ങ്ങള്‍ സുഹൃത്തുക്കളായിരുന്നു. സഹപാഠികളായിരുന്നു. ഒരേ ബഞ്ചിലിരുന്ന് ആറു വര്‍ഷം പഠിച്ചതാണ്. അവന്‍ ഒരു കാര്‍ കമ്പനിയില്‍ ഇന്ന് വലിയ ഉദ്യോഗസ്ഥനാണ്. ഞാന്‍ ഒരു കാര്‍ ഡ്രൈവറും. അവന് ഇന്ന് എന്നെ കണ്ടാല്‍ പുച്ഛമാണ്. ഒഴിഞ്ഞുമാറും. ആദ്യമൊക്കെ ഞാന്‍ കയറിച്ചെന്ന് സംസാരിക്കുമായിരുന്നു. പിന്നെ പിന്നെ അത് വേണ്ടെന്നു വെച്ചു. പണമില്ലാത്തവന്‍ പിണം, അല്ലേ സാറേ! എന്റെ ആദ്യകാല സാരഥിയുടെ വാക്കുകളാണിത്.

പദവിയും പണവുമാണ് പ്രധാനം സാറേ. സ്നേഹവും സുഹൃദ്ബന്ധവുമൊക്കെ അതിനു ശേഷം മാത്രം. ശരിയാണ് എന്ന അര്‍ഥത്തില്‍ ഞാന്‍ പല തവണ തല കുലുക്കി സമ്മതിച്ചിട്ടുണ്ട്.

പക്ഷേ, ഇതിന് അപവാദമായും ചുരുക്കം ചിലരുണ്ട്. അങ്ങനെയുള്ള ഒരാളെ എനിക്ക്, അല്ല, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. അദ്ദേഹം ഇക്കഴിഞ്ഞ ദിവസം അന്തരിച്ചു. സെപ്റ്റംബര്‍ 17-ാം തീയതി. അദ്ദേഹമോ പേര് വിളി ഗംഗാജീ... അതെ. വിശ്വംഭരന്‍ തന്നെയാണ് അതു പറയുന്നതും. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വംഭരന്റ ശബ്ദം.

1970-73 കാലഘട്ടം. ഞാന്‍ മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. അന്ന് എന്റെ ഓമനപ്പേര് പാണ്ടി. പാട്ട, കള്ള്, കഥകളി, പുഴുക്ക്, തൊരപ്പന്‍... അങ്ങനെ നീണ്ടു പോകുന്ന സുഹൃത്നിര. എല്ലാവരും മഹാരാജകീയ കലാലയത്തിലെ ഹോസ്റ്റല്‍ അന്തേവാസികള്‍. ഞങ്ങളുടെ ഇടയിലേക്ക് വിശ്വംഭരന്‍ എത്തുന്നത് 1971ലാണ്. എം.എസ്്സി ബോട്ടണി വിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി. ഹോസ്റ്റലിലെ കോറിഡോറില്‍ വെച്ച് കണ്ടുമുട്ടിയ ആദ്യദിവസം ഇന്നും എന്റെ ഓര്‍മയിലുണ്ട്. ഒട്ടും മങ്ങാതെ. അന്നു മുതല്‍ക്കുള്ള സുഹൃത്ബന്ധം - അതിന്റെ താളുകള്‍ മനസ്സില്‍ ഒന്നൊന്നായി മറിഞ്ഞു കൊണ്ടിരുന്നു.

വളരെപ്പെട്ടെന്നു തന്നെ വിശ്വംഭരന്‍ ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു. ഡിഗ്രി വിദ്യാര്‍ഥികളായ ഞങ്ങളുടെ കൂട്ടത്തില്‍ ചേരുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ മുഖങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു. പാലായിലും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള സെബാസ്റ്റ്യന്മാര്‍, പോള്‍, രാമു, വിശ്വംഭരന്‍... ആ പട്ടിക നീണ്ടുപോകുന്നു.
രാഷ്ട്രീയമായി ഭിന്നാഭിപ്രായക്കാരായിരുന്നെങ്കിലും സുഹൃത്തുക്കള്‍ എന്ന വികാരം ഞങ്ങളെ ഒരേ ചരടില്‍ കോര്‍ത്തിരുന്നു. സെക്കന്‍ഡ് ഷോയ്ക്ക് പോകാമെടോ... ഷേണായീസില്‍ പുതിയ സിനിമ... ആരെങ്കിലും ഇതു പറഞ്ഞ് കേള്‍ക്കേണ്ട താമസം എല്ലാവരും റെഡി.

എന്റെ കൈയില്‍ നയാ പൈസയില്ല കേട്ടോ! - ഈ തുറന്നു പറച്ചില്‍ അന്ന് ഞങ്ങള്‍ക്കിടയില്‍ സര്‍വസാധാരണമായിരുന്നു. ആരെങ്കിലും ഒരാളുടെ കൈയില്‍ പൈസയുണ്ടെങ്കില്‍ എല്ലാവരും സിനിമയ്ക്ക് പോയിരിക്കും. ഇരിക്കുന്നത് തീയേറ്ററിന്റെ ഏറ്റവും മുന്‍വരിയിലായിരിക്കും. അതാണ് പതിവ്. പൈസ തീരെക്കുറവുള്ള ദിവസങ്ങളില്‍ സിനിമ കാണാനുള്ള യാത്ര ലക്ഷ്മണ്‍ തീയേറ്ററിലേക്ക് മാറ്റും. അവിടെ തലയൊന്നിന് 50 പൈസ മതി. എത്രയെത്ര സിനിമകള്‍, സെക്കന്‍ഡ്ഷോകള്‍... നിറം മങ്ങാത്ത ഓര്‍മച്ചിത്രങ്ങള്‍. അക്കൂട്ടത്തിലുണ്ട് വിടര്‍ന്ന പുഞ്ചിരിയും തെളിഞ്ഞ കണ്ണുകളുമായി പ്രസരിപ്പോടെ നില്‍ക്കുന്ന വിശ്വംഭരന്‍.

ഐ.എ.എസ്. എന്ന മൂന്നക്ഷരവും കളക്ടര്‍ പദവിയും കാര്‍ഷിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പട്ടവുമൊന്നും വിശ്വംഭരന്‍ എന്ന മനുഷ്യനെ കൂട്ടുകാരില്‍ നിന്ന് ഒട്ടും അകറ്റിയില്ല. പദവികളും സ്ഥാനങ്ങളുമൊന്നും ആ മനുഷ്യനില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നതു തന്നെയാണ് ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന വലിയ സവിശേഷതയും.

ഗംഗാജീ... ഞാന്‍ തിരുവനന്തപുരത്തുണ്ട്. വൈകിട്ട് വീട്ടില്‍ ശാപ്പാടിന് ഞാനുണ്ടാകും....
ഗംഗാജീ ഞാന്‍ എത്തിയിട്ടുണ്ട് കേട്ടോ.. കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് തല നീട്ടിക്കൊണ്ടാവും ചിലപ്പോള്‍ വിശ്വംഭരന്റെ അറിയിപ്പ്. മിക്കപ്പോഴും ആ തലയ്ക്കൊപ്പം മറ്റൊരു തല കൂടിയുണ്ടാകും. അത് പാലക്കനായിരിക്കും. എനിക്ക് നഷ്ടപ്പെട്ട മറ്റൊരു ആത്മസുഹൃത്ത്. മണിക്കൂറുകളോളം ഞങ്ങള്‍ ഒരുമിച്ചിരുന്ന് മഹാരാജാസ് ജീവിതം പങ്കുവെക്കും. വളരെ പെട്ടെന്നു തന്നെ ഗോകുലിനും അപ്പുവിനും പ്രിയപ്പെട്ട അങ്കിളായി വിശ്വംഭരന്‍ മാറിയിരുന്നു. ചിത്രാജീ, ഇഡ്്ലിയും സാമ്പാറും കഴിക്കാന്‍ ഞാന്‍ ഇനിയും വരും കേട്ടോ. ഈ കട്ടിലും കിടക്കയും ഞാന്‍ റിസര്‍വു ചെയ്തിരിക്കുകയാണു കേട്ടോ... യാത്ര പറഞ്ഞ് ചിരിയോടെ ഇറങ്ങുന്ന വിശ്വംഭരന്റെ രൂപം മനസ്സില്‍ നിന്ന് മായുന്നില്ല.

സാധാരണക്കാരുടെ കളക്ടര്‍, ജനകീയനായ കളക്ടര്‍, സഹപ്രവര്‍ത്തകര്‍ക്ക് സ്നേഹ സമ്പന്നനായ ആദരണീയനായ മേലുദ്യോഗസ്ഥന്‍... ആ വിശേഷണങ്ങള്‍ അങ്ങനെ നീണ്ടു പോകുന്നു. വിശ്വംഭരന്‍ ജനങ്ങളുടെ ഇടയിലേ ജീവിക്കാനാകൂ. പിന്നെയെങ്ങനെ ജനകീയനാകാതിരിക്കും! അത് മറ്റൊരു മഹാരാജകീയന്റെ സ്നേഹഭരിതമായ കമന്റ്.

ഞങ്ങള്‍ പഴയ കാല മഹാരാജകീയന്മാര്‍- അതില്‍ കുറച്ചു പേരുടെ ഒരു ഒത്തുചേരലുണ്ടായിരുന്നു. അത് അനുശോചനയോഗമായിരുന്നില്ല. ആരും വിശ്വംഭരനെക്കുറിച്ചു പറഞ്ഞ് കരഞ്ഞില്ല. ദുഃഖം പങ്കു വെക്കുന്ന പ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവരും പങ്കുവെച്ചത് വിശ്വംഭരനുമായുള്ള സ്നേഹാനുഭവങ്ങളായിരുന്നു. ഗാനമേള, നാടകം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, കോളേജ് തിരഞ്ഞെടുപ്പ്, മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇന്ദിരാഗാന്ധിയുടെ പ്രസംഗം- കല്ലേറ്. അതിനെത്തുടര്‍ന്ന് പോലീസ് മഹാരാജാസ് ഹോസ്റ്റലില്‍ കയറിയുണ്ടായ സംഘര്‍ഷം... മണിക്കൂറുകളോളം ഞങ്ങളെല്ലാവരും കോളേജ് കുമാരന്മാരായി. ഔദ്യോഗിക തലത്തില്‍ വിശ്വംഭരനുമായുള്ള അനുഭവങ്ങളും പലരും പങ്കു വെച്ചു. ഒരിക്കല്‍ക്കൂടി പറയട്ടെ- ആരും കരഞ്ഞില്ല. ചിരിക്കാന്‍ മാത്രം അറിയാവുന്ന വിശ്വംഭരന് തന്റെ പേരു പറഞ്ഞ് കൂട്ടുകാര്‍ കരയുന്നത് ഇഷ്ടമാവില്ലല്ലോ എന്ന് എല്ലാവരുടെയും മനസ്സ് വിളിച്ചു പറയുന്നതു പോലെ.

നമ്മുടെ ഇടയില്‍ നിന്ന് ഓരോരുത്തരായി പൊഴിഞ്ഞു പോവുകയാണ്... അത് തമ്പിയുടെ വാക്കുകളായിരുന്നു.
നമ്മളെല്ലാം കൂടൂതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതു പോലെ... അത് മറ്റൊരാളുടെ വാക്കുകള്‍.

വിശ്വംഭരന്റെ സ്ഥിരം പാട്ട് ഓര്‍ക്കുന്നുണ്ടോ... ശശിയുടെ ചോദ്യത്തിന് മിക്കവര്‍ക്കും മറുപടിയുണ്ടായിരുന്നു - ചിത്രശിലാപാളികള്‍ കൊണ്ടൊരു... ബ്രഹ്‌മചാരി സിനിമയില്‍ യേശുദാസ് പാടിയ മനോഹരഗാനം. വയലാര്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം പകര്‍ന്ന പാട്ട്. ആ പാട്ടും പാടി വിശ്വംഭരന്‍ സ്വര്‍ഗത്തില്‍ പുഞ്ചിരിവിതറി നടക്കുന്നുണ്ടാകും- ഞാന്‍ മനസ്സില്‍ പറഞ്ഞു.
വിശ്വംഭരന്റെ അവസാന നാളുകളില്‍ കാണാന്‍ ഞാന്‍ പോയില്ല. മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തില്ല. അന്വേഷണങ്ങള്‍ മുടക്കമില്ലാതെ നടത്തിയെന്നു മാത്രം. ആ രംഗങ്ങള്‍ മനസ്സില്‍ പതിയേണ്ടെന്ന് വിചാരിച്ചു. എനിക്ക് മനസ്സില്‍ സൂക്ഷിക്കാന്‍, ഓര്‍ത്തു രസിക്കാന്‍ ആ പഴയ, മധുരിക്കുന്ന ഓര്‍മകള്‍ മതി. ആ ചിരിക്കുന്ന മുഖം മതി. ഞങ്ങള്‍ക്കും അതു മതി- ബാലു, റോണി, രവി, ശങ്കരന്‍, ഫിലിപ്പ്, തോമാ... ആ പട്ടികയും നീണ്ടു പോകുന്നു. അവരുടെയെല്ലാം വാക്കുകള്‍ ഒന്നു തന്നെയായിരുന്നു. ഒരേ സ്വരത്തില്‍ അവര്‍ പറഞ്ഞു- ഞങ്ങള്‍ക്കും വിശ്വംഭരന്റെ ആ ചിരിക്കുന്ന സ്നേഹസ്മരണകള്‍ മതി...

Content Highlights: Snehaganga, Dr.V.P. Gangadharan shares his patients memories, Cancer Awareness, Health