കൊറോണ വൈറസുകളും സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. അതിലൊരു സ്വപ്‌നമാണ് ഇന്നത്തെ കഥാതന്തു...

ചേട്ടാ, എനിക്കു മടുത്തു. ഞാന്‍ ജീവനൊടുക്കാന്‍ പോവുകയാണ്. ബാഗുമായി മുറിയിലേക്കു കടന്നു വന്ന ഡെല്‍റ്റാ വൈറസാണ് പറയുന്നത്. നിങ്ങള്‍ക്കാര്‍ക്കും എന്റെയത്ര യാത്ര വേണ്ടി വരുന്നില്ലല്ലോ. എത്ര നാളായി ഒന്ന് മനസ്സമാധാനമായി കിടന്നുറങ്ങിയിട്ടെന്ന് അറിയാമോ! ഈ ആഴ്ചയെങ്കിലും അവധി കിട്ടുമെന്ന് വിചാരിച്ചതാ. തിരികെ ചൈനയിലേക്കൊന്നു പോയിട്ടു വരാം എന്നു കരുതി ബാഗുമായി ഇറങ്ങിയതാ. അപ്പോഴാണ്.. ദേണ്ടെ കിടക്കുന്നു അവധി എടുത്തു കളഞ്ഞു. പണിത്തിരക്ക് കൂടി. എനിക്കിനി വയ്യ ചേട്ടന്മാരേ.. ഡെല്‍റ്റാ മോന്റെ കരച്ചില്‍ കേട്ട് കോവിഡ് വൈറസ് കുടുംബം ഒന്നാകെ ഉറക്കമുണര്‍ന്നു. കണ്ണു തിരുമ്മി ഉറക്കം കളയാന്‍ ശ്രമിക്കുന്നതിനിടെ ആല്‍ഫാ ചേട്ടനും ബീറ്റാ ചേട്ടനും ഗാമാ ചേട്ടനും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു, കൂട്ടത്തില്‍ ഇളയവനായ ഡെല്‍റ്റയുടെ സങ്കടം അവരുടെയും ഉറക്കം കളഞ്ഞെന്ന് തോന്നുന്നു. 

കൈയിലുണ്ടായിരുന്ന ബാഗ് ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ട് ഡെല്‍റ്റയും ചേട്ടന്മാരുടെ കൂടെ കട്ടിലില്‍ കയറിക്കിടന്നു. അമ്മവൈറസ് മാത്രം ഉറക്കം വരാതെ കുറേ നേരം മാനത്തേക്ക് കണ്ണും നട്ടു കിടന്നു. പതുക്കെപ്പതുക്കെ അമ്മയെയും ഉറക്കം കീഴ്‌പ്പെടുത്താന്‍ തുടങ്ങി. രണ്ടു വര്‍ഷം തികയാന്‍ പോകുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയിട്ട്. ഒരിക്കലും ചൈനയില്‍ നിന്ന് മറ്റൊരു കമ്യൂണിസ്റ്റ് ദേശത്ത് എത്തിപ്പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. ആദ്യമൊക്കെ ജനങ്ങള്‍ക്ക് ഞങ്ങളെ ഭയമായിരുന്നു. ബഹുമാനമായിരുന്നു. ദിനം തോറും വെറും രണ്ടക്കസംഖ്യയിലൊതുങ്ങുന്നത്ര ആളുകളില്‍ മാത്രം കയറിപ്പറ്റാന്‍ പറ്റിയിരുന്ന ഞങ്ങളെ കണ്ടു പിടിക്കാന്‍ പോലീസുകാരും ആരോഗ്യമേഖലയിലെ ജീവനക്കാരും, എന്തിനു പറയുന്നു! ഭരണാധികാരികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രി കണക്കു പുസ്തകം തുറക്കുമ്പോള്‍ ജനം ശ്വാസമടക്കിപ്പിടിച്ച് ടി.വിയുടെ മുന്‍പിലിരിക്കുന്ന ചിത്രം ഇതാ ഇപ്പോളെന്ന പോലെ എന്റെ മനസ്സിലുണ്ട്. 

ഇന്നത്തെ പുതിയ രോഗികളുടെ എണ്ണം  എന്ന് പറയുമ്പോഴേക്കും എല്ലാ ചാനലിലും ചര്‍ച്ച തുടങ്ങും. എല്ലാവരും ചര്‍ച്ചയില്‍ തങ്ങള്‍ കേട്ട അറിവും വിജ്ഞാനവും തങ്ങളുടെ തോന്നലുകളും എല്ലാം വിളമ്പും. എന്നെക്കുറിച്ച് അവര്‍ക്കാര്‍ക്കും ഒന്നുമറിയില്ലായിരുന്നു എന്നതാണല്ലോ സത്യം- അമ്മ വൈറസ് ഓര്‍ത്തു. 

അമേരിക്കയിലും യൂറോപ്പിലുമെല്ലാം പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു വീണപ്പോള്‍ കേരളം ലോകത്തോടു വിളിച്ചു പറഞ്ഞു- ഞങ്ങള്‍ കോവിഡിനെ ജയിച്ചിരിക്കുന്നു! കൊറോണ വൈറസിനെ ഞങ്ങള്‍ പിടിച്ചു കെട്ടിയിരിക്കുന്നു. പിന്നെയങ്ങോട്ട് അവാര്‍ഡുകളുടെയും പ്രശംസകളുടെയും ഒരു ഒഴുക്കു തന്നെയായിരുന്നു കേരളത്തിലേക്ക്. ലോകാരോഗ്യ സംഘടന മുതല്‍ ബി.ബി.സി. വരെ പ്രകീര്‍ത്തിച്ചു കേരളത്തെ. ഭരണാധികാരികള്‍ സന്തോഷത്തില്‍ ചിറകു വിരിച്ച് പറന്നു നടന്നു. ഭരണതലത്തിലെ ഉദ്യോഗസ്ഥരും പോലീസ് മേധാവികളും തങ്ങളുടെ കഴിവിനെ സ്വയം പ്രകീര്‍ത്തിച്ചു കൊണ്ട് വിജയഗാഥ ആലപിച്ചു കൊണ്ടിരുന്നു. ആരോഗ്യരംഗത്തുള്ളവര്‍ മാത്രം വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് വിളിച്ചു പറഞ്ഞ് വിലപിച്ചു കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ അവരുടെ ശബ്ദം അലിഞ്ഞില്ലാതായി. 

രണ്ടാം തരംഗവുമായി ഞങ്ങള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ അധികാരികള്‍ പകച്ചു പോയി- അമ്മ വൈറസിന് ചിരി വന്നു. എന്റെ മക്കളെക്കൂടി കണ്ടപ്പോള്‍ ജനവും പകച്ചു പോയി. ഇപ്പോളിതാ അതില്‍ ഇളവനായ ഡെല്‍റ്റ അവരുടെ ഇടയില്‍ ഓടിക്കളിച്ചു നടക്കുന്നു. കണക്കു പുസ്തകവുമായി മുഖ്യമന്ത്രി വീണ്ടും വന്നു. പുതിയ രോഗികളുടെ കണക്ക് അഞ്ചക്ക സംഖ്യയുടെ അങ്ങേയറ്റത്തേക്ക് നീങ്ങുന്നു. അതു കേട്ടിട്ടൊന്നും ജനം പക്ഷേ, ഞെട്ടിയില്ല.  ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ സ്വര്‍ണക്കടത്തുകളും കുഴല്‍പ്പണവും ബാങ്ക് തട്ടിപ്പും സ്ത്രീപീഡനവും സ്ത്രീധനദുരന്തങ്ങളും വലിയ വിഷയങ്ങളായി ഉണ്ടായിരുന്നു. ഈ വിഷയങ്ങള്‍ പലപാട് ചര്‍ച്ച ചെയ്യാന്‍ പലതരം വിദഗ്ധന്‍മാര്‍ മുന്നിലുണ്ടായിരുന്നുതാനും. പതുക്കെപ്പതുക്കെ ജനങ്ങള്‍ക്ക് ഞങ്ങളെ തീരെ ഭയമില്ലാതായി. ഒട്ടും ബഹുമാനമില്ലാതായി.  ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനിടെ അമ്മവൈറസ് തിരിഞ്ഞു കിടന്ന് മക്കളെ ചേര്‍ത്ത് കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു.

ഞങ്ങള്‍ ജനത്തിന് ചെയ്ത സഹായങ്ങള്‍ കുറച്ചു പേരെങ്കിലും ഓര്‍ത്താല്‍ നന്ന്. അമ്മ വൈറസ് വീണ്ടും സ്വപ്‌നലോകത്തേക്ക് കടന്നു. ജോലി ചെയ്യാതെ വയറു നിറയ്ക്കാനുള്ള സംവിധാനങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും ഒരുക്കിത്തന്നില്ലേ! എത്രയെത്ര സൗജന്യ ഭക്ഷണശാലകളാണ് ഞങ്ങള്‍ മൂലം തുറന്നത്! എത്രയെത്ര ആളുകള്‍ക്കാണ് ജോലി ചെയ്യുന്നില്ലെങ്കിലും ഒരു മുടക്കവുമില്ലാതെ ശമ്പളം വാങ്ങാന്‍ അവസരമുണ്ടാക്കിത്തന്നത്! സൗജന്യക്കിറ്റില്‍ മദ്യക്കുപ്പി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാണല്ലോ കുറച്ചു പേര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.  കൈയില്‍ കാശുള്ളവര്‍ക്ക് ഇഷ്ടഭക്ഷണം ഹോട്ടലില്‍ നിന്ന് വീട്ടിലെത്തിച്ചു കിട്ടാനുള്ള പ്രത്യേക സൗകര്യങ്ങളല്ലേ ഒരു തടസ്സവും കൂടാതെ ഉറപ്പാക്കിക്കിട്ടിയത്. ഇത്രയൊക്കെ സൗകര്യങ്ങള്‍ ഒരുക്കിത്തന്നിട്ടും എന്നെ- ഞങ്ങളെ- നിങ്ങള്‍ പഴിചാരുന്നത് എന്തിനാണ്! അമ്മ വൈറസിന് സങ്കടം വന്നു. 

സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറുമെല്ലാം താല്‍ക്കാലിക ശമനത്തിനു മാത്രമെന്നും പ്രതിരോധ കുത്തിവെപ്പു മാത്രമാണ് ഞങ്ങളെ തടയാനുള്ള ശക്തമായ വഴിയെന്നും നിങ്ങള്‍ തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കിത്തുടങ്ങിയതോടെയാണ് ഞങ്ങളുടെ അന്ത്യം അടുക്കുകയാണെന്ന് ഞങ്ങള്‍ക്കും മനസ്സിലായിരുന്നു. ക്വാറന്റീനും ലോക്ഡൗണുമെല്ലാം ഞങ്ങളെ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിച്ചു എന്നതും സത്യമാണ്. ഞങ്ങള്‍ തിരികെ നാട്ടിലേക്ക് - ഞങ്ങളുടെ ചൈനയിലേക്ക്- പോകാന്‍ തയ്യാറെടുത്തതായിരുന്നു. തിക്കും തിരക്കും ഒഴിവാക്കി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത് മുന്നോട്ടു കുതിച്ച നിങ്ങളുടെ മുന്നില്‍ പരാാജയം സമ്മതിച്ച് കീഴടങ്ങുകയല്ലേ ഞങ്ങള്‍ക്ക്് വഴിയുണ്ടായിരുന്നുള്ളൂ! ഞങ്ങളെ വിട്ടു പിരിയാന്‍ നിങ്ങള്‍ക്കും അത്ര മനസ്സില്ലെന്ന് പിന്നീടല്ലേ അറിയുന്നത്!  ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന ദിവസങ്ങളും പ്രവര്‍ത്തന സമയവും വെട്ടിക്കുറച്ച് അവിടെയൊക്കെ ആളുകളെ ക്യൂ നിര്‍ത്തിയും തിരക്കു കൂട്ടിയും തന്നപ്പോള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. മദ്യ വില്പനശാലകളില്‍ ക്യൂ നില്‍ക്കുന്നവര്‍ എന്നും ഞങ്ങളുടെ കൂട്ടുകാരും സഹായികളുമായിരുന്നു എന്ന സത്യം മറച്ചു വെക്കുന്നില്ല. 

ഞങ്ങള്‍ ആല്‍ഫയും ബീറ്റയും ഗാമയും ഡെല്‍റ്റയും ഒക്കെയായി മാറിയത് എങ്ങനെയെങ്കിലും ജീവിച്ചു പോകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വിശ്രമമില്ലാത്ത ജീവിതം. ഞങ്ങള്‍ക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.  നിങ്ങളുടെ ലോക്ടഡൗണും ട്രിപ്പിള്‍ ലോക്ഡൗണുമൊക്കെ മാത്രമാണ് ഞങ്ങളുടെ വിശ്രമ ദിനങ്ങള്‍. വിശ്രമമില്ലാതെ കൂടുതല്‍ ഓടിനടക്കേണ്ടി വരുന്നത് ഇളയവനായ ഡെല്‍റ്റയ്ക്കു തന്നെയാണ്. അതാണ് അവന്‍ ഇന്നു വന്ന് ലഹള കൂട്ടിയത്.  ഈ വെള്ളിയാഴ്ച ചൈനയിലേക്ക് പോയിട്ടു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍. കേരളാ സ്‌പെഷ്യലായ ഉണക്കക്കപ്പയും ഉണക്കമീനുമെല്ലാം ബാഗിലാക്കി തയ്യാറെടുത്തു നിന്നതാണവന്‍. പാവം കൊച്ചു കുട്ടി! പെരുന്നാള്‍ പ്രമാണിച്ചും മറ്റു പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ നിയന്ത്രണങ്ങളെല്ലാം മാറ്റി മാറ്റി കൊണ്ടു പോയപ്പോള്‍ അവന് പിന്നെയും തിരക്കായി. അവന്റെ അവധികള്‍ ഒഴിവാക്കേണ്ടി വന്നു. സ്വന്തം നാട്ടിലേക്കുള്ള അവന്റെയൊരു സ്വപ്‌നയാത്രയാണ് നഷ്ടപ്പെട്ടത്. കുഞ്ഞു മനസ്സല്ലേ എന്റെ ഡെല്‍റ്റക്കുട്ടന്റേത്... അവന് എന്തുമാത്രം നൊന്തുകാണും! അമ്മ വൈറസ് ഡെല്‍റ്റക്കുഞ്ഞിനെ കെട്ടിപ്പിടിച്ചു കിടന്നു. ഇനി എന്നാണാവോ ജോലിത്തിരക്കെല്ലാം തീര്‍ന്ന് ഒരു അവധി കിട്ടുന്നത്! നാട്ടിലേക്കുള്ള യാത്ര എനിക്കും എന്റെ വൈറസ് കുഞ്ഞുങ്ങള്‍ക്കും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുമോ...

Content Highlights: Snehaganga, Dr.V.P. Gangadharan writes about Covid19 pandemic, Health, Covid19