താങ്ക് യൂ ഡോക്ടര്‍, ഡോക്ടറുടെ ഉപദേശങ്ങള്‍ക്കു നന്ദി. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ! ആദ്യമായിട്ടാണ് ഒരു ഡോക്ടര്‍ ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിട്ട് തിരിച്ചു വിളിക്കുന്നത്. സന്തോഷം ഡോക്ടറേ.. ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഡോക്ടറെ കാണാന്‍ വരും കേട്ടോ! എന്നാണെന്നു മാത്രം അറിയില്ല. എനിക്കു വേണ്ടി പ്രാര്‍ഥിക്കണേ ഡോക്ടര്‍...

കഴിഞ്ഞയാഴ്ച ഫോണില്‍ വന്ന ഒരു സന്ദേശമാണിത്. സംഗതി വളരെ ലളിതം. എനിക്ക് ഓസ്ട്രേലിയയില്‍ നിന്ന് ഒരു ഫോണ്‍ കോളും സന്ദേശവുമുണ്ടായിരുന്നു- 'ഡോക്ടര്‍ എപ്പോളാണ് ഫ്രീയാകുന്നത് എന്നറിയിക്കാമോ. ഞാന്‍ ആ സമയത്ത് വിളിച്ചോളാം. ഒരു അഞ്ചോ ആറോ മിനിറ്റ് സമയം തന്നാല്‍ മതി. എന്റെ ചില രോഗകാര്യങ്ങളില്‍ ഉപദേശം ചോദിക്കാനാണ്... ഇതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. അതു കണ്ടതും വൈകാതെ ഞാന്‍ അങ്ങോട്ടു വിളിച്ചു. അതിനു നന്ദി പറഞ്ഞു കൊണ്ടു വന്ന സന്ദേശമാണ് ആദ്യം എഴുതിയിരുന്നത്.

എല്ലാ ഡോക്ടര്‍മാരും ഇങ്ങനെ ചെയ്യുമല്ലോ എന്നു പറയാനാണ് എനിക്ക് ആദ്യം തോന്നിയത്. പക്ഷേ, എന്തുകൊണ്ട് പലരും അങ്ങനെ ചെയ്യുന്നില്ല എന്നു പറയാനാണ് മനസ്സ് പിന്നീട് നിര്‍ദേശിച്ചത്. ജനിച്ചു വീഴുമ്പോള്‍ എല്ലാ മനുഷ്യരും നിഷ്‌കളങ്കര്‍. വളര്‍ന്നു വരുമ്പോള്‍ കാലവും സാഹചര്യവും അവരില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്നു പറയാറുണ്ടല്ലോ. അതു പോലെ, പ്രൊഫഷനല്‍ ജീവിതം തുടങ്ങുമ്പോള്‍ എല്ലാ കുട്ടിഡോക്ടര്‍മാരും നല്ലവര്‍. കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സാഹചര്യവും സമൂഹവും അവരുടെ മനസ്സില്‍ പോറല്‍ ഏല്പിക്കുന്നു. അതുകൊണ്ടാണ് അവര്‍ 'അങ്ങനെ ചെയ്യുന്നില്ലാത്തത്'. നീ അവരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് അല്ലേ...എന്റെ മനസ്സിന്റെ ഒരു കോണില്‍ നിന്ന് ഈ ചോദ്യം ഉയര്‍ന്നു വന്നു. അതിന്റെ കൂടെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങളും മനസ്സില്‍ തെളിഞ്ഞു വന്നു.

സമയം രാത്രി ഒമ്പതു മണി കഴിഞ്ഞു. രാവിലെ മുതല്‍ തുടങ്ങിയ ആശുപത്രി ജോലി കഴിഞ്ഞ് ഞാന്‍ തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. ഫോണിലെ സന്ദേശങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഒന്ന് പ്രത്യേകം ശ്രദ്ധയില്‍ പെട്ടു. അത്യാവശ്യമാണ് സാര്‍... ഒന്നു തിരികെ വിളിക്കുമോ...എന്നായിരുന്നു അത്. അപ്പോള്‍ത്തന്നെ ആ നമ്പറിലേക്ക് വിളിച്ചു. മറുവശത്ത് ഒരു സ്ത്രീ ശബ്ദമാണ്. എന്റെ നാലു വയസ്സുള്ള കുഞ്ഞിന് രക്താര്‍ബുദമാണ് ഡോക്ടറേ...ഞങ്ങള്‍ ചാലക്കുടിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. അത്യാവശ്യമായി ഇന്നു തന്നെ ഡോക്ടറെ കാണണമായിരുന്നു...
കോവിഡ് കാലത്തിനു മുമ്പായിരുന്നെങ്കില്‍ ഞാന്‍ അവരോട് നേരേ വീട്ടിലേക്ക് വരാന്‍ പറയുമായിരുന്നു. ഇപ്പോള്‍ അത് സാധിക്കില്ലല്ലോ എന്ന് സങ്കടപ്പെട്ടു കൊണ്ടു തന്നെ ഞാന്‍ അവരോട് നേരേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞു. 'എന്റെ കൂടെയുള്ള ഡോക്ടര്‍ അവിടെയുണ്ട്. ഞാന്‍ അവരെ വിളിച്ച് പറഞ്ഞേക്കാം. അവര്‍ എന്നെ വിവരങ്ങള്‍ അറിയിച്ചോളും.' നന്ദി പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു. അടുത്ത ദിവസം രാവിലെ തന്നെ ഡ്യൂട്ടി ഡോക്ടര്‍ എന്നെ വിളിച്ചു-'സാറ് പറഞ്ഞ കുട്ടി ഇന്നലെ വന്നില്ല കേട്ടോ! ഞങ്ങള്‍ അവരെ പ്രതീക്ഷിച്ച് രാത്രി മുഴുവന്‍ കാത്തിരിക്കുകയായിരുന്നു.' ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ഉള്ളില്‍ ഒരാന്തല്‍! അതു കൊണ്ട് ഞാന്‍ രണ്ടു ദിവസം കൂടി ആ കുട്ടിയെക്കുറിച്ച് അന്വേഷിച്ചില്ല. മൂന്നാം ദിവസം ധൈര്യപൂര്‍വം ഞാന്‍ ആ നമ്പറിലേക്ക് തിരികെ വിളിച്ചു. ഉത്തരം നല്‍കിയത് അതേ സ്ത്രീ ശബ്ദം. ഇടപ്പള്ളിയിലെത്തിയപ്പോള്‍ ഞങ്ങള്‍ തീരുമാനം മാറ്റി ഡോക്ടറേ... നേരേ അമൃത അശുപത്രിയിലേക്ക് പോയി. ആ ശബ്ദത്തില്‍ ഒരു കുറ്റബോധവുമില്ലായിരുന്നു. എന്തിനു കുറ്റബോധം എന്ന് ഒരു വിഭാഗം പേരെങ്കിലും ചിന്തിക്കുമെന്ന് ഉറപ്പ്.

ഇത് മറ്റൊരനുഭവം. തിരുവനന്തപുരത്തു നിന്ന് ഒരു ഡോക്ടറുടെ ഫോണ്‍ കോളാണ്. സ്വയം പരിചയപ്പെടുത്തിയ ശേഷം അവര്‍ പറഞ്ഞു- 'എന്റെ സഹോദരിക്കു വേണ്ടിയാണ് ഞാന്‍ വിളിക്കുന്നത്. ഇവിടെ കൊടുത്ത ഒരു മരുന്നിന്റെ പാര്‍ശ്വഫലം കാരണം വളരെ അവശയാണ് അവള്‍ ഇന്ന്. ഞങ്ങള്‍ ഇവിടെ നിന്ന് മാറ്റം വാങ്ങി ഡോക്ടറുടെ അടുത്തേക്ക് വരികയാണ്. ഇനിയുള്ള ചികിത്സ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ വേണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം.' പിന്നീട് അവര്‍ സംസാരിച്ചതെല്ലാം ചികിത്സിച്ച ആശുപത്രിയെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമെല്ലാമുള്ള കുറ്റങ്ങളും കുറവുകളുമായിരുന്നു.

അടുത്ത ദിവസം തന്നെ അവര്‍ എന്നെ കാണാനെത്തി. ഇവള്‍ക്ക് പേടിയാണ് ഡോക്ടറേ.. ഭയങ്കര ടെന്‍ഷനാണ്. ഞാന്‍ ഇവളെ ഡോക്ടറെ ഏല്പിക്കുകയാണ്. ഈ മുഖവുരയോടെയാണ് ഡോക്ടര്‍ സംഭാഷണം ആരംഭിച്ചത്. രണ്ടു ദിവസത്തിനകം പുതിയ മരുന്നുകള്‍ തുടങ്ങി. ഒരു കോഴ്സ് കീമോതെറാപ്പി എടുത്ത് രോഗി വീട്ടിലേക്ക് പോവുകയും ചെയ്തു. പോകുമ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങാന്‍ അവര്‍ മറന്നില്ല. അടുത്ത ദിവസങ്ങളില്‍ സമയത്തും അസമയത്തും രോഗിയുടെ ഫോണ്‍കോളുകള്‍ വരുമായിരുന്നു. എല്ലാ സംശയങ്ങള്‍ക്കും ക്ഷമയോടെ തന്നെ മറുപടിയും നല്‍കി. ഒരിക്കല്‍ അവര്‍ പറഞ്ഞു- 'ഡോക്ടറേ.. എന്റെയൊരു കസിന്റെ മകന്‍ ഡോക്ടറുണ്ട്. അവന്‍ അമേരിക്കയില്‍ നിന്ന് വിളിക്കും. ഡോക്ടര്‍ അവനോടൊന്ന് സംസാരിക്കണം.'
അമേരിക്കന്‍ ഡോക്ടറുടെ ഫോണ്‍കോള്‍ വരുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞു. ഞാന്‍ കൊടുത്ത മരുന്നുകളെക്കാള്‍ നല്ലത് ആദ്യം കൊടുത്തു കൊണ്ടിരുന്ന മരുന്നുകളായിരുന്നു എന്നും അതു തന്നെയാണ് നല്‍കേണ്ടത് എന്നും അദ്ദേഹം ശാഠ്യത്തോടെ പറയുന്നുണ്ടായിരുന്നു. ആ മരുന്നിനുണ്ടായ പാര്‍ശ്വഫലത്തെക്കുറിച്ചും എന്തു കൊണ്ടാണ് ആ മരുന്നുകള്‍ മാറ്റേണ്ടി വന്നത് എന്നതിനെക്കുറിച്ചും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ ഡോക്ടറുടെ മനസ്സിലേക്ക് അതൊന്നും കയറിയതേയില്ല. എനിക്ക് അതില്‍ അസാധാരണമായൊന്നും തോന്നിയില്ല. സംസാരം അവസാനക്കാറായപ്പോള്‍ അദ്ദേഹം പറഞ്ഞു- ഞാനൊരു കാന്‍സര്‍ ചികില്‍സാ വിദഗ്ധനല്ല കേട്ടോ! അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി അമേരിക്കന്‍ സ്‌റ്റൈലില്‍ നന്ദിയും ഭംഗിവാക്കുകളും പറഞ്ഞ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. അടുത്ത കോഴ്സ് കീമോയുടെ സമയമായപ്പോള്‍ പക്ഷേ, ആ രോഗി വന്നില്ല. ഇക്കാര്യങ്ങളെല്ലാം ഞാനെന്റെ സഹപ്രവര്‍ത്തകരുമായി പങ്കു വെച്ചു. അതിലൊരു യുവഡോക്ടര്‍ രോഗിയുടെ ഫോണ്‍ നമ്പര്‍ ഞാനറിയാതെ തപ്പിയെടുത്ത് അവരോട് സംസാരിച്ചു. അവര്‍ മറ്റൊരു ആശുപത്രിയില്‍ ചികില്‍സ തുടരുന്നുണ്ട്! എന്നെ വിളിച്ച് ഇക്കാര്യമൊന്നു പറയാമായിരുന്നല്ലോ എന്ന് എനിക്ക് വെറുതേ തോന്നി. ഈ രോഗിയുടെ കാര്യം പറഞ്ഞ് എന്നെ വിളിച്ചു സംസാരിച്ച ആ ഡോക്ടര്‍ സഹോദരിയെ ഓര്‍മയുണ്ടായിരുന്നതിനാല്‍ അവരെ വിളിച്ചു. പലവട്ടം. ഫോണ്‍ ബെല്ലടിച്ചതല്ലാതെ എടുത്തില്ല!

കഴിഞ്ഞ ദിവസം ലഭിച്ച ഒരു കത്തിനെക്കുറിച്ചു പറയാം. എന്റെയടുത്ത് ചികില്‍സയിലിരുന്ന് മരിച്ചു പോയ ഒരു രോഗിയുടെ ഭര്‍ത്താവ് രാജനാണ് എഴുതിയത്. അണ്ഡാശയ കാന്‍സറുമായാണ് രാജന്റെ ഭാര്യ ആശുപത്രിയിലെത്തിയത്. രോഗം വളരെ ഗൗരവമേറിയ ഘട്ടത്തിലേക്ക് എത്തിയിരുന്നു. ഡോക്ടര്‍ നല്‍കിയ ചികില്‍സകള്‍ ശരിയായില്ലെന്നും വേണ്ട മരുന്നുകള്‍ നല്‍കിയില്ലെന്നും അങ്ങനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ചികിത്സാപ്പിഴവു മൂലമാണ് തനിക്ക് ഭാര്യയെ നഷ്ടപ്പെട്ടതെന്നും രാജന്‍ ആ കത്തില്‍ ആരോപിച്ചിരുന്നു. അവസാന നിമിഷം വരെ സമയത്തും അസമയത്തുമുള്ള അവരുടെ എത്രയോ ഫോണ്‍കോളുകള്‍ക്കും സംശയങ്ങള്‍ക്കും ഞാന്‍ ക്ഷമയോടെ മറുപടി നല്‍കിയിരുന്നു എന്നകാര്യം രാജനും അറിയാമല്ലോ എന്ന് ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. രോഗാവസ്ഥയെക്കുറിച്ച് രാജനോടും പറഞ്ഞിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു നിമിഷം മനസ്സില്‍ വിഷമം തോന്നി. ഇനിയങ്ങോട്ട് ഇത്തരം ഫോണ്‍ വിളികളൊന്നും വേണ്ട എന്ന് ചിന്തിച്ചാല്‍ ആരെങ്കിലും തെറ്റുപറയുമോ...

മറ്റൊരു രസകരമായ ഫോണ്‍ സന്ദേശത്തിന്റെ കാര്യം കൂടി പറയാം. സ്വന്തം സഹോദരന്റെ ചികില്‍സയുമായി ബന്ധപ്പെട്ട് വര്‍ഗീസിന്റെ ചില സംശയങ്ങളായിരുന്നു ആ സന്ദേശത്തില്‍.
കേരളത്തിലെ ഏറ്റവും നല്ല കാന്‍സര്‍ ആശുപത്രി ഏതാണ് ഡോക്ടര്‍? കേരളത്തിലെ ഏറ്റവും നല്ല കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ആരാണ്? എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളുമുള്ള ആശുപത്രി ഏതാണ്? ഏറ്റവും ചെലവു കുറഞ്ഞ ആശുപത്രി ഏതായിരിക്കും? ഞാനിപ്പോള്‍ സഹോദരന് നല്‍കിക്കൊണ്ടിരിക്കുന്ന ആയുര്‍വേദ ചികിത്സയെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്? അങ്ങനെ നീണ്ടു പോകുന്നു അക്കമിട്ട് നിരത്തിയ ആ സംശയങ്ങള്‍.

എന്തു കൊണ്ടാണ് പല ഡോക്ടര്‍മാരും ഫോണ്‍ വിളികള്‍ പ്രോത്സാഹിപ്പിക്കാത്തത് എന്നു വിശദീകരിക്കാന്‍ എന്റെ മനസ്സ് തീരുമാനിച്ചതില്‍ തെറ്റില്ലെന്ന് കുറച്ചു വായനക്കാരെങ്കിലും എന്നെ പിന്തുണയ്ക്കുമെന്ന് ഞാന്‍ ആശിക്കുകയാണ്. പക്ഷേ, നിമിഷങ്ങള്‍ കൊണ്ട് പല ഡോക്ടര്‍മാരുടെയും മനസ്സ് മാറും. ഈ തീരുമാനവും മാറും. അതിന് കാരണം ശുദ്ധഗതിക്കാരായ, മനസ്സില്‍ കൃത്രിമമില്ലാത്ത രോഗികളെ കാണുന്നതും ഇടപഴകുന്നതുമാണ്. എന്റെ മനസ്സിലും വിഷമങ്ങളും സങ്കടങ്ങളും മാറിയത് അത്തരത്തിലൊരാളെ കണ്ടു കിട്ടിയപ്പോളാണ്.

മൂവാറ്റുപുഴക്കാരന്‍ ജോസഫ്. എണ്‍പതിനടുത്ത് പ്രായം. നല്ല കൃഷിക്കാരനാണ്. ഒരു ഡോസ് കീമോ തെറാപ്പിയെടുത്ത ശേഷം ഒരു കൊല്ലം കഴിഞ്ഞാണ് വീണ്ടും ചികില്‍സ തേടിയെത്തിയത്. മൂന്നാഴ്ച ഇടവിട്ട് എടുക്കേണ്ട അഞ്ചു ഡോസ് കീമോ തെറാപ്പിയാണ് മുടക്കിയത്. എന്താണ് ചികിത്സയ്ക്ക് സമയത്ത് വരാതിരുന്നത് എന്ന് ഞാന്‍ ദേഷ്യം പ്രകടിപ്പിച്ചു തന്നെ ചോദിച്ചപ്പോള്‍ ജോസഫിന്റെ മറുപടി ഇങ്ങനെ- 'സാറിന്റെ ഒറ്റ ഡോസ് മരുന്നു കൊണ്ടു തന്നെ നല്ല സുഖം തോന്നി ഡോക്ടറേ. അതാ പിന്നെ വരാത്തത്! ഇപ്പോള്‍ വീണ്ടും പഴയ പോലെ അസ്വസ്ഥത തുടങ്ങി. അതാ വന്നത്. ഒരു സംശയവുമില്ലാതെ മറകളില്ലാതെ അദ്ദേഹം തുറന്നുപറഞ്ഞു. ആ നിഷ്‌കളങ്കത മതിയായിരുന്നു എന്റെ മനസ്സിന്റെ കനം കുറയ്ക്കാന്‍. ഇനി ഏതായാലും ചികിത്സ മുടക്കേണ്ടെന്ന് വിശദമായി പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാം സമ്മതിക്കുകയും ചെയ്തു.

ഫോണ്‍കോളുകളും സന്ദേശങ്ങളും ഇങ്ങനെ, ഓരോ തരം മനുഷ്യരെയും മനസ്സുകളെയുമാണ് നമ്മിലേക്ക് കൊണ്ടു വരുന്നത്. പല ഡോക്ടര്‍മാര്‍ക്കും സഹിക്കാന്‍ പറ്റുന്നുണ്ടാവില്ല ഇത്തരം പല സാഹചര്യങ്ങളും.
ഞാന്‍ ഏതായാലും കാത്തിരിക്കുകയാണ് അടുത്ത ഫോണ്‍ കോളിനായി, അടുത്ത സന്ദേശത്തിനായി...

Content Highlights: Snehaganga, Dr.V.P Gangadharan shares his experience with Cancer patients, Health