സാറേ എന്റെ പരിശോധന രാവിലെ ആക്കിത്തരാമോ... ഉച്ച കഴിഞ്ഞ് വന്നു പോകാന്‍ ബുദ്ധിമുട്ടാണ് സാര്‍- രാജമ്മ ദയനീയമായി എന്നെ നോക്കി. വളരെ ദൂരെ നിന്നാണോ നിങ്ങള്‍ വരുന്നത്? ഒ.പി.യിലെ സിസ്റ്ററിന്റെ ചോദ്യത്തിന് ഒരു ചിരി ആയിരുന്നു രാജമ്മയുടെ മറുപടി. ഒരു ചെറിയ മൗനത്തിനു ശേഷം രാജമ്മ പറഞ്ഞു- ദൂരെയൊന്നുമല്ല ഡോക്ടറേ... ഇവിടെ അടുത്താ. പിറവത്തിനടുത്താണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്. ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഉച്ച കഴിയും. പിന്നെ രാത്രി വരെ പണിയുണ്ട് സാറേ... അതാ ഞാന്‍ ഉച്ച കഴിഞ്ഞ് വരാന്‍ ബുദ്ധിമുട്ടു പറഞ്ഞത്. അവര്‍ വീണ്ടും എന്നെ നോക്കി.

മടിച്ചി... എന്നാണ് ഞാന്‍ പറയാന്‍ തുടങ്ങിയത്. പക്ഷേ, ചെറിയൊരു ചിരിയല്ലാതെ ആ വാക്ക് പുറത്തേക്കു വന്നില്ല.

നിങ്ങളെന്തിനാ രാവിലെ സുഖിച്ച് കിടന്നുറങ്ങുന്നത്? കുറച്ച് നേരത്തേ എഴുന്നേറ്റ് പണിയൊക്കെ തീര്‍ത്തിട്ട് ഉച്ചയ്ക്കു മുമ്പായി ആശുപത്രിയില്‍ വന്നു കൂടേ...ഞങ്ങളൊക്കെ രാവിലെ എഴുന്നേറ്റ് വീട്ടിലെ പണിയെല്ലാം തീര്‍ത്തിട്ടാണ് ആശുപത്രിയിലേക്ക് എത്തുന്നത്. സിസ്റ്റര്‍ സ്‌നേഹത്തോടെയാണെങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍ പോലെ വിശദീകരിച്ചു.

രാജമ്മയുടെ കണ്ണ് നിറയുകയായിരുന്നു. അതിന് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത് രാവിലെ ഏഴുമണിയോടെയാണ് മോളേ...

സെക്യൂരിറ്റി ജീവനക്കാരിയാണോ എന്ന ചോദ്യമാണ് നാവില്‍ വന്നത്. പക്ഷേ, അതു ചോദിക്കും മുമ്പ് രാജമ്മ വീണ്ടും പറഞ്ഞു തുടങ്ങി. 

മുമ്പ് എനിക്ക് ഒരു സ്‌കൂളിലെ അടുക്കളപ്പണിയായിരുന്നു- കുശിനിക്കാരി. 400-ല്‍ പരം കുട്ടികളുണ്ടായിരുന്നു അവിടെ. എന്നാലും ആ പണികളെല്ലാം തീര്‍ത്ത് അഞ്ചു മണിക്കു മുമ്പ് വീട്ടിലെത്താമായിരുന്നു. കോവിഡ് വന്നതോടെ സ്‌കൂളൊക്കെ അടഞ്ഞു കിടക്കുകയല്ലേ. അങ്ങനെ ആ ജോലി ഇല്ലാതായി. ഇപ്പോള്‍ ഒരു കോളേജ് ഹോസ്റ്റലിലെ കുശിനിക്കാരിയാണ്. അവിടെ താമസിക്കണം. 73 പെണ്‍കുട്ടികളേ ഉള്ളൂ ആ ഹോസ്റ്റലില്‍. പക്ഷേ, പണികള്‍ ചെയ്ത് നടുവൊടിഞ്ഞു സാറേ. ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവര്‍ തുടര്‍ന്നു. രാത്രി രണ്ടു മണിക്ക് എഴുന്നേറ്റ് പണികള്‍ തുടങ്ങണം. എന്നാലേ, കുട്ടികളുടെ തെറി കേള്‍ക്കാതെ ഹോസ്റ്റലില്‍ കഴിഞ്ഞു കൂടാന്‍ പറ്റത്തുള്ളൂ. രാവിലെ ഏഴു മണിക്ക് മുമ്പ് പ്രഭാത ഭക്ഷണവും ഉച്ചയൂണും തയ്യാറാകണം. ഉച്ചഭക്ഷണം കുട്ടികള്‍ക്ക് രാവിലെ തന്നെ പൊതിഞ്ഞു കൊടുത്തു വിടണം. അതിനു ശേഷമേ എനിക്കൊന്ന് നടു നിവര്‍ത്താന്‍ സമയം കിട്ടത്തൊള്ളൂ. ഉച്ചയ്ക്ക് മൂന്നു മണി ആകുമ്പോഴേക്ക് വീണ്ടും അടുക്കളയില്‍ കയറണം. വൈകുന്നേരത്തേക്കുള്ള കാപ്പിയും കടിയും പിന്നെ അത്താഴഭക്ഷണവും... എല്ലാം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി അടുക്കളയൊതുക്കി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലെ ക്ലോക്കിലേക്ക് അറിയാതെയൊന്ന് നോക്കിപ്പോകും. രാത്രി പത്തു പതിനൊന്നു മണി ആയിട്ടുണ്ടാവും. വീണ്ടും രണ്ടു മണിയൊക്കെ ആകുമ്പോള്‍ എഴുന്നേല്‍ക്കണം...അവരുടെ വാക്കുകള്‍ വറ്റിപ്പോയി.

ജനല്‍ക്കമ്പികളില്‍ നോട്ടം ഉറപ്പിച്ചിരുന്ന അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഊര്‍ന്നിറങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു. തോളത്തിട്ടിരുന്ന തോര്‍ത്തിന്റെ തുമ്പെടുത്ത് അവര്‍ കണ്ണീര്‍ തുടച്ചു. ഇത്രയൊക്കെയാണെങ്കിലും ജോലി സാരമില്ല സാറേ. പിള്ളേരുടെ തെറിവിളിയും ശകാരവുമാണ് താങ്ങാനാവാത്തത് സാറേ...ചോറിന് ഇത്തിരി വേവ് കൂടുതലോ കുറവോ ആയിപ്പോയാല്‍, ഉപ്പ് ഒരിത്തിരി കുറഞ്ഞോ കൂടിയോ പോയാല്‍ ചില പിള്ളേര് എല്ലാം തട്ടിയെറിയും സാറേ... അതു കാണുമ്പോള്‍ നെഞ്ച് തകരും. മനസ്സ് നീറും... ഞാന്‍ ഉറക്കമൊഴിച്ച് ചെയ്തതെല്ലാം ഒറ്റ നിമിഷം കൊണ്ട്...

അവരെല്ലാം നല്ല സൗകര്യമുള്ള വീട്ടിലെ പിള്ളേരാണ് സാറേ. അവര്‍ക്ക് എന്റെ കഷ്ടപ്പാടും വേദനയുമൊന്നും അറിയണ്ട. കൃത്യ സമയത്ത് എല്ലാം കൃത്യമായിട്ടു വേണം. അത്ര തന്നെ.

ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ ഹോസ്റ്റല്‍ ജീവിതമാണ് മനസ്സില്‍ തെളിഞ്ഞത്.

ഈ രസം കാളമൂത്രം പോലെയുണ്ടല്ലോ...- രാജന്റെ ശബ്ദം.
ഈ ഇഡ്ഡ്‌ലിയെന്താ കരിങ്കല്ലു പോലെയുണ്ടല്ലോ, ആരെയെങ്കിലും എറിഞ്ഞു വീഴ്ത്താന്‍ പറ്റിയ സാധനം- പറയുമ്പോള്‍ത്തന്നെ സലാം ഇഡ്ഡ്‌ലി വലിച്ചെറിഞ്ഞിട്ടുണ്ടാവും. പിന്നെ പലരും പരസ്പരം ഏറു തുടങ്ങും. രണ്ടു മൂന്നു മാസം ഹോസ്റ്റല്‍ മെസ്സ് നടത്തിയപ്പോഴുണ്ടായ അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു. മീനും ഇറച്ചിയും നല്ലതു നോക്കി വാങ്ങിച്ചു തരണേ.. പിള്ളേര് കഴിക്കാതെ പാത്രത്തില്‍ ബാക്കിയിട്ട് പോകുന്നതു കണ്ടാല്‍ സങ്കടം വരും സാറേ...കുശിനിക്കാരന്‍ മത്തായി അന്നു പറഞ്ഞ വാക്കുകളും ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

എത്ര നല്ല ഭക്ഷണം കൊടുത്താലും അതില്‍ കുറ്റം മാത്രം കണ്ടെത്തുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അവരുടെ മുഖങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. അതിനിടയില്‍ സ്വന്തം മുഖവും തെളിഞ്ഞു വരുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. എന്റെ മുഖം ഞാന്‍ അതിനിടയില്‍ തിരിച്ചറിഞ്ഞു- കുട്ടിയായിരുന്ന ഗംഗയുടെ മുഖം. ദോശ ഉണ്ടാക്കുന്ന ദിവസം കൂടെ കഴിക്കാന്‍ വെള്ളചട്‌നി ഉണ്ടാക്കിയിട്ടില്ലെങ്കില്‍ ഗംഗ പിണങ്ങും. പാത്രം തട്ടി മാറ്റി ദോശ കഴിക്കാതെ എഴുന്നേറ്റ് പോകും. അടുക്കളയിലൊതുങ്ങിയ അമ്മയുടെ ജീവിതം മനസ്സില്‍ തെളിഞ്ഞു വന്നു. ഗംഗ ഉണര്‍ന്നു വരുമ്പോള്‍ അമ്മ അടുക്കളയിലുണ്ടാകും. ഗംഗ ഉറങ്ങാന്‍ പോകുമ്പോഴും അമ്മ അടുക്കളയിലായിരിക്കും. ആരോടും ഒരു പരിഭവവും പറയാതെ അമ്മ...മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു. ഏതാണ്ടെല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്- ആരൊക്കെയോ വിളിച്ചു പറയുന്നതു പോലെ തോന്നി.

തീന്‍മേശയിലിരുന്ന് കുറ്റം പറയരുത്. ആഹാരത്തിന്റെ കുറ്റവും കുറവും പറയാനുള്ള സ്ഥലമല്ല തീന്‍മേശ- അത് അച്ഛന്റെ ശബ്ദമായിരുന്നു.

ഇന്ന് സാമ്പാറിന് സ്വല്പം എരിവ് കൂടിപ്പോയി അല്ലേ... അമ്മ ഓരോ ദിവസവും ഇങ്ങനെ ഓരോന്ന് ചോദിക്കുമ്പോള്‍ അച്ഛന്റെ ഉത്തരം ഒന്നു തന്നെയായിരിക്കും- ഏയ് കുഴപ്പമില്ല... നന്നായിട്ടുണ്ട്.

കുട്ടികളെ പഠിപ്പിക്കേണ്ട ഒരു കാര്യം തന്നെയാണിത്. ഭക്ഷണത്തിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി വിളിച്ചു പറയാതെ കഴിക്കാന്‍ അവരെ പഠിപ്പിക്കണം. ഭക്ഷണത്തില്‍ അതിന്റെ നല്ല വശങ്ങള്‍ കൂടുതല്‍ ആസ്വദിക്കാന്‍ സ്വയം പരിശീലിക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ വിളമ്പിത്തന്ന ആളോട് ഒരു നന്ദിവാക്ക് - ഭക്ഷണം നന്നായിരുന്നെങ്കില്‍ നല്ല ഭക്ഷണമായിരുന്നു എന്ന് അവരോട് തുറന്നു പറയാനുള്ള മനസ്സ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാക്കണം. ആ വാക്കു കൊണ്ട്, ആഹാരം പാകം ചെയ്യുന്നവര്‍ക്കും വിളമ്പിത്തരുന്നവര്‍ക്കും ഉണ്ടാകുന്ന ഒരു കൊച്ചു സന്തോഷം. കൊച്ചല്ല, അതൊരു വലിയ സന്തോഷമാണ്. അക്കാര്യം നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതു തന്നെയാണ്. ഈ നന്ദി വാക്ക് ഹോട്ടലുകളില്‍ മാത്രം മതിയോ? മനസ്സിലുയര്‍ന്ന ചോദ്യമാണിത്. പോരാ എന്ന ഉത്തരം മനസ്സിലുയര്‍ന്നത് പെട്ടെന്നായിരുന്നു. ആരുണ്ടാക്കിയതാണെങ്കിലും നമുക്ക് ഒരാള്‍ ഭക്ഷണം പാകം ചെയ്തു തന്നാല്‍ ഒരു നല്ല വാക്ക്- ഇംഗ്ലീഷില്‍ പറഞ്ഞാല്‍ അപ്രീസിയേഷന്‍... അതിന്റെ വില നമ്മള്‍ക്ക് ഊഹിക്കാവുന്നതിനെക്കാളൊക്കെ അപ്പുറത്താണ്.

ജബ്ബാറിന്റെ മുഖമാണ് പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞു വന്നത്. ഒരു ചെറിയ തട്ടുകടയാണ് സാറേ... സാറ് പൊന്നാനി ഭാഗത്തു വരുമ്പോള്‍ കടയില്‍ വരണം. നല്ല പൊറോട്ടയും മുട്ടക്കറിയും തരാം സാറിന്- ജബ്ബാറിന്റെ സ്ഥിരം ഡയലോഗാണിത്. കഴിഞ്ഞ തവണ വന്നപ്പോള്‍ ജബ്ബാറിന് സങ്കടം. സാറേ കൈ ഒടിഞ്ഞു- പഴയ പോലെ പൊറോട്ട അടിക്കാന്‍ പറ്റുന്നില്ല.

കൂടെയുള്ള പിള്ളേരെക്കൊണ്ട് അടിപ്പിക്കണം- ഞാന്‍ പറഞ്ഞെങ്കിലും ജബ്ബാറിന് തൃപ്തിയില്ല. അത് ശരിയാവുന്നില്ല സാറേ. പണി നിര്‍ത്താനും തോന്നുന്നില്ല. കുറേ പേരുടെ വിശപ്പ് അടക്കാന്‍ സാധിക്കുന്നത് വലിയ കാര്യമല്ലേ... അതൊരു സന്തോഷം കൂടിയാണ് സാറേ. ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോള്‍ പണം കിട്ടുന്നതിനെക്കാള്‍ പ്രധാനമാണ് ജബ്ബാറിന് അതു വഴി കിട്ടുന്ന സന്തോഷം. ഇങ്ങനെ കുറേ മനുഷ്യര്‍- കുറേ നല്ല മനസ്സുകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്ന വസ്തു തിരിച്ചറിയേണ്ടതുണ്ട് നമ്മളെല്ലാവരും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് അത്തരം തിരിച്ചറിവുകള്‍ പകര്‍ന്നു നല്‍കുകയും വേണം. നമ്മുടെയൊക്കെ ജീവിതത്തെ കൂടുതല്‍ രുചികരമാക്കാന്‍ ആ തിരിച്ചറിവ് വലിയ സഹായമാണ് ചെയ്യുക.

Content Highlights: Snehaganga, Dr.V.P.Gangadharan shares his life experience, Cancer Awareness, Health