നുഷ്യ മനസ്സുകള്‍- മനസ്സിലാക്കാനും അപഗ്രഥനം ചെയ്യാനും ന്യായീകരിക്കാനും സാധിക്കാത്ത, സങ്കീര്‍ണതയാര്‍ന്ന ചിന്തകളുടെ ഒരു സ്രോതസ്സ്. ഈ നിര്‍വചനം എന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. മനസ്സ് അത് ഏറ്റു പറഞ്ഞു. വിരലുകള്‍ അത് അക്ഷരരൂപത്തില്‍ കടലാസില്‍ എഴുതിപ്പിടിപ്പിച്ചെന്നു മാത്രമേയുള്ളൂ. ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ കാണാനിടയായ മൂന്ന് വ്യത്യസ്ത മനസ്സുകളാണ് എന്റെ ഈ ചിന്തകള്‍ക്ക് തുടക്കമിട്ടത് എന്നു മാത്രം. ചില മനസ്സുകള്‍ വായിച്ചറിയാമെന്നതും സമ്മതിക്കുന്നു.

അബു 30 വയസ്സ്. അല്ലേ... മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി ഞാന്‍ ചോദിച്ചു. ആറടിയിലധികം പൊക്കമുള്ള വെളുത്തു സുമുഖനായ ഒരു ചെറുപ്പക്കാരന്‍. ആ ആകാരത്തില്‍ ആകൃഷ്ടരായി ആരും ഒന്നു കൂടി നോക്കിപ്പോകും അല്ലേ... എന്റെ മനസ്സ് സ്വയം ചോദിച്ചു. ആ മുഖത്ത് ചിരിയില്ലായിരുന്നു.

അതേ ഡോക്ടര്‍ എന്ന മറുപടി തികച്ചും യാന്ത്രികമായിരുന്നു. അബുവിന്റെ പരിശോധനാ ഫലങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതെന്നു തോന്നിക്കുന്നതായിരുന്നു. കാന്‍സര്‍ ശരീരമാകെത്തന്നെ പടര്‍ന്നു പിടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വയറും ശ്വാസകോശവും കടന്ന് തലച്ചോറിനെ വരെ അര്‍ബുദം ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു സൂചനയും നല്‍കാതെ ആ ഞണ്ട് അബുവിനെ കീഴ്പ്പെടുത്തിക്കളഞ്ഞല്ലോ എന്ന് മനസ്സിലോര്‍ത്തു. കട്ടിലില്‍ കിടത്തി അബുവിനെ പരിശോധിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു വലിയ പന്തിന്റെ വലിപ്പമുള്ള അബുവിന്റെ ഇടതു വൃഷണം കണ്ട് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു ഇത് ഇത്ര വലുതായിട്ടും അബു ആരെയും കാണിച്ചില്ലേ
എന്റെ ചോദ്യത്തിന് അബു പറഞ്ഞ ഉത്തരം എന്നെ വീണ്ടും അത്ഭുതപ്പെടുത്തി.
ഇല്ല ഡോക്ടറേ... ഞാന്‍ അറിഞ്ഞില്ല!
ഒരു നഴ്സായ അബുവിന് ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പ്രയാസം.
മനസ്സിലുണ്ടായ നീരസം പ്രകടിപ്പിക്കാതെ ഞാന്‍ പറഞ്ഞു.
ഇല്ല ഡോക്ടറേ, സത്യമായിട്ടും....
അബു അത് മുഴുമിപ്പിച്ചില്ല.
ബാക്കി പരിശോധനകള്‍ക്ക് എഴുതിക്കൊടുത്ത ശേഷം ഞാന്‍ അടുത്ത രോഗിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിച്ചു. അതിനിടെ പുറത്തിറങ്ങിയ അബു വീണ്ടും തിരികെ വന്നു.

ക്ഷമിക്കണം ഡോക്ടറേ... എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം! എന്റെ മണിയിലുണ്ടായ വ്യത്യാസം ഞാന്‍ അഞ്ചാറു മാസം മുമ്പ് തിരിച്ചറിഞ്ഞതാണ്. പക്ഷേ... പക്ഷേ,..

അബുവിന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു. എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു ഡോക്ടറേ അത്. അതു കൊണ്ട് ഞാനതു മറച്ചു വെച്ചു. അടുത്തയാഴ്ചയാണ് വിവാഹം. രണ്ടു ദിവസമായി സഹിക്കാന്‍ വയ്യാത്ത തലവേദന അനുഭവപ്പെട്ടതു കൊണ്ടാണ് ഞാന്‍ ഡോക്ടറുടെ അടുത്തെത്തിയത്. എന്റെ കൂടെ ഉണ്ടായിരുന്നത് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പിതാവാണ്. ഡോക്ടര്‍ പറഞ്ഞതു കേട്ട ഉടനെ ഒരക്ഷരം പോലും ഉരിയാടാതെ അദ്ദേഹം പോയി. ഇനി എനിക്ക് ഒന്നും ആരോടും ഒളിച്ചു വെക്കാനില്ല. എന്നെ രക്ഷിക്കണം ഡോക്ടറേ...

അബുവിന്റെ മനസ്സ് എനിക്ക് വായിക്കാവുന്നതിനപ്പറമായിരുന്നു.

***************************************
അടുത്ത കഥാപാത്രങ്ങളായി മുറിയിലേക്കു കടന്നു വന്നത് ഒരു അച്ഛനും മകളുമായിരുന്നു.
അച്ഛനാണ് സാറേ അസുഖം. കാന്‍സറാണെന്ന് കണ്ടുപിടിച്ചിട്ട് ഒരു മാസമായി. എത്ര നിര്‍ബന്ധിച്ചിട്ടാണെന്നോ ഇന്ന് അച്ഛന്‍ ആശുപത്രിയില്‍ വന്നത്. ചുമയും ശ്വാസം മുട്ടും കലശലായി ഉണ്ടായിരുന്നു. എന്നാലും അച്ഛന്‍ ഓരോ ഒഴിവുകഴിവു പറഞ്ഞ് ഉഴപ്പും. ഇന്ന് കൈയോടെ പിടിച്ചു കൊണ്ടു പോന്നതാണ്.മകള്‍ അച്ഛനെ നോക്കി.

ഒരു ഭാവവ്യത്യാസവുമില്ലാതെ ആ അച്ഛന്‍ ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. അവര്‍ കൊണ്ടു വന്ന ചികിത്സാ രേഖകള്‍ തിരിച്ചും മറിച്ചും പരിശോധിച്ച ശേഷം ഞാന്‍ പറഞ്ഞു ലങ് കാന്‍സര്‍ ആണല്ലോ അസുഖം.
ശ്വാസകോശത്തില്‍ കാന്‍സര്‍ അല്ലേ ഡോക്ടറേ... മകള്‍ പറഞ്ഞു. ഭയങ്കര വലിയാണ് സാറേ...ഞങ്ങള്‍ പറഞ്ഞു പറഞ്ഞ് മടുത്തു. ഇന്നലെയും വലിക്കുന്നതു കണ്ടു. ഒന്നും അറിയാത്തതു പോലെ ഇരിക്കുന്നതു കണ്ടില്ലേ! മകള്‍ അച്ഛന്റെ തോളില്‍ പിടിച്ചു കുലുക്കി.
ഓപ്പറേഷനും റേഡിയേഷനും നടക്കില്ല. കീമോ തെറാപ്പി തന്നെ വേണ്ടി വരും. ഞാന്‍ ചികിത്സാ രീതിയെക്കുറിച്ച് ഒരു ചെറിയ വിവരണം നല്‍കി.

അതു വരെ മിണ്ടാതിരുന്ന അച്ഛന്‍ പതുക്കെ സംസാരിച്ചു തുടങ്ങി.
സാറേ, ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞോട്ടേ. ഞാന്‍ തനിയെ വന്നോളാം ചികിത്സയ്ക്ക്. ഇവളുടെ കല്യാണമാണ് അടുത്തയാഴ്ച. ഇവള്‍ക്ക് അച്ഛനും അമ്മയുമായി ഞാന്‍ മാത്രമേ ഉള്ളൂ. ഇവളെ ഒരാളുടെ കൈയില്‍ പിടിച്ചു കൊടുത്താല്‍ പിന്നെ ഞാന്‍ എന്തിനും തയ്യാറാ സാറേ.. അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.

അച്ഛന്റെ ചികിത്സ മാറ്റി വെച്ചിട്ടുള്ള ഒരു കല്യാണവും എനിക്കു വേണ്ട. അച്ഛന്‍ ചികിത്സയ്ക്ക് തയ്യാറായാലേ ഞാന്‍ കല്യാണത്തിന്... അവള്‍ മുഴുമിക്കും മുന്‍പേ അച്ഛന്‍ അവളുടെ വാ പൊത്തി.
ശരി മോളേ... നിന്റെ ആഗ്രഹം പോലെ.. അച്ഛന്‍ വിതുമ്പുകയായിരുന്നു.

**********************************************

ഞാന്‍ ഒരിക്കലും കാണാത്തവരാണ് അടുത്ത കഥാപാത്രങ്ങള്‍.
എന്റെ പേര് രാജമ്മ എന്നാണ് ഡോക്ടറേ. തൃശൂരിനടുത്തു നിന്നാണ് വിളിക്കുന്നത്. ഞാന്‍ ഒരു കാര്യം ചോദിക്കാന്‍ വേണ്ടി വിളിച്ചതാണ്. ഇല്ലെങ്കില്‍ വേണ്ട... ഞാന്‍ ഫോണ്‍ മോളുടെ കൈയില്‍ കൊടുക്കാം. അവള്‍ സംസാരിക്കും.
അവര്‍ ഫോണ്‍ മകള്‍ക്ക് കൈമാറുന്നത് മനസ്സിലാക്കാന്‍ പറ്റി.

സാറേ, അമ്മയ്ക്ക് ബ്രസ്റ്റ് കാന്‍സറാണ്. ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഒരു മാസമായി. കീമോ തെറാപ്പി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്റെ കല്യാണം ഈ വരുന്ന ഡിസംബറിലാണ്. മുടി കൊഴിഞ്ഞ് ആകെ എല്ലും തൊലിയമായ ഒരു കോലത്തില്‍ അമ്മയെ എങ്ങനെ കല്യാണപ്പന്തലില്‍ കൊണ്ടു പോകും! ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് അമ്മ വിളിച്ചത്. കീമോതെറാപ്പി കുറച്ചൊന്നു മാറ്റി വെക്കാന്‍ പറ്റുമോ അല്ലെങ്കില്‍ അതിനു പകരം മറ്റെന്തെങ്കിലും...

മകള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ ആ അമ്മയുടെ മുഖം എനിക്ക് മനസ്സില്‍ കാണാമായിരുന്നു. പക്ഷേ, അമ്മയുടെയും മകളുടെയും മനസ്സ് എനിക്ക് ഇപ്പോഴും അവ്യക്തം!
*****************************************************

ഒരു ഞായറാഴ്ചയാണ് അടുത്ത കഥാ പാത്രങ്ങള്‍ മുന്നില്‍ വന്നത്.
സാറേ, ഈ പൊണ്ണത്തടി കണ്ടോ! ഏതു നേരവും കിടന്നുറക്കമാണ്. ഞാന്‍ പറഞ്ഞു പറഞ്ഞ് മടുത്തു. ഒരു പണിയുമെടുക്കില്ല സാറേ! സാനി ഭര്‍ത്താവിനു നേരേ തിരിഞ്ഞു.
ഞാന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോവുകയാണ് ഡോക്ടറേ. ഓട്ടോ വാങ്ങിച്ച് പണിയാന്‍ കൊടുത്തിരിക്കുകയാണ്-ലാല്‍ പറഞ്ഞു.
നേരത്തേ എന്തായിരുന്നു ജോലി
എന്റെ ചോദ്യത്തിന് ലാല്‍ തന്നെയാണ് മറുപടി പറഞ്ഞത്- ബസില്‍ ഡ്രൈവറായിരുന്നു സാറേ. കോവിഡ് വന്നതോടെ ആ പണി നിര്‍ത്തേണ്ടി വന്നു.
ഇപ്പോള്‍ വണ്ടികളൊക്കെ ഓടിത്തുടങ്ങിയില്ലേ.. പിന്നെന്താ
എന്റെ സംശയത്തിനു മറുപടി പറഞ്ഞതും ലാല്‍ തന്നെ.
ഞാന്‍ ഓടിച്ചിരുന്ന ബസും ഓടിത്തുടങ്ങി സാറേ. പക്ഷേ, പണ്ട് ഒരു ദിവസം ആയിരം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അറുന്നൂറു രൂപയാണ് കിട്ടുന്നത്. അറുന്നൂറ് രൂപയ്ക്ക് വേണ്ടി ആ ജോലി ചെയ്യുന്നതെന്തിനാണ് സാറേ!

ഇതാണ് സാറേ ഇതിയാന്റെ കുഴപ്പം. പട്ടിണിയായാലും വേണ്ടില്ല. മുണ്ട് മുറുക്കിയുടുത്ത് കിടന്നുറങ്ങും. പറഞ്ഞു പറഞ്ഞ് മടുത്തു സാറേ- സാനി എന്നെ നോക്കി.

ഈ നില്‍ക്കുന്ന നഴ്സുമാരെ കണ്ടോ ഇവര്‍ക്ക് ഇന്ന് ഈ ഞായറാഴ്ച ജോലിക്കു വന്നില്ലെങ്കിലും ശമ്പളം കിട്ടും. ഇവര്‍ വരുന്നത് പൈസയ്ക്കു വേണ്ടി മാത്രമല്ല. കുറച്ചു രോഗികളെ സഹായിക്കാനാവും എന്നതു കൊണ്ടു കൂടിയാണ്. ലാലിനും അങ്ങനെ കരുതാമല്ലോ. ബസ് ഓടിക്കുമ്പോള്‍ എത്രയാളുകളെയാണ് യാത്രയില്‍ സഹായിക്കാനാവുന്നത്!
എന്റെ വാക്കുകള്‍ കേട്ട് ലാല്‍ പ്രതികരിച്ചില്ല.
ഇതൊക്കെ കേട്ടു മരവിച്ച പഴംപുരാണങ്ങള്‍ എന്ന മട്ടില്‍ അയാള്‍ ചിരിച്ചു കൊണ്ടു നിന്നു.

ആ മനസ്സ് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. കാരണം അത് ഒരു മലയാളിയുടെ മനസ്സ് തന്നെയായിരുന്നു. കൂലിക്കു വേണ്ടി മാത്രം വേലചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളിയുടെ ഒരിക്കലും മാറാത്ത് മനസ്സ്- ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു എന്ന കേട്ടു മറന്ന ആ സിനിമാ ഡയലോഗ് മനസ്സിലേക്ക് കൊണ്ടെത്തിക്കുന്ന ആ മലയാളിത്തം.

Content Highlights: Snehaganga, Dr.V.P.Gangadharan shares his experiences, Cancer Awareness, Health