സാറേ വല്ലാത്ത വയറു വേദനയാണ്. ഒരു മാസത്തോളമായി. സഹിക്കാന്‍ വയ്യ സാറേ... അതാണ് സാറിനെ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്. ഒ.പി.യില്‍ നില്‍ക്കുന്ന നഴ്‌സിനോട് എനിക്ക് ഉടനെ തന്നെ സാറിനെ കണ്ടേ പറ്റൂ എന്ന് പറഞ്ഞത് അതു കൊണ്ടാ... വരി തെറ്റിച്ച് കയറാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ആളാ സാറേ ഞാന്‍. ഈ ചെയ്തത് തെറ്റായിപ്പോയെങ്കില്‍ ക്ഷമിക്കണം. രാജപ്പന്‍ ഒരല്പം കുനിഞ്ഞു നിന്ന് ഇരു കൈകളും നെഞ്ചോടു ചേര്‍ത്ത് കൂപ്പിക്കൊണ്ടാണ് പറഞ്ഞത്.

രാജപ്പന്റെ ജോലി എന്താണ്? ഭവ്യതയോടെയും മര്യായോടെയുമുള്ള രാജപ്പന്റെ വാക്കുകള്‍ കേട്ട് ഞാന്‍ ചോദിച്ചു പോയി. ഞാനൊരു തയ്യല്‍ക്കാരനാണ് സാറേ. വലിയ വിദ്യാഭ്യാസമൊന്നുമില്ല. അതു കൊണ്ടു തന്നെ എന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ സാറ് ക്ഷമിക്കണേ... പഠിപ്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്റെ അറിവില്ലായ്മയെ അങ്ങു തള്ളിക്കളഞ്ഞേക്കണേ... രാജപ്പന്‍ പതുക്കെ കസേരയില്‍ ഇരുന്നു. വിദ്യാഭ്യാസവും അറിവുമുള്ളവര്‍ക്ക് വിനയമില്ല, എളിമയില്ല, നല്ല മനസ്സുമില്ല എന്ന് രാജപ്പനോട് പറയാനാണ് തോന്നിയത്. കഴിഞ്ഞ ഒരാഴ്ചത്തെ അനുഭവങ്ങള്‍ തന്നെ ആ നിഗമനത്തില്‍ എത്തിച്ചേരാന്‍ പല രീതിയില്‍ പ്രേരിപ്പിക്കുന്നതായിരുന്നു. അതിലെ കഥാപാത്രങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ തെളിഞ്ഞു വന്നു.

***********************************
സാറേ, ഇതൊരു സെലിബ്രിറ്റിയുടെ ഭാര്യയാണ്- ഒരു പ്രസിദ്ധ സിനിമാ നടന്റെ ഭാര്യ. ആശുപത്രിയില്‍ വന്ന് ക്യൂവില്‍ നില്‍ക്കാനൊന്നും പറ്റില്ലെന്ന് അവര്‍ വന്ന ഉടനെ പറഞ്ഞു. അമ്മയാണ് രോഗി. കോര്‍പ്പറേറ്റ് ആശുപത്രികളില്‍ ഇത്തരക്കാരെ സല്‍ക്കരിക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടവരിലൊരാള്‍ അവരെയും കൊണ്ട് എന്റെ മുറിയിലേക്ക് കടന്നു വന്നു. തനിക്കറിയുവുന്നതിനപ്പുറം അമ്മയുടെ രോഗത്തെക്കുറിച്ചും ചികില്‍സാ ക്രമങ്ങളെക്കുറിച്ചും ഡോക്ടര്‍ക്കെന്നല്ല, ലോകത്താര്‍ക്കും തന്നെ അറിയില്ല എന്ന മട്ടിലായിരുന്നു സെലിബ്രിറ്റിയുടെ ധര്‍മപത്‌നിയുടെ സംഭാഷണം. പ്രായാധിക്യവും ആരോഗ്യവും പരിഗണിച്ച് ചികിത്സ കുറച്ചു കൂടി കഴിഞ്ഞു മതി എന്ന് അടുത്തടുത്ത് രണ്ട് ആഴ്ചകളില്‍ വന്നപ്പോഴും അവരോട് പറയേണ്ടി വന്നു. മൂന്നാമത്തെ തവണ അവര്‍ വന്നത് ഒരു പുച്ഛ ഭാവത്തോടെയായിരുന്നു. ഈ ആഴ്ചയും ഡോക്ടറുടെ അഭിപ്രായം ചികിത്സ മാറ്റിവെക്കാനാണെങ്കില്‍ ഞങ്ങള്‍ക്ക് വേറേ മാര്‍ഗങ്ങള്‍ നോക്കേണ്ടി വരും. പണം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. ലോകത്ത് എവിടെ വേണമെങ്കിലും അമ്മയെ കൊണ്ടു പോകാന്‍ സാധിക്കും എന്ന് ഡോക്ടര്‍ക്ക് അറിയാമല്ലോ അല്ലേ! നഷ്ടം ഡോക്ടര്‍ക്കും ഈ സ്ഥാപനത്തിനുമായിരിക്കും.

ഞാനൊന്നു ചിരിച്ചതേയുള്ളൂ. അമ്മയെ പരിശോധിച്ചിട്ട് ഞാന്‍ പറഞ്ഞു- എന്റെ അഭിപ്രായത്തിന് ഈ ആഴ്ചയും മാറ്റമൊന്നുമില്ല.

പിന്നീട് ഏതായാലും അവര്‍ വന്നില്ല. എനിക്ക് നഷ്ടമെന്തെങ്കിലും ഉണ്ടായതായി മനസ്സിലാക്കാനായിട്ടില്ല. സ്ഥാപനത്തിനും നഷ്ടമെന്തെങ്കിലുമുണ്ടായതായി അറിവില്ല. അവര്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരുമായിരുന്ന സമയംകൂടി കുറേ നല്ല മനുഷ്യര്‍ക്കായി ചെലവഴിക്കാനായല്ലോ എന്ന ലാഭമുണ്ടുതാനും.
****************************

ഞങ്ങളെന്തിനാ കോവിഡ് ടെസ്റ്റ് ചെയ്യുന്നത്? ആ ഡോക്ടറുടെ തിരുമോന്ത കാണാന്‍ ഇതും വേണോ? അമ്മയെയും കൊണ്ട് ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ സഹോദരന്റെ പുച്ഛം കലര്‍ന്ന വാക്കുകളാണിത്. ഇവരെക്കൊണ്ട് ഞങ്ങള്‍ക്ക് മടുത്തു സാറേ... തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാനേ അവര്‍ക്ക് നേരമുള്ളൂ. വി.ഐ.പി.കളുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ നിയുക്തരായ, ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാരുടെ സങ്കടങ്ങള്‍ തുടര്‍ന്നു. നികൃഷ്ടജീവികളോടെന്ന പോലെയാണ് ഞങ്ങളോടുള്ള പെരുമാറ്റം. സിവില്‍ സര്‍വീസിലുള്ള ആ ഉദ്യോഗസ്ഥനും കൂടിയുണ്ടെങ്കില്‍ അതിനുമപ്പുറമാണ് സാറേ. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇവരുടെ ആട്ടും തുപ്പും സഹിച്ച് കഴിഞ്ഞു കൂടുകയാണ്. എല്ലാ പരിശോധനകള്‍ക്കും ഡോക്ടര്‍മാരെ കാണാന്‍ അവരുടെ കൂടെ ഞങ്ങളും ചെല്ലണം. അതു മാത്രമല്ല അവര്‍ക്ക് ഒരിടത്തും കാത്തു നില്‍ക്കാനുമാകില്ല. എല്ലാം അവരെത്തുന്ന ഉടനുടന്‍ നടത്തിക്കൊടുത്തിരിക്കണം. മറ്റുള്ളവരുടെ ഊഴം തെറ്റിക്കാനൊന്നും അവര്‍ക്ക് ഒരു മടിയുമില്ല. എല്ലാം അവരുടെ അവകാശമെന്ന മട്ടിലാണ് പെരുമാറ്റമൊക്കെ. ഞങ്ങളുടെ സങ്കടങ്ങളൊക്കെ ആരോടു പറയാനാ സാറേ... അവര്‍ പറഞ്ഞു.

സ്‌കാന്‍ ചെയ്ത് നോക്കണമെന്നു പറഞ്ഞതിനൊപ്പം അതിന്റെ ചാര്‍ജ് ഏകദേശം 300 രൂപയാകും എന്ന് പറഞ്ഞപ്പോഴും അവരുടെ പ്രതികരണം ഇതു പോലെയായിരുന്നു സാറേ... ഡോ. ലില്ലിയാണതു പറഞ്ഞത്. ഈ പൈസയൊന്നും അടയ്ക്കാന്‍ പറ്റില്ലെന്നും സ്‌കാന്‍ ചെയ്യുന്നതൊക്കെ നിങ്ങളുടെ ആവശ്യമല്ലേ എന്നുമാണ് അവര്‍ ചോദിച്ചത്. ഞാന്‍ പിന്നെ ഒന്നും പറയാന്‍ നിന്നില്ല. വാര്‍ഡിലും എല്ലാവരെയും വെറുപ്പിക്കുന്ന സ്വഭാവമാ സാറേ. ഡോ.ലില്ലിയുടെ വാക്കുകളില്‍ അമര്‍ഷം.

ശരിയാണ്- ഞാനും ഓരോ രംഗങ്ങളും ഓര്‍ത്തു. ചികില്‍സയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതൊക്കെ തനിക്കറിയാമെന്ന ഭാവം. തലേദിവസം ഗൂഗിള്‍ ചെയ്ത് പഠിച്ചുവെച്ച ചില കാര്യങ്ങള്‍ പറഞ്ഞും സംശയങ്ങളുന്നയിച്ചും ഇതൊക്കെ തനിക്കറിയാം എന്ന് പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള ശ്രമം. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഒക്കെ തനിക്ക് ആധികാരികമായി സംസാരിക്കാനാകും എന്നു കാണിക്കാനുള്ള ഒരു വെമ്പല്‍. അമ്മയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ പട്ടിക അവതരിപ്പിക്കല്‍ (കേരളം മുതല്‍ അമേരിക്ക വരെയുള്ള ഇടങ്ങളിലെ ഡോക്ടര്‍മാരുടെ ഒരു നീണ്ട ലിസ്റ്റാണത്). അങ്ങനെ പോകുന്നു അവരുടെ കലാപരിപാടികള്‍,. ഇതെല്ലാം പദവിയുടെ പ്രശ്‌നങ്ങളാണ്. കഷ്ടം എന്തൊരു മൂഢസ്വര്‍ഗത്തിലാണ് ഇവരൊക്കെ എന്ന് ഓര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാനായില്ല.
****************************************
അയാള്‍ എന്നു വന്നാലും പ്രശ്‌നമാണ് സാറേ. ഞങ്ങളെയൊക്കെ അയാള്‍ എടീ.. പോടീ എന്നൊക്കെയേ വിളിക്കൂ. കളക്ടറേറ്റിലെ ഏതോ സെക്ഷന്‍ ഓഫീസറോ മറ്റോ ആണെന്നു തോന്നുന്നു. ഇന്നു വന്നിരിക്കുന്നത് പുതിയൊരു കാരണവുമായാണ്. പുതിയ കളക്ടര്‍ ഓഫീസില്‍ വരുമ്പോള്‍ അദ്ദേഹംഅവിടെ ഉണ്ടായിരിക്കണമത്രേ. കൊറോണയുടെ കണക്കുകളൊക്കെ അയാള്‍ അവതരിപ്പിക്കണമത്രേ. അയാള്‍ക്കു മാത്രമേ അതിനെക്കുറിച്ച് ബോധമുള്ളൂ എന്നും അയാളുടെ കഴിവു കൊണ്ടു മാത്രമാണ് ആ വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നും അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. താന്‍ ഇപ്പോള്‍ ഡ്യൂട്ടിയിലാണെന്നും താമസിപ്പിക്കരുതെന്നും അയാള്‍ ഇടയ്ക്കിടെ പറയുന്നത് എനിക്കും കേള്‍ക്കാം. പെട്ടെന്ന് അയാള്‍ മുറിയിലേത്ത് വാതില്‍ തള്ളിത്തുറന്ന് കയറി വന്നു. ഇവളുമാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല സാറേ.. വിവരം കെട്ടവര്‍. ഒ.പിയില്‍ നിന്ന നഴ്‌സിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. എന്റെ കസേരയുടെ വില ഇവളുമാര്‍ക്ക് അറിയില്ല സാറേ...

നിങ്ങളുടെ ഊഴമായില്ലല്ലോ എന്ന് പറഞ്ഞ ഉടനെ അദ്ദേഹം എന്റെ നേരേ തിരിഞ്ഞു.
എന്ത് ഊഴം സാറേ! ഞാന്‍ കളക്ടറേറ്റിലെ സെക്ഷന്‍ ആപ്പീസറാ. പിടിപ്പത് പണിയുണ്ട് സാറേ. ഇപ്പോള്‍ ഡ്യൂട്ടിയിലാ. അയാള്‍ വീണ്ടും പറഞ്ഞു.

ഞങ്ങളും എല്ലാവരും ഇപ്പോള്‍ ഡ്യൂട്ടിയിലാ. ഡ്യട്ടിസ്ഥലത്തു തന്നെ. എന്നു പറഞ്ഞത് അയാള്‍ക്ക് മനസ്സിലായില്ലെന്നു തോന്നി.

ഊഴമെത്തിയപ്പോള്‍ ഭാര്യയുടെ പരിശോധനയും പൂര്‍ത്തിയാക്കി പുറത്തേക്കിറങ്ങിപ്പോയ അയാളെ നോക്കി നഴ്‌സ് പറഞ്ഞു- ഡ്യൂട്ടിക്കിടയില്‍ എങ്ങനെയാ ഇത്രയും തിരക്കു നടിക്കുന്ന ഈ മനുഷ്യന്‍ ഓഫീസ് വിട്ട് ദിവസവും ഇവിടെ വരുന്നത്! നമ്മളൊക്കെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ലീവ് എടുക്കുകയല്ലേ ചെയ്യുക ഡോക്ടറേ... അല്ലാതെ..
അതിന് നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്ലല്ലോ... എന്നാണ് പറയാനൊരുങ്ങിയത്. വളരെ കൃത്യമായും ഉത്തരവാദിത്തത്തോടെയും സര്‍ക്കാര്‍ ജോലി ചെയ്യുന്നവരെയും പരിചയമുള്ളതു കൊണ്ട് മൊത്തത്തില്‍ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ എന്നു തോന്നിയതു കൊണ്ടുമാത്രം, പറയാന്‍ വന്നത് ഞാന്‍ പറഞ്ഞില്ല.
*********************************
സാറേ... ആ ജഡ്ജിയെ കണ്ടോ അദ്ദേഹത്തിന്റെ ബന്ധുവിനെയും കൊണ്ട് ചികിത്സയ്ക്കു വന്ന ആ ജഡ്ജി. അദ്ദേഹത്തെ നോക്കൂ സാറേ. എന്തൊരു മര്യാദയോടെയാണ് അദ്ദേഹം എല്ലാവരോടും ഇടപെടുന്നത്! ഒ.പി.യിലെ നഴ്‌സ് തന്നെയാണ് പറഞ്ഞത്.
ശരിയാണ്- ഞാന്‍ പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസമല്ലേ ജഡ്ജിയായി നിയമിതനായത്! കുറച്ചു കഴിയുമ്പോള്‍ അദ്ദേഹവും മാറും. പദവിയില്‍ വിരാജിക്കുമ്പോഴും മുന്നേറുമ്പോഴും നഷ്ടപ്പെടുന്നതാണ് എളിമയും മര്യാദയുമൊക്കെ. നല്ല ഗുണങ്ങളൊന്നും തനിയെ ഉണ്ടാവുന്നതല്ല. അതൊക്കെ ഓരോരുത്തരുടെയും പ്രകൃതമാണ്. കരുതലോടെ സൂക്ഷിക്കുന്ന നന്മയാണ്.

എല്ലാവരോടും പുച്ഛവും താനാണ് എല്ലാമെന്ന ഭാവവും അഹന്തയും താന്‍ എന്തോ ചക്രവര്‍ത്തിയാണെന്ന മട്ടിലുള്ള ഭാവവും ഒക്കെ ഉള്ളിലുള്ളവര്‍ക്ക് മറ്റുള്ളവരെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല.

വിദ്യാഭ്യാസവും പദവിയും മനുഷ്യനെ മാന്യനാക്കുകയല്ല ചെയ്യുന്നത്. കൂടുതല്‍ നല്ല മനുഷ്യനാക്കുന്നതിനു പകരം അഹങ്കാരികളാക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇവരൊക്കെ നമ്മുടെ ആ തയ്യല്‍ക്കാരന്‍ ചേട്ടനെ കണ്ടു പഠിക്കട്ടെ- ബീനയാണ് പറഞ്ഞത്.

നാഗയ്യാ... സിസ്റ്റര്‍ അടുത്ത രോഗിയെ അടുത്തേക്ക് വിളിച്ചു. മുറിയിലേക്ക് കടന്നതും അയാള്‍ തറയില്‍ തൊട്ടു വന്ദിച്ചു. അറിയാതെ എന്നിലൊരു സന്തോഷപ്പുഞ്ചിരിയൂറി. അദ്ദേഹം മലയാളിയല്ലെന്ന് തീര്‍ച്ച - എന്റെ മനസ്സ് മന്ത്രിച്ചു.

Content Highlights: Snehaganga, Dr.V.P.Gangadharan shares his hospital experience, Health, Cancer Awareness