ഗംഗാധരന്‍ വയസ്സ് 66, രക്ത ഗ്രൂപ്പ് എ+ കൂടുതല്‍ സമയവും രോഗികളുടെ ഇടയില്‍. അവരില്‍ പലരും അടുത്ത ദിവസം കോവിഡ് തിരിച്ചറിയുന്നവര്‍. നീ മാസ്‌കും ഷീല്‍ഡും സാമൂഹിക അകലവും സാനിറ്റൈസറും ഉപയോഗിച്ച് ഇത്രയും നാള്‍ എന്നില്‍ നിന്ന് രക്ഷപ്പെട്ട് നടക്കുകയായിരുന്നു അല്ലേ? നിന്നെ ഞാന്‍... അടുത്തു പരിചയമുള്ള ഒരു സ്വരമാണ് ചെവിയില്‍ മുഴങ്ങുന്നത്. ആരാണയാള്‍! ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അതാ ഒരു രൂപം ദൂരെ നിന്ന് ഉരുണ്ടുരുണ്ട് വരുന്നു. നല്ല പച്ച നിറം. ദേഹത്തു മുഴുവന്‍ മുള്ളുകള്‍ തറച്ചതു പോലെ.... ഇത് നമ്മുടെ കോവിഡ് വൈറസല്ലേ... എന്ന് പറയുന്നതിനു മുമ്പേ അത് എന്റെയടുത്ത് എത്തിയിരുന്നു. ഞാന്‍ ഇതുവരെ പറഞ്ഞതൊന്നും നീ കേട്ടില്ലെന്ന് തോന്നുന്നു. ഗംഗാധരന്‍, വയസ്സ് 66... കോവിഡ് വൈറസ് വീണ്ടും ഉരുവിട്ടു കൊണ്ടിരുന്നു. നീ എനിക്കു വേണ്ടതെല്ലാം തികഞ്ഞവന്‍. കോവിഡ് ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. ഒരു നിമിഷം ഞാന്‍ സ്വന്തം മുഖത്ത് കൈയോടിച്ചു. മുഖത്തിപ്പോള്‍ മാസ്‌കില്ല. ഷീല്‍ഡില്ല. കോവിഡിന്റെ മുന്നില്‍ ഞാന്‍ നഗ്‌നനാണ്. കോവിഡ് ഒരുതരം ചിരിയോടെ എന്റെ നേരേ കൈ നീട്ടി. ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.

കിടക്കാന്‍ നേരം പ്രാര്‍ഥിച്ച് കിടക്കണമെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല! ഓരോ ദുഃസ്വപ്നം കണ്ട് നിലവിളിച്ച് മറ്റുള്ളവരുടെ ഉറക്കംകളയും! അത് അടുത്തു കിടന്ന ചിത്രയുടെ ശബ്ദമല്ലേ... അതിലൊരു പരിഹാസവുമില്ലേ... പക്ഷേ, ചിത്ര നല്ല ഉറക്കമാണല്ലോ! ഞാന്‍ ശബ്ദിച്ച് നിലവിളിച്ചോ? ഏയ്.. എനിക്ക് കാര്യങ്ങളൊന്നും അത്രയ്ക്കങ്ങ് തെളിഞ്ഞില്ല. മനസ്സ് സ്വയം പതുക്കെ സമാധാനം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചുവരിലെ ക്ലോക്കില്‍ സമയം ഏഴു കഴിഞ്ഞിരിക്കുന്നു. ഇന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ പോകേണ്ട ദിവസമാണ്. പെട്ടെന്നാണ് ആ ചിന്ത മനസ്സില്‍ പൊങ്ങി വന്നത്. 9.15ന് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തണം. ആദ്യത്തെ കുത്തിവെപ്പ് എനിക്കാണ്. സാറ് ഒട്ടും താമസിക്കരുത് കേട്ടോ!- തലേ ദിവസം അവിടത്തെ ഡോക്ടര്‍ വിളിച്ചു പറഞ്ഞത് ഞാനോര്‍ത്തു.

എട്ടരയോടെ കാറില്‍ കയറി. പാതിവഴി പിന്നിട്ടപ്പോഴേക്കും കാര്‍ത്തികയുടെ ഫോണ്‍ വന്നു. അങ്കിളേ, ഞാന്‍ ഇന്നലെ കോവിഡ് വാക്സിനേഷന്‍ എടുത്തു. ചെറിയ ദേഹവേദനയുണ്ടായി. കുറച്ചു ക്ഷീണം തോന്നി. പനിയുണ്ടായോ എന്നൊരു സംശയം തോന്നി. പക്ഷേ,ഒരു കുഴപ്പവുമുണ്ടായില്ല. ഇന്ന് രാവിലെയായപ്പോഴേക്കും എല്ലാം ശരിയായി. ഞാന്‍ ഇതാ ഹോസ്പിറ്റലില്‍ പോകാന്‍ റെഡിയായിക്കഴിഞ്ഞു. കാര്‍ത്തികയുടെ സ്വതസിദ്ധമായ ചിരിക്കിടെ ഞാന്‍ പറഞ്ഞു- ആ കാര്‍ത്തിക, ഞാന്‍ ദേ ഇതാ കുത്തിവെപ്പ് എടുക്കാന്‍ പോവുകയാണ്. അത് കേട്ട് കാര്‍ത്തിക പിന്നെയും ചിരിയോടെ പറഞ്ഞു - അങ്കിള്‍ ഒന്നും പേടിക്കാനില്ല കേട്ടോ. ഒട്ടും വേദനയുമെടുക്കില്ല. ചെറിയൊരു ഉറുമ്പു കടിക്കുന്നതു പോലെ തോന്നും, അത്ര മാത്രം... പണ്ട് ഞാന്‍ കീമോ എടുക്കുമ്പോള്‍ അങ്കിള്‍ എന്നോട് എത്ര തവണ പറഞ്ഞിട്ടുള്ളതാണ് ഇതു പോലെ അല്ലേ! ഇപ്പോള്‍ ഇതാ ഇവിടെ ഞാന്‍ സീനിയറായിരിക്കുന്നു. അങ്കിള്‍ ജൂനിയര്‍! പക്ഷേ, അങ്കിള്‍ പണ്ട് പറഞ്ഞത് പലതും നുണയായിരുന്നു കേട്ടോ. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് നൂറു ശതമാനം സത്യവും. കാര്‍ത്തികയുടെ ചിരി പിന്നെയും.

കൃത്യം ഒമ്പതേ കാലിനു തന്നെ ഞാന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന്‍ സെന്ററിലെത്തി. അവിടെ എന്നെ വരവേറ്റത് പുഞ്ചിരിക്കുന്ന കുറേ മുഖങ്ങളായിരുന്നു. മാസ്‌കിനും മറയ്ക്കാന്‍ കഴിയാത്ത അവരുടെ ചിരിയുടെ ഊഷ്മളത കണ്ണുകളില്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. വളരെ ചിട്ടയോടെയുള്ള അവരുടെ പ്രവര്‍ത്തന ശൈലി എന്നെ വളരെ ആകര്‍ഷിച്ചു. ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ക്ലര്‍ക്കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍, അറ്റന്‍ഡര്‍മാര്‍...ആ നിര അങ്ങനെ നീണ്ടു പോകുന്നു. പത്തു മിനിറ്റിനുള്ളില്‍ പരിശോധനയും കുത്തിവെപ്പും എല്ലാം കഴിഞ്ഞു. ഒരു ചെറിയ ഉറുമ്പുകടി പോലെ... കാര്‍ത്തിക പറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ അതിനൊപ്പം ആ ചിരിയും എന്നിലും പിറന്നു.

അര മണിക്കൂര്‍ വിശരമിച്ചിട്ട് പോകാം സാര്‍... ഡോക്ടറുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം പാലിച്ച് ഞാന്‍ ഒരു ഹാളില്‍ ഇരിപ്പുറപ്പിച്ചു. കൈയിലിരുന്ന ദിനപത്രത്തില്‍ ഞാന്‍ കണ്ണോടിച്ചു. കോവിഡ് പ്രതിരോധ കുത്തിവെപ്പിനെതിരേയുള്ള ചില കാര്യങ്ങളെക്കുറിച്ചും വാര്‍ത്തകളുണ്ടായിരുന്നു അതില്‍. അമ്മയെത്തല്ലിയാലും രണ്ടു പക്ഷം! എന്റെ മനസ്സില്‍ നിന്ന് സ്വയമറിയാതെ വന്ന പ്രതികരണം!

എന്തിനായിരുന്നു നീ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്? ഈ ചോദ്യം ഉയര്‍ന്നു വന്നതും എന്റെ മനസ്സില്‍ നിന്ന് തന്നെയായിരുന്നു. ഞാന്‍ എനിക്കു ചുറ്റും ഒരു കോവിഡ് രക്ഷാ കവചം സൃഷ്ടിച്ചിരിക്കുകയാണ്. എന്റെ ഉത്തരവും പെട്ടെന്നു തന്നെ മനസ്സില്‍ തെളിഞ്ഞു. മാസ്‌ക്, ശാരീരിക അകലം, വ്യക്തിശുചിത്വം, കോവിഡ് ഷീല്‍ഡ്, ഇതാ രണ്ടാം ഘട്ടമായി പ്രതിരോധ കുത്തിവെപ്പും. ഞാനുയര്‍ത്തുന്ന ഈ രക്ഷാകവചം എനിക്കു ചുറ്റുമുള്ളവര്‍ക്കു വേണ്ടിക്കൂടിയാണ്. രാജ്യത്തിനു വേണ്ടിയാണ്. ലോകത്തിനു വേണ്ടിയാണ്. മഞ്ഞ് മൂടി നില്‍ക്കുന്ന ഹിമാലയന്‍ താഴ്‌വരയില്‍ കണ്‍ ചിമ്മാതെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നു. സ്വന്തം രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ ജാഗ്രത കൈവെടിയാതെ റോന്തു ചുറ്റുന്ന പട്ടാളക്കാര്‍. ഒരു നിമിഷ നേരത്തേക്ക് ഞാനും ഒരു പട്ടാളക്കാരനായി. യുദ്ധം മറ്റൊരു ദോശത്തെ ജനങ്ങള്‍ക്കെതിരേയല്ല, കോവിഡ് എന്ന എല്ലാ ലോകത്തെ മനുഷ്യരുടെയും ശത്രുവിനെതിരേയാണ്. ഞാനും നിങ്ങളുമെല്ലാം ആ യുദ്ധത്തിലെ പോരാളികളാണ്. നാമുയര്‍ത്തുന്ന രക്ഷാകവചമാണ് മനുഷ്യവംശത്തിന്റെ ശക്തി. കോവിഡിനെതിരേ പോരാടാനുള്ള നമ്മുടെ മുഖ്യ ആയുധമാണ് ഇപ്പോള്‍ ഈ പ്രതിരോധ കുത്തിവെപ്പ്. അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ പ്രതികൂലമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നമ്മുടെ രക്ഷാകവചത്തില്‍ വിള്ളല്‍ വീഴും. നമുക്ക് കീഴടങ്ങേണ്ടി വരും. അതിന് വഴിയൊരുക്കണോ...

സാറേ, അര മണിക്കൂറായി. നഴ്സിന്റെ ശബ്ദമാണ് എന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്. ഇന്നും വൈകിട്ട് അഞ്ചു മണിവരെ കുത്തിവെപ്പ് ഉണ്ട്. ആ വാക്കുകളില്‍ ആത്മാര്‍ഥത, കൃത്യനിര്‍വഹണത്തിലെ ഉത്തരവാദിത്തം എല്ലാം സ്ഫുരിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം മുന്നണിപ്പടയാളികളാണ്. എങ്ങനെ അഭിനന്ദിക്കാതിരിക്കും! നന്ദി എന്ന രണ്ടക്ഷരത്തിലും കൂപ്പുകൈയോടെയുള്ള ഒരു ചിരിയിലും ഒതുങ്ങുന്നതായിരുന്നില്ല മനസ്സിലെ വികാരം. നേരിട്ടല്ലെങ്കില്‍ പോലും അവരുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി.

യാത്ര പറഞ്ഞ് കാറില്‍ കയറിയപ്പോള്‍ അടുത്ത സീറ്റിലിരുന്ന ഒരു കവര്‍ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ ദിവസം ജമീല എന്നെ ഏല്പിച്ചിട്ടു പോയതാണ് ആ കവര്‍.

സാര്‍, ഞാന്‍ ജമീല. വയസ്സ് 25. സാറിന്റെ പേഷ്യന്റാണ്. ചിത്ര മാഡമാണ് എന്നെ ഓപ്പറേഷന്‍ ചെയ്തത്. ഞാന്‍ നാളെ തിരികെ കാസര്‍കോട്ടേക്ക് പോവുകയാണ്. ഈ കത്ത് ഞാന്‍ പലവട്ടം എഴുതാന്‍ തുടങ്ങിയതാണ്. സാറിന് തരാന്‍ ഒരു പേടിയായിരുന്നു. ഇന്ന് ഒരു ഉറച്ച തീരുമാനം എടുത്തു. എന്തായാലും കത്ത് സാറിനെ ഏല്പിച്ചിട്ടു തന്നെ മറ്റു കാര്യങ്ങള്‍ എന്ന്. എവിടെ നിന്നോ വീണു കിട്ടിയ ധൈര്യത്തിന്റെ പേരിലാണ് ഞാനിത് സാറിനെ ഏല്പിക്കുന്നത്. എനിക്ക് 10-15 വയസ്സുള്ളപ്പോള്‍ ഞാന്‍ ധാരാളം വായിക്കുമായിരുന്നു. സാറിന്റെ പുസ്തകങ്ങളും പല ലേഖനങ്ങളും ഞാന്‍ പലകുറി വായിച്ചിട്ടുണ്ട്. അതില്‍ നിന്ന് ഡോക്ടറുടെ ഒരു ചിത്രം മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. രോഗികളുമായി അടുത്തിടപഴകുകയും ധാരാളം സംസാരിക്കുകയും രോഗികളുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്ന ഒരു ഡോക്ടര്‍ ഗംഗ. ആ വിശ്വാസത്തിലാണ് ഞാന്‍ രണ്ടു മാസം മുമ്പ് ഡോക്ടറെ കാണാന്‍ വന്നത്. പക്ഷേ, ഡോക്ടര്‍ എന്റെ പ്രതീക്ഷകള്‍ പലതും തെറ്റിപ്പോയി! വളരെ കാര്യമാത്ര പ്രസക്തമായി കുറച്ചു ചോദ്യങ്ങള്‍ മാത്രം ചോദിച്ച് ചിട്ടയോടെയുള്ള പരിശോധനകള്‍ നടത്തി ഡോക്ടര്‍ പോയി. രോഗികളുടെ തോളിലൊന്ന് തട്ടി ആശ്വസിപ്പിക്കുന്ന ഡോക്ടര്‍ ഗംഗയുടെ ചിത്രമായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും ഡോക്ടറില്‍ നിന്ന് എനിക്ക് കിട്ടിയില്ല. ഡോക്ടര്‍ ഇങ്ങനെയല്ലെന്ന് വായിച്ചും പറഞ്ഞു കേട്ടും എനിക്കറിയാം. എന്തുകൊണ്ടാണ് ഡോക്ടര്‍ ഇങ്ങനെ മാറിപ്പോയത് എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് കോവിഡാണ് വില്ലന്‍ എന്ന്. സാറിന്റെ മുഖത്തെ മാസ്‌കിലൊളിപ്പിച്ചതും രോഗികളുമായുള്ള ഇടപെടലിന് നിയന്ത്രണം കൊണ്ടു വന്നതും ഒക്കെ കോവിഡാണെന്ന് ഞാന്‍ മനസ്സിലാക്കി. കോവിഡെല്ലാം പോയി സാറ് പഴയ ഡോക്ടര്‍ ഗംഗയാകണം. എല്ലാ ആശംസകളും നേരുന്നു.

ജമീലയുടെ കത്ത് അവസാനിക്കുന്നതങ്ങനെ.

കോവിഡ് മൂലം നമ്മളോരോരുത്തരും സ്വയമറിയാതെ തന്നെ നമ്മുടെ പെരുമാറ്റങ്ങള്‍ പോലും മാറിപ്പോയിരിക്കുന്നു. ഞാനും നിങ്ങളും ഇങ്ങനെ അകലം പാലിക്കുന്നവരായി മാറിയിട്ടുണ്ട്. ലോകം തന്നെ മാറിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നിന്ന് കോവിഡ് ചോര്‍ത്തിക്കളഞ്ഞ നന്മയുടെയും സ്നേഹത്തിന്റെയും അടുപ്പം തിരിച്ചുപിടിക്കണ്ടേ?

ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങളൊന്നുമില്ലാതെ കോവിഡിനെതിരേ നമുക്ക് ഒന്നിക്കാം. കോവിഡിനെതിരേ പട പൊരുതാം.

സാധാരണ പോലെ തന്നെ ആശുപത്രിയിലെ ജോലി കഴിഞ്ഞിറങ്ങുമ്പോള്‍ സമയം ഏകദേശം രാത്രി ഒമ്പതു മണി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ചെറിയൊരു ശരീര വേദന. അതിനപ്പുറം പ്രയാസങ്ങളൊന്നും തോന്നിയില്ല. രാവിലെ ഉണര്‍ന്നപ്പോള്‍ ആ വേദനയും ഇല്ല. ആശുപത്രിയിലേക്ക് പോകാനിറങ്ങുമ്പോള്‍ ചിത്രയുടെ ശബ്ദം ഓര്‍മിപ്പിച്ചു- കുത്തിവെപ്പ് എടുത്തെന്നു കരുതി മാസ്‌കും ഷീല്‍ഡുമൊന്നും ഉപേക്ഷിക്കരുത് കേട്ടോ. സാമൂഹിക അകലവും ശുചിത്വവും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ വേണം കേട്ടോ. ചിത്രയെ പൂരിപ്പിച്ചത് എന്റെ തന്നെ ശബ്ദമായിരുന്നു.

അടുത്ത കുത്തിവെപ്പ് ഫെബ്രുവരി 16ന്. ആ തീയതി ഞാന്‍ ഓര്‍മയില്‍ ഒന്നു കൂടി ഉറപ്പിച്ചു.

Content Highlights: Snehaganga, Dr.V.P. Gangadharan shares his experience with his patients, Health, Cancer Awareness, Cancer Care