സാറേ, കൃഷ്ണനാണ്... ഗംഗാധരന്‍ സാറല്ലേ.. സാറേ, കൃഷ്ണനാണ്. മോള്‍ പ്രസവിച്ചു. ആണ്‍കുട്ടി. അങ്ങനെ ഞാനൊരു അപ്പൂപ്പനായി. എന്റെ സന്തോഷം സാറിനോട് പങ്കുവെക്കാന്‍ വിളിച്ചതാണ്... എന്നാലും ഇതൊക്കെ കാണാന്‍... സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്ന കൃഷ്ണന്റെ സ്വരം പെട്ടെന്ന് പതറാന്‍ തുടങ്ങി. ഇങ്ങനെയൊരു സന്തോഷം അനുഭവിക്കാന്‍ എനിക്ക് ജീവിതം നീട്ടിത്തന്നത് സാറും ആശുപത്രിയിലുള്ളവരുമാണല്ലോ സാറേ...

കൃഷ്ണാ.. സന്തോഷം! നമ്മുടെ ജീവിതത്തിന്റെ കാര്യമൊക്കെ തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന ഒരാളല്ലേ... നമ്മള്‍ നമുക്കു പറ്റുന്നത് ചെയ്യുന്നു എന്നല്ലേ... കൃഷ്ണനോട് ഉത്തരം പറയുമ്പോള്‍ 16 വര്‍ഷം മുമ്പ് കണ്ട കൃഷണന്റെ ആ പഴയമുഖമാണ് ഓര്‍മയില്‍ വന്നത്.

രക്താര്‍ബുദവുമായി വന്ന കൃഷ്ണന്റെ ആ തളര്‍ന്ന ശരീരവും ദയനീയത നിറഞ്ഞ മുഖഭാവവും മറക്കാനാവില്ല. തിരികെ ജീവിതത്തിലേക്ക് നടന്നു കയറിയ കൃഷ്ണന്‍ ഇന്ന് ഒരപ്പൂപ്പനായിരിക്കുന്നു. ഞാനും സാറിന്റെ കൂടെ അപ്പൂപ്പന്‍സ് ക്ലബ്ബില്‍ അംഗമായിരിക്കുന്നു. പതറിപ്പോയ ശബ്ദം മറികടന്ന് ആഹ്ലാദം തിരികെപ്പിടിച്ച് കൃഷ്ണന്‍ തുടര്‍ന്നു. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങള്‍ അല്ലേ സാറേ!

അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് ഞാന്‍ കൃഷ്ണനോടു പറഞ്ഞു- അപ്പൂപ്പനാകുന്നതിന്റെ സുഖം ഒന്നു വേറേയാണ് കൃഷ്ണാ. വയസ്സുകാലത്ത് നമ്മളെ കുട്ടിക്കാലത്തേക്ക് കൊണ്ടു പോകുന്ന ഒരു മഹത്തായ അനുഭവമാണത്. ഞാന്‍ ഇപ്പോള്‍ അത് ആഹ്ലാദത്തോട് അനുഭവിച്ചു കൊണ്ടിരിക്കുന്നു. രണ്ടു ദിവസമായി എന്റെ പേരക്കുട്ടി കുഞ്ചു ഇവിടെയില്ല. രണ്ടു വര്‍ഷത്തിനു ശേഷമാണ് അവള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ അമ്മവീട്ടില്‍ പോയിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് വീട് ഉറങ്ങിപ്പോയിരിക്കുന്നു. ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോള്‍.... ഒരു മൂകത. മനസ്സിലാകെ ഒരു മ്ലാനത. ഊര്‍ജം നഷ്ടപ്പെട്ടു പോയതു പോലെ... രമയും അതേ അവസ്ഥ പങ്കുവെച്ചു....
അതാ കുഞ്ചു മുന്നില്‍ നില്‍ക്കുന്നു...

അച്ചച്ചാ... പഴയ എ.സി. എവിടെ? പല പ്രാവശ്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിക്കാറുള്ള അതേ ചോദ്യവുമായി അവള്‍ കണ്‍സള്‍ട്ടേഷന്‍ മുറിയിലേക്ക് കടന്നു വന്നു. അത്... എ.സി. മെക്കാനിക്ക് വന്ന് നന്നാക്കാനായി അഴിച്ചു കൊണ്ടു പോയതല്ലേ.. എന്റെ ഉത്തരവും വ്യത്യസ്തമല്ലായിരുന്നു. പേര്... ആ മെക്കാനിക്കിന്റെ പേര്... അവള്‍ എന്റെ അടുത്തേക്കു വന്ന് ചേര്‍ന്നു നിന്നു. രാജേഷ്... എന്റെ ഉത്തരം കേട്ടതും അവള്‍ ചിരിയോടെ എന്റെ കൈയില്‍ കയറി പിടിച്ചു. കഴിഞ്ഞ തവണ അച്ചച്ചന്‍ സുരേഷ് എന്നല്ലേ പറഞ്ഞത്... എനിക്ക് ഉത്തരമില്ലായിരുന്നു.

അച്ചമ്മ പറഞ്ഞല്ലോ എ.സി. ടെറസിലുണ്ടെന്ന്. അച്ചച്ചന് ഒന്നുമറിയില്ല.. അവള്‍ എന്റെ കൈയില്‍ പിടിച്ച് ഞെക്കി.
അച്ചച്ചന് വേദനയെടുത്തോ... അവളുടെ അടുത്ത ചോദ്യം. കളങ്കമില്ലാത്ത മനസ്സും പൂ പോലെ മൃദുലമായ കൈവെള്ളയുമുള്ള കുഞ്ഞുങ്ങള്‍ക്ക് എങ്ങനെയാണ് മറ്റൊരാളെ വേദനിപ്പിക്കാനാവുക!

നിമിഷങ്ങള്‍ക്കകം മേശപ്പുറത്തിരുന്ന ഒരു പുസ്തകവുമായി അവള്‍ നിലത്തിരുന്നു. കൈയില്‍ എന്റെ പേരുള്ള റബ്ബര്‍സ്റ്റാമ്പുമുണ്ടായിരുന്നു. പുസ്തകത്തിലെ പേജുകള്‍ ഒന്നൊന്നായി മറിച്ച് അവള്‍ എന്റെ പേരും വിലാസവുമടങ്ങുന്ന ആ സീല്‍ തലങ്ങും വിലങ്ങും പതിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, തന്റെ ജോലു പൂര്‍ത്തീകരിച്ച മട്ടില്‍ അവള്‍ അടുത്ത മുറിയിലേക്ക് ഓടിപ്പോയി.

കുറച്ചു നേരത്തേക്ക് അവളുടെ ശബ്ദമൊന്നും കേള്‍ക്കാനേയില്ല. കുട്ടികള്‍ നിശ്ശബ്ദരും ശാന്തരുമായിരിക്കുന്നു എന്നു തോന്നിയാല്‍ അവര്‍ എന്തെങ്കിലും ഒപ്പിക്കുകയായിരിക്കുമല്ലോ. ഞാന്‍ വേഗം അവളിരുന്ന മുറിയിലേക്ക് ചെന്നു. പാവക്കുട്ടികളെ വരിവരിയായി നിരത്തിക്കിടത്ത് ഓരോരുത്തരുടെയും വായില്‍ വെള്ളം ഒഴിച്ചു കൊടുക്കുകയായിരുന്നു അവള്‍.
ഞാന്‍ കടന്നു ചെന്നത് അവള്‍ക്ക് അത്ര പിടിച്ചില്ല. നീ എന്തിനാ ഇങ്ങോട്ടു വന്നേ! അവള്‍ എന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് ഞാന്‍ ഇരിക്കാറുള്ള കസേര ചൂണ്ടി നിര്‍ദേശിച്ചു. നീ അവിടെ കസേരയിലിരുന്ന് വായിക്ക്... എന്തെങ്കിലും പഠിക്കാന്‍ നോക്ക്...
എനിക്ക് ചിരി വന്നെങ്കിലും ഞാനത് അടക്കി.

ഞങ്ങള്‍ ആഹാരം കഴിക്കുമ്പോള്‍ പാട്ടും ഡാന്‍സുമായി അവള്‍ തീന്‍മേശയ്ക്കു ചുറ്റും പാറി നടക്കും. ഓരോരോ കറികള്‍ എടുത്ത് എല്ലാവരുടെയും പാത്രത്തിലേക്ക് വിളമ്പും. അവളുടെ കളിക്കൂട്ടുകാരനായ അപ്പുവിന്റെ പാത്രത്തില്‍ ഉപ്പ് കോരിയിട്ട് അവള്‍ പൊട്ടിച്ചിരിക്കും- അപ്പൂ ഉപ്പ് തിന്ന്... ഉപ്പ് തിന്ന്... ചിരിയടക്കാതെ അവള്‍ പറഞ്ഞു കൊണ്ടിരിക്കും. ദേതുവിനെ ഒട്ടി നിന്നുകൊണ്ട് അവള്‍ കൊഞ്ചും- മതി കഴിച്ചത്. വയറു പൊട്ടിപ്പോകും. വാ കളിക്കാം. അവള്‍ ദേതുവിനെ വലിച്ചെഴുന്നേല്പിക്കാന്‍ ശ്രമിക്കും. കുഞ്ചൂ, അപ്പു ചെറിയച്ഛനും ദേതുചെറിയമ്മയും കഴിക്കട്ടെ... ഉമയുടെ ഉച്ചത്തിലുള്ള ശകാരം കേള്‍ക്കുമ്പോള്‍ അവളുടെ മുഖം വാടും.
ഹും... അവള്‍ മുഖം വീര്‍പ്പിച്ച് രണ്ടു കൈയും ഇടുപ്പില്‍ വെച്ചുള്ള ആ നില്പുകണ്ട് ഞങ്ങളെല്ലാം പൊട്ടിച്ചിരിക്കും.
ചിന്നമ്മ... അടി കുഞ്ഞിപ്പെണ്ണമ്മാ...അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് അപ്പുവും ദേതുവും ഡാന്‍സ് ചെയ്താല്‍ മാത്രമേ ആ നില്‍പ്പുസമരത്തിന് അറുതിയാവുകയുള്ളൂ.
ബത്തമീ സേ ദില്‍... ബത്തമീ സേ ദില്‍...
പാട്ടിന്റെ താളത്തിനനുസരിച്ച് ഡാന്‍സും വേഗത്തിലാകും. അതിനിടെ അവളുടെ തലയിലെ ഹെയര്‍ പിന്‍ അപ്പു വലിച്ചെടുക്കേണ്ട താമസം അവള്‍ വിളിച്ചു കൂവും... അച്ചമ്മാ... അച്ചമ്മേടെ മോന്‍ എന്റെ പിന്നെടുത്തു...
പരാതി കേള്‍ക്കേണ്ട താമസം അച്ചമ്മ ഇടപെടും...
അപ്പൂ, കുഞ്ഞിന്റെ പിന്‍ കൊടുക്ക്...
ഹെയര്‍ പിന്‍ കിട്ടണമെന്നില്ല, അച്ചമ്മയുടെ ഈ പിന്തുണ കിട്ടിയാല്‍ മതി കുഞ്ചുവിന്റെ പ്രശ്‌നം തീരും.

അച്ചച്ചാ... മമ്മയ്ക്ക് അടി കൊടുക്ക്... മമ്മ ഈസ് എ നോട്ടി ഗേള്‍... മമ്മ എന്നെ അടിച്ചു...
ഗുരുതരമായ കലഹങ്ങള്‍ക്കിടെ അച്ചമ്മ ഉപദേശിക്കും- പാടില്ല... അമ്മയെ നമ്മള്‍ അടിക്കാന്‍ പാടില്ല...

അച്ചച്ചാ... നീ എവിടെ പോണൂ...
സ്റ്റെതസ്‌കോപ്പും എടുത്ത് ഇറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഈ ചോദ്യം വരും.
ആശുപത്രിയിലേക്ക്... ഒറ്റവാക്കില്‍ ഗൗരവം വിടാതെ മറുപടി കൊടുക്കുമ്പോള്‍ അടുത്ത ചോദ്യം വരും
എന്തിനാ നീ ആശുപത്രീ പോണേ...
കുത്തിവെക്കാന്‍
എന്തിനാ കുത്തി വെക്കണേ...

കാറില്‍ കയറി റ്റാറ്റാ പറയുന്നതു വരെ ഈ ചോദ്യം ചെയ്യല്‍ തുടരും.

ഓ! ഇവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുത്തു പോകുമല്ലോ ദൈവമേ! ഒരു ദിവസം ഉമ പരിഭവം പറഞ്ഞു. എന്നാല്‍, കുഞ്ഞിന്റെ ജിജ്ഞാസ ഒരല്പവും തല്ലിക്കെടുത്താറില്ല.

അച്ചച്ചാ... ഞാന്‍ ക്ലാസ്സില്‍ വരച്ച മാങ്ങ കണ്ടോ..
കൈയില്‍ ഒരു കടലാസുമായി അവള്‍ ഓടി മുറിയില്‍ വരും.
ആഹാ... ഇത് ആപ്പിളല്ലേ കുഞ്ചൂ.. അപ്പുവിന്റെ ഈ വാക്കുകള്‍ കേട്ടാലുടന്‍ അവള്‍ പരാതിയുമായി അച്ചമ്മയെ വിളിക്കും. മൂക്കത്തു വിരല്‍ വെച്ചുകൊണ്ട് അവള്‍ പറയും- അയ്യേ! ഈ അപ്പുവിന് ഒന്നും അറിയില്ല... അപ്പുവിനെ പഠിപ്പിക്കണം...
ആ മോളേ... നമുക്ക് അപ്പുവിനെ സ്‌കൂളില്‍ വിടണം... പഠിപ്പിക്കണം...
അച്ചമ്മയുടെ വാക്കുകള്‍ കുഞ്ചുവിനെ സമാധാനിപ്പിക്കും.

ആശുപത്രിയില്‍ നിന്ന് വന്നിറങ്ങുമ്പോള്‍ എന്നെ കാത്തിട്ടെന്ന പോലെ നില്‍ക്കുന്നുണ്ടാവും. ആദ്യത്തെ ചോദ്യം ഇതാണ്...
എന്റെ ടോയ് എവിടെ? അച്ചച്ചന്‍ രാവിലെ പറഞ്ഞിച്ചു പോയിരുന്നത് അവള്‍ മറന്നിട്ടില്ല- ഗോകുലും ഉമയും ഒരേ സ്വരത്തില്‍ പറയും.
അയ്യോ... മറന്നു പോയല്ലോ! എന്റെ ഉത്തരം കേള്‍ക്കേണ്ട താമസം കുഞ്ചുവിന്റെ മുഖം വാടും. പതിയെ പിന്നിലേക്കാവും... അപ്പോളായിരിക്കും കാറില്‍ നിന്ന് എന്റെ സാരഥി ജഫ്രി കളിപ്പാട്ടവുമായി വരുന്നത്. സ്വിച്ചിട്ടതു പോലെ കുഞ്ചുവിന്റെ മുഖം തെളിയുകയായി. ഇതെന്താ... ഇതാര്‍ക്കാ...പൊതിയുമായി തുള്ളിച്ചാടി ആര്‍ത്തു വിളിച്ച് അവള്‍ ഓടും
ചേച്ചീ... ഇത് നോക്കിയേ...

ടി.വി.യില്‍ കുഞ്ചു കാര്‍ട്ടൂണ്‍ കാണുന്നതിനിടെ ഞാന്‍ ചെന്നു ചോദിക്കും- എവിടെ റിമോട്ട്... എനിക്ക് ന്യൂസ് കാണണമല്ലോ...
നോ! നീ നിന്റെ മുറിയില്‍ പോയിരിക്ക്. പോയിരുന്ന് വായിച്ചോ... ആ കുഞ്ഞു മുഖം ദേഷ്യം കൊണ്ട് തുടുക്കും.

അവള്‍ ഉറങ്ങും മുമ്പ് ഉറങ്ങാന്‍ കിടന്നാല്‍ അവള്‍ വാതില്‍ക്കല്‍ വന്ന് എത്തി നോക്കും.
അച്ചമ്മ ഉറങ്ങിയോ... എന്തു പറ്റി? പനിയാണോ...
മണി പതിനൊന്നായില്ലേ... അതാ അച്ചമ്മ ഉറങ്ങിയത്. മോളു പോയി കിടന്ന് ഉറങ്ങിക്കോ....
വാ... നമുക്ക് മുകളില്‍ പോയി കിടന്ന് ഉറങ്ങാം. ഗുഡ്നൈറ്റ് പറയ്...
അവളുടെ അമ്മ ഉമ കൈ പിടിച്ച് അവളെയും കൊണ്ട് മുകളിലേക്ക് പടി കയറും.
രണ്ടു മിനിറ്റിനകം ആള്‍ വീണ്ടും താഴെയെത്തും..
അച്ചച്ചാ... അച്ചമ്മേ... എന്റെ ടോയ് എവിടെ...
                                     ************
സാര്‍... സാര്‍... സാറ് കേള്‍ക്കുന്നില്ലേ..
ഫോണില്‍ കൃഷ്ണന്റെ ശബ്ദം...
സോറി കൃഷ്ണാ... ഞാന്‍ ഒരു സ്വപ്നലോകത്തായിപ്പോയി. ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.
അപ്പൂപ്പനാവുക എന്നാല്‍ അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവലോകമാണ്... അഭിനന്ദനങ്ങള്‍
ഞാന്‍ പറഞ്ഞു നിര്‍ത്തി ഫോണ്‍ മേശപ്പുറത്ത് വെച്ചു.
കണ്‍സള്‍ട്ടേഷന്‍ മുറിയില്‍ ആരുമില്ല.
തീന്‍മേശയ്ക്കു മുന്നിലിരിക്കുമ്പോളും വിശപ്പില്ലാത്തതു പോലെ. കൊച്ചുമകളുടെ അഭാവത്തില്‍ വീട് ഉറങ്ങിപ്പോയിരിക്കുന്നു. രണ്ടു ദിവസം കൊണ്ട് 20 വയസ്സു കൂടി വയസ്സനായതു പോലെ ഒരു തോന്നല്‍. മനസ്സിനാണ് വാര്‍ധക്യം ബാധിച്ചത്.
നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് വാര്‍ധക്യപ്രശ്നങ്ങള്‍ കൂടുന്നതിന്റെ ഒരു കാരണം പേരക്കുട്ടികള്‍ അപ്പൂപ്പനമ്മൂമ്മമാരില്‍ നിന്ന് അകന്നു മാറി ജീവിക്കേണ്ടി വരുന്നതായിരിക്കുമോ... എന്നെനിക്കു തോന്നുന്നു.
കുട്ടികള്‍ കൂടുതല്‍ ജീവിതാവബോധമുള്ളവരായിരിക്കുന്നത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം കളിച്ചും ചിരിച്ചും വഴക്കിട്ടും വളരുമ്പോളായിരിക്കില്ലേ.. നമ്മുടെ സമൂഹക്രമത്തിന്റെ ചിട്ടയില്‍ അപ്പൂപ്പനമ്മൂമ്മമാരുടെയും പേരക്കുട്ടികളുടെയും ഒരുമിച്ചുള്ള ജീവിതം കൂടി പരിഗണിക്കപ്പെടേണ്ടതല്ലേ...

പുതുവര്‍ഷത്തില്‍ ഒരു പുതിയ തെളിച്ചം നമ്മുടെയൊക്കെ ജീവിതത്തിലേക്കു കടന്നുവരട്ടെ!

Content Highlights: Snehaganga, Dr.V.P. Gangadharan shares his memories about his patients