കുട്ടിക്കാലത്ത് സ്വപ്നങ്ങള്‍ കാണണം. അത് സാക്ഷാത്കരിക്കാന്‍ വേണ്ടി പരിശ്രമിക്കണം. സ്വപ്നങ്ങള്‍ കണ്ടു വളര്‍ന്നാലേ നമുക്ക് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാത്തവരുടെ ജീവിതം മുരടിച്ചു പോകും. കുട്ടിക്കാലത്ത് താന്‍ കണ്ട സ്വപ്നങ്ങളും അതു നേടിയെടുക്കാന്‍ ശ്രമിച്ചതും അതില്‍ വിജയിച്ചതിന്റെ ചാരിതാര്‍ഥ്യവുമൊക്കെ പങ്കുവെച്ചാണ് അദ്ദേഹം പ്രസംഗം നിര്‍ത്തിയത്. 

കുട്ടിഡോക്ടര്‍മാരുടെ ബിരുദദാന സമ്മേളനമായിരുന്നു വേദി. വിശിഷ്ടാതിഥി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ആദ്യം പറഞ്ഞത്.

കുട്ടിക്കാലത്ത് ഒരിക്കലും സ്വപ്നം കാണാത്ത ഞാന്‍ അതു സാക്ഷാത്കരിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ആറാം ക്ലാസ്സ് പോലും സ്വപ്നം കാണാറില്ലല്ലോ എന്നോര്‍ത്തു. എന്റെ ചെവിയില്‍ വിശിഷ്ടാതിഥിയുടെ വാക്കുകള്‍ മുഴങ്ങുന്നതു പോലെ- സ്വപ്നങ്ങള്‍ കാണണം.
പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു സംശയമുയര്‍ന്നു. കാണുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കിലോ! എങ്കില്‍ ശിഷ്ടജീവിതം കട്ടപ്പുക എന്ന് ചിന്തിക്കുന്നവരുടെ മുഖങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു.

എം.ബി.ബി.എസ്.- അതാണ് എന്റെ ലക്ഷ്യം എന്ന് പലവട്ടം എന്നോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് ശാലിനി. ആദ്യവട്ടം നീറ്റ് പരീക്ഷ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു- മാമാ എനിക്ക് ഇപ്രാവശ്യം കിട്ടില്ല കേട്ടോ! അടുത്ത വര്‍ഷത്തെ പരീക്ഷയ്ക്ക് ഞാന്‍ മെനക്കെട്ടിരുന്ന് പഠിക്കാം. അവളുടെ അഭിപ്രായത്തോട് യോജിക്കാന്‍ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. നൂറു ശതമാനം സമ്മതം. എല്ലാ ഭാവുകങ്ങളും ഞാന്‍ ചികരിച്ചു കൊണ്ട് അവളോട് യോജിച്ചു. അടച്ചിട്ട ഒരു മറിയിലിരുന്ന് രാപകല്‍ വ്യത്യാസമില്ലാതെ അവള്‍പഠനം ആരംഭിച്ചു. വീട്ടുകാര്‍ സന്തോഷിച്ചു. അവള്‍ ഇപ്രാവശ്യം നേടും- അവര്‍ അടുത്ത വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു. അയല്‍പക്കത്തെ ജാനകി ഇത് കേള്‍ക്കാത്ത താമസം നാടുനീളെ പറഞ്ഞു- ശാലിക്കൊച്ചൊണ്ടല്ലോ, അവള്‍ ഭയങ്കര പഠിത്തമാ. നീറ്റെന്നോ കീറ്റെന്നോ ഒക്കെ പറഞ്ഞാ പഠിത്തം. അവള്‍ മിടുമിടുക്കിയാ കേട്ടോ. ഡോക്ടറായി വരുമ്പോള്‍ ഈ നാട്ടില്‍ത്തന്നെ വരണം കേട്ടോ എന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്.

ജാനകി ശാലിനിയോട് ഇതു പറഞ്ഞിരുന്നു എന്നത് സത്യമാണ്. അതോടെ ശാലിനിയുടെ ആധി കൂടി. പരീക്ഷ അടുത്തു വരുന്തോറും അവളുടെ മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം. ഇപ്രാവശ്യം ഞാന്‍ പരീക്ഷയില്‍ ജയിച്ചില്ലെങ്കിലോ! നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും തന്നില്‍ വളരെയധികം പ്രതീക്ഷ അര്‍പ്പിക്കുന്നു എന്ന ചിന്ത അവളുടെ കുഞ്ഞുമനസ്സിനെ വേട്ടയാടിത്തുടങ്ങി. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കിലോ... അത് അവള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറത്തായിരുന്നു. ഊണില്ല, ഉറക്കമില്ല.. അച്ഛനമ്മമാരോട് സംസാരിക്കാന്‍ കൂടി അവള്‍ വിമുഖത കാണിച്ചു തുടങ്ങി. കുസൃതിച്ചിരിയുമായി മുറിയിലേക്ക് കടന്നു വരാന്‍ ശ്രമിച്ച അനിയത്തിക്കുട്ടിയെ അവള്‍ ആട്ടിപ്പായിച്ചു. അപ്പോളും മാതാപിതാക്കള്‍ സന്തോഷിച്ചതേയുള്ളൂ അവള്‍ തകര്‍ത്തു പഠിക്കട്ടെ. ഇപ്രാവശ്യം അവള്‍ നേടും. അവര്‍ മനസ്സില്‍ കുറിച്ചു. പരീക്ഷയ്ക്കിനി ദിവസങ്ങള്‍ മാത്രം. ശാലിനിയുടെ സ്വഭാവത്തില്‍ വന്ന ചില മാറ്റങ്ങള്‍ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഒറ്റയ്ക്കിരുന്ന് ഉറക്കെ കരയുക, എന്തിനും ഏതിനും അനിയത്തിക്കുട്ടിയെ അടിക്കുക അങ്ങനെ ഒത്തിരിയൊത്തിരി മാറ്റങ്ങള്‍.

എന്താ...എന്തു പറ്റി ശാലുക്കുട്ടീ... അമ്മയുടെ ചോദ്യം കേട്ട് അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു. വായിക്കുന്നതൊന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല. അമ്മേ, കംപ്യൂട്ടറിന്റെ അടുത്തെത്തുമ്പോള്‍ത്തന്നെ എന്റെ കൈകള്‍ വിറയ്ക്കും. ഞാന്‍ എങ്ങനെ ഇനി പരീക്ഷ എഴുതും! കേട്ട പാതി കേള്‍ക്കാത്ത പാതി ശാലിനിയെയും കൊണ്ട് അച്ഛനമ്മമാര്‍ ഒരു മനോഡോക്ടറുടെ അടുത്തേക്ക് ഓടി. കുറച്ച് ഉപദേശങ്ങളും അതിലേറെ മരുന്നുകളുമായി അവള്‍ വീട്ടിലെത്തി. മരുന്ന് ഒരൊറ്റ ദിവസമേ കഴിച്ചുള്ളൂ. ഉറക്കം തന്റെ പഠിത്തത്തിന് വിഘ്നമാണെന്ന് തിരിച്ചറിഞ്ഞ ശാലിനി മരുന്ന് നിര്‍ത്തി.

പരീക്ഷാ ഹാളിലെത്തിയ അവളുടെ കൈകള്‍ വിറച്ചു. മനസ്സ് അസ്വസ്ഥമായി. പരീക്ഷാ ഹാളിലിരുന്നു ഉറക്കെക്കരഞ്ഞ് കുഴഞ്ഞു വീണ അവളുടെ വിവരമറിഞ്ഞ് അച്ഛനമ്മമാര്‍ ഓടിയെത്തി. നീണ്ട ആശ്വാസ വാക്കുകള്‍ കേട്ടിട്ടാവണം അവള്‍ വീണ്ടും പരീക്ഷയെഴുതി. പക്ഷേ, സമയവും കാലവും ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാറില്ലല്ലോ! പരീക്ഷാ ഹാളില്‍ ശാലിനിക്ക് നഷ്ടപ്പെട്ടത് ഒന്നര മണിക്കൂര്‍...അല്ല, ആ നേരത്തില്‍ പൊയ്പോയത് അവളുടെ ഒരു വര്‍ഷത്തെ ഭഗീരഥ പ്രയത്നമായിരുന്നു. തിരികെ വീട്ടിലെത്തിയ അവളെ അച്ഛനമ്മമാര്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചു പറഞ്ഞു സാരമില്ല മോളേ... നമുക്ക് അടുത്ത വര്‍ഷം ഒന്നു കൂടി എഴുതാം.

എനിക്ക് മാമയെ ഉടനെ കാണണം- എന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അടുത്ത ദിവസം തന്നെ അവള്‍ വീട്ടിലെത്തി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവള്‍ പറഞ്ഞു തുടങ്ങി. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പറ്റില്ല എന്നു തോന്നിയതു കൊണ്ടാണ് ടെന്‍ഷന്‍ വന്നത് മാമാ. ആരുടെ പ്രതീക്ഷകള്‍ക്കൊത്ത്? എന്റെ ചോദ്യത്തിന് അവളുടെ മറുപടി പെട്ടെന്നായിരുന്നു.
ഈ മാമന്റെ, അച്ഛന്റെ, അമ്മയുടെ, അധ്യാപകരുടെ, നാട്ടുകാരുടെ... ഞാന്‍ അങ്ങനെ പ്രതീക്ഷിച്ചിട്ടൊന്നുമില്ല കേട്ടോ. എന്റെ മറുപടി കേട്ട് അവള്‍ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടര്‍ന്നു. മൂന്നാമത്തെയും നാലാമത്തെയും ചോദ്യം കണ്ടപ്പോഴേ എന്റെ പ്രതീക്ഷയൊക്കെ അസ്തമിച്ചു. എയിംസില്‍ ഇനി സീറ്റു കിട്ടില്ല എന്നറിഞ്ഞതോടെ എന്റെ കൈകള്‍ വിറച്ചു തുടങ്ങി. കണ്ണുകള്‍ മങ്ങിത്തുടങ്ങി. എന്റെ ജീവിതലക്ഷ്യം എയിംസില്‍ എം.ബി.ബി.എസിനു പഠിക്കുക എന്നതാണ്- അവള്‍ ഇനിയെന്തു ചെയ്യും എന്ന സന്ദേഹത്തോടെ പറഞ്ഞു.
എയിംസ് മാത്രം സ്വപ്നം കണ്ടു വളര്‍ന്ന ഒരു കുട്ടി! കഷ്ടം! ഞാന്‍ മനസ്സിലോര്‍ത്തു. അവളുടെ മനസ്സിലെ ആധി മാറ്റാനും എം.ബി.ബി.എസിന് സാമാന്യം ഭേദപ്പെട്ട ഏതു കോളേജില്‍ പഠിച്ചാലും വ്യത്യാസമൊന്നുമില്ലെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ എനിക്ക് മണിക്കൂറുകള്‍ വേണ്ടി വന്നു. ചിരിച്ച മുഖവുമായാണ് അവള്‍ യാത്ര പറഞ്ഞിറങ്ങിയത്. പാട്ടു പാടാനും വയലിന്‍ വായിക്കാനും കഴിവുള്ള നീ പഠിത്തത്തിനിടയില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ രണ്ടു കഴിവുകളും ഉപയോഗിക്കണം. ജീവിതം എന്‍ട്രന്‍സ് പരീക്ഷയില്‍ മാത്രമായി ഒതുക്കരുത്. എന്റെ വാക്കുകള്‍ കേട്ട് അവള്‍ തിരിഞ്ഞു നോക്കി. ശരിമാമേ... അവളുടെ പുഞ്ചിരി ശാന്തമായിരുന്നു.
****************************************
നല്ലറാങ്കോടെ എം.ബി.ബി.എസിന് പ്രവേശനം കിട്ടിയ ഒരു മിടുക്കിയാണ് മറ്റൊരാള്‍. ഒന്നാം വര്‍ഷ പരീക്ഷയില്‍ രണ്ടു വിഷയങ്ങളില്‍ തോറ്റതോടെ അവള്‍ മാനസികമായി തകര്‍ന്നു. ഒരു കാര്‍ഡിയോളജിസ്റ്റ് ആകണം എന്ന എന്റെ ആജീവനാന്ത സ്വപ്നം ഇനി.... സംസാരത്തിനിടെ അവള്‍ വിതുമ്പി. എം.ബി.ബി.എസ്. തീരണം. അതു കഴിഞ്ഞ് എം.ഡി. പ്രവേശനപ്പരീക്ഷ, എം.ഡി.പഠനം, ഡി.എം.എന്‍ട്രന്‍സ്. ഡി.എം. പഠനം... കടമ്പകള്‍ ഏറെ. ഇത്രയൊക്കെ വിദൂരമായ സ്വപ്നങ്ങള്‍ കാണണോ... ഇത് എന്റെ മനസ്സില്‍ വന്നെങ്കിലും അവളോട് പറഞ്ഞില്ല. ഞങ്ങളൊക്കെ തോറ്റു തന്നെയാണ് പഠിച്ചത് മോളേ എന്നു മാത്രം പറഞ്ഞു.

എം.ബി.ബി.എസ്. പഠനത്തിന് പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും നടത്താതിരുന്ന എന്റെ മനസ്സ് 48 വര്‍ഷം പിന്നിലേക്ക് പാഞ്ഞു. പ്രവേശനപ്പരീക്ഷകള്‍ ഇല്ലാതിരുന്ന, മനസ്സമാധാനമുള്ള കാലം. എം.ബി.ബി.എസിന് പ്രവേശനം കിട്ടിയപ്പോള്‍ അച്ഛന്‍ പറഞ്ഞു- വീട്ടില്‍ ഒരു ഡോക്ടറുണ്ടല്ലോ. (അന്ന് ബാലച്ചേട്ടന്‍ എം.ബി.ബി.എസിന് പഠിക്കുകയായിരുന്നു.) അതു കൊണ്ട് നിനക്ക് നല്ല ഇഷ്ടമുണ്ടെങ്കില്‍ പോയാല്‍ മതി. എന്റെ ഇഷ്ടത്തെക്കാള്‍ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഞാന്‍ ഡോക്ടറായത് എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.

കുട്ടിക്കാലത്ത് സ്വപ്നങ്ങള്‍ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ ശരിയാവില്ല. ഞാനും സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. കാറില്‍ ഒരു യാത്ര, തീവണ്ടിയില്‍ ഒരു നീണ്ട യാത്ര, ഭംഗിയുള്ള ഒരു പേന, മഴക്കാലത്ത് കുളത്തില്‍ ഒരു നീന്തല്‍, വീട്ടിലെ പട്ടികള്‍, മുയലുകള്‍... അങ്ങനെ ചെറിയ ചെറിയ സ്വപ്നങ്ങള്‍. ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നങ്ങള്‍ കാണാന്‍ അച്ഛനമ്മമാര്‍ പഠിപ്പിക്കാത്തതു കൊണ്ടായിരിക്കാം അങ്ങനെ. അല്ലേ! അതിന് മനസ്സില്‍ ഒരുത്തരമില്ലായിരുന്നു. പക്ഷേ, എന്നും ഓര്‍ക്കാന്‍, ഇന്നും ഓര്‍ത്തോര്‍ത്ത് സന്തോഷിക്കാന്‍ നല്ലൊരു കുട്ടിക്കാലം എനിക്ക് സമ്മാനിച്ചത് ഇത്തരം ചെറിയ സ്വപ്നങ്ങളായിരുന്നു എന്ന് മനസ്സ് പറഞ്ഞു.

വലിയ സ്വപ്നങ്ങള്‍- അവ സുന്ദരമായ സ്വപ്നങ്ങളായിത്തന്നെ തുടരട്ടെ. അത് യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി മാത്രമായുള്ള ഒരു ജീവിതം ദുസ്സഹമായിരിക്കും എന്നതാണ് സത്യമെന്ന് മനസ്സ് പറയുന്നു. ഒരു സ്വപ്നം കൈവിട്ടു പോയാല്‍ ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ വന്നെത്തുമെന്ന തിരിച്ചറിവാണല്ലോ ജീവിതം നമ്മെ പഠിപ്പിക്കുന്ന വലിയ സത്യം.

Content Highlights: Snehaganga, Dr.V.P. Gangadharan shares his life experience his opinion about big dreams