മോള് ഏതു ക്ലാസ്സിലാ പഠിക്കുന്നേ?
എന്റെ കൊച്ചുമകള്‍ ചിത്രാനിയോട് വീട്ടിലെത്തിയ എന്റെയൊരു സുഹൃത്ത് ചോദിച്ചു. ഉത്തരമൊന്നും പറയാതെ അവള്‍ എന്റെ നേരേ നോക്കി ചിരിച്ചു.
മോള്‍ക്ക് അറിയില്ല അല്ലേ... ഏതു ക്ലാസ്സിലാണെന്ന്!

സുഹൃത്ത് വിടാന്‍ ഭാവമില്ലായിരുന്നു. ആ ചോദ്യം അവളുടെ അഭിമാനത്തെ വ്രണപ്പെടുത്തിയെന്നു തോന്നുന്നു.
പെട്ടെന്നു തന്നെ അവള്‍ ഉത്തരം പറഞ്ഞു- ഓണ്‍ലൈന്‍ ക്ലാസ്സ്!
സുഹൃത്ത് പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു- ഇതു വരെ കേട്ടതില്‍ വെച്ച് ഏറ്റവും നല്ല ഉത്തരം.
ഞാനും അറിയാതെ ചിരിച്ചു പോയി.

ചിത്രാനിയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലല്ലോ! ഇതുവരെയുള്ള കണക്കെടുത്താല്‍ അവള്‍ സ്‌കൂളിന്റെ പടി കണ്ടിട്ടുള്ള ദിവസങ്ങള്‍ വിരളം. കളിയും കൂട്ടുകാരും സ്‌കൂള്‍ദിനങ്ങളും നഷ്ടപ്പെട്ട ബാല്യം. സങ്കടം തോന്നി. എന്റെ മനസ്സ് കാടു കേറാന്‍ തുടങ്ങി. കൂട്ടത്തില്‍ കുറച്ച് കുസൃതി ചോദ്യങ്ങളും. ഇനിയങ്ങോട്ട് ഓണ്‍ലെനിന്റെ കാലമായിരിക്കുമല്ലോ എന്ന് തോന്നി.

വിവാഹപ്പരസ്യങ്ങളാണ് ആദ്യം മനസ്സില്‍ തെളിഞ്ഞു വന്നത്. അതിനൊപ്പം വിവാഹിതരുടെ ജീവിതങ്ങളും. ചെറുക്കനും പെണ്ണും തമ്മില്‍ നേരില്‍ കാണാതെയുള്ള വിവാഹവും വിവാഹ ജീവിതവും എന്റെ മനസ്സില്‍ ചിരിയുണര്‍ത്തി. പെണ്ണ് അമേരിക്കയില്‍ നേഴ്സാണ്. ചെറുക്കന്‍ ദുബായില്‍ എന്‍ജിനീയറും. രണ്ടു പേരും മലയാളികള്‍. അവര്‍ക്ക് ഒരു കാര്യത്തില്‍ മനപ്പൊരുത്തമുണ്ട്. പരസ്പരം നേരില്‍ കാണണമെന്ന് നിര്‍ബന്ധമില്ല. നേരില്‍ സംസാരിക്കുകയും വേണ്ട. രണ്ടു പേരും ആധുനിക സാങ്കേതിക വിദ്യയില്‍ പ്രഗല്ഭര്‍. അവര്‍ക്ക് ഓണ്‍ലൈന്‍ മതി എല്ലാം. പരസ്പരം ഓണ്‍ലൈനില്‍ കണ്ടു. ഇഷ്ടപ്പെട്ടു. എല്ലാം പെട്ടെന്നായിരുന്നു നമ്മുടെ വിവാഹവും ഓണ്‍ലൈനില്‍ മതി. തീരുമാനം അമേരിക്കക്കാരിയുടേത്. ചെറുക്കന്‍ പാതി മനസ്സോടെ സമ്മതിച്ചെന്നു മാത്രം. ഒരു അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ടു കൊണ്ടായിരുന്നു ആ സമ്മതം എന്ന് എന്റെ മനസ്സ് പറഞ്ഞു.

പക്ഷേ, അമേരിക്കക്കാരി ആവര്‍ത്തിച്ചു പറഞ്ഞു- എന്റെ കണ്ണേ മുത്തേ, നീ തല്‍ക്കാലം ദുബായില്‍ത്തന്നെ നില്‍ക്ക്. ഓണ്‍ലൈന്‍ ജീവിതമല്ലേ സുഖം! ഒരു ത്രില്ല്. തമ്മില്‍ കണ്ടുകഴിഞ്ഞാല്‍ പിന്നെ എന്തു ത്രില്ല്! ദുബായ്ക്കാരന്‍ ഒരു പഴയ തമിഴ്പാട്ടിന്റെ ഈരടികള്‍ പതുക്കെ പാടി-
കണ്‍കള്‍ പടാമല്‍..
കൈകള്‍ തൊടാമല്‍..
കാതല്‍ വരുവതില്ലൈ...
കാതല്‍ വരുവതില്ലൈ...

തമിഴ് അറിയാത്ത അമേരിക്കന്‍ മലയാളി അത് അത്ര ശ്രദ്ധിക്കാന്‍ മെനക്കെട്ടില്ല. കാലം മുന്നോട്ടു പോയി. ദുബായ്ക്കാരന്‍ അമേരിക്ക സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളിനീക്കി- ഓണ്‍ലൈന്‍ പ്രേമം. അല്ല വിവാഹ ജീവിതം സുഖമായി മുന്നോട്ടു പോയി. അതാ വരുന്നു മറ്റൊരു കുരിശ്. അമേരിക്കക്കാരിക്ക് ഒരു കുഞ്ഞ് വേണം. നേരില്‍ കണ്ടിട്ടില്ലാത്ത ഭര്‍ത്താവില്‍ നിന്ന് നേരില്‍ കാണാതെ ഒരു കുഞ്ഞിനെ വേണം. ആ ആവശ്യവും അവര്‍ ഓണ്‍ലൈനായി ചര്‍ച്ച ചെയ്തു. അതൊക്കെ നടക്കും. പക്ഷേ, ആ ശിശുവിനെ ഗര്‍ഭത്തിലെടുത്ത് വളര്‍ത്താന്‍ ഒരു ഗര്‍ഭ പാത്രം വാടകയ്ക്ക് വേണം. അത് ദുബായില്‍ കിട്ടുമോ എന്ന് അന്വേഷിച്ച് വിവരം പറയണം. ഇന്ത്യയിലായാലും കുഴപ്പമില്ല. അമേരിക്കയിലാക്കേണ്ടി വന്നാല്‍ ചെല് കുറച്ച് ഏറും- അവള്‍ മനസ്സു തുറന്നു.

അതെങ്ങനെ സാധിക്കും! അതു വേണോ... ദുബായ്ക്കാരന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അമേരിക്കക്കാരിക്ക് വിഷമമുണ്ടായില്ല. അത് ശാസ്ത്രത്തിന്റെ വളര്‍ച്ച് അറിയാത്തതു കൊണ്ട് തോന്നുന്നതല്ലേ...ഇപ്പോള്‍ അതിനൊക്കെ എന്തു പ്രയാസം! എന്റെ അണ്ഡം അങ്ങോട്ട് എത്തിച്ചു തരാം. ബാക്കി നിങ്ങള്‍ അവിടെ നോക്കിയാല്‍ മതി. അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ... ഇങ്ങോട്ട് എത്തിച്ചു താ. ബാക്കി ഞാന്‍ നോക്കിക്കോളാം. പക്ഷേ, കുറച്ച് ചെലവ് കൂടുമെന്നു മാത്രം. ഇടയ്ക്ക് അവള്‍ പറയാതിരുന്ന വാക്കുകളും പ്രവൃത്തികളും അയാള്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുണ്ടായിരുന്നില്ല. നമുക്കൊരു ആണ്‍ കുഞ്ഞ് ആവാം അല്ലേ!

അങ്ങനെ തമ്മില്‍ കണ്ടിട്ടേയില്ലാത്ത അവര്‍ക്ക് ഒരു കുഞ്ഞു പിറന്നു. പൊന്‍കുഞ്ഞ്. ദുബായ്ക്കാരന്‍ ആ പഴയ തമിഴ്പാട്ട് പിന്നെ പാടിയില്ല. പകരം മറ്റൊരു പാട്ട് പാടി. സിരിപ്പവര്‍കള്‍ സിരിക്കട്ടും അത്...

അമ്മയാകാന്‍ കഴിഞ്ഞതില്‍ അമേരിക്കന്‍ മലയാളി മങ്ക മനസ്സു നിറഞ്ഞ് സന്തോഷിച്ചു. അഭിമാനം കൊണ്ടു. പക്ഷേ, ഇടയ്ക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ തുടങ്ങി. പ്രസവിച്ച സ്ത്രീ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കുഞ്ഞിനെ ഏല്പിച്ചിട്ട് കാശും വാങ്ങി സ്ഥലം വിട്ടു. ഇനി കുഞ്ഞിനെ എങ്ങനെ വളര്‍ത്തും!

ആയമാരെ നിര്‍ത്താനുള്ള വരുമാനമൊന്നും ഇവിടെയെനിക്കില്ല. അവള്‍ തുറന്നടിച്ചു. ഇതുവരെയായ ചെലവ് തന്നെ താങ്ങാവുന്നതിലധികമായി...നിങ്ങളുടെ അപ്പച്ചനും അമ്മച്ചിയും നാട്ടില്‍ വെറുതേ ഇരിപ്പല്ലേ! അവര്‍ മാറി മാറി ഇവിടെ വന്നു നില്‍ക്കട്ടെ. ടിക്കറ്റ് ഞാന്‍ അയച്ചു കൊടുക്കാം. ഓരോരുത്തരായി വന്നാല്‍ മതി.

ഓണ്‍ലൈന്‍ അപേക്ഷ പക്ഷേ, ചാണ്ടിച്ചായനും കുഞ്ഞന്നാമ്മയും പാടേ നിഷേധിച്ചു. മരയ്ക്കാര്‍ അടക്കം എത്ര പുതിയ സിനിമകളാ ഒ.ടി.ടി.യിലും മറ്റുമായി വരുന്നത്! ഞങ്ങള്‍ വയസ്സനും വയസ്സിയും ഇവിടെയിരുന്ന് സിനിമയും സീരിയലും കണ്ടോളാം. പറ്റുമെങ്കില്‍ നീ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൊണ്ടു വന്നതു പോലെ നല്ലൊരു ടാബ് കൂടി കൊണ്ടു വന്നു താ. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും വേറേ വേറേ ഇരുന്ന് ഇഷ്ടമുള്ള സിനിമകള്‍ കാണാമല്ലോ. പണ്ടാണേല്‍ അമേരിക്കക്ക് പോകാമായിരുന്നു. ഇപ്പോള്‍ എന്തിനാ വെറുതേ അവിടം വരെ പോകുന്നത്! നീ വേണമെങ്കില്‍ ഒരു യന്ത്രമനുഷ്യനെ വാങ്ങി കൊണ്ടുക്കൊടുക്ക് അമേരിക്കയിലേക്ക്.
പഴയ അപ്പച്ചനും അമ്മച്ചിയുമാണോ ഈ ന്യൂജെന്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നോര്‍ത്ത് ദുബായ് മോന്‍ ശരിക്കും ഞെട്ടി.
അവസാനം അതു തന്നെ സംഭവിച്ചു. കുട്ടിയെ പരിചരിക്കാന്‍ ഒരു യന്ത്ര മനുഷ്യന്‍! ള്ളേ...ള്ളേ... എന്ന് ഉച്ചത്തില്‍ കരയുന്നതിനു പകരം കുഞ്ഞ് ടാബ്.. ടാബ്... എന്നു വിളിച്ചു കരഞ്ഞു. യന്ത്രമനുഷ്യന്‍ കൃത്യമായി ടാബ് കൊടുത്ത് കുഞ്ഞിന്റെ കരച്ചില്‍ ഒതുക്കാന്‍ വേഗം ശീലിച്ചു.

ഇങ്ങനെ കിടന്നാല്‍ പോരാ... ഇത് ശരിയാവില്ല എന്ന് യന്ത്രന്‍ കുഞ്ഞിനെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഒരു വയസ്സായപ്പോഴേക്കും അവന്‍ സാമാന്യം ന്നായി സംസാരിച്ചു തുടങ്ങി. യന്ത്രന്റെ യാന്ത്രികവടിവുള്ള ഇംഗ്ലീഷായിരുന്നു ഭാഷ. അവനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയതും യന്ത്രനായിരുന്നു. പേരിന്റെ സ്ഥാനത്ത് അവന്‍ എഴുതി www.Con. അച്ഛന്റെ പേര് സൂം (Zoom)
അമ്മയുടെ പേര് ഗൂഗിള്‍ മീറ്റ്. സഹോദരന്‍ ടാബ്. ഇതെല്ലാം വായിച്ച് യന്ത്രമനുഷ്യന്‍ യാന്ത്രികമായി ചിരിച്ചു.
കാലം പക്ഷേ, ഇവര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല. അമേരിക്കക്കാരി വയസ്സിയായി. പക്ഷാഘാതം വന്ന് ഇടതു വശം തളര്‍ന്ന് കിടപ്പായി. ദുബായ്ക്കാരനും വയസ്സനായി. ഹൃദയാഘാതം വന്നതിനാല്‍. വീടിനുള്ളില്‍ത്തന്നെ ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയായി. പക്ഷേ, അവരുടെ ഓണ്‍ലൈന്‍ ബന്ധം തുടര്‍ന്നു കൊണ്ടേയിരുന്നു. ഐഡിയല്‍ കപ്പിള്‍! മെയ്ഡ് ഫോര്‍ ഈച്ച് അദര്‍. അവര്‍ നര്‍മം പങ്കിട്ടു. ഒരു വഴക്കുമില്ലാത്ത ഭാര്യാ ഭര്‍ത്താക്കന്മാരാണല്ലോ നമ്മള്‍! അമേരിക്കക്കാരി പറഞ്ഞു. അതെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ തന്നെ! ദുബായ്ക്കാരനും വിട്ടില്ല.

ഇത്തരം വിവാഹ ബന്ധങ്ങള്‍ ഏറിയേറി വന്നു. അത് ഒരു അസാധാരണ സംഭവമല്ലാതായി. ഭാര്യാ-ഭര്‍തൃ പീഡനങ്ങള്‍ ഇല്ലാതായി. അമ്മായിയമ്മപ്പോരും സ്ത്രീധന പീഡനങ്ങളും പഴങ്കഥകളായി. കുടുംബകോടതിയില്‍ കേസുകള്‍ ഇല്ലാതായി. അവ തുറക്കാതെയായി. കുറേ കറുത്ത കോട്ടുകാര്‍ കോട്ട് ഊരി വെച്ച് വേറേ പണിക്കു പോയി. പഴയ മട്ടിലുണ്ടായിരുന്ന പല പണികളും ഇല്ലാതായി. എന്റെ ജോലി.. എന്റെ ജോലിയും പോയി... കരച്ചിലിലാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ചുവരിലെ ക്ലോക്കില്‍ സമയം മൂന്നു മണി. പാതിരാ കഴിഞ്ഞു.

രാത്രി മനുഷ്യനെ കിടന്ന് ഉറങ്ങാനും സമ്മതിക്കില്ലല്ലോ എന്നായി ഭാര്യ ചിത്ര. ഞാന്‍ ഒന്നു കൂടി ഉറപ്പിച്ചു. അതെ ചിത്ര ശരിക്കും അവിടെയുണ്ട്. ഓണ്‍ലൈന്‍ അല്ല. ഓണ്‍ലൈന്‍ സ്വപ്നം മുറിഞ്ഞു പോയതില്‍ സങ്കടപ്പെടണോ സന്തോഷിക്കണോ എന്ന് ആശയക്കുഴപ്പത്തിലായിപ്പോയി ഞാന്‍. വിവാഹം സ്വര്‍ഗത്തില്‍, വിവാഹ മോചനം ഭൂമിയില്‍ എന്ന വചനം ഒരശരീരി പോലെ മുഴങ്ങി. അതൊക്കെ പഴയ കാലം ഇപ്പോള്‍ വിവാഹം ഓണ്‍ലൈനില്‍...

Content Highlights: Snehaganga, Dr.V.P. Gangadharan shares his dreams