യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഷൊര്‍ണൂര്‍ ജങ്ഷന്‍ വഴി കോഴിക്കോട് വരെ പോകുന്ന ജനശതാബ്ദി എക്‌സ്പ്രസ്സ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് 6 മണി 55 മിനിറ്റുകള്‍ക്ക് പുറപ്പെടും. യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്...

രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഒരു തീവണ്ടിയാത്ര. സന്തോഷം തോന്നി. സ്റ്റേഷനിലെ വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ നിന്ന് പ്രഭാത ഭക്ഷണം വാങ്ങി ട്രെയിനില്‍ കയറിയപ്പോള്‍ മനസ്സിലേക്ക് തിരയടിച്ചെത്തിയത് പഴയ കുറേ തീവണ്ടിയാത്രകളായിരുന്നു. മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത കുറേ തീവണ്ടി യാത്രകള്‍.

തിരുപ്പൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള തീവണ്ടിയാത്രകളാണ് അക്കൂട്ടത്തില്‍ ആദ്യത്തേത്. അച്ഛന്‍, അമ്മ, മണിച്ചേട്ടന്‍, ബാലച്ചേട്ടന്‍, ചേച്ചി, കൂടെ ആറു വയസ്സുകാരനായ ഞാനും. തീവണ്ടിയോടും തീവണ്ടി യാത്രയോടും അമിത സ്‌നേഹമുള്ള ഞാന്‍ രണ്ടു ദിവസം മുമ്പു തന്നെ മനസ്സുകൊണ്ട് തയ്യാറെടുക്കും. അമ്മേ, രാത്രി കഴിക്കാന്‍ തൈര് സാദമുണ്ടാവുമല്ലോ അല്ലേ... കൊച്ചു ഗംഗയുടെ ആ ചോദ്യത്തിന് ഇല്ലെന്നൊരുത്തരം ഒരിക്കലും നല്‍കിയിട്ടില്ല അമ്മ. തിരുപ്പൂരു നിന്ന് വൈകിട്ട് ആറര- ഏഴ് മണിക്ക് യാത്ര തിരിക്കുന്ന ഈറോഡ് ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് മിക്കവാറും യാത്ര. ഇന്നത്തെപ്പോലെ റിസര്‍വേഷന്‍ കോച്ചുകളില്ല. കുഷ്യനിട്ട ഇരിപ്പിടങ്ങളില്ല. പലക കൊണ്ടുള്ള സീറ്റില്‍ ഇരുന്നും അമ്മയുടെ മടിയില്‍ കിടന്നും തുടരുന്ന അത്തരം തീവണ്ടി യാത്രകള്‍ ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജനലിനരികിലെ സീറ്റിനു വേണ്ടി ഞങ്ങള്‍ വഴക്കുണ്ടാക്കും. ഗംഗ കുട്ടിയല്ലേ, അവനിരിക്കട്ടെ ആദ്യം... അമ്മയാണ് തീരുമാനത്തിലെത്തുക. തലപുറത്തേക്കിട്ടിരിക്കരുത്, കണ്ണില്‍ കരി പോകും. അമ്മ അത് പറഞ്ഞു തീരുമ്പോഴേക്കു തന്നെ കണ്ണില്‍ കരി പോയിട്ടുണ്ടാകും. ഇനി ഗംഗയ്ക്ക് ജനലരികില്‍ ഇരിക്കേണ്ടാ- ഞാന്‍ അമ്മയുടെ മടിയിലേക്ക് ചായും. സീറ്റുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്കു വരുന്ന മൂട്ടകളെ കൊല്ലുകയാണ് അടുത്ത പരിപാടി. ഞാനാണ് കൂടൂതല്‍ മൂട്ടകളെ കൊന്നത്... വീണ്ടും ഞങ്ങള്‍ തമ്മില്‍ വാക്കു തര്‍ക്കം, വഴക്ക്. അതിനു സമാധാനം കണ്ടെത്തുന്നതും അമ്മ തന്നെയാണ്.

കോയമ്പത്തൂര്‍ എത്തുമ്പോള്‍ പരിപ്പുവട വാങ്ങണം കേട്ടോ... ഇത് അച്ഛനോടുള്ള ആവശ്യമാണ്. അത്തരം ആവശ്യങ്ങള്‍ക്ക് അച്ഛനും ഒരിക്കലും എതിരു പറഞ്ഞിട്ടില്ല.

രാത്രി പത്തു മണിയോടെ കോയമ്പത്തൂരെത്തും. തീവണ്ടി വീണ്ടും യാത്ര തുടരുന്നത് ഒന്നര രണ്ടു മണിയോടെയാണ്. അതിനിടെ തൈരു സാദവും പരിപ്പുവടയും കാലിയാകും. ഞങ്ങള്‍ക്ക്, പ്രത്യേകിച്ച് എനിക്കും മണിച്ചേട്ടനും ബാലച്ചേട്ടനും ഇതുകൊണ്ടൊന്നും ഒന്നുമാവില്ലെന്ന് അറിയാവുന്ന അമ്മ അടുത്ത ഇലപ്പൊതി തുറക്കും. പണിയാരവും തേങ്ങാ ചട്‌നിയും കൂടി കാണുമ്പോള്‍ മാസങ്ങളായി പട്ടിണി കിടക്കുന്നവരെപ്പോലെ ഞങ്ങള്‍ മൂന്നു സഹോദരന്മാരും കടിപിടി കൂടും. ആര്‍ത്തിപ്പണ്ടാരങ്ങള്‍- ചേച്ചി കൈകൊട്ടി ചിരിച്ചു കൊണ്ട് വിളിച്ചു കൂവും. തീവണ്ടിയില്‍ ഇത്ര സ്വാതന്ത്ര്യമോ എന്ന് സംശയം തോന്നുന്നുണ്ടോ! അതെ. അതിശയോക്തി ലവലേശമില്ല. കോയമ്പത്തൂരെത്തുമ്പോള്‍ യാത്രക്കാര്‍ ഒട്ടു മിക്കവരും ഇറങ്ങും. മിക്കപ്പോഴും ആ ബോഗിയില്‍ത്തന്നെ ഞങ്ങളേ ഉണ്ടാവൂ.

എല്ലാ പരിപാടിയും കഴിഞ്ഞ് ഒന്നു മയങ്ങുമ്പോഴേക്ക് അമ്മ തട്ടിയുണര്‍ത്തും. ഷൊര്‍ണൂരെത്തി... നമുക്ക് ഇറങ്ങണം. വാച്ച് അച്ചന്റെ കൈയിലേ ഉള്ളൂ. അഞ്ചര മണിയായി... അച്ഛന്‍ വാച്ചിലേക്ക് നോക്കി പറയും. ഷൊര്‍ണൂരു നിന്ന് അടുത്ത തീവണ്ടിയില്‍ കയറണം. രാവിലെ ആറു മണിക്ക് പുറപ്പെടുന്ന ഷൊര്‍ണൂര്‍ കൊച്ചിന്‍ പാസഞ്ചര്‍ ട്രെയിനില്‍ തിരക്കായിരിക്കും. ഷൊര്‍ണൂരില്‍ നിന്ന് കയറുന്നതിനാല്‍ ഇരിക്കാന്‍ സ്ഥലം കിട്ടുമെന്നു മാത്രം. രാവിലെ എട്ടര- ഒമ്പതു മണിയോടെ ഇരിങ്ങാലക്കുടയിലെത്തും. എല്ലാവരുടെയും ദേഹമാസകലം കരിമയം. കണ്ണുകളില്‍ ഉറക്കച്ചടവ്. എല്ലാവരുമുണ്ടല്ലോ! ഇരിക്കാന്‍ സ്ഥലം കിട്ടിയോ പെട്ടിയുമെടുത്ത് മുന്‍പേ നടക്കുന്ന പോര്‍ട്ടര്‍ കുഞ്ഞാലിയുടെ സ്ഥിരം ക്ഷേമാന്വേഷണം.

ഇതിനിടയില്‍ തീവണ്ടി അതിന്റെ മുന്‍പോട്ടുള്ള യാത്ര ആരംഭിക്കും. അതു നോക്കി നില്‍ക്കുന്നതിനിടെ ഗംഗ പാടും കൂ കൂ... കൂ കൂ തീവണ്ടി... കൂകിപ്പായും തീവണ്ടി...

പാസഞ്ചര്‍ ട്രെയിനില്‍ പോകാനുള്ള ആഗ്രഹം കൊണ്ടല്ല ഇങ്ങനെ ഒരു യാത്ര തിഞ്ഞെടുക്കുന്നത്. തിരുപ്പൂരില്‍ നിന്ന് ഇരിങ്ങാലക്കുടയ്ക്ക് വരാന്‍ ആകെയുണ്ടായിരുന്നത് ആ ട്രെയിന്‍ മാത്രം. സാക്ഷാല്‍, കൊച്ചിന്‍ എക്‌സ്പ്രസ് മാത്രം. പിന്നീട് ഐലന്‍ഡ് എക്‌സ്പ്രസ്സ, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്... ആപട്ടിക നീണ്ടു പോയിരിക്കുന്നു. കൊച്ചിന്‍ എക്‌സ്പ്രസ് തിരുപ്പൂരെത്തുന്നത് അതിരാവിലെയാണ്. ട്രെയിനില്‍ കയറിപ്പറ്റാന്‍ സാധിക്കാതെ എത്രയോ വട്ടം ഇളിഭ്യനായി തിരികെ വീട്ടിലേക്ക് പോയിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതുപോലെ തന്നെ, ജനാല വഴി അച്ഛന്‍ ഞങ്ങളെ ട്രെയിനിനകത്തേക്ക് വലിച്ചു കയറ്റിയ സന്ദര്‍ഭങ്ങളും നിരവധി. ഇതെല്ലാം സംഭവിക്കുന്നത് തീവണ്ടി തിരുപ്പൂര്‍ സ്റ്റേഷനില്‍ നില്‍ക്കുന്ന രണ്ടോ മൂന്നോ മിനിറ്റിനിടയിലാണെന്ന് ഓര്‍ക്കണം. എല്ലാവരും കയറിയല്ലോ അല്ലേ... അച്ഛന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന സദാശിവന്‍ അങ്കിള്‍ സ്റ്റേഷന്‍ മാസ്റ്ററായിരുന്നപ്പോള്‍ ഇങ്ങനെ ഒരു ചെറിയ ആനുകൂല്യം ലഭിക്കുമായിരുന്നു.

കോളേജ് വിദ്യാര്‍ഥിയായതോടെ തിരുപ്പൂരിലേക്ക് തിരികെയുള്ള തീവണ്ടി യാത്രകള്‍ കൂട്ടുകാര്‍ക്കൊപ്പമായി. മങ്കര വരെ വാസുവും പാലക്കാട് വരെ വേണുവും കൂട്ടിനുണ്ടാകും. എത്ര തിരക്കുണ്ടെങ്കിലും അതിനിടയില്‍ തീവണ്ടിയില്‍ കയറിപ്പറ്റാനും നിന്നുകൊണ്ടായാലും യാത്ര തുടരാനും പ്രാപ്തിയുള്ള യൗവനം. അന്ന് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി അരി കടത്തിക്കൊണ്ടു വരുന്നവര്‍ ധാരാളം. തീവണ്ടി മുറിക്കകത്തെ ശൗചാലയമടക്കം അവര്‍ കീഴടക്കിയിട്ടുണ്ടാവും. ബോഗികളുടെ അടിയില്‍ വരെ അരിച്ചാക്കുകളുമായി യാത്ര ചെയ്യുന്ന ഇക്കൂട്ടരുടെ കൈയില്‍ നിന്ന് പകിടി പറ്റാന്‍ പാഞ്ഞു നടക്കുന്ന അധികാരികളും ഒരു സ്ഥിരം കാഴ്ചയായിരുന്നു.

മഹാരാജാസ് കോളേജിലെ പഠന കാലത്ത് പലപ്പോഴും യാത്ര ആരംഭിക്കുന്നത് കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നാണ്. രാത്രി പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസിന്റെ ഒരു ബോഗി ഷൊര്‍ണൂരില്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസുമായി ബന്ധിപ്പിച്ച് മദ്രാസിലേക്ക് പോകുമായിരുന്നു. മുകള്‍ത്തട്ടില്‍ കിടന്നുറങ്ങാനുള്ള സൗകര്യം ഒപ്പിക്കാം കൊച്ചിയില്‍ നിന്ന് കയറിയാല്‍. വേറൊരു ബോഗിയിലാണെങ്കിലും സഹമുറിയന്‍ ശശി അതേ വണ്ടിയില്‍ പയ്യന്നൂര്‍ക്ക് യാത്ര തുടരുന്നുണ്ടാവും.
കാലം മാറി. കുട്ടിക്കാലത്ത് പാടിപ്പഠിച്ച കൂ കൂ... കൂ കൂ തീവണ്ടികള്‍ ഇല്ലാതായി, അവ കല്‍ക്കരി തിന്നാതായി. വെള്ളം മോന്താതായി. പകരക്കാരനായി ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച തീവണ്ടികളായി. തീവണ്ടിയിലെ ഇരിപ്പിടങ്ങളില്‍ റബ്ബര്‍ കുഷ്യനുകളായി. കാലേ കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കിടന്നുറങ്ങി യാത്ര ചെയ്യാവുന്ന സംവിധാനങ്ങളായി. ഗംഗയുടെ യാത്രകളും ദൂരയാത്രകളായി മാറി. ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും മറ്റുമുള്ള നീണ്ടയാത്രകള്‍.

തീവണ്ടിയിലെ അടുക്കളയില്‍ കുശിനിക്കാരുടെ സീറ്റില്‍ കിടന്നുള്ള യാത്രകളും തറയില്‍ പേപ്പര്‍ വിരിച്ച് യാത്രക്കാരുടെ ചവിട്ടേറ്റുള്ള യാത്രകളുമൊക്കെ എങ്ങനെ മറക്കാനാകും!

ചായ, ചായ, ചായാ... കാപ്പി, കാപ്പി, കാപ്പീ... അതിനിടയില്‍ കേള്‍ക്കുന്ന സംഗീതാത്മകമായ ഈ വിളികള്‍ ഓരോ സ്റ്റേഷനില്‍ തീവണ്ടി നില്‍ക്കുമ്പോഴും കേള്‍ക്കാം. തീവണ്ടി മുറിയില്‍ തിരക്കിനിടയിലും ഒരു സര്‍ക്കസുകാരന്റെ മെയ് വഴക്കത്തോടെ ആഹാര സാധനങ്ങളുമായി നടന്നു നീങ്ങുന്നവര്‍. സ്റ്റേഷനില്‍ യാത്രക്കാരുടെ പെട്ടിയും ബാഗും തൂക്കി മുന്‍പേ നടന്നു നീങ്ങുന്ന ചുവന്ന തലേക്കെട്ടുകാര്‍. ഇതിനിടയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി യാത്രയയ്ക്കാനെത്തുന്നവര്‍, വന്നിറങ്ങുന്ന യാത്രക്കാരെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ബന്ധുക്കള്‍... ഇതെല്ലാം കണ്ടും ആസ്വദിച്ചുമുള്ള യാത്രകള്‍. സഹയാത്രികരോട് യാത്ര പറഞ്ഞ് തീവണ്ടി മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു നഷ്ടബോധം മനസ്സില്‍ കൂടു കൂട്ടും. കൂട്ടുകാരെ വിട്ടു പോകുന്ന അതേ അനുഭവം മസ്സിന്റെ അടിത്തട്ടില്‍. അങ്ങനെ ഓരോ തീവണ്ടി യാത്രയും വ്യത്യസ്തങ്ങളാ.യ അനുഭവങ്ങളായിരുന്നു.

ഇന്ന് ജനശതാബ്ദി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുന്നു. കുഷ്യനിട്ട ചാരുകസേരകളെക്കാള്‍ പലകയടിച്ച പഴയ തീവണ്ടിയിലെ യാത്രകളായിരുന്നു കൂടുതല്‍ ആസ്വാദ്യകരം. മാസ്‌ക് ധരിച്ച മുഖങ്ങള്‍ മാത്രം ചുറ്റിനും. ആരും പരസ്പരം സംസാരിക്കുന്നില്ല. ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കുന്നതു പോലുമില്ല. ചായ.. കാപ്പീ... വിളികള്‍ അത്യപൂര്‍വം. തീവണ്ടി സ്റ്റേഷനുകളില്‍ ചുവന്ന തലേക്കെട്ടുകാരെ കാണാന്‍ തന്നെയില്ല. അന്തരീക്ഷം ശ്മശാനമൂകമായതു പോലെ. നിര്‍ജീവമായ ഒരു തീവണ്ടിയാത്ര. കണ്ണുകള്‍ പതുക്കെപ്പതുക്കെ അടഞ്ഞു തുടങ്ങി. ഉറക്കത്തിനിടയിലും പഴയ തീവണ്ടി യാത്രകള്‍ സ്വപ്നങ്ങളായി എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

Content Highlights: Snehaganga, Dr.V.P. Gangadharan shares his childhood memories