പതിവില്‍ നിന്ന് വ്യത്യസ്തമായി കുറച്ചു താമസിച്ചാണ് ഇന്നലെ ഉറക്കമുണര്‍ന്നത്. അതു കൊണ്ടു തന്നെ രാവിലത്തെ പതിവു നടത്തവും താമസിച്ചായിരുന്നു. ഫോണ്‍സ്‌ക്രീനില്‍ കണ്ണോടിച്ചപ്പോള്‍ ജോണിയുടെ അഞ്ചു കോളുകള്‍. രാവിലെ ഏഴുമണിക്കും ഒമ്പതു മണിക്കും ഇടയില്‍. ജോണി എന്തിനായിരിക്കും അത്യാവശ്യമായി ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചത് എന്ന് ആലോചിക്കുമ്പോഴേക്കും അതാ ജോണി വീണ്ടും വിളിക്കുന്നു.
എന്താ ജോണീ... കോവിഡിന്റെ പ്രശ്നമൊക്കെ മാറിയോ എന്നു ചോദിച്ചു കൊണ്ടാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്.
ഞാന്‍ ഓകേയാണ് സാറേ... പതിവ് ചിരിയോടെയുള്ള സ്ഥിരം മറുപടി. ഞാന്‍ രാവിലെ മുതല്‍ സാറിനെ വിളിച്ചു കൊണ്ടിരിക്കുകയാണ്. സാറും സാറിന്റെ ടീമും വളരെ ബുദ്ധിമുട്ടി പ്രയത്നിച്ചിട്ടല്ലേ എന്നെ രക്ഷപ്പെടുത്തിയത്! എന്റെ ജീവന്‍ രക്ഷിച്ചത്! നിങ്ങള്‍ അത്രയും ശ്രദ്ധയോടെ ശ്രമിച്ചിട്ടാണ് ഞങ്ങളെപ്പോലെയുള്ള കാന്‍സര്‍ രോഗികളെ രക്ഷപ്പെടുത്തുന്നത് എന്ന് എനിക്കറിയാം. ഓരോ ജീവന്റെയും വില സാറിന് അറിയാവുന്നതു പോലെ മറ്റാര്‍ക്കാണ് സാറേ മനസ്സിലാവുക! എന്നിട്ടും സാറെന്താ പ്രതികരിക്കാത്തത്? ജോണി എന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് മനസ്സിലായി.
ജോണി രാവിലെ നല്ല ഫോമിലാണല്ലോ... ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്താണ് ജോണീ പ്രശ്നം? ജോണി എന്തിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്? ഞാന്‍ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലല്ലോ!
ഈയിടെയായിട്ട് സാറ് പത്രമൊന്നും വായിക്കാറില്ലേ? അല്ലെങ്കില്‍ത്തന്നെ സാറിന് ഇതിനൊക്കെ എവിടെയാ നേരം അല്ലേ?
ജോണി വിടാന്‍ ഭാവമില്ല എന്ന് എനിക്ക് മനസ്സിലായി.
ജോണിക്ക് വേറേ പണിയൊന്നുമില്ലേ... വെറുതേ സാറിന്റെ സമയം കളയാന്‍! രാവിലെ തന്നെ ഓരോരോ പരിപാടികള്‍- ജോണിയുടെ ഭാര്യ പറയുന്നത് എനിക്കും കേള്‍ക്കാം ഫോണിലൂടെ.
അല്ല... അതല്ല സാറേ... എത്ര ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ് ദിവസവും കൊല്ലപ്പെടുന്നത്! എത്ര നിസ്സാരമായാണ് അവരെ കൊല്ലുന്നത്! ആ കൊലയ്ക്ക് ഉത്തരവാദി താനാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവര്‍ സമൂഹത്തില്‍ കൂടിക്കൂടി വരികയല്ലേ സാറേ... നിമിഷങ്ങള്‍ കൊണ്ട് ഒരാളെ കുത്തിമലര്‍ത്തി ജയിച്ച ഭാവത്തോടെ പോവുകയല്ലേ സാറേ അവന്മാര്... ഒരാളുടെ ജീവന്‍ എത്ര നിസ്സാരമായാണ് അവന്മാര്‍ കവര്‍ന്നെടുക്കുന്നത്! സാറൊക്കെ വര്‍ഷങ്ങളോളം പ്രയത്നിച്ച് ഓരോ ജീവനും സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവന്മാര്‍ നിമിഷങ്ങള്‍ കൊണ്ട് ജീവനെടുക്കുകയല്ലേ... ശരിയല്ലേ ഞാന്‍ പറഞ്ഞതൊക്കെ? ഇത് എന്റെ മാത്രം ചിന്തയല്ല. എന്റെ മാത്രം വാക്കുകളോ ശബ്ദമോ അല്ല സാറേ. അവിടെ സാറിന്റെ കൂടെയുള്ള എല്ലാ കാന്‍സര്‍ രോഗികളുടെയും ശബ്ദമാണ്. ഇതിനോടൊന്നും ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും ആരും തന്നെ ഒന്നും പ്രതികരിക്കാത്തത് എന്താ സാറേ? എല്ലാ ബുധനാഴ്ചയും സാറ് എഴുതുന്നുണ്ടല്ലോ. ഇനി ഇതിനെക്കുറിച്ച് എഴുത് സാറേ... ജോണി പറഞ്ഞു.
പ്രഭാത നടത്തം തുടരുമ്പോഴും എന്റെ മനസ്സും ചിന്തയും ജോണിയുടെ വാക്കുകള്‍ കൂട്ടിവായിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരിയാണ് എത്രയെത്ര കൊലപാതകങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്! ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ ശബ്ദിച്ചാല്‍, ഒരു രാഷ്ട്രീയ വിഭാഗക്കാര്‍ക്ക് അനിഷ്ടം തോന്നിയാല്‍, തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണത്തിനിറങ്ങിയാല്‍ ഒക്കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. നിസ്സാര കാര്യങ്ങള്‍ മതി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഓരോ ജീവനുകള്‍ ഈ ലോകത്തോട് യാത്ര പറയാന്‍.
അതിനെക്കാളൊക്കെ എത്രയോ നിസ്സാര കാര്യങ്ങള്‍ക്ക്, സൗഹൃദക്കൂട്ടത്തിനിടയിലെ ചെറുതര്‍ക്കങ്ങള്‍ക്കിടെ എത്ര യുവാക്കളാണ് നിമിഷം കൊണ്ട് ജീവനറ്റ് വീഴ്ത്തപ്പെടുന്നത്!
എന്റെ ചിന്തകള്‍ പെട്ടെന്ന് കലാലയ ജീവിതത്തിലേക്ക് ഊര്‍ന്നിറങ്ങി. മഹാരാജാസ് കോളേജും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികളും വിദ്യാര്‍ഥി നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും അത്യാവശ്യം കശപിശകളും ഒക്കെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. ഇതൊക്കെ പകലാണ്. സന്ധ്യയാവുന്നതോടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ പതുക്കെ അലിഞ്ഞുപോകും. രാത്രിയായാല്‍ പിന്നെ, ഹോസ്റ്റലില്‍ കെ.എസ്.യു. ആയാലും എസ്.എഫ്.ഐ. ആയാലും കെ.എസ്.സി. ആയാലും സ്വതന്ത്രന്‍ ആയാലും എല്ലാവര്‍ക്കും ഒറ്റ പാര്‍ട്ടിയേയുള്ളൂ. സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ തോളത്ത് കൈയിട്ട് തീയേറ്ററിലേക്ക് മുന്നേറുന്ന ഒറ്റ പാര്‍ട്ടി. അതൊക്കെ ഒരു കാലം അല്ലേ... ഇപ്പോള്‍ കാലം മാറിയിരിക്കുന്നു- ആരോ വിളിച്ചു പറയുന്നത് ഉള്ളില്‍ വ്യക്തമായി കേള്‍ക്കാം.
വിദ്യാഭ്യാസ മേഖലയില്‍ അസൂയാവഹമായ നേട്ടം കൈവരിച്ച സംസ്ഥാനം. നൂറു ശതമാനം സാക്ഷരത അരക്കിട്ടുറപ്പിച്ച സംസ്ഥാനം... മറ്റു പല സംസ്ഥാനങ്ങളിലും അക്രമവും അതിക്രമവും കൊടികുത്തി വാഴുമ്പോഴും മനഃസമാധാനത്തോടെ സന്തോഷത്തോടെ മനുഷ്യര്‍ പാര്‍ക്കുന്ന ഒരിടം എന്ന് നാം എന്നും അഹങ്കരിച്ചിരുന്ന നമ്മുടെ കൊച്ചു കേരളം. ദൈവത്തിന്റെ സ്വന്തം നാട്!
ഇവിടെ ജാതിയുടെ പേരിലൊക്കെയുള്ള ദുരഭിമാനക്കൊല നടന്നു എന്നത് നാം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോളാകട്ടെ അത് ഒരു വലിയ വാര്‍ത്തയല്ലാതായിരിക്കുന്നു. ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നത് നാം അമ്പരപ്പോടെ കേള്‍ക്കേണ്ടി വരുന്നു. നിസ്സാരമായ ചില വാശികള്‍ തീര്‍ക്കുന്നതിനപ്പുറം സ്വന്തം മക്കളുടെയും കുടുംബാംങ്ങളുടെയും ജീവിതവും സ്വന്തം ജീവിതവും സമൂഹത്തിന്റെ സ്വസ്ഥതയും ഒക്കെ നശിപ്പിച്ചിട്ട് ആര് എന്തു നേടി എന്നു ചിന്തിക്കുന്നത് നന്നായിരിക്കും.
വിഷം കൊടുത്ത് ഭര്‍ത്താവിനെ കൊല്ലുക, പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യയെ വകവരുത്തുക, സ്വത്തും പണവുമെല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായി സ്നേഹത്തോടെ ഒപ്പം ചേര്‍ന്ന ഭാര്യയെ ഷോക്ക് അടിപ്പിച്ചു കൊല്ലുക, ഓമനിച്ചു വളര്‍ത്തിയ മകളുടെ പ്രിയ ഭര്‍ത്താവിനെ ദിവസം പറഞ്ഞ് വെട്ടിനുറുക്കുക... ഇതൊക്കെ നമ്മുടെ നാട്ടില്‍ മാസങ്ങള്‍ക്കിടെ നടന്നതാണ്. ഇതിനെക്കുറിച്ചൊക്കെ പറയാന്‍ നാം ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്- മൃഗീയമായി കൊലപ്പെടുത്തി എന്ന്. ഈ പ്രയോഗം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മൃഗങ്ങള്‍ക്ക് ഒരു നിയമവും ജീവിതമര്യാദകളുമുണ്ട്. കാടിന്റെ നിയമം. അത് തെറ്റിക്കാന്‍ അവര്‍ സമ്മതിക്കില്ല. വനജീവിതത്തിന്റെ ആ നിയമങ്ങള്‍ ലംഘിച്ച് അവയ്ക്ക് അവിടെ ജീവിക്കാന്‍ സാധിക്കില്ല. മനുഷ്യനോ! നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് സുഖമായി ജീവിക്കുന്നവനാണ് മനുഷ്യന്‍. അതുകൊണ്ട് മൃഗീയമായി കൊലപ്പെടുത്തി എന്നതിനു പകരം 'മനുഷ്യീയമായി' കൊലപ്പെടുത്തി എന്നു പറയുന്നതാവും ഉചിതം. മാനുഷികമായി എന്നായിരിക്കും നമുക്കുള്ള പ്രയോഗം. മനസ്സില്‍ കാന്‍സര്‍ ബാധിച്ചവരിലാണ് ഇത്തരം ദുഷ്ചിന്തകള്‍ അരങ്ങേറുന്നതും കുടികൊള്ളുന്നതും എന്നുള്ള പ്രയോഗവും തെറ്റാണ്. കാരണം, ജാതിമത ഭേദമന്യേ എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന ഒരസുഖമാണ് കാന്‍സര്‍.
ഓരോ ജീവന്റെയും വില സാറിന് ശരിക്കും അറിയാവുന്നതാണല്ലോ എന്ന ജോണിയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ പിന്നെയും മുഴങ്ങി. ശരിയാണ് ഞാന്‍ സ്വയം പറഞ്ഞു പോയി. ഓരോ രോഗിയെയും അവന്റെ ജീവനെയും തോളിലേറ്റി രോഗത്തിന്റെ മറുകരയില്‍, ജീവിതത്തിന്റെ തീരത്തേക്ക് കൊണ്ടു ചെന്നെത്തിക്കാനാണ് കാന്‍സര്‍ ചികിത്സകര്‍ ശ്രമിക്കുന്നത്. ഒരു നേര്‍ത്ത നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചാരം. ഇരുപുറത്തു നിന്നുമുള്ള ശക്തമായ തിരകള്‍ വലിയ വെല്ലുവിളിയാണ് ഈ രക്ഷാദൗത്യത്തില്‍. ഒരു വശത്ത് അസുഖവും മറുവശത്ത് ചികിത്സയുടെ പാര്‍ശ്വഫലങ്ങളുമാണ് തിരയടിച്ചുയരുന്നത്. ഏതു വശത്തേക്കു വീണാലും ജീവന്‍ പൊയ്പ്പോകുമെന്ന് തീര്‍ച്ച. ഒരു നീണ്ട, വിഷമം പിടിച്ച യാത്രയിലൂടെയാണ് ഏതു ഡോക്ടറും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വളരെ ശ്രമകരമായ ജോലിയാണിത്. അതിനിടെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരു കത്തിമുനയിലോ തീജ്വാലയിലോ നിമിഷങ്ങള്‍ കൊണ്ട് മനുഷ്യജീവന്‍ പൊലിഞ്ഞു വീഴുന്നതു കാണുമ്പോള്‍...വളരെയെളുപ്പമാണ് ജീവന്‍ നശിപ്പിക്കാന്‍. പക്ഷേ, അത് പിടിച്ചുനിര്‍ത്താനുള്ള യത്നത്തില്‍ അഹോരാത്രം പണിപ്പെടേണ്ടി വരുന്നു.
ഒരു ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അതുമൂലം നഷ്ടപ്പെടുന്നത് കുറേ ജീവിതങ്ങള്‍ കൂടിയാണ്. ആറ്റുനോറ്റു വളര്‍ത്തിയ മക്കളെ അച്ഛനമ്മമാര്‍ക്ക് നഷ്ടപ്പെടുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ, ഭാര്യ ഇല്ലാതായ ഭര്‍ത്താവ്. എന്നേക്കുമായി ഇല്ലാതായിപ്പോകുന്ന സഹോദരിമാരും സഹോദരന്മാരും. തീരാത്ത കഷ്ടപ്പാടുകളില്‍ പെട്ടു പോകുന്ന കുടുംബങ്ങള്‍. കൊലയാളികളേ, ഒരു നിമിഷം ഇവരെ ഓര്‍ക്കുക. അവരുടെ ദയനീയമായ മുഖം ഒന്നു സങ്കല്പിക്കുക. അവരുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ നിങ്ങളുടെ ചെവിയില്‍ മുഴങ്ങുന്നില്ലേ...രാഷ്ട്രീയ, സാമുദായിക നേതാക്കളേ, സാംസ്‌ക്കാരിക നായകരേ ദയവായി നിങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമോ...ഇനിയെങ്കിലും ഇങ്ങനെ ഒരു കാരണവുമില്ലാതെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോകുന്നതിന് ഒരവസാനമുണ്ടാക്കാന്‍ ഒന്നു ശ്രമിക്കുമോ...
Content Highlights: Snehaganga, Dr.V.P. Gangadharan shares his memories, Health, Cancer Awareness