സാര്‍ ഫ്രീ ആണോ സംസാരിക്കാന്‍- ഞാന്‍ ലതയാണ്. ഇന്നു വെളുപ്പിന് ഞാന്‍ ഒരു സ്വപ്നം കണ്ടു. കുറേ നാളുകള്‍ക്കു ശേഷം രാവിലെ ഞാന്‍ ഉണര്‍ന്നത് സന്തോഷത്തോടെയാണ്. സാര്‍ ഒറ്റയ്ക്ക് കാര്‍ ഓടിച്ചു കൊണ്ടു വരുന്നു. ഹൈവേയില്‍ കടകളൊന്നും തുറന്നിട്ടില്ല. ഹോട്ടലുകളും അടച്ചിട്ടിരിക്കുന്നു. ട്രിപ്പിള്‍ ലോക്ഡൗണല്ലേ! സ്വപ്നവും പുതിയ സാഹചര്യത്തിലാണ് കേട്ടോ! ചിരിച്ചു കൊണ്ട് ലത തുടര്‍ന്നു. പെട്ടെന്നാണ് സാര്‍ ഓര്‍ത്തത്. ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു പോയല്ലോ എന്ന്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് വയറു വിശക്കാനും തുടങ്ങി. ഒരു മടിയും വിചാരിക്കാതെ സാര്‍ കാറ് എന്റെ വീട്ടിലേക്ക് ഇടവഴിയിലേക്ക് തിരിച്ചു. ഒരു സൂചനയും നല്‍കാതെ വന്ന സാറിനെ കണ്ട് ഞാന്‍ അമ്പരന്നു നിന്നു പോയി... സാറ് കേള്‍ക്കുന്നുണ്ടോ?

ഒരുമൂളല്‍ പോലുമില്ലാതെ കേട്ടുകൊണ്ടിരുന്നതു കൊണ്ട് സംശയം തോന്നി ലത ചോദിച്ചു പോയതാണ്. ഞാന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയാണ് എന്നു പറഞ്ഞപ്പോള്‍ ലത വിവരണം തുടര്‍ന്നു. സാറിന് ഊണു വേണമെന്നു പറഞ്ഞതോടെ ഞാന്‍ തളര്‍ന്നു പോയി സാറേ! നല്ല ദേഹസുഖമില്ലാതിരുന്നതു കൊണ്ട് ഞാന്‍ രസവും അച്ചാറും മാത്രമേ കരുതിയുരുന്നുള്ളൂ.

ഉഗ്രന്‍ രസം! ഇതു മാത്രം മതി ഊണു കഴിക്കാന്‍ എന്നു പറഞ്ഞ് സാറ് ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ വീട്ടുമുറ്റത്തൊരു ബഹളം. ചെന്നു നോക്കിയപ്പോള്‍ അവിടെ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. സാറിനെ കാണാന്‍ വന്നവരാണ് അവര്‍. സാറിനെ ഒന്നു കണ്ടാല്‍ മതി അവര്‍ക്ക്. കോവിഡ് കാലമായതിനാല്‍ കുറേ നാളായി അവര്‍ക്ക് സാറിനെ കാണാന്‍ പറ്റിയിട്ടില്ല. ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെങ്കിലും സാറിനെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ സങ്കടപ്പെട്ടിരിക്കുന്നവരാണവര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഞങ്ങള്‍ ദൂരെ നിന്ന് സാറിനെ കണ്ടോളാം- അവരില്‍ ചിലര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് എന്റെ കിനാവിന്റെ രസവള്ളി പൊട്ടി. ഞാന്‍ ഉറക്കമുണര്‍ന്നു. ലതയുടെ ശബ്ദത്തില്‍ നിരാശ. ഞങ്ങളും അതേ മാനസികാവസ്ഥയിലാണ് സാറേ... എത്ര നാളായി സാറിനെ കണ്ടിട്ട്! സാറ് കൈകൊണ്ട് തൊട്ട് പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞാല്‍ അതാണ് ഏറ്റവും നല്ല മരുന്ന്. ഇനി എന്നാണാവോ അങ്ങനെയൊക്കെ! ദീര്‍ഘ നിശ്വാസത്തോടെ ലത പറഞ്ഞു.
ഒരിക്കലും നടക്കാത്ത ഒരു മനോഹര സ്വപ്നം! ഫോണിലൂടെ ലതയുടെ മകന്റെ ശബ്ദം. അതു കേട്ട് പൊട്ടിച്ചിരിക്കുന്ന ലതയുടെ ശബ്ദവും വ്യക്തമായി കേള്‍ക്കാമായിരുന്നു.
ഏയ്... നടക്കാത്ത സ്വപ്നമൊന്നുമല്ല ലതേ.. കാര്യങ്ങളൊക്കെ ശരിയാവട്ടെ. ഫലിക്കുന്ന സ്വപ്നം തന്നെയാണ് ഇത്- ഞാന്‍ പറഞ്ഞു.

എന്റെ സങ്കല്പത്തിനുമപ്പുറം എന്നെ സ്നേഹിക്കുന്ന കുറേ പേരുടെ മുഖങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി. മൊയ്തുവിന്റെ ചിരിക്കുന്ന മുഖം മനസ്സില്‍. ചുരുങ്ങിയ സമയം കൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ത്ത് ഫോണ്‍ വിളിപെട്ടന്ന് അവസാനിപ്പിക്കുന്ന ശുഭ്രവസ്ത്ര ധാരിയായ വടകരക്കാരന്‍ മൊയ്തു. സാറിനെ കണ്ടിട്ട് ഒരു വര്‍ഷത്തിലധികമായി. സത്യമായിട്ടും മനസ്സ് കൊതിക്കുന്നുണ്ട് നേരിട്ടു വന്നു കാണാന്‍. നാളെ ഇവിടെ നിന്ന് ഒന്നു രണ്ടു പേര്‍ വരുന്നുണ്ട് സാറിനെ കാണാന്‍. അവരുടെ കൂടെ ഞാനും വരികയാണ്. എന്നാ നിര്‍ത്തട്ടെ സാറേ... മൊയ്തു പതിവു പോലെ വേഗം സംസാരം നിര്‍ത്തി.

കഴിഞ്ഞ ദിവസം മൊയ്തു വന്നു- പച്ചക്കറിയും വാഴക്കുലയുമായി കാറില്‍ വന്നിറങ്ങിയ മൊയ്തു വീട്ടിനികത്തേക്ക് കയറിയില്ല. ആശുപത്രിയില്‍ വെച്ച് വികാരാധീനനായി സാറിനെ ഒന്നടുത്തു കാണാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചെന്നറിയാമോ! പെട്ടെന്നു തന്നെ കൈയിലെ ഫോണില്‍ നിന്ന് ഒരു ചിത്രവും ഞാന്‍ ആലപിച്ച ഗാനവും തപ്പിയെടുത്തു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് എല്ലാ ദിവസവും ഇതു കണ്ടിട്ടാണ്, ഈ ശബ്ദം കേട്ടിട്ടാണ് ഉറങ്ങുന്നത്. മൊയ്തുവിന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പരിശോധനാ ഫലങ്ങളെല്ലാം തൃപ്തികരമാണ് എന്ന് പറഞ്ഞ ഉടനെ മൊയ്തു പറഞ്ഞു- ഇത്ര ദൂരം വന്നത് സാറിന്റെ കൈകൊണ്ട് നേരിട്ടുള്ള പരിശോധനയ്ക്കു വേണ്ടിയാണ്. ഇതു പറഞ്ഞതും മൊയ്തു പരിശോധനയ്ക്കായുള്ള ടേബിളില്‍ കയറിക്കിടന്നു. സാര്‍ കൈയുറയൊക്കെയിട്ട് എന്നെയൊന്ന് തൊട്ടു പരിശോധിക്കണം. അടുത്ത പരിശോധന വരെ അതൊരു ബലമാണ് സാറേ.. പരിശോധന കഴിഞ്ഞതും മൊയ്തു എന്റെ വലംകൈ നെഞ്ചോടു ചേര്‍ത്തു പിടിച്ച് തല കുനിച്ചിരുന്നു. ആ ഹൃദയം സ്നേഹത്തിന്റെ താളത്തിലാണ് മിടിക്കുന്നതെന്ന് ഞാനറിഞ്ഞു.
*******************************
സാറേ ഞാന്‍ ബാബുവാണ്. എനിക്ക് കോവിഡ് വാക്സിന്‍ എടുക്കാമോ? പലരും പല അഭിപ്രായം പറയുന്നു. എടുക്കാമോ സാറേ...
എടുക്കാമെന്നല്ല. എടുക്കുക തന്നെ വേണം. ഞാന്‍ ഫോണിലൂടെ ഉറപ്പിച്ചു തന്നെ പറഞ്ഞു.
സാറേ ഇന്നലെ സാറിട്ടിരുന്ന ഷര്‍ട്ട് അടിപൊളിയായിരുന്നു കേട്ടോ...
അതിന് ബാബു എന്നെ എവിടെ വെച്ച് കണ്ടു?
ബാബുവിന്റെയും ബിന്ദുവിന്റെയും ചിരി ഫോണിലൂടെ കേള്‍ക്കാമായിരുന്നു.
ബാബുവിനെ കണ്ടിട്ടു തന്നെ കുറേ നാളായല്ലോ! കുറച്ചൊരു പരിഭവ സ്വരത്തിലാണ് ഞാന്‍ പറഞ്ഞത്.
സാറ് എന്നെ കാണുന്നില്ലെന്നേയുള്ളൂ. ഞാന്‍ സാറിനെ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കാണാറുണ്ട്.
സ്വപ്നത്തിലായിരിക്കും അല്ലേ എന്നു പറഞ്ഞ് ഞാനും ചിരിച്ചു.
അല്ല സാറേ... സത്യമാണ്. ബാബുച്ചേട്ടന്‍ ഇടയക്കിടയ്ക്ക് സാറിനെ കാണണമെന്നു പറഞ്ഞ് ഹോസ്പിറ്റലില്‍ വരും. ഒ.പി.യില്‍ വന്ന് കുറേ നേരം ഇരുന്നിട്ട് തിരികെ പോരും. ബിന്ദുവാണ് ബാബുവിന്റെ ഈ പരിപാടിയെക്കുറിച്ച് വിശദീകരിച്ചത്.
എനിക്ക് ഇടയ്ക്ക് സാറിനെയൊന്നു കാണണമെന്നു തോന്നും സാറേ. അപ്പോളാണ് ഹോസ്പിറ്റലില്‍ വരുന്നത്. തിരക്കിനിടയില്‍ ഉപദ്രവിക്കേണ്ടെന്നു വിചാരിച്ച് അടുത്തേക്കു വന്ന് സംസാരിക്കാന്‍ നില്‍ക്കാതെ പോരും.
ബാബു ഇത് പറയുമ്പോള്‍ എനിക്ക് ആ മനസ്സ് വായിക്കാനാകുന്നുണ്ടായിരുന്നു. അതില്‍ ഊറിനില്‍ക്കുന്ന സ്നേഹം അളക്കാനോ വിവരിക്കാനോ പറ്റാത്തതാണ്.
*********************************************

സാറേ, കേശവനാണ്. സുഖമാണോ സാറിന്? മഴ കാരണം രണ്ടു ദിവസം ഫോണും കരണ്ടുമില്ലായിരുന്നു. ഇന്ന് രാവിലെയാ ശരിയായത്. അതാ രാവിലെ തന്നെ ഞങ്ങള്‍ വിളിച്ചത്. ലൈലയുടെ ശബ്ദവും കൂടെ കേള്‍ക്കാമായിരുന്നു.
ഒരു കുഴപ്പവുമില്ല.... സുഖമായിരിക്കുന്നു. ഞാന്‍ പതിവ് മറുപടി ആവര്‍ത്തിച്ചു.
ആ.. ഞങ്ങള്‍ക്ക് മരണം വരെ അതു കേട്ടാല്‍ മതി. ഞങ്ങള്‍ക്ക് വിളിക്കാനും പറയാനുമൊന്നും വേറേ ആരുമില്ല സാറേ... സാറിന്റെ ശബ്ദമൊന്നു കേട്ടു കഴിയുമ്പോള്‍... കേശവന്‍ പറഞ്ഞു മുഴുമിച്ചില്ല.
***********************************
സാറേ... സാറു തന്നെയാണമല്ലോ അല്ലേ സംസാരിക്കുന്നത്! ഡോക്ടര്‍ ഗംഗാധരന്‍ മരിച്ചു എന്നൊരു വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കഴിഞ്ഞ ദിവസം രാവിലെ ഒന്നിനു പിറകേ ഒന്നായി അടുപ്പമുള്ള പലരുടെയും ഫോണ്‍ വന്നപ്പോള്‍ ഞാനുമൊന്നു ഞെട്ടി. ഇനി ഞാനെങ്ങാനും മരിച്ചു പോയോ! എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഡോ.ഗംഗാധരന്റെ മരണവാര്‍ത്ത അറിഞ്ഞ് തെറ്റിദ്ധരിച്ച് വിളിച്ചവരാണ് അവരൊക്കെ.
************************************
സാറേ സാറിന്റെ പിറന്നാളല്ലേ അടുത്ത മാസം. ഞാന്‍ അന്ന് സാറിനായി ഒരു ഹോമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് ഉണ്ണി പറഞ്ഞപ്പോളാണ് ഞാന്‍ പോലും അത് ഓര്‍ത്തത്.
ഞങ്ങളുടെയൊന്നും പിറന്നാള്‍ അച്ഛന്‍ ഓര്‍ക്കുകയില്ല. പക്ഷേ, സാറിന്റെ പിറന്നാള്‍ ദിവസം അച്ഛന്‍ നേരത്തേ കുറിച്ചു വെക്കും. അച്ഛന്‍ ഏറെ സന്തോഷിക്കുന്ന ഒരു ദിവസമാണത്. കൂടെ വന്ന മകന്‍ പറഞ്ഞപ്പോള്‍ ഉണ്ണി കണ്ണു തുടയ്ക്കുന്നതു ഞാന്‍ കണ്ടു.
***********************************

ഞാന്‍ ദിവസവും അഞ്ചു നേരം മുടങ്ങാതെ നിസ്‌കരിക്കുന്നവനാണ്. രാത്രി നിസ്‌കാരം കഴിഞ്ഞതേയുള്ളൂ. ഓരോ പ്രാവശ്യവും നിസ്‌കരിക്കുമ്പോള്‍ ആദ്യം തന്നെ സാറിനെ മനസ്സില്‍ ഓര്‍ക്കാറുണ്ട്. സാറിനു വേണ്ടിയും പ്രാര്‍ഥിക്കാറുണ്ട്. അഷ്റഫിന്റെ വാക്കുകള്‍ വെറും വാക്കുകളല്ലെന്ന് എനിക്ക് നന്നായറിയാം.
**************************
ഡോക്ടറേ, ഞാന്‍ ഒരാഴ്ചത്തെ ധ്യാനത്തിനു പോവുകയാണ്. ഡോക്ടര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നുണ്ട് കേട്ടോ! സിസ്റ്റര്‍ ജിയോയുടെ ശബ്ദം. ദൈവത്തെ സ്നേഹമായി അനുഭവിപ്പിക്കുന്ന സിസ്റ്ററുടെ മനസ്സും എനിക്ക് നന്നായി അറിയാം.

ഇങ്ങനെ നൂറു കണക്കിന് മുഖങ്ങള്‍, ആയിരക്കണക്കിന് ശബ്ദങ്ങള്‍ നല്ല മനസ്സുകള്‍... 30 വര്‍ഷത്തെ മെഡിക്കല്‍ ജീവിതത്തില്‍, ഡോക്ടര്‍ ജീവിതത്തില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ നേട്ടം, ഏറ്റവും വലിയ സമ്പത്ത് അത് ഇതു തന്നെയാണ്. ഒരു കണക്കു പുസ്തകത്തിലും എഴുതിവെക്കാനാകാത്തത്. ഒരു കറന്‍സി കൊണ്ടും വിലയിടാന്‍ പറ്റാത്തത്. ഞാന്‍ അവരുടേതും അവര്‍ എന്റേതും ആണെന്നുമുള്ള സ്നേഹഭരിതമായ വിശ്വാസം.

ഇത് ഡോക്ടര്‍മാരായി ഈ സാധാരണക്കാര്‍ക്കിടയില്‍ ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അവകാശപ്പെടാവുന്ന സമ്പത്തു തന്നെയാണ്. എനിക്ക് മാത്രമായി ലഭിക്കുന്ന പ്രത്യേക സമ്പാദ്യമല്ല. നിസ്വാര്‍ഥ സേവനം ചെയ്യുന്ന ഓരോ ഡോക്ടറും നേടിയെടുക്കുന്ന ഏറ്റവും വലിയ സമ്പത്താണിത്. നമ്മള്‍ സ്വയമറിയാതെ വന്നു ചേരുന്ന സ്ഥിരനിക്ഷേപങ്ങള്‍. ക്ഷണികമായ നമ്മുടെയൊക്കെ ഈ ജീവിതം ധന്യമാകുന്നത് ഇത്തരം വലിയ സ്നേഹസമ്പാദ്യങ്ങളിലൂടെ മാത്രമാണ്. ഡോക്ടറായി ജോലി ചെയ്ത് മനുഷ്യസേവനത്തിനിറങ്ങുന്നവര്‍ക്കുള്ള ധന്യതയാണിത്.

ഇക്കഴിഞ്ഞ ഒന്നാം തീയതി, ഡോക്ടേഴ്സ് ദിനമായ ജൂലായ് ഒന്നിന് കുട്ടി ഡോക്ടര്‍മാരും ഭാവി ഡോക്ടര്‍മാരും നിറഞ്ഞ വിപുലമായ ഒരു ഓണ്‍ലൈന്‍ സദസ്സിനെ അഭിമുഖീകരിച്ച് സംവദിക്കുകയാണ് എന്ന കാര്യം തന്നെ ഞാന്‍ മറന്നു പോയിരുന്നു. എന്റെ മനസ്സ് കഴിഞ്ഞ 30 വര്‍ഷത്തെ പ്രൊഫഷനല്‍ ജീവിതത്തിലെ അനുഭവങ്ങള്‍ക്കിടയില്‍ ഒരു ചിത്രശലഭത്തെപ്പോലെ പറന്നു കളിക്കുകയായിരുന്നു. ഒരു നിമിഷം ഒന്നാലോചിച്ച് ഞാന്‍ എനിക്കു തന്നെ ഒരാശംസ നല്‍കി- ജീവിതാവസാനം വരെ ഈ മനസ്സിന് ഇത്തരം സ്നേഹാനുഭവങ്ങളിലൂടെ പാറി ഉല്ലസിക്കാന്‍ അവസരം കിട്ടട്ടെ!

Content Highlights: Snehaganga, Dr.V.P. Gangadharan shares his memories, Health