ഡോക്ടറേ ഞാന്‍ അമേരിക്കയില്‍ നിന്നാണ് വിളിക്കുന്നത്. എന്റെ പേര് മാലിനി, അച്ഛന്റെ ഒരു കാര്യത്തിനു വേണ്ടിയാണ് വിളിക്കുന്നത്. ഞായറാഴ്ചയായിട്ട് ബുദ്ധിമുട്ടിക്കുന്നതില്‍ സങ്കടമുണ്ട്. ക്ഷമിക്കണം. ഒരു അഞ്ചു മിനിറ്റ് എനിക്ക് സംസാരിക്കാന്‍ സമയം തരണം. ഡോക്ടറുടെ ഫീസ് എത്രയാണെന്ന് പറഞ്ഞാല്‍ മതി. ഞാന്‍ ബാങ്ക് വഴി അയച്ചു തരാം. എന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ മാലിനി സംസാരം തുടര്‍ന്നു.
അച്ഛന് വന്‍കുടലില്‍ കാന്‍സറാണ്. അച്ഛന്റെ പ്രശ്നങ്ങളെക്കുറിച്ചും അസുഖങ്ങളെക്കുറിച്ചും അവര്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു- മാലിനി ഒരു കാര്യം ചെയ്യൂ, ഞാന്‍ എന്റെ ഇ-മെയില്‍ ഐ.ഡി. അയച്ചു തരാം. പരിശോധനാഫലങ്ങളും റിപ്പോര്‍ട്ടുകളും എല്ലാം അതിലേക്ക് അയച്ചാല്‍ മതി. പത്തു മിനിറ്റിനികം പരിശോധനാ ഫലങ്ങളെല്ലാം എനിക്കു ലഭിച്ചു. ഞാന്‍ അതെല്ലാം പരിശോധിച്ചു നിര്‍ത്തുമ്പോഴേക്ക് വീണ്ടും മാലിനിയുടെ ഫോണ്‍കോള്‍- എന്തു ചെയ്യണം ഡോക്ടറേ...
അച്ഛനോട് കഴിയുന്നതും വേഗം എന്നെ വന്നു കാണാന്‍ പറയൂ. ഇനിയും ചില ടെസ്റ്റുകള്‍ ചെയ്യേണ്ടതുണ്ട്- ഞാന്‍ പറഞ്ഞു.
അത് നടക്കുമെന്ന് ഡോക്ടറേ.. എനിക്ക് നാട്ടിലേക്ക് വരാനും സാധിക്കില്ല. ഇവിടെയിരുന്ന് ഞാന്‍ എങ്ങനെ... മാലിനിയുടെ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു. എന്തായാലും ഞാനൊന്ന് നോക്കട്ടേ ഡോക്ടറേ...
അടുത്ത ദിവസം രാവിലെ മാലിനിയുടെ ഫോണ്‍കോള്‍ വീണ്ടും.
ഒരാളെ സംഘടിപ്പിച്ചിട്ടുണ്ട് ഡോക്ടറേ. അച്ഛനെ കൂട്ടി അവര്‍ നാളെ രാവിലെ ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ വരും. ഒരു ദീര്‍ഘനിശ്വാസത്തോടെയാണ് മാലിനി പറഞ്ഞത്.
അടുത്ത ദിവസം രാവിലെ തന്നെ രണ്ടു പേരും എന്റെ പരിശോധനാമുറിയിലെത്തി. പ്രായാധിക്യം മൂലം നടക്കാന്‍ വിഷമിക്കുന്ന ഒരു പുരുഷനും ഒരു സ്ത്രീയും. പാന്റ്സും ഷര്‍ട്ടുമാണ് പുരുഷന്റെ വേഷം. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു ക്രോസ് പേനയുമുണ്ട്. ആഢ്യത്തമുള്ള മുഖഭാവം.
ഞാന്‍ ഒരു കോളേജില്‍ ഹിസ്റ്ററി പ്രൊഫസറായി റിട്ടയര്‍ ചെയ്തതാണ് ഡോക്ടറേ! ഇന്നലെ മാലിനി ഫോണ്‍ ചെയ്തില്ലേ! എന്റെ മോളാണവള്‍. എന്നെ സ്നേഹിക്കുന്ന എന്റെ മോള്‍. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുന്ന എന്റെ ഒരേയൊരു മോള്‍...
അദ്ദേഹത്തിന് സംസാരത്തിന് തടയിട്ടത് കൂടെ വന്ന സ്ത്രീയാണ്. നന്നായി വസ്ത്രധാരണം ചെയ്ത മുടി നരച്ച ഒരു സ്ത്രീ. ഞാനും കോളേജില്‍ പ്രൊഫസറായിരുന്നു ഡോക്ടറേ! ഞങ്ങള്‍ രണ്ടു പേരും എണ്‍പതു വയസ്സുകാര്‍. അവര്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. പ്രേമവിവാഹമായിരുന്നു അല്ലേ! രണ്ടു പേരും എണ്‍പതു വയസ്സുകാര്‍ എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഊഹിച്ചെടുത്തതാണ്.
എന്റെ ഭാര്യ മരിച്ചിട്ട് അഞ്ചു വര്‍ഷമായി ഡോക്ടറേ. ഇത് വകയില്‍ എന്റെയൊരു സഹോദരി... അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ഇതാ മെഡിക്കല്‍ രേഖകള്‍ എല്ലാം ഇതിലുണ്ട്. അദ്ദേഹം ഒരു ഫയല്‍ എന്റെ നേരേ നീട്ടി.
അപ്പോള്‍... ഒമ്പതു മാസം മുമ്പ് സാറിന് വന്‍കുടലില്‍ കാന്‍സര്‍ കണ്ടെത്തിയിട്ടുണ്ട് അല്ലേ... ഫയലിലെ റിപ്പോര്‍ട്ടുകള്‍ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.
എന്നിട്ട് ഈ ഒമ്പതു മാസവും ഒരു ചികിത്സയും എടുത്തില്ലേ! ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി ചോദിച്ചു.
ഇദ്ദേഹത്തിന്റെ കൂടെ വരാന്‍ ആരുമില്ല സാറേ! സ്ത്രീയാണ് മറുപടി പറഞ്ഞത്.
ഒറ്റ മോളുള്ളവര്‍ക്കൊക്കെ അതൊരു പ്രശ്നമാണ് അല്ലേ! ഫയലില്‍ നോക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു. പിന്നെയും എന്റെ ഊഹം തെറ്റി.
കൂടുതല്‍ മക്കളുണ്ടായിട്ടെന്താ കാര്യം സാറേ.. തിരിഞ്ഞു നോക്കണ്ടേ അവരാരെങ്കിലും!
മക്കളക്കു വേണ്ടി ജീവിച്ച ഒരു അച്ഛനും അമ്മയും. അവര്‍ക്ക് പ്രായമായപ്പോള്‍... കൂടെയുണ്ടായിരുന്ന സ്ത്രീക്ക് വിതുമ്പലടക്കാന്‍ കഴിഞ്ഞില്ല.
തെളിച്ച വഴി പോയില്ലെങ്കില്‍ പോയ വഴി തെളിക്കണം. മോള്‍ മാത്രമേ ഞാന്‍ തെളിച്ച വഴി പോയുള്ളൂ. അവളുടെ മൂത്തതുങ്ങളായ എന്റെ രണ്ട് ആണ്‍ മക്കള്‍... അവര്‍ അവരുടെ വഴിക്ക് പോയി. വിദ്യാഭ്യാസത്തിനൊന്നും കുറവില്ല കേട്ടോ! രണ്ടു പേരും പഠിക്കാന്‍ മിടു മിടുക്കരായിരുന്നു. അദ്ദേഹവും കണ്ണീരൊപ്പി. മൂത്തവനും അമേരിക്കയിലാണ്. ഒരു വലിയ കമ്പനിയുടെ പ്രസിഡന്റാണ്. ഇളയവന്‍ അതിലും വലിയ സ്ഥാനമാനങ്ങളിലായിരുന്നു. അതെല്ലാം ഉപേക്ഷിച്ച് ഇപ്പോള്‍ ഭൗതിക ലോകത്തു നിന്ന് അകന്നു കഴിയുന്നു. ആത്മീയ ചിന്തകളുമായി സന്ന്യാസിയെപ്പോലെ ഉത്തരേന്ത്യയില്‍ കറങ്ങി നടക്കുകയാണ്. അഞ്ചു വര്‍ഷം മുമ്പ് സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും കര്‍മം ചെയ്യാന്‍ ഒരു ആണ്‍തരിയില്ലാതെയാണ് അവള്‍ പോയത്. അന്നു മുതല്‍ ഞാന്‍ ഒറ്റയ്ക്കായി. വീട്ടില്‍ കൂട്ടു കിടക്കാനും എനിക്ക് ആഹാരം വെച്ചു വിളമ്പിത്തരാനും ഒരാളുണ്ട്. മോള്‍ക്കാണെങ്കില്‍ വിസയുടെ എന്തോ പ്രശ്നം കാരണം വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ പിന്നെ കോവിഡ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി. അദ്ദേഹം വീണ്ടും കണ്ണീരൊപ്പി.
പരിശോധനകള്‍ പൂര്‍ത്തിയാക്കി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അസുഖം പൂര്‍വസ്ഥിതിയില്‍ത്തന്നെയാണെന്ന് മനസ്സിലായി. ഉടനെ തന്നെ ഓപ്പറേഷന്‍ ചെയ്യണം. ഇനിയും വെച്ചു താമസിപ്പിക്കാനാവില്ല. എന്റെ വാക്കുകള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ചികിത്സ വെച്ചു താമസിപ്പിക്കുന്നത് ശരിയല്ലെന്ന് എനിക്കും അറിയാമായിരുന്നു ഡോക്ടറേ. പക്ഷേ, നടക്കില്ല. സാധാരണ എല്ലാവര്‍ക്കും ഈ അവസ്ഥയില്‍ പണമായിരിക്കും വലിയ പ്രശ്നം. എനിക്ക് പക്ഷേ, പണത്തിന്റെ കാര്യത്തില്‍ പ്രശ്നമില്ല ഡോക്ടറേ! കൂടെ നില്‍ക്കാന്‍... അദ്ദേഹത്തിന് അതു പൂര്‍ത്തിയാക്കാന്‍ വാക്കുകളില്ലായിരുന്നു.
ഞാന്‍ നില്‍ക്കാം ഡോക്ടര്‍ കൂടെ. എല്ലാ കാര്യങ്ങളും ഡോക്ടര്‍ തീരുമാനിച്ചോളൂ. വൈകിട്ട് മോള്‍ ഡോക്ടറെ വിളിക്കും. അവളോട് പറഞ്ഞാല്‍ മതി. ഞാനും അവളെ വിളിച്ചോളാം... കൂടെ വന്ന സ്ത്രീ യാത്രയാകാന്‍ എഴുന്നേറ്റു.
പറഞ്ഞതു പോലെ വൈകുന്നേരം മാലിനി വിളിച്ചു. ദുഃഖം നിറഞ്ഞ സ്വരം. ഞാന്‍ എന്റെ അച്ഛനെ ഡോക്ടറുടെ കൈയില്‍ ഏല്പിക്കുകയാണ്. എനിക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ കഴിയൂ. ഡോക്ടറോട് അപേക്ഷിക്കാനേ കഴിയൂ. സ്വന്തം അച്ഛനെ പോലെ കരുതി ഡോക്ടര്‍ കൂടെ നില്‍ക്കണേ...ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വന്നു കാണാം. എന്നാണ് അതിന് അനുവാദം കിട്ടുക എന്നറിയില്ലെന്നു മാത്രം... ഒരു തേങ്ങല്‍ എന്റെ ചെവിയില്‍. ഞാനും തേങ്ങിയോ...
പ്രായമായ അച്ഛന്റെയും നിസ്സഹായയായ മകളുടെയും ചിത്രം വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.
************************
സാറേ ഞാന്‍ ക്രമം തെറ്റിച്ച് ഒരാളെ വിളിച്ചോട്ടേ.. ഭയങ്കര നടു വേദനയുമായിട്ട് ഒരാള്‍ വീല്‍ ചെയറിലിരിക്കുന്നു. കൂടെ ജോലി ചെയ്യുന്ന രമ്യയുടെ സ്വരം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്റെ സമ്മതത്തിനൊന്നും കാത്തു നില്‍ക്കാതെ രമ്യ വീല്‍ച്ചെയര്‍ തള്ളിക്കൊണ്ട് മുറിയിലേക്ക് കയറി വന്നു.
പോളച്ചന്‍ 70 വയസ്സ്. അദ്ദേഹത്തിന്റെ കേസ് ഷീറ്റ് എടുത്തു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു.
അതേ സാറേ! കോതമംഗലത്തിനടുത്താണ് വീട്. കൂടെയുള്ള മകള്‍ സ്വയം പരിചയപ്പെടുത്തി.
എന്തു പറ്റി പോളച്ചന്... എന്ന എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതും മകളാണ്. അച്ഛന് വറ ജോലിയാണ് ഡോക്ടറേ! മിക്സ്ചറ്, വട, ഏത്തയ്ക്കാ അപ്പം... അങ്ങനത്തെ കടികളൊ വറത്തുണ്ടാക്കി വില്‍ക്കണ കട. തനി നാടന്‍ ഭാഷയില്‍ അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെ അപ്പച്ചന്‍ മുടങ്ങാതെ കടയിലും ചന്തയിലും പോകുമായിരുന്നു. ഈയിടെ രണ്ടു മൂന്നു പ്രാവശ്യം സ്‌കൂട്ടറില്‍ നിന്ന് വീണു. നടുവേദന തുടങ്ങിയത് കഴിഞ്ഞ ആഴ്ചത്തെ വീഴ്ചയ്ക്കു ശേഷമാണ്.
അങ്ങനെ വലിയ വീഴ്ചയൊന്നുമല്ല സാറേ. പോളച്ചന്‍ തുടര്‍ന്നു. ചന്തേന്ന് കടേലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ നല്ല തൂക്കം കാണും. കുത്തനെയുള്ള, കല്ലു പതിച്ച റോഡിലൂടെ ബാലന്‍സ് ചെയ്ത് സ്‌കൂട്ടറോടിക്കണം. രണ്ടു വശത്തേക്കും തെന്നി മാറുന്ന ചാക്കു കെട്ടുകള്‍ ബാലന്‍സ് ചെയ്ത് വണ്ടി ഓടിച്ചപ്പോള്‍ ചെരിഞ്ഞു വീണതാണ്- പോളച്ചന്‍ തന്റെ വീഴ്ച ന്യായീകരിക്കാന്‍ ശ്രമിച്ചു.
ഇനിയെന്തായാലും അപ്പച്ചന്റെ ഈ പരിപാടിയൊക്കെ നിര്‍ത്താം. വയസ്സ് 70 കഴിഞ്ഞില്ലേ...
മകളുടെ വാക്കുകളില്‍ ഒരു ശാസനയുടെ ലാഞ്ചന.
കുറച്ചു കൂടി പരിശോധനകള്‍ ആവശ്യമുണ്ട്. മിക്കവാറും എല്ലിനെ ബാധിക്കുന്ന കാന്‍സറായിരിക്കാന്‍ സാധ്യതയുണ്ട്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസുഖം. ഞാന്‍ മകളെ നോക്കി. അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രണ്ട് ആങ്ങളമാര്‍ കോവിഡ് ടെസ്റ്റ് കഴിഞ്ഞ് പുറത്ത് നില്പുണ്ട്. ഞാന്‍ അവരെ അകത്തേക്ക് വിളിച്ചോട്ടേ ഡോക്ടര്‍...
വേണ്ടെന്ന് പറയാന്‍ തോന്നിയില്ല. നല്ല ആരോഗ്യവാന്മാരായ രണ്ട് യുവാക്കള്‍ അകത്തേക്ക് കയറി വന്നു. പോളച്ചന്റെ അസുഖത്തെക്കുറിച്ച് ഞാന്‍ അവരോട് വിശദമായി പറഞ്ഞു കൊടുത്തു.
എങ്ങനെയെങ്കിലും ഞങ്ങള്‍ക്ക് അപ്പച്ചനെ തിരികെ വേണം സാറേ... അപ്പച്ചന്‍ കഷ്ടപ്പെട്ടിട്ടാ ഞങ്ങള് ഈ തണ്ടും തടീം വെച്ചത്. അപ്പച്ചന്റെ വേര്‍പ്പു വീണ മണ്ണിലാ ഡോക്ടറേ ഞങ്ങള് കെടക്കണത്. അപ്പച്ചന്റെ കാര്യത്തില് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റണത് എന്തായാലും ചെയ്യണം. അവര്‍ ഒരേ സ്വരത്തില് ആവര്‍ത്തിച്ചു. ഞങ്ങളാരും വല്യ പണക്കാരൊന്നുമല്ല ഡോക്ടറേ... എന്നാലും അതിന്റെയൊരു കൊറവു കാരണം ചികിത്സ കൊറയരുത്. എന്തായാലും ഞങ്ങള്‍ ഉണ്ടാക്കിക്കോളാം. ഡോക്ടറ് ഞങ്ങടെ അപ്പച്ചനെ തിരിച്ചു തരണം.
ആശ്വാസത്തിന്റെ ഒരു കുളിരു തോന്നിയത് എന്റെ മനസ്സിലാണ്. മനസ്സില്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്ന ചിത്രങ്ങള്‍ മാറി മാറി വന്നു. അവിടെ കമ്പനികളുടെ പ്രസിഡന്റുമാരില്ല. അംബാസിഡറില്ല, ആത്മീയ ചിന്തക്കാരില്ല... ഉയര്‍ന്ന വിദ്യാഭ്യാസവും ഉന്നത സ്ഥാനങ്ങളുമില്ല. ചോരനീരാക്കി അധ്വാനിച്ചു ജീവിക്കുന്ന കുറേ മനുഷ്യരുടെ ജീവിതങ്ങള്‍ മാത്രം.
പരസ്പരം സ്നേഹിച്ച്, സ്നേഹം പങ്കുവെച്ച് ആസ്വദിച്ച് ജീവിക്കുന്ന കുറേ പച്ചയായ മനുഷ്യര്‍. അവരുടെ ഇടയില്‍ എന്റെ മനസ്സു ശാന്തമായി ഒഴുകാന്‍ തുടങ്ങി.
Content Highlights: Snehaganga, Dr.V.P. Gangadharan shares his memories about his patients, Health