കാലമൊക്കെ തീര്‍ന്നു ഗംഗേ, അതൊന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല. മലയാളിയുടെ സംസ്‌കാരവും സമീപനവുമൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. കൂട്ടുകുടുംബം, ആതിഥ്യമര്യാദ ഇതൊക്കെ അന്യം നിന്നു പോയിരിക്കുന്നു. ഗംഗ തന്നെ ഒന്നാലോചിച്ചു നോക്ക്. ഉച്ചയ്ക്ക് ഊണിന് രണ്ട് അതിഥികള്‍ കൂടി ഉണ്ടെങ്കില്‍ വീട്ടുകാരുടെ നെറ്റി ചുളിയും. വൈകിട്ട് ആരെങ്കിലും വീട്ടില്‍ വന്നാല്‍, കഴിയുന്നതും വീട്ടിനകത്ത് കയറ്റാതിരിക്കാന്‍ നോക്കും. സീരിയലിന്റെ സമയമാണെങ്കില്‍ പറയുകയും വേണ്ട. വീട്ടില്‍ ഒന്നു രണ്ടു പേര്‍ രാത്രി ഉറങ്ങാന്‍ വന്നാലോ!ഒരു കുടുംബ കലഹത്തിന് അതു തന്നെ ധാരാളം. ബന്ധുമിത്രാദികള്‍ വീട്ടില്‍ വരാതിരിക്കുന്നതാണ് താത്പര്യം എന്നായിട്ടുണ്ട് പലര്‍ക്കും.

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഇങ്ങനെ ആയിരുന്നോ ഗംഗേ! നന്ദേട്ടന് ചോദ്യരൂപത്തില്‍ സങ്കടപ്പെടുമ്പോള്‍, അങ്ങനെയൊന്നുമായിരുന്നില്ലല്ലോ എന്ന് പറയാന്‍ എനിക്ക് ആലോചിക്കാനേയില്ലായിരുന്നു.
എന്റെ മനസ്സ് അപ്പോള്‍ ഇരിഞ്ഞാലക്കുടയിലെ ആ കുട്ടിക്കാലത്തേക്കെത്തിയിരുന്നു. മനസ്സിന് എത്രവേഗമാണ് സ്ഥലകാലങ്ങളുടെ പ്രശ്നമൊന്നുമില്ലാതെ പിന്നോട്ടെത്താനാവുന്നത്! 50-60 വര്‍ഷം മുമ്പാണ്. ഞാന്‍ വെട്ടിയാട്ടിലെത്തിക്കഴിഞ്ഞു. മൂന്നു തലമുറകളിലേതായി പത്തു നാല്പതു പേര്‍ താമസിക്കുന്ന വീട്. നവജാത ശിശു മുതല്‍ എഴുപതിനോടടുത്ത അമ്മൂമ്മ വരെ സന്തോഷമായി ജീവിച്ചിരുന്ന ഒരു കൂട്ടുകുടുംബം. ആ കുടുംബത്തിലെ അംഗങ്ങളെക്കാള്‍ കൂടുതല്‍ അടുത്ത വീടുകളില്‍ നിന്ന് കളിക്കാനെത്തുന്ന ഞാനുള്‍പ്പെടെയുള്ള കുട്ടിപ്പട്ടാളമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തി ഒട്ടുമില്ല. എത്രയെത്ര ദിവസങ്ങള്‍ ഞങ്ങള്‍ ആ വീട്ടില്‍ അന്തിയുറങ്ങിയിരിക്കുന്നു! വെട്ടിയാട്ടിലെ അടുക്കള ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ വിശന്നാലോ ദാഹിച്ചാലോ ഞങ്ങള്‍ ആ അടുക്കളത്തളത്തിലേക്കാണ് ഓടിയെത്തുന്നത്. മോരും വെള്ളം വേണോ നാരങ്ങാ വെള്ളം വേണോ- അമ്മിണിയമ്മ മുതല്‍ ഓരോരുത്തരുടെയും ചോദ്യം ചെവിയില്‍ മുഴങ്ങുന്നുണ്ട്.

ഞങ്ങളിലാരെങ്കിലും ആഹാരം കഴിച്ചിട്ടില്ലെങ്കില്‍ അവരെ തെരഞ്ഞു പിടിച്ച് അടുക്കളയിലെത്തിക്കാനും ആ വീട്ടില്‍ അന്ന് ആള്‍ക്കാരുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ഇന്ന് അവിശ്വസനീയമായി തോന്നാം.
അവധിക്കാലത്ത് ഒത്തു കൂടുന്ന കസിന്‍ കൂട്ടങ്ങള്‍. അത് തിരുപ്പൂരെ ഞങ്ങളുടെ വീട്ടിലാകാം. വൈക്കത്തോ അയ്മനത്തോ കുമരകത്തോ ആകാം. ഞങ്ങളുടെ തലമുറ വളര്‍ന്നു വലിയവരായപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മരണം വരെ, ഞങ്ങളുടെ അടുത്ത തലമുറയും ഒത്തുകൂടുമായിരുന്നു. ഓണത്തിനും വിഷുവിനും മറ്റ് സ്‌കൂള്‍ അവധിക്കാലങ്ങളിലും തിരുപ്പൂരെ ഒത്തു ചേരല്‍... അതെല്ലാം ഇന്ന് മനസ്സില്‍ നൊമ്പരപ്പൂക്കളായി അവശേഷിക്കുന്നു.
*********************************************
അച്ഛാ... മൂന്നു ദിവസം ഞങ്ങള്‍ അടിച്ചു പൊളിച്ചു- അട്ടപ്പാടിയില്‍ നിന്ന് എത്തിയ ഗോകുലും ഉമയും ഒരേ സ്വരത്തില്‍ പറഞ്ഞു. രമേശന്‍ ചേട്ടനും ചേച്ചിയും കുട്ടികളും- അവര്‍ സ്നേഹം കൊണ്ട് ഞങ്ങളെ വീര്‍പ്പു മുട്ടിക്കുകയായിരുന്നു. സ്നേഹവും സന്തോഷവും നിറഞ്ഞു തുളുമ്പുന്ന ഒരു കൊച്ചു വീട്. ആദ്യ ദിവസം ഞങ്ങള്‍ ഒരു റിസോര്‍ട്ടിലായിരുന്നു. മഹാബോറായിരുന്നു. അടുത്ത ദിവസം മുതല്‍ രമേഷ് ചേട്ടന്റെ വീട്ടിലായിരുന്നു. പരിചയക്കേടോടെയാണ് അവിടെ എത്തിയതെങ്കിലും പെട്ടെന്നു തന്നെ ആ അവസ്ഥ മാറി. സ്വന്തം വീട്ടിലെത്തിയ ഒരനുഭവമായിരുന്നു പിന്നീട്. ഞാന്‍ അടുക്കളയില്‍ കയറി കുറേ നോര്‍ത്ത് ഇന്ത്യന്‍ കറികള്‍ ഉണ്ടാക്കി. ചേച്ചിയുടെ കറികളും വര്‍ത്തമാനവും ഒക്കെ നല്ല രസമായിരുന്നു... ഉമ വാചാലയായി. കുഞ്ചിക്കാണെങ്കില്‍ അതിലും രസം. കൂടെ കളിക്കാന്‍ രണ്ടു ചേച്ചിമാര്‍. - രമേശന്‍ ചേട്ടന്റെ മക്കള്‍. അവള്‍ ചെളിയിലും വെള്ളത്തിലും കിടന്നുരുളുകയായിരുന്നു. അച്ഛാ, അവരെ വിട്ട് വന്നപ്പോള്‍- ഉമയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ രമേശന്റെ തുടരെത്തുടരെയുള്ള ഫോണ്‍ വിളികള്‍. അവര്‍ ഞങ്ങളുടെ കൂടെ ഈ കൊച്ചു വീട്ടില്‍ താമസിക്കുമെന്ന് വിചാരിച്ചില്ല- അതു കൊണ്ടാണ് റിസോര്‍ട്ട് ബുക്ക് ചെയ്തത്. അവര്‍ തിരികെ പോയപ്പോള്‍ വലിയ സങ്കടം. ഇനി എന്നാണ് അവര്‍ വരിക? സാറും മാഡവും എല്ലാവരും കൂടി ഒരു ദിവസം വരണേ... എല്ലാവരും കൂടെ ഒരു ദിവസം നമുക്ക് ഇവിടെ കൂടാം- രമേശന്‍ വിടാതെ ക്ഷണിക്കുകയാണ്.

ഇക്കാലത്ത് അപൂര്‍വമായി മാത്രം കാണുന്ന സ്നേഹവും ആത്മാര്‍ഥതയും ആ ക്ഷണത്തിലുണ്ടായിരുന്നു എന്നതാണ് രമേശിനെയും കുടുംബത്തെയും വ്യത്യസ്തരാക്കുന്നത്.
*************************************************************
പാലക്കാട് ഭുവനേശ്വരി ആന്റിയുടെ വീട്ടില്‍ പോയപ്പോളുണ്ടായ അനുഭവവും മറക്കാനാവില്ല-ഗോകുല്‍ തുടര്‍ന്നു. ഉമ പറഞ്ഞുള്ള പരിചയത്തിനപ്പുറം ആന്റിയെ എനിക്ക് അറിയാത്തതു കൊണ്ട് അങ്ങോട്ടു പോകാന്‍ തന്നെ മടിയായിരുന്നു. ആന്റിയുടെ വീട്ടില്‍ ചെന്ന് ഒരു മണിക്കൂറിനകം ആ പരിചയക്കേടൊക്കെ മാറിയെന്ന് ഗോകുല്‍. ഞങ്ങളോടു മാത്രമല്ല, ആ വീട്ടില്‍ വരുന്നവരോടൊക്കെ ആന്റിയുടെ പെരുമാറ്റം കാണണം. ആരും അന്യരല്ലെന്ന് തോന്നലുണ്ടാക്കുന്ന സമീപനം. ഓരോ ദിവസവും എത്ര പേര്‍ക്കാണ് ആന്റിയും കൂട്ടരും വെച്ചു വിളമ്പുന്നത്! ആന്റിയുടെ സംരക്ഷണത്തില്‍ കഴിയുന്നവര്‍ തന്നെ എത്രയാണെന്നോ! ഉമയാണ് തുടര്‍ന്നത്- അതിരാവിലെ ഉറക്കമുണരുന്ന ആന്റി രാത്രി വരെ ബിസി ആണ്. വീട് വൃത്തിയാക്കുക, പാടത്ത് പണിക്കാരുടെ കൂടെ പണികള്‍ക്ക് ഇറങ്ങുക, പറമ്പിലെ പണികള്‍, വീട്ടിലെ മറ്റു പണികള്‍, പശുക്കള്‍, പട്ടികള്‍, പക്ഷികള്‍... പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആന്റി, സമൂഹത്തിന് തന്റേതായ ഒരു പങ്ക് നല്‍കുന്ന ആന്റി, ഹിന്ദിയും ഇംഗ്ലീഷും കലര്‍ന്ന മലയാളത്തില്‍ ആന്റിയെ വിശദീകരിക്കാന്‍ ഉമ പ്രയാസപ്പെടുകയായിരുന്നു. കൃഷിയിലൂടെയും മറ്റുമുള്ള വരുമാനത്തിന്റെ സിംഹഭാഗവും സാന്ത്വന ചികിത്സാ കേന്ദ്രങ്ങളിലേക്കും അഗതി മന്ദിരങ്ങളിലേക്കും മറ്റുമാണ് ഒഴുകിയിരുന്നത്. അങ്കിളിന്റെ സ്വഭാവവും വ്യത്യസ്തമല്ലായിരുന്നു എന്ന് ഗോകുല്‍ വിശദീകരിച്ചു. കുഞ്ചിക്കും അത് പുതിയൊരനുഭവമായിരുന്നു. അവള്‍ കോഴിയുടെയും താറാവിന്റെയും പശുക്കുട്ടികളുടെയും പിന്നാലെ ആയിരുന്നു. പുസ്തകങ്ങളിലും ചില വീഡിയോദൃശ്യങ്ങളിലും മാത്രം അവള്‍ കണ്ടിട്ടുള്ള ജീവികള്‍. അവയെ നേരില്‍ കാണുമ്പോള്‍ അവള്‍ എങ്ങനെ അത്ഭുതപ്പെടാതിരിക്കും! ആസ്വദിക്കാതിരിക്കും-ഞാനോര്‍ത്തു!

ഈ ജീവികള്‍ക്കൊപ്പം കളിച്ചു നടക്കുന്ന അവളുടെ ഫോട്ടോകള്‍ ക്ലാസ്സ് ടീച്ചറുമായി പങ്കു വെച്ചപ്പോള്‍ അവര്‍ പറഞ്ഞത്രേ ഈ ജീവികളെ പരിചയപ്പെടുത്താന്‍ കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കാണിച്ചു കൊടുത്ത് വിവരിച്ച് കാര്യം മനസ്സിലാക്കിയെടുക്കാന്‍ ടീച്ചര്‍മാര്‍ക്ക് ദിവസങ്ങള്‍ വേണ്ടി വരും എന്ന്. നേരിട്ടു കാണുമ്പോള്‍ അവള്‍ സ്വയം പഠിക്കുകയല്ലേ! തൊട്ടാവാടി ചെടികള്‍ കുഞ്ചിക്ക് ഒരത്ഭുതമായിരുന്നു. ആ മൂന്നു ദിവസവും ടി.വിയോ ടാബോ ഒന്നും അവള്‍ അന്വേഷിച്ചതു പോലുമില്ല. വാശിയും കിണുക്കങ്ങളുമില്ല. പകല്‍ മുഴുവന്‍ മുറ്റത്തും പറമ്പിലും ഓടിക്കളിച്ച് രാത്രി പത്തുമണിയാകുമ്പോഴേക്ക് ക്ഷീണിച്ച് അവള്‍ സുഖമായുറങ്ങുന്നു. വീട്ടിലാണെങ്കില്‍ രാത്രി പന്ത്രണ്ടു മണിയായാലും ഉറങ്ങാത്ത കുട്ടിയാണ്. അവളുടെ മാറ്റം ഉമയെ അത്ഭുതപ്പെടുത്തി.

ഞങ്ങളുടെയൊക്കെ കുട്ടിക്കാലം എന്നും എപ്പോഴും ഇങ്ങനെയായിരുന്നു എന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി. ആ രണ്ടു മൂന്നു ദിവസത്തെ താമസത്തിനു ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സിനൊരു വിങ്ങല്‍. ഉമയുടെ കണ്ണുകള്‍ നിറയുന്നുണ്ടോ... അടുത്ത ദിവസം ഭുവനേശ്വരിയുടെ ഫോണ്‍ സന്ദേശം- മൂന്നു ദിവസം കുട്ടികളുടെ കൂടെ നടന്ന് സമയം പോയതറിഞ്ഞില്ല. അവരെ ഞങ്ങളുടെ അടുത്ത് വിട്ടതിന് വളരെ നന്ദി സാറേ... എന്റെ മക്കള്‍ വീട്ടില്‍ വന്നു പോയതു പോലുള്ള സന്തോഷമായിരുന്നു. അവരോട് ഇനിയും ഇടയ്ക്കിടെ ഇങ്ങോട്ട് വരാന്‍ പറയണേ...
ഇക്കാലത്തും ഇങ്ങനെയുള്ള വീടും വീട്ടമ്മമാരുമുണ്ടല്ലോ എന്ന് ഞാന്‍ സന്തോഷത്തോടെ ഓര്‍ത്തു.

ഇടയ്ക്ക് ഒരു ദിവസം സൂര്യ ആന്റിയുടെ വീട്ടില്‍ പോയിരുന്നു. അവിടെയും അനുഭവം വ്യത്യസ്തമല്ലായിരുന്നു. കുറച്ചു സമയമേ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. ആ സമയം കൊണ്ടു തന്നെ സൂര്യയുടെയും ഭര്‍ത്താവിന്റെയും സ്നേഹം ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്വന്തം വീട്ടിലാണെന്ന പോലെയുള്ള ഒരു തോന്നല്‍. അതാണ് ഇവിടെയൊക്കെ പോകുമ്പോള്‍ മനസ്സിലുണ്ടാകുന്ന ഒരു വികാരം- ഗോകുല്‍ അദ്ഭുതത്തോടെയാണ് പറഞ്ഞത്. സൂര്യയുടെ ഭര്‍ത്താവിനെ ആദ്യമായാണ് കാണുന്നത്. പക്ഷേ, വര്‍ഷങ്ങളായി പരിചയമുള്ളതു പോലെ അടുപ്പമുള്ള പെരുമാറ്റം. ഉമയും ഗോകുലും അവരുടെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടേയിരുന്നു.
************************************************
കോഴിക്കോട് റിയാസിന്റെ വീട്ടില്‍ പോയപ്പോഴുള്ള അനുഭവം അപ്പുവും ദേതുവും പങ്കു വെച്ചത് ഓര്‍മയില്‍ തെളിഞ്ഞു വന്നു. റിയാസ് അങ്കിളും സെറീന ആന്റിയും കുട്ടികളും- എന്തൊരു സനേഹമാണെന്നോ അവര്‍ക്ക്! ഞാന്‍ ആദ്യമായി കാണുകയും പരിചയപ്പെടുകയുമാണ് അവരെ. എന്നിട്ടും ഒരു അപരിചിതത്വവും ഫോര്‍മാലിറ്റികളും ഇല്ലായിരുന്നു. ബോംബെയില്‍ വളര്‍ന്ന ദേതുവിന് ആ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ടതില്‍ അദ്ഭുതമില്ല.
വീടിന്റെ മുന്‍ വാതില്‍ സദാ സമയവും തുറന്നിട്ട് അതിഥികള്‍ക്കായി കാത്തിരിക്കുന്ന കോഴിക്കോട്ടെ ബേബിച്ചേച്ചി, കരുനാഗപ്പള്ളിയിലെ കുട്ടിസാറും ഭാര്യ ഷെരീഫയും, എത്ര വട്ടം ആഹാരം വെച്ചു വിളമ്പിയാലും മടുക്കാത്ത തിരുവില്വാമലയിലെ കിരണും കുടുംബവും, എറണാകുളത്തെ മണികണ്ഠനും പ്രിയയും, തിരുവനന്തപുരത്തെ കുട്ടപ്പനങ്കിളും ആന്റിയും, ഇരിഞ്ഞാലക്കുടയിലെ ഹരിയേട്ടനും ജ്യോതിയും...

തലമുറകളായി മാറാത്ത ഇരിഞ്ഞാലക്കുടയിലെ ആ പഴയ വെട്ടിയാട്ടില്‍ വീട് ഇരിഞ്ഞാലക്കുടയില്‍ ഇന്ന് ഇല്ലെങ്കിലും ആ കുടുംബാംഗങ്ങള്‍ അന്നും ഇന്നും എന്നും ഒരു പോലെയുണ്ട്. ഈ തലമുറ കൂടി കഴിഞ്ഞാല്‍....? ഉത്തരമില്ലാത്ത ചോദ്യം. ഉത്തരം അര്‍ഹിക്കുന്നു തന്നെ ഇല്ലാത്ത ചോദ്യം- മനസ്സ് മന്ത്രിച്ചു.

Content Highlights: Snehaganga, Dr.V.P.Gangadharan shares his childhood memories, Health, Cancer Awareness