ടുത്ത മാസം എട്ടാം തീയതി നിന്റെയും അച്ഛന്റെയും പിറന്നാളാണ്- കര്‍ക്കടകത്തിലെ വിശാഖം. അമ്പലത്തിലെ പൂജയ്ക്കൊക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്. അന്നു രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങാതെ വരാറുള്ള അമ്മയുടെ കത്തിലെ വരികള്‍. ആ വരികള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന അമ്മയുടെ ചിരിമായാത്ത മുഖവും ഇന്നു മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
അതെങ്ങനെ മായും... - അമ്മയുടെ ശബ്ദമായിരുന്നു അത്.

അച്ഛന്റെ മരണശേഷവും പതറുന്ന സ്വരത്തില്‍ അമ്മയുടെ ഫോണ്‍കോള്‍ വരുമായിരുന്നു. നാളെ നിന്റെ പിറന്നാളാണ്. അമ്പലത്തില്‍ പോകണം... അമ്മയുടെ മരണ ശേഷം ചേച്ചി ആ ദൗത്യം ഏറ്റെടുത്തു. ഇപ്പോള്‍ ചേച്ചിയുടെ മകള്‍ അഞ്ജനയാണ് ആ ദിവസം എന്നെ ഓര്‍മിപ്പിക്കുന്നത്. ഈ കര്‍ക്കടകം കഴിഞ്ഞപ്പോള്‍ ഞാനിതാ 67 വര്‍ഷങ്ങളിലെ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു. പിറന്നാള്‍ ദിനത്തിലെ ആശംസകളുടെ വഴിയും രീതിയും ഭാവവുമെല്ലാം ആകെ മാറിയിരിക്കുന്നു. കത്തില്‍ നിന്ന് നിറപ്പകിട്ടാര്‍ന്ന ആശംസാ കാര്‍ഡിലൂടെ-ഫോണിലൂടെ- ഫോണ്‍ സന്ദേശങ്ങളിലും ഇ മെയിലുകളിലും സോഷ്യല്‍ മീഡിയാ സന്ദേശങ്ങളിലും എത്തി നില്‍ക്കുന്നു ഇന്നത്തെ പിറന്നാള്‍ ദിന ആശംസകള്‍.

ഹാപ്പി ബര്‍ത് ഡേ... ജീവനില്ലാത്ത ഈ വാക്കുകള്‍ യാന്ത്രികം എന്ന് ഞാന്‍ വിശേഷിപ്പിച്ചാല്‍ എന്നെ ന്യൂജന്‍കാര്‍ വയസ്സനെന്ന് വിശേഷിപ്പിക്കുമെന്ന് എനിക്കറിയാം. പക്ഷേ, സ്നേഹത്തില്‍ ചാലിച്ച അമ്മയുടെ കൈയക്ഷരത്തിനു മുന്നില്‍, മാധുര്യം കലര്‍ന്ന ചേച്ചിയുടെ സ്വരത്തിനു മുന്നില്‍, ഗംഗമ്മാമാ... എന്ന് ആരംഭിക്കുന്ന രഞ്ജനയുടെ സന്ദേശത്തിനു മുന്നില്‍ ഹാപ്പി ബര്‍ത് ഡേയ്ക്ക് ജീവനില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ പിറന്നാള്‍ ദിനം എന്റെ മുന്നിലേക്ക് ഓടിയെത്തി.

പിറന്നാള്‍ ദിനത്തിന് ഒരാഴ്ച മുമ്പ് ഒരു സുഹൃത്ത് ഫെയ്സ് ബുക്കിലൂടെ എനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. ഇന്ന് എന്റെ ജന്മദിനമല്ല, താങ്കള്‍ക്ക് തെറ്റിപ്പോയി എന്ന് അറിയിക്കുന്നതിനു മുമ്പു തന്നെ ജന്മദിനാശംസകളുമായി കുറേയധികം പേരുടെ സന്ദേശങ്ങള്‍ ഫോണിലൂടെ ഓടിയെത്തി. നന്ദി! പക്ഷേ, ഇന്നല്ല എന്റെ ജന്മദിനം എന്ന് ഞാന്‍ മറുപടി കൊടുത്തുകൊണ്ടേയിരുന്നു.
ക്ഷമിക്കണം.. താങ്കളുടെ ശരിയായ ജന്മദിനം എന്നാണ് എന്ന് ചോദിച്ചു കൊണ്ട് വീണ്ടും അവരില്‍ ചിലരുടെ ഫോണ്‍ സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയപ്പോളാണ് ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കിയത്. പിന്നീടുള്ള മറുപടികളില്‍ ഞാന്‍ ചെറിയ ഒരു മാറ്റം വരുത്തി അത് ഇങ്ങനെയാക്കി- നന്ദി. പക്ഷേ, എന്റെ ജന്മദിനം അടുത്ത ഞായറാഴ്ചയാണ്... എന്നതിനു വന്ന മറുപടി സന്ദേശങ്ങള്‍ ഒരു സോറിയില്‍ ഒതുങ്ങി നിന്നു.

കേക്ക് മുറിയ്ക്കണ്ടേ... ഇന്ന് പിറന്നാളല്ലേ? ഞങ്ങ അങ്ങാട് വരട്ടേ...
പാത്തുവിന്റെ വാക്കുകള്‍ക്ക് കേക്കിനെക്കാള്‍ ഇരട്ടി മധുരം. എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് നാലു വയസ്സുകാരിയായ പാത്തുവിന്റെ ചിത്രമായിരുന്നു. 10 വര്‍ഷം മുമ്പ്് ചികില്‍സയിലായിരുന്നു പാത്തു. വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുമായിരുന്നു അവള്‍. എല്ലാ മരുന്നുകളുടെയും പേരുകളും അത് എടുക്കേണ്ട ദിവസങ്ങളും പറയുമായിരുന്ന പാത്തു ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവള്‍ തന്നെ ആയിരുന്നു. വൈകിട്ട് അഞ്ചുമണി കഴിഞ്ഞപ്പോള്‍ കേക്കുമായി പാത്തു എത്തി. അവള്‍ക്ക് പൊക്കം വെച്ചിരിക്കുന്നു. ഒരു സുന്ദരിക്കുട്ടിയായി മാറിയിരിക്കുന്നു. കൂടെ അവളുടെ ഉമ്മയും പിച്ച വെച്ചു നടക്കുന്ന കൊച്ചനുജനുമുണ്ടായിരുന്നു. കേക്കെടുത്ത് സ്റ്റൂളില്‍ വെക്കണ്ട താമസം- അതിന്റെ മുകളിലെ ക്രീം ഒരാള്‍ വടിച്ചെടുത്തു കഴിഞ്ഞിരുന്നു.

നീ ഇതെന്താ ഈ കാണിക്കണേ... പാത്തു കൊച്ചനുജനെ ശകാരിച്ചു.
കേക്ക് മുറിച്ചു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ തിരിഞ്ഞു നിന്ന് പാത്തു ചോദിച്ചു- അടുത്ത മാസം എന്റെ പിറന്നാളാ. അങ്കിള്‍ എനിക്ക് എന്തു വാങ്ങിച്ചു തരും പിറന്നാള്‍ സമ്മാനമായിട്ട്?
എന്തു വേണം നിനക്ക് എന്ന എന്റെ ചോദ്യം മുഴുമിക്കും മുമ്പേ അവള്‍ പറഞ്ഞു- ഒരു ഉടുപ്പ് മതി. മഞ്ഞ ഉടുപ്പ്.
ഇന്നും അവള്‍ അതേ നാലു വയസ്സുകാരി. ഞാന്‍ മനസ്സിലോര്‍ത്തു. അങ്കിളേ ഇനിയും കേക്ക് വേണമെന്നു പറഞ്ഞ് അവന്‍ കരയുകയാ... വീണ്ടും പാത്തു മുറിയിലേക്ക് കടന്നു വന്നു. കേക്കിന്റെ കഷണവുമായി പുറത്തേക്കിറങ്ങിയ പാത്തു ഒരു നിമിഷം തിരിഞ്ഞു നിന്നു- എന്റെ ഉടുപ്പിന്റെ കാര്യം മറക്കല്ലേ...
ചിരിച്ചു കൊണ്ട് അവള്‍ നടന്നകന്നു. അവള്‍ എന്നും ഇതു പോലെ കുട്ടിയായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി.

സാറേ... കുട്ടികള്‍ സാറിനെ കാണാന്‍ വരണമെന്നു പറഞ്ഞ് ശാഠ്യം പിടിക്കുന്നു. കുട്ടികളുടെ വാര്‍ഡിലെ നഴ്സ് ഫോണില്‍ വിളിച്ചു. നിമിഷങ്ങള്‍ക്കകം കുട്ടികള്‍ എന്റെ മുറിയിലേക്ക് തള്ളിക്കയറി വന്നു. ഒരാളുടെ കൈയില്‍ പൂച്ചെണ്ട്. മറ്റൊരാളുടെ കൈയില്‍ മെഴുകുതിരി. തീപ്പെട്ടിയുമായി മറ്റൊരാള്‍. കൈയില്‍ കുഞ്ഞു പൊതികളുമായി മറ്റുളളവരും. ഹാപ്പി ബര്‍ത് ഡേ... അങ്കിള്‍...മനസ്സില്‍ കളങ്കമില്ലാത്ത ആ കുഞ്ഞുങ്ങളുടെ ഹാപ്പി ബര്‍ത് ഡേ ആശംസകള്‍ക്ക് ജീവനുണ്ടായിരുന്നു. ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെ അവര്‍ ഒരു കോറസ്സായി ഹാപ്പി ബര്‍ത് ഡേ പറഞ്ഞു- അല്ല. പാടി.

ഇനിയെന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അവരെ ഞാന്‍ എന്റെ അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തി. കേക്ക് മുറിച്ച ശേഷം പുറത്തേക്കിറങ്ങുന്ന വേളയില്‍ അവര്‍ ഓരോരുത്തരായി എന്റെ അടുത്ത് വന്ന് കൈകളില്‍ ഒരുമ്മ തന്ന് നടന്നു നീങ്ങി. ഞാന്‍ ചുവരിലെ കലണ്ടറിലേക്ക് നോക്കി. ഓഗസ്റ്റ് 7 എന്ന അക്കം എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി.

സന്തോഷ ജന്മദിനം കുട്ടിക്ക്... ഈണത്തില്‍ പാടിക്കൊണ്ട് ഗോകുലും അപ്പുവും ഉമയും ദേതുവും വീട്ടിലെ എന്റെ മുറിയിലേക്ക് കടന്നുവന്നു. ഏറ്റവും പുറകിലായി രമയും ഉണ്ടായിരുന്നു. ഇന്ന് കര്‍ക്കടകത്തിലെ വിശാഖം. നിന്റെയും അച്ഛന്റെയും പിറന്നാള്‍... അമ്മയുടെ ശബ്ദം അവിടെ മുഴങ്ങുന്നതു പോലെ.

അച്ചച്ചന്റെ പിറന്നാളാണോ... അവരുടെ ഇടയില്‍ നിന്ന് കുഞ്ചി എന്റെ അടുത്തേക്ക് നടന്നു വന്നു. കേക്കു മുറിക്കാം. അവള്‍ കൈകള്‍ നീട്ടി. ആ കൈകളില്‍, മുറിക്കാന്‍ വെച്ചിരിക്കുന്ന കേക്കിന്റെ ക്രീം ഉണ്ടായിരുന്നു ഞാന്‍ വീണ്ടും പഴയ ഗംഗയായ പോലെ. മനസ്സില്‍ കുട്ടിക്കാലത്തെ പിറന്നാള്‍ ദിനങ്ങള്‍ മിന്നി മറഞ്ഞു.

നേരത്തേ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. കഷ്ടമായിപ്പോയി- ഞാന്‍ അമ്പലത്തില്‍ വഴിപാട് കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ വിളിച്ചതാണ്. പാലക്കാട്ടു നിന്ന് ഭുവനേശ്വരിയുടെ പരിഭവം. എനിക്ക് പിറക്കാതെ പോയ എന്റെ മോന് ഒരായിരം ജന്മദിനാശംസകള്‍ വരാപ്പുഴയില്‍ നിന്ന് അമ്മയുടെ ആശംസകള്‍...
ആശംസകളുടെ പട്ടിക നീണ്ടു പൊയ്ക്കൊണ്ടിരുന്നു.

ഇവിടെ വന്നപ്പോളാണ് ഡോക്ടറുടെ പിറന്നാളാണെന്ന് അറിഞ്ഞത്. ഹാപ്പി ബര്‍ത്ത് ഡേ...
കൈയിലുണ്ടായിരുന്ന റോസാപ്പൂ എന്റെ നേരേ നീട്ടിക്കൊണ്ട് കീമോതെറാപ്പി വാര്‍ഡിലെ പരിശോധനയ്ക്കിടയില്‍ റോസ്ലി തുടര്‍ന്നു. ഇന്ന് അമ്മയുടെ കീമോതെറാപ്പി ദിവസമല്ലേ! അതു കൊണ്ട് ഞാന്‍ ഇന്നലെ ബോംബെയില്‍ നിന്ന് പറന്നെത്തി. ഇതാ ഡോക്ടര്‍ക്കുള്ള ഒരു പായ്ക്കറ്റ് ബിസ്‌കറ്റ് കൂടി... പിറന്നാള്‍ സമ്മാനമായിട്ട് ഇത് അമ്മ കൊടുക്ക്...
അമ്മയുടെ കൈയില്‍ നിന്ന് ബിസ്‌കറ്റും വാങ്ങി ഞാന്‍ അടുത്ത രോഗിയുടെ അടുത്തേക്ക് നടന്നു.
എന്തൊക്കെയുണ്ട് വിശേഷം... എന്റെ ചോദ്യത്തിന് ഉത്തരം തരാതെ മനോജ് കിടക്കയില്‍ നിന്ന് എഴുന്നേറ്റു. എന്റെ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു- ജന്മദിനാശംസകള്‍! എന്റെ കൈയില്‍ സാറിന് തരാന്‍ ഒന്നുമില്ല. രോഗിയായതോടെ എല്ലാം... എല്ലാം.. തീര്‍ന്നു സാറേ...
എന്റെ അസുഖം മാറുമ്പോള്‍ ഞാന്‍ ഹരിദ്വാറിലേക്ക് പോകും. അന്ന് ഞാന്‍ സാറിനു വേണ്ടി മനസ്സ് തുറന്ന് പ്രാര്‍ഥിക്കും. ഇപ്പോള്‍ സാറിനു തരാന്‍ എന്റെ കൈയില്‍ ഇതു മാത്രമേയുള്ളൂ എന്നു പറഞ്ഞ് അയാള്‍ വീണ്ടും വീണ്ടും എന്റെ കൈകളില്‍ മുത്തമിട്ടുകൊണ്ടിരുന്നു. എന്റെ കൈകളില്‍ നനവും ചൂടും അനുഭവപ്പെടുന്നുണ്ടായിരുന്നു. സ്വയം കണ്ണീര്‍ തുടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അയാളുടെ കണ്ണീര്‍എന്റെ കൈയില്‍ വീഴുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. നിനക്ക് ഞാന്‍ സമ്മാനിക്കുന്ന ഏറ്റവും മഹത്തായ ജന്മദിന സമ്മാനം ഇതാണ്... ഒരു അശരീരീ പോലെ എന്റെ ചെവിയില്‍- അമ്മ അമ്മയുടെ ശബ്ദമായിരുന്നു. അമ്മയുടെ വാക്കുകളായിരുന്നു.

Content Highlights: Snehaganga, Dr.V.P.Gangadharan shares his memories, Cancer Awareness, Health