മാസ്‌ക് ധരിച്ച് കോണിപ്പടികള്‍ കയറി രണ്ടാം നിലയില്‍ എത്തിയപ്പോഴേക്കും കിതയ്ക്കുന്നുണ്ടായിരുന്നു. ഒ.പി.യിലേക്ക് നടക്കുമ്പോഴും നെഞ്ചിടിപ്പിന്റെ വേഗം കുറഞ്ഞിട്ടില്ല. വിയര്‍ക്കുന്നുണ്ടായിരുന്നെങ്കിലും ശരീരമാസകലം ഒരു ചൂട് അനുഭവപ്പെടുന്നതു പോലെ. പെട്ടെന്നാണ് വലത്തേ കൈയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഏതാനും വര്‍ഷങ്ങളായി ചികിത്സയില്‍ തുടരുന്ന ഉമ്മയുടെ ചിരിക്കുന്ന മുഖം. ഉമ്മ എന്റെ കൈയില്‍ മുറുകെ പിടിച്ചു കൊണ്ട് എനിക്കൊപ്പം നടന്നു. അപ്പോഴും ആ കൈയിലെ തണുപ്പ് എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. ആ കൈകളിലെ തൊലിപ്പുറത്തെ ചുളിവുകള്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ചിരി മായാത്ത ഉമ്മയുടെ മുഖത്തും വയസ്സിനതീതമായ ചുളിവുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.സമയം രണ്ടു മണിയായി. ഞാന്‍ രാവിലെ ഒമ്പതു മണിക്ക് വന്നതാണ് ഡോക്ടറെ കാണാന്‍. ഞാനും കൂടെ മുറിയിലേക്ക് കയറിക്കോട്ടേ!

ഉമ്മയോട് വേണ്ടെന്നു പറയാന്‍ മനസ്സു വന്നില്ല. മനസ്സുവരാറില്ലെന്നതാണ് സത്യം. പതിനൊന്ന് വര്‍ഷത്തോളമായി മൂന്നു മാസത്തിലൊരിക്കല്‍ മുടങ്ങാതെ മരുന്നു വാങ്ങാന്‍ വരുന്ന ഉമ്മ ഞങ്ങളെല്ലാവര്‍ക്കും ഉമ്മയാണ്.
ഭയങ്കര ക്ഷീണം... ഞാന്‍ ഇവിടെ ഇരുന്നോട്ടേ... ഉത്തരത്തിനു കാത്തു നില്‍ക്കാതെ ഉമ്മ പതുക്കെ ഇരുന്നു.

എന്താണെന്നറിയില്ല. ഈയിടെയായി ഭയങ്കര ക്ഷീണം. വിശപ്പുമില്ല, ദാഹവുമില്ല.. ഉമ്മ എന്റെ മുഖത്തേക്ക് നോക്കി.
ഉമ്മ ഊണു കഴിച്ചോ?
ഞാന്‍ വാച്ചിലേക്ക് നോക്കിക്കൊണ്ട് ഉമ്മയോടു ചോദിച്ചു.
ചോറുണ്ണാന്‍ വിശപ്പില്ല ഡോക്ടറേ... ഒരു ചായ കുടിച്ചു. അതു തന്നെ ധാരാളം.. ഉമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
രാവിലെ നന്നായിട്ട് തട്ടിക്കാണും അല്ലേ... എന്റെ കൂടെ നിന്നിരുന്ന രമ്യ തമാശയായി ചോദിച്ചു.
രാവിലെയും ഒരു ചായ മാത്രം.
ഉമ്മയുടെ മറുപടി കേട്ട് രമ്യയുടെ മുഖത്തെ ചിരി പെട്ടെന്ന് അപ്രത്യക്ഷമായത് ഞാന്‍ ശ്രദ്ധിച്ചു.
ഇന്നലെ രാത്രിയോ? ഞാനാണ് ചോദിച്ചത്.
ചായ തന്നെ- ഉമ്മയുടെ മുഖത്ത്ഒരു ഭാവഭേദവുമില്ലായിരുന്നു.
എന്നാല്‍, ഉമ്മ വാ... ആദ്യം നമുക്ക് കാന്റീനില്‍ പോയി ഊണ് കഴിക്കാം. രമ്യ സിസ്റ്റര്‍ ഉമ്മയുടെ കൈയില്‍ പിടിച്ച് വലിച്ചു.

വേണ്ട മോളേ... വിശപ്പില്ല! ഉമ്മ ആവര്‍ത്തിച്ചു.
ഉമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. മുഖത്ത് സങ്കട ഭാവം മിന്നി മറയുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഉമ്മ പറഞ്ഞു- ആറു മക്കളുണ്ട് എനിക്ക്. അവരാരും ഉമ്മയോട് ഈ ചേദ്യം ചോദിക്കാറില്ല മോളേ! കെട്ടിയോന്‍ പോയതോടെ എല്ലാം പോയി. ഞാന്‍ ഒറ്റയ്ക്കായിരുന്നു പിന്നെ. ആറു മക്കളെയും പട്ടിണിയറിയിക്കാതെ വളര്‍ത്തി. സ്വന്തം കാലില്‍ നില്‍ക്കാം എന്നായപ്പോള്‍ അവര്‍ക്ക് ഈ വയസ്സിത്തള്ളയെ വേണ്ട. രണ്ടര സെന്റ് ഭൂമിയും അതില്‍ ഞാന്‍ താമസിക്കുന്ന പഴയ വീടും -അതിലാണ് അവരുടെ കണ്ണ്. ഉമ്മയുടെ മരണം കാത്തിരിക്കുകയാണ് അവര്‍. കഴിഞ്ഞ ഒരാഴ്ച ഞാന്‍ പനിയായി കിടപ്പായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല, അവരില്‍ ഒരാളു പോലും.

മോള് എന്നെ ഉണ്ണാന്‍ വിളിച്ചില്ലേ? രമ്യയെ നോക്കി ഉമ്മ തുടര്‍ന്നു. അതു മതി ഉമ്മയുടെ വിശപ്പ് മാറാന്‍. ഉമ്മ മടിക്കുത്തില്‍ നിന്ന് രണ്ടു മിഠായി എടുത്ത് നീട്ടി. ഒന്ന് ഡോക്ടര്‍ക്ക്, ഒന്ന് മോള്‍ക്ക്. രമ്യയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. രാവിലെ വീട്ടീന്നിറങ്ങുമ്പം അഞ്ചിന്റെ രണ്ട് തുട്ട് ഉണ്ടായിരുന്നു കൈയില്‍. ആശുപത്രിയുടെ വാതില്‍ക്കല്‍ ഇരിക്കുന്ന ആ വയസ്സിയില്ലേ, അവരുടെ പാത്രത്തില്‍ അതിലൊരു തുട്ട് ഇട്ടു. ബാക്കിക്ക് രണ്ടു മിഠായിയും. എനിക്ക് നിങ്ങളുടെയൊക്കെ സ്നേഹം മാത്രം മതി കഴിഞ്ഞു പോകാന്‍! അത് നിങ്ങള്‍ ഉമ്മയുടെ അവസാനം വരെ തരില്ലേ? ഉത്തരത്തിനൊന്നും കാത്തു നില്‍ക്കാതെ മരുന്നിന്റെ കുറിപ്പും വാങ്ങി ഉമ്മ നടന്നു. അത് നോക്കി നിന്നു പോയ രമ്യ അറിയാതെ പറഞ്ഞത് കുറച്ച് ഉറക്കെ ആയിരുന്നു- ആറു മക്കളെ പെറ്റു വളര്‍ത്തിയ ഉമ്മ...
******************************************************************
പൈസ ഇല്ലെങ്കില്‍ പ്രശ്നം! പൈസ ഉണ്ടെങ്കില്‍ അതിലും വലിയ പ്രശ്നം. അല്ലേ സാറേ- രമ്യ വാചാലയായി. ഇന്നലത്തെ ആ രോഗിയുടെ കാര്യം സാറൊന്ന് ആലോചിച്ചു നോക്കിയേ... അമ്പതിനായിരത്തിലധികം രൂപയുണ്ട് ഇപ്പോഴും മാസവരുമാനം. പെന്‍ഷനും വീട്ടുവാടകയുമായിട്ട്... അവരുടെ പേര് എന്തായിരുന്നു സാറേ? രമ്യ കൃത്യമായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. സരസ്വതിയമ്മ- എനിക്ക് ഓര്‍ക്കാന്‍ വിഷമമൊന്നുമുണ്ടായില്ല. ആ നാമം എന്റെ ചുണ്ടില്‍ത്തന്നെ ഉണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല. അത് എന്റെ സ്വന്തം അമ്മയുടെ പേരു തന്നെയാണല്ലോ. ആ പേരിനോടുമുണ്ട് ഒരിഷ്ടം. മറക്കില്ലത്. വീല്‍ചെയറില്‍ വന്ന സരസ്വതിയമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു.

എന്നെ ആശുപത്രിയില്‍ നിന്ന് പേരു വെട്ടി വീട്ടില്‍ വിടല്ലേ ഡോക്ടറേ... ഞാന്‍ ഇവിടെത്തന്നെ കഴിഞ്ഞോളാം. എണ്‍പതു വയസ്സ് പ്രായമുള്ള ഒരമ്മയുടെ അപേക്ഷയായിരുന്നു അത്. ആശുപത്രി കാന്റീനിലെ ആഹാരം അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടോ! ഒരു തമാശ മട്ടില്‍ ഞാന്‍ ചോദിച്ചു. അതിന് സരസ്വതിയമ്മ ഉത്തരം പറഞ്ഞില്ല. പക്ഷേ, ആ അമ്മയുടെ കണ്ണുകളില്‍ നിന്ന് എനിക്ക് ഉത്തരം വായിച്ചെടുക്കാമായിരുന്നു. അതിന് വീട്ടിലുള്ളവര്‍ ആഹാരം തന്നാലല്ലേ...വിദൂരതയിലേക്ക് ആ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു. ഇവള്‍ വന്നതു കൊണ്ട് ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു. കൂടെ നിന്നിരുന്ന സ്ത്രീയെ നോക്കി അമ്മ പറഞ്ഞു. ഇവള്‍ എന്റെ മരിച്ചു പോയ ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തിന്റെ മകള്‍ രാധ. ഇവള്‍ വന്നില്ലായിരുന്നെങ്കില്‍... ഡോക്ടര്‍ക്കറിയാമോ, എന്റെ മൂന്ന് പെണ്‍മക്കളും വലിയ വിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍. അവരുടെ ഭര്‍ത്താക്കന്മാരുടെയും സ്ഥിതി അതു തന്നെ. ധാരാളം സ്വത്തും പണവും അവര്‍ സ്വരൂപിച്ചു വെച്ചിട്ടുണ്ട്. എന്നിട്ടും എന്റെ പെന്‍ഷനും വീട്ടുവാടകയായി കിട്ടുന്ന പണത്തിനും വേണ്ടി അവര്‍ കടിപിടി കൂടും. അവര്‍ക്ക് ഞാന്‍ അവരുടെ കൂടെ താമസിക്കണം. എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ആ ചിന്ത, എന്റെ പൈസയ്ക്ക് വേണ്ടി മാത്രം. എന്നെ ശുശ്രൂഷിക്കാന്‍ ഒരു ഹോംനഴ്സിനെയൊക്കെ നിര്‍ത്തിയിട്ടുണ്ട് വീട്ടില്‍. അവരുടെ ദാക്ഷിണ്യത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ആഹാരം കഴിച്ചാലും കഴിച്ചില്ലെങ്കിലും ആര്‍ക്ക് ചേതം? ആരും എന്റെ കാര്യങ്ങള്‍ ഒന്നും അന്വേഷിച്ച് മുറിയില്‍ വരാറില്ല. ആറു മാസമായി എന്റെ കാലില്‍ വ്രണവുമായി ഞാന്‍ ജീവിക്കുന്നു. ഒരു ഡോക്ടറെ കാണിക്കാന്‍ എത്രയോ വട്ടം ഞാന്‍ പറഞ്ഞതാണെന്നോ! പക്ഷേ, ആര് ചെവിക്കൊള്ളാന്‍! ആര്‍ക്കും അതിനുള്ള സമയവുമില്ല. രണ്ടാഴ്ച മുന്‍പ് ഞാന്‍ ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴത്തെ എന്റെ കോലം ഡോക്ടര്‍ കണ്ടതല്ലേ?... ആ അമ്മ വിതുമ്പിപ്പോയി. എനിക്കിനി അങ്ങോട്ടു തിരിച്ചു പോയി അവിടെയൊന്നും താമസിക്കാന്‍ വയ്യ ഡോക്ടറെ. അവസാനത്തെ വിളി വരുന്നതു വരെ ഇവിടെയെവിടെയെങ്കിലും കഴിയാന്‍ പറ്റിയാല്‍ എന്തു സമാധാനമായിരിക്കും!
******************************************************
ഡോക്ടറേ... ഇതെന്താ കിനാവ് കാണുവാണോ... ചോദ്യം കേട്ട്, നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് നാലു വയസ്സുകാരി റിന്‍ഷ മുന്നിലുണ്ട്. എന്റെ കൗണ്ട് കൂടീട്ടോ... കൈയിലിരുന്ന കടലാസ് അവള്‍ എന്റെ നേരേ നീട്ടി.
കൂടിയിട്ടുണ്ട്... നല്ലകാര്യം. അവളുടെ കൈ പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
എന്നാ, ഞാന്‍ വീഗാലാന്റില്‍ പോട്ടേ? അവളുടെ ചോദ്യം പെട്ടെന്നായിരുന്നു.
കൗണ്ട് കൂടട്ടെ! അവളുടെ കൈയില്‍ നിന്ന് വിടാതെ യാന്ത്രികമായി ഞാന്‍ പറഞ്ഞു.
അതിന് ഇങ്ങളല്ലേ പറഞ്ഞേ കൗണ്ട് കൂടീന്ന്... അവളുടെ ചോദ്യത്തില്‍ കുറച്ചൊരു പരിഭവസ്വരം.കൗണ്ട് കൂടാന്‍ നീ എന്ത് കഴിച്ചു? എന്ത് കഴിച്ചാലാ കൗണ്ട് കൂടുക?
അതിന് ങ്ങളല്ലേ ഡോക്ടറ്? ങ്ങളല്ലേ എനിക്ക് അതൊക്കെ പറഞ്ഞ് തരണ്ടത്- അവള്‍ മുഖം വീര്‍പ്പിച്ച് കൂടെയുണ്ടായിരുന്ന ഉപ്പയെ നോക്കി.ഇങ്ങള് എനിക്ക് ഇഡ്ഡലി കൊണ്ടത്തരാന്ന് പറഞ്ഞ് പറഞ്ഞ് പറ്റിച്ചില്ലേ...അവളുടെ വാക്കുകളില്‍ ശരിക്കും പരാതിയും പരിഭവവുമുണ്ട്.
ചൊവ്വാഴ്ച കൊണ്ടത്തരാം. അവളെ എന്റെ അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തി ഞാന്‍ പറഞ്ഞു.
ഇങ്ങള് വെറുതേ പറയല്ലേ... ഇഞ്ഞീം എന്നെ പറ്റിക്കുവോ..

ഡോക്ടര്‍ കൊണ്ടു വരാന്‍ മറന്നതു കൊണ്ട് കഴിഞ്ഞ നാലു ദിവസവും ഇവള്‍ക്ക് ഇഡ്ഡലി തന്നെ വേണമായിരുന്നു. വലിയ വാശിക്കാരിയാണിവള്‍!- ഉപ്പയാണ് പറയുന്നത്. കോഴിക്കോട്ടെ ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ ചികിത്സ ഇങ്ങോട്ട് മാറ്റിയത് എന്താണെന്നറിയാമോ ഡോക്ടര്‍ക്ക്?
ഉപ്പ വിശദീകരിച്ചു- കീമോ തെറാപ്പി മരുന്നുകള്‍ എടുത്ത സമയത്ത് വായ്ക്കകമൊക്കെ പൊട്ടി ഇവള്‍ക്ക് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അപ്പോള്‍ ഒരു ദിവസം ഡോക്ടര്‍ പറഞ്ഞു- ഭക്ഷണം കഴിച്ചോ, ഇല്ലെങ്കില്‍ നിനക്ക് മൂക്കില്‍ കൂടി ട്യൂബ് ഇടും. എന്നിട്ട് അതില്‍ കൂടി സാമ്പാറ് ഒഴിച്ചു തരും. ഇവളെക്കൊണ്ട് കഴിപ്പിക്കാന്‍ വേണ്ടി ഡോക്ടര്‍ സ്നേഹത്തോടെ പറഞ്ഞതാണ്. പക്ഷേ, ഇവള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല!

ഹും.. ഒരു ഡോക്ടറ് അങ്ങനെയൊക്കെ പറയാവോ! - അവളുടെ വാക്കുകളില്‍ ദേഷ്യം!

അവളുടെ നിഷ്‌കളങ്കതയുടെ തെളിച്ചം ഓര്‍ത്ത് ഞാന്‍ മനസ്സില്‍ ചിരിച്ചു. ചിന്തയില്‍ ഒന്നുമില്ലാതെ അവള്‍ എനിക്കൊരു തെളിഞ്ഞ ചിരി വിരിയിച്ചു തന്നു.ഈ കുട്ടികളൊക്കെ എന്നും കുട്ടികളായിത്തന്നെ കഴിഞ്ഞിരുന്നെങ്കില്‍! അവര്‍ വളര്‍ന്ന് മുതിര്‍ന്നവരാകാതിരുന്നെങ്കില്‍ ഉമ്മയ്ക്കും സരസ്വതിയമ്മയ്ക്കും ദുഃഖിക്കേണ്ടി വരില്ലായിരുന്നു അല്ലേ! എന്റെ ഭ്രാന്തന്‍ ചിന്തകള്‍ ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നതു പോലെ...

Content Highlights: Snehaganga, Dr.V.P.Gangadharan shares his memories, Health, Cancer Awareness, Cancer Care