കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യമെമ്പാടും നാശം വിതച്ചു കൊണ്ട് ആഞ്ഞടിക്കുമ്പോള്‍ മനസ്സില്‍ ചില കുസൃതിച്ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നത് അസ്വാഭാവികമാണ്. ഈ നശിച്ച കാലം എന്നു തീരുമെന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ ആ കുസൃതിചോദ്യങ്ങള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു വന്നു. ജനിതക മാറ്റം വന്ന വൈറസുകളാണ് പ്രശ്നം അല്ലേ... സുഹൃത്തിന്റെ ചോദ്യം വീണ്ടും. അതിന് ഉത്തരം നല്‍കാതെ എന്റെ മനസ്സും ചിന്തകളും ഒരു സ്വപ്നലോകത്തിലേക്ക് ചേക്കേറിയിരുന്നു.

ജനിതക മാറ്റം വന്ന വൈറസുകള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം- മനസ്സിന് അല്പം കുളിര്‍മയും ആശ്വാസവുമേകാന്‍ ഈ പത്രവാര്‍ത്ത തന്നെ ധാരാളം. പരസ്പരം പോരടിച്ച് ഇല്ലാതാകുന്ന ചില ചെറിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെ ഈ വൈറസുകള്‍ തമ്മില്‍ പോരടിച്ച് സ്വയം നശിച്ചാലോ... ഒരിക്കലും സംഭവിക്കാത്ത മനോഹരമായ സ്വപ്നം- ആരോ വിളിച്ചു പറയുന്നതു പോലെ തോന്നി. എന്തു കൊണ്ട് സംഭവിച്ചു കൂടാ- എന്റെ മനസ്സും വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. കുശുമ്പും കുന്നായ്മയും വൈറസുകള്‍ക്കിടയിലുമുണ്ട്. അറിയാമോ! ജനിതകമാറ്റം വന്ന ആഫ്രിക്കക്കാരനോ ഇംഗ്ലണ്ടു കാരനോ വന്നാല്‍ ഇന്ത്യക്കാരന്‍ വൈറസ് സഹിക്കുമായിരിക്കും. കാരണം സഹനശക്തി ഇന്ത്യക്കാരന്റെ കുടെപ്പിറപ്പാണ്. പക്ഷേ, മറിച്ചായാല്‍ അങ്ങനെയല്ല. അതുകൊണ്ട് അവരെ തമ്മിലടിപ്പിച്ചാല്‍...
ജനിതക മാറ്റം സംഭവിക്കുമ്പോള്‍ സ്വയം കുഴിതോണ്ടുന്ന ഒരു മാറ്റം സംഭവിച്ചാലോ! അതായത് ആ വൈറസുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ ഒരു മാറ്റം വന്നാലോ... അതെങ്കിലും സംഭവിക്കട്ടെ എന്റെ മനസ്സ് ഉരുവിടുന്നുണ്ടായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ അഖിലേന്ത്യാ സമ്മേളനം പോലെ വൈറസുകളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുകയാണ്. മറ്റെല്ലാ വൈറസുകളും ഒരേസ്വരത്തില്‍ ഉച്ചത്തില്‍ ആഞ്ഞടിച്ചു- കൊറോണ വൈറസിനെതിരേ കൈ ചൂണ്ടി ആക്രോശിച്ചു... നീ ഏകാധിപതിയാവുകയാണ്. ഞങ്ങളെയെല്ലാം പുറന്തള്ളി നീ മനുഷ്യരെ ഭരിക്കുകയാണ്. ലോകം ഭരിക്കുകയാണ്. ഞങ്ങളുടെ ആവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പുല്ലുവില പോലും കല്പിക്കാതെ നീ ഒരു സ്വച്ഛാധിപതിയായിരിക്കുന്നു. ഞങ്ങള്‍ മറ്റു വൈറസുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഒരു പ്രമേയം അവതരിപ്പിക്കുകയാണ്.

മനസ്സില്ലാ മനസ്സോടെ അവസാനം കൊറോണ വൈറസ് ഈ കൂട്ടായ്മയുടെ മുന്നില്‍ കീഴടങ്ങിയാലോ! തോല്‍വി സമ്മതിച്ച് പത്തി താഴ്ത്തി നടന്നു നീങ്ങുന്ന കോവിഡ് വൈറസിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നു. ശരീരത്തിന്റെ പുറം ഭാഗത്തുള്ള മുള്ളുകളെല്ലാം പറിഞ്ഞു പോയി ഒരു റബ്ബര്‍ പന്തു കണക്കെ ഉരുണ്ടു നീങ്ങുന്ന നിസ്സഹായനായ കൊറോണ വൈറസിനെ കണ്ട് മറ്റു വൈറസുകള്‍ ആര്‍ത്തു വിളിച്ചു ചിരിക്കുന്ന ചിത്രം വൈറസ് സമ്മേളന വേദിയിലെ വലിയ സ്‌ക്രീനില്‍ മിന്നി മറഞ്ഞു. പല്ലു കൊഴിഞ്ഞ സിംഹം- പോളിയോ വൈറസ് ചിരിയടക്കാന്‍ പാടുപെട്ടു.

വലിയ പ്രശ്നക്കാരല്ലാത്ത വൈറസുകള്‍ മുന്നോട്ടു വന്നാല്‍ നമ്മള്‍ രക്ഷപ്പെട്ടു, സുഹൃത്തിന്റെ ശബ്ദമായിരുന്നു അത്.
*************************
അവനെ അങ്ങനെ കയറൂരി വിട്ടു കൂടാ. സംഭാഷണ ശൈലിയിലുള്ള ഈ വാക്കുകള്‍ ഹൃദ്രോഗത്തിന്റേതായിരുന്നു. മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളുടെ ഒരു ചെറിയ സംഘത്തിന്റെ അടച്ച മീറ്റിങ്ങിലാണ് ഈ അഭിപ്രായം ഉയര്‍ന്നു കേട്ടത്. കോവിഡ് വന്നതോടെ നമ്മളെയൊക്കെ ജനത്തിന് പേടിയില്ലാതായി- അത് കാന്‍സറിന്റെ സ്വരമായിരുന്നു. നാം ആഞ്ഞടിക്കണം. അവന്റെ ഏകാധിപത്യം തകര്‍ക്കണം- അത് ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടായ ശബ്ദമായിരുന്നു.

എന്തൊരു ഹുങ്കാണവന്! അവന്റെ അഹന്ത തകര്‍ക്കണം. എത്ര പേരുടെ ജീവനും മറ്റ് എത്രയോ പേരുടെ ഉപജീവന മാര്‍ഗങ്ങളുമാണ് അവന്‍ തകര്‍ത്തിട്ടുള്ളതെന്നറിയാമോ! അപ്പോത്തിക്കിരിമാര്‍ മുതല്‍ വഴിയോര വാണിഭക്കാര്‍ വരെ ഒരേ സ്വരത്തില്‍ അതേറ്റു പറഞ്ഞു. കുട്ടികളെയും കൊണ്ട് ആശുപത്രിയില്‍ വരാന്‍ ആളുകള്‍ക്ക് ഭയമാണ്. ചെവി-തൊണ്ട- മൂക്ക് വിഭാഗത്തിലെ രോഗികളും ആശുപത്രിയില്‍ എത്താന്‍ മടിക്കുന്നു. എന്തിനു പറയുന്നു! പല്ല് പറിക്കാന്‍ പോലും ആരും ആശുപത്രിയില്‍ പോകുന്നില്ല. ഇങ്ങനെ പോയാല്‍ എന്തു ചെയ്യാനാവും... അപ്പോത്തിക്കിരിമാര്‍ പ്രതിഷേധിച്ചു. ഓണം പോയി. വിഷുവും ക്രിസ്മസും ന്യൂ ഈയറും പോയി. ഇപ്പോള്‍ ഈദും പോയി... ഞങ്ങള്‍ക്ക് ജീവിക്കണ്ടേ... വഴിവാണിഭക്കാരുടെ പ്രതിഷേധം ഇരമ്പി.

ഞങ്ങളുടെ കുട്ടിക്കാലമാണ് അവന്‍ നശിപ്പിച്ചത്, കവര്‍ന്നെടുത്തത്. സ്‌കൂള്‍ ജീവിതം, കളിക്കൂട്ടം, സുഹൃത് ബന്ധങ്ങള്‍ എല്ലാം അവന്‍ നശിപ്പിച്ചു. അവനെയൊന്ന് നേരില്‍ കണ്ടാലുണ്ടല്ലോ... കുട്ടികളുടെ ശബ്ദമാണ് ചെവിയില്‍ മുഴങ്ങിയത്.

അവന്‍ ഞങ്ങളെ മുറിയില്‍ തളച്ചു. അമ്പലത്തിലോ പള്ളിയിലോ പോകാന്‍ പറ്റാത്ത അവസ്ഥ. സ്വാതന്ത്ര്യത്തോടെ ഒന്നു പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. അവനെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍- പല്ലില്ലാത്ത മോണ കാട്ടി കുറേ പേര്‍ ശക്തമായി പ്രതിഷേധിക്കുന്നു.
***********************************************

യമധര്‍മനും ചിത്ര ഗുപ്തനും തമ്മില്‍ തെറ്റി... ചൂടുള്ള വാര്‍ത്ത, ചൂടുള്ള പുത്തന്‍ വാര്‍ത്ത... സായാഹ്ന പത്രത്തിലെ വാര്‍ത്ത വിളിച്ചു പറഞ്ഞു കൊണ്ട് പയ്യന്‍ കോട്ടയത്ത് ട്രാന്‍സ്പോര്‍ട്ട് ബസ് സ്്റ്റാന്‍ഡില്‍. ഞാന്‍ ഒരു പത്രം വാങ്ങി. അവന്‍ വിളിച്ചു കൂവുന്ന വാര്‍ത്തയിലൂടെ കണ്ണോടിച്ചു. ഇനി ഒരാളെപ്പോലും പാര്‍പ്പിക്കാനുള്ള സ്ഥലം സ്വര്‍ഗത്തിലുമില്ല, നരകത്തിലുമില്ല. ചിത്രഗുപ്തന്‍ തന്റെ കണക്കു പുസ്തകത്തിലെ കണക്കുകള്‍ നിരത്തി വെച്ചു. ഞാന്‍ എന്റെ ജോലി നിര്‍വഹിച്ചേ മതിയാവൂ... യമധര്‍മന്‍ വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എങ്കില്‍... എങ്കില്‍... എനിക്ക് ഈ പണി വയ്യ. വേറേ ആരെയെങ്കിലും അന്വേഷിച്ചോ. ഇത്രയും കാലം ഒരു വീഴ്ചയുമില്ലാതെ, ഒട്ടും അഴിമതിയില്ലാതെ ഞാന്‍ ജോലി ചെയ്തു. കണക്കുകളില്‍ ഞാന്‍ ഒരു കൃത്രിമവും കാണിക്കാറില്ലെന്നറിയാമല്ലോ. ഈ സ്ഥിതി യമധര്‍മന്‍ തുടര്‍ന്നാല്‍... എങ്കില്‍ എനിക്ക് ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാകേണ്ടി വരും. വയ്യ, അങ്ങനെയൊരു പദവിക്കും ജോലിക്കും വേണ്ടി ഞാനില്ല. കണക്കു പുസ്തകം വലിച്ചെറിഞ്ഞ് ചിത്രഗുപ്തന്‍ നടന്നു നീങ്ങി.

ചിത്രഗുപ്താ... അങ്ങനെ ഉപേക്ഷിച്ച് പോകേണ്ട. ദേവഗണങ്ങള്‍ ഓടി വരുന്നതു കണ്ട് ചിത്രഗുപ്തന്‍ തിരിഞ്ഞു നിന്നു. നാം ട്രാവല്‍ ബാന്‍ അഥവാ യാത്രാ നിയന്ത്രണങ്ങള്‍ കൊണ്ടി വരികയാണ്. ദേവലോകത്തും അസുര ലോകത്തും കോവിഡ് കൂടുകയാണ്. അതു കൊണ്ട് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഇങ്ങോട്ടേക്ക് ആരെയും കൊണ്ടു വരരുതെന്ന് യമധര്‍മനെ അറിയിച്ചിട്ടുണ്ട്. ദേവന്മാരുടെയും അസുരന്മാരുടെയും കൂട്ടായ തീരുമാനമാണിത്. യമധര്‍മന്‍ വീട്ടിലിരിക്കട്ടെ. ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമൊന്നും മാറ്റം വേണ്ട. യമന്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യട്ടെ. ഫീല്‍ഡില്‍ പോകേണ്ട. ദേവഗണങ്ങള്‍ കണ്ണിറുക്കിക്കാണിച്ചു.

ഈ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണോ ഞാനാണ് ആ ചോദ്യം ഉന്നയിച്ചത്. തല്‍ക്കാലം ഇത് എല്ലാവര്‍ക്കും ബാധകമാണ്. സാവധാനം നമുക്ക് ഇത് പുനഃപരിശോധിക്കാം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്ന് ഒരാളെയും കൊണ്ടു വരേണ്ട. ഒരു ഇളവും അനുവദിക്കുകയും വേണ്ട. ദേവഗണങ്ങളുടെ ശബ്ദം രൂക്ഷമാകുന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല്... ആരൊക്കെയോ വിളിച്ചു പറയുന്നതു പോലെ തോന്നി. അതില്‍ എന്റെ ശബ്ദവുമുണ്ടായിരുന്നു.
*****************************
മാസ്‌കും നിബന്ധനകളും ഇല്ലാത്ത ഒരു ജീവിതം... കോവിഡ് ഇല്ലാത്ത ഒരു ലോകം അത് സംഭവിക്കാത്ത ഒരു സ്വപ്നമാകരുതേയെന്ന് പ്രാര്‍ഥിക്കുന്നവരുടെ കൂടെ എന്റെ മനസ്സും ചേരുകയാണ്.

Content Highlights: Snehaganga, Dr.V.P. Gangadharan shares his dreams about Covid19 Corona Virus, Health