയുടെ ചിത്രവും മനസ്സിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു....

**********************

നവതി ആഘോഷിച്ച ഒരു അച്ഛനമ്മമാരുടെ അടുത്തേക്കാണ് മാവേലി ആദ്യമെത്തിയത്. കാലു വേദന, നടുവേദന, ഉറക്കമില്ലായ്മ, ഗ്യാസിന്റെ ഉപദ്രവം... അങ്ങനെ അസുഖങ്ങളുടെ ഒരു നീണ്ട പട്ടിക പ്രതീക്ഷിച്ചു കൊണ്ടാണ് മാവേലി വീട്ടിനകത്തേക്ക് കാലെടുത്തു വെച്ചത്.
ഞങ്ങൾ സുഖമായി, സന്തോഷമായി ജീവിക്കുന്നു കേട്ടോ! പ്രായമായതിന്റെ അല്ലറ ചില്ലറ അസുഖങ്ങൾ അത്രയേയുള്ളൂ. ആ അമ്മ പറഞ്ഞു. പറമ്പിൽ നിന്ന് വെള്ളരിക്കയും ചേനയുമായി ഇവൾ ഇപ്പോൾ അകത്ത് കയറിയതേ ഉള്ളൂ. അവളുടെ സ്വന്തം കൃഷി ഉത്‌പന്നങ്ങൾ അമ്മയുടെ കൈപിടിച്ച് അച്ഛന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഇങ്ങനെയൊക്കെ ജീവിക്കാൻ സാധിക്കുന്നതിന് ദൈവത്തിന് നന്ദി പറയുന്നു. ഒരു കാര്യത്തിലും നിർബന്ധബുദ്ധിയില്ലാത്ത ഇദ്ദേഹത്തിന്റെ ജീവിതാവസാനം വരെ എനിക്കൊന്നും വരുത്തരുതേ എന്നു മാത്രമാണ് എന്റെ പ്രാർഥന. അമ്മയുടെ വാക്കുകൾ കേട്ട് മാവേലി കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നോ..

*** *** **** **** ***
ഓണമൊക്കെ അദ്ദേഹമുണ്ടായിരുന്നപ്പോളല്ലേ... അടുത്ത വീട്ടിൽ മാവേലിയെ വരവേറ്റത് പരിഭവത്തോടെ മറ്റൊരമ്മയാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും എന്റെ മക്കളും കൊച്ചുമക്കളും എന്നെ പൊന്നു പോലെ നോക്കുന്നുണ്ടെന്നുള്ളത് സത്യം തന്നെയണ്. അൻപതു വർഷം ഒന്നിച്ചുണ്ട ഓണം അത് എങ്ങനെ മറക്കും!! മാവേലി വീണ്ടും കണ്ണീരൊപ്പുന്നതു പോലെ.

*** *** **** **** ***
ഉച്ചവെയിലിൽ നടന്ന് ക്ഷീണിതനായാണ് മാവേലി അടുത്ത വീട്ടിലെത്തിയത്. ആൾ താമസമില്ലേ എന്ന് സംശയിച്ച് മാവേലി ഉമ്മറപ്പടിയിലിരുന്നു. പൂക്കളമില്ല. പകരം പൊട്ടിയ കുറേ കുപ്പികളും പേപ്പർ പ്ലേറ്റുകളും മാത്രം. പാതിയടഞ്ഞ മുൻവാതിൽ തള്ളിത്തുറന്ന് അകത്തു കയറിയ മാവേലി കണ്ടത് മുന്നിലെ ടി.വി.സ്ക്രീനിൽ കണ്ണും നട്ടിരിക്കുന്ന കുറേ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയുമാണ്. പിന്നെ മാറിയിരുന്ന് കളിക്കുന്ന കുറേ കൊച്ചു കുട്ടികളെയും. മാവേലി നാടു വാണീടും കാലം... ആരൊക്കെയോ ചേർന്ന് ഇടയ്ക്ക് പാടുന്നുണ്ടായിരുന്നു. കിലോമീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ്.. ടി.വി.സ്കീനിൽ നോക്കി ആരോ ഉച്ചത്തിൽ അലറുന്നതു കേട്ടു. കൊച്ചു കുട്ടികളും കളി നിർത്തി ആ ആരവത്തിൽ പങ്കു ചേരുന്നുണ്ടായിരുന്നു.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന് തന്നെ കളിയാക്കിയതാണോ! താൻ നാടു കാണാനിറങ്ങിയതിനെയും തന്റെ സഞ്ചാരത്തെയും കളിയാക്കുകയാണോ അവർ! മാവേലിക്കും സംശയം.

*** *** **** **** ***
നല്ലൊരു ഓണദിവസമായിട്ട് ഇതുവരെ എഴുന്നേറ്റില്ലേ കുളിയും കഴിഞ്ഞ് ഓണക്കോടിയുമുടുത്ത് മുന്നിൽ നിൽക്കുന്ന ചിത്രയുടെ പരിഹാസം കലർന്ന ശകാരം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. ങേ! ഇതുവരെ കണ്ട മാവേലിയുടെ സഞ്ചാരങ്ങൾ സ്വപ്നമായിരുന്നോ!

ദേ.. ഉമയും ദേതുവും കുഞ്ചൂസും കൂടി പൂക്കളമിടുന്നു ചിത്രയും പൂക്കളത്തിനടുത്തേക്ക് നീങ്ങി. എന്റെ മനസ്സ് നിറയെ സ്വപ്നത്തിൽ കണ്ട മാവേലിയുടെ ചിത്രമായിരുന്നു. ആ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അത് എന്റെ തന്നെ മുഖമായിരുന്നല്ലോ... അലസമായി ഫോൺ സ്ക്രീനിലൂടെ കണ്ണോടിച്ചു കൊണ്ട് കിടക്കയിൽത്തന്നെ കിടന്നു. ഹാപ്പി ഓണം, ഹാപ്പി ഓണം... മെസേജുകളുടെ കൂമ്പാരം. ബ്രഷ്നേവിന്റെ അമ്മയുടെ ഓണാശംസകൾ! 20 വർഷം മുമ്പ് ഞാൻ ചികിൽസിച്ച തമിഴ് പയ്യനാണ് ബ്രഷ്നേവ്. അടുത്തത് സാജന്റെ ഒരു നീണ്ട മെസ്സേജ് അതിൽ അവസാനം ഒരു മാവേലിയുമുണ്ട്. സ്വപ്നത്തിൽ ഞാൻ കണ്ട അതേ മാവേലി. അതെ എന്റെ മുഖമുള്ള മാവേലി.

ഉച്ചയൂണ് കഴിഞ്ഞ് പതിവില്ലാത്ത ഉറക്കവും കൂർക്കം വലിയും. ഓണസദ്യയുടെ സൈഡ് എഫകറ്റാണിത്.ചിത്രയുടെ ശബ്ദം വീണ്ടും. അതേ, ഇപ്പോൾ ഞാൻ ശരിക്കും ഉറക്കമുണർന്നിരിക്കുന്നു. എന്റെ മനസ്സിൽ ഉത്രാടരാത്രിയില്ല. ഓണമില്ല, മാവേലിയില്ല. മുന്നിൽ ചിരിച്ചു നിൽക്കുന്ന ചിത്രയും ഗോകുലും മാത്രം.

Content Highlights:Snehaganga, Dr VP Gangadharan Onam memories, Health