താണോ ശിവശങ്കരന്റെ സ്‌പെല്ലിങ്ങ്? ഇംഗ്ലീഷില്‍ തന്റെ പേര് എഴുതിയ പെണ്‍കുട്ടിയെ നോക്കി അദ്ദേഹം രോഷാകുലനായി. ശിവശങ്കരന്റെ സ്‌പെല്ലിങ്ങ് കണ്ടോ... ഇങ്ങനെയൊക്കെ സ്‌പെല്ലിങ്ങ് തെറ്റുകള്‍ വരുത്താമോ... പത്തു പ്രാവശ്യം ഈ കുട്ടിയെക്കൊണ്ട് എന്റെ പേര് തെറ്റാതെ എഴുതിക്കണം. പണ്ടൊക്കെ.... അദ്ദേഹം പറയാന്‍ തുടങ്ങിയത് പാതി വഴിക്ക് നിര്‍ത്തി. ഇത് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ നടന്ന സംഭവമല്ല. കഴിഞ്ഞ ദിവസം ആശുപത്രിയി  ഓ.പി.യി  നടന്നതാണ്. 

സ്‌കൂള്‍ മാഷായിരുന്നു അല്ലേ? അദ്ദേഹത്തിനു നേരേ ചിരിച്ചു കൊണ്ടായിരുന്നു ഞാന്‍ ചോദിച്ചത്? അതെ എന്നായിരിക്കും ഉത്തരം എന്ന് എനിക്കുറപ്പായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തെ പ്രവൃത്തി പരിചയം- അല്ല അനുഭവം. അതില്‍ നിന്ന് ഞാന്‍ പഠിച്ചതാണ്. 99 ശതമാനം കൃത്യതയോടെ സ്‌കൂള്‍ മാഷന്മാരെയും ടീച്ചര്‍മാര്‍മാരെയും തിരിച്ചറിയാന്‍ പറ്റും. ഇപ്പോഴും അത് തെറ്റിയില്ല എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. രണ്ടു ദിവസം മുമ്പുണ്ടായ ഒരനുഭവം മനസ്സിലേക്ക് ഓടിയെത്തി. 

സാര്‍... ഞാന്‍ സൗദിയില്‍ നിന്ന് വിളിക്കുകയാണ്. പേര് റിനോജ്. എന്റെ അമ്മയ്ക്കു വേണ്ടിയാണ് വിളിക്കുന്നത്. ഞാന്‍ ഇംഗ്ലണ്ടിലുള്ള ചേച്ചിയെക്കൂടി ഈ ഫോണ്‍കോളില്‍ പങ്കു ചേര്‍ത്തോട്ടേ... റിനോജ് തുടര്‍ന്നു- സര്‍ അമ്മയ്ക്ക് കാന്‍സറാണ്. പരിശോധനാ ഫലങ്ങളെല്ലാം ഞാന്‍ സാറിന് മെയില്‍ ചെയ്തിരുന്നു. സാറിനത് നോക്കാന്‍ പറ്റിയിരുന്നോ? എന്താണ് അഭിപ്രായം സാറേ? ഈ ആഴ്ച അവസാനത്തോടെ ഞങ്ങള്‍ രണ്ടു പേരും നാട്ടിലെത്തും.  അതുവരെയെങ്കിലും.... അമ്മയെ ഞങ്ങള്‍ നേരത്തേ തന്നെ സാറിന്റെ അടുത്ത് എത്തിക്കാന്‍ ശ്രമിക്കാം. അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കാനാ സാറേ പ്രശ്‌നം. നിര്‍ബന്ധ ബുദ്ധിക്കാരിയാണ്. വരില്ലെന്ന് അമ്മ പറഞ്ഞാല്‍ പിന്നെ വരികയേ ഇല്ല. ആരൊക്കെ ശ്രമിച്ചാലും ആ തീരുമാനം പിന്ന മാറ്റില്ല സാറേ. അമ്മ ഒരു സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. അതു കൊണ്ടാണ്... സാറിന് മനസ്സിലാകുമല്ലോ...എന്തായാലും ഞങ്ങള്‍ നാട്ടിലേക്ക് വരികയാണ് സാറേ. റിനോജിന്റെ സഹോദരിയും സംഭാഷണത്തില്‍ പങ്കു ചേര്‍ന്നു. 

അടുത്ത ദിവസം തന്നെ മിനി ആശുപത്രിയിലെത്തി. കൂടെ ഭര്‍ത്താവും സഹോദരനുമുണ്ടായിരുന്നു. മാസ്‌ക് ഉണ്ടായിരുന്നിട്ടും ആ മുഖഭാവം മനസ്സിലാക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. പരിശോധനയെല്ലാം കഴിഞ്ഞപ്പോള്‍ കടുത്ത സ്വരത്തില്‍ മിനി പറഞ്ഞു. ഞാന്‍ രക്ഷപ്പെടുമെങ്കില്‍ മാത്രം ചികിത്സ തുടങ്ങിയാല്‍ മതി. കാന്‍സറല്ലേ... എങ്ങനെ രക്ഷപ്പെടാനാണ് അല്ലേ? വെറുതേ് പണവും സമയവും കളഞ്ഞ്... വയസ്സ് 60 കഴിഞ്ഞു. റിട്ടയര്‍ ചെയ്തിട്ട് വര്‍ഷങ്ങളായി. ഇനി എന്തിനാണ് ജീവിതം... അവരുടെ നെറ്റിത്തടത്തി  നിന്നു തന്നെ ആ മനോഭാവം വായിച്ചെടുക്കാമായിരുന്നു. 

മക്കളും പേരക്കുട്ടികളുമൊക്കെയില്ലേ? അവരുടെ കൂടെ സുഖമായി ജീവിക്കാമല്ലോ. അതും ഒരു രസമല്ലേ? ജീവിതത്തിന്റെ മറ്റൊരു ഘട്ടമല്ലേ അത്.... ഞാന്‍ അവരുടെ മുഖത്തേയ്ക്ക് നോക്കി ചെറിയൊരു ചിരിയോടെയാണ് ചോദിച്ചത്.

പിള്ളേരെയൊക്കെ സ്വന്തം കാലില്‍ നി ക്കാന്‍ പ്രാപ്തരാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മളെന്തിനാണ് ജീവിക്കുന്നത്? എനിക്ക് 50 വയസ്സായപ്പോഴേക്ക് അവരെല്ലാം പഠിത്തം കഴിഞ്ഞ് ജോലിക്കാരായി. 

അപ്പോള്‍... 50 കഴിഞ്ഞാല്‍ പിന്നെ മരിക്കാം എന്നാണോ ടീച്ചറുടെഅഭിപ്രായം?

ചിരിയോടെയാണ് ഞാന്‍ ചോദിച്ചത്. 
ഒരു പ്രായം കഴിഞ്ഞാല്‍, അസുഖമായി ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണ്.... ആരെയും ആശ്രയിച്ചു ജീവിക്കാന്‍ എനിക്കിഷ്ടമല്ല. മക്കളായാലും ഭര്‍ത്താവായാലും. അങ്ങനെയൊരു ജീവിതം എനിക്കു വേണ്ട. 

അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യമോ?
ഞാനില്ലെങ്കിലും അദ്ദേഹം ജീവിച്ചോളും.- എന്റെ ചോദ്യത്തിന് മിനിയുടെ ഉത്തരം പെട്ടെന്നായിരുന്നു.

എനിക്ക് ചികിത്സയൊന്നും വേണ്ട. വെറുതേ എന്തിനാ... അവര്‍ പറഞ്ഞു വന്നത് മുഴുമിപ്പിക്കാതെ നിര്‍ത്തി. 

ഞങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടിയെങ്കിലും മിനി ചികിത്സയ്ക്ക് സമ്മതിച്ചു കൂടേ... എല്ലാ രോഗികളും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ ഞങ്ങള്‍ ഡോക്ടര്‍മാരും ആശുപത്രിക്കാരും ഒക്കെ പട്ടിണിയാകില്ലേ? മിനി ഒന്നു ചിരിക്കുമായിരിക്കും എന്നു കരുതിയാണ് ചിരിയോടെ ഞാന്‍ പറഞ്ഞത്.

നിങ്ങള്‍ വേറേ വഴി നോക്കണം. ജീവിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ട്! ആ മുഖത്ത് ചിരിയുടെ ഒരു സൂചന പോലുമില്ലായിരുന്നു. തികഞ്ഞ ഗൗരവം മാത്രം.

രണ്ടു ദിവസം കഴിഞ്ഞ് മിനി വീണ്ടും ആശുപത്രിയില്‍ വന്നു. കൂടെയുള്ളത് വിദേശത്തു നിന്നെത്തിയ മക്കള്‍ രണ്ടു പേരുമായിരുന്നു. 

സാറേ, ആ അമ്മയും മക്കളുമായുള്ള നില്പും വര്‍ത്തമാനവുമൊക്കെ കണ്ടോ- ഹെഡ്മിസ്ട്രസിനു മുന്നില്‍ സ്‌കൂള്‍ കൂട്ടികള്‍ വന്നു നില്‍ക്കുന്ന പോലെയാണ് ഇത്രയും മുതിര്‍ന്ന ഈ കുട്ടികള്‍ നി ക്കുന്നത്. അമ്മയുടെ വര്‍ത്തമാനവും ഹെഡ്മിസ്ട്ര്മാരെപ്പോലെ തന്നെ. സിസ്റ്റര്‍ രമ്യ ചിരിയടക്കാന്‍ പാടുപെട്ടു കൊണ്ടാണ് പറഞ്ഞത്. 

അല്ലെങ്കിലും ഈ ഹെഡ്മിസ്ട്രസുമാരൊക്കെ ഇങ്ങനെയാ... ചിരിക്കാനറിയാത്തവര്‍. മുഖം ഏതു നേരവും കടന്നല്‍ കുത്തിയ പോലെ കടുത്ത ഗൗരവത്തില്‍. ശ്രുതി ചിരിക്കുകയായിരുന്നു. 

സാറ് ആ മക്കളെ ശ്രദ്ധിച്ചോ?? അവരും ചിരിക്കാന്‍ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. രമ്യയുടേതായിരുന്നു ഈ കണ്ടെത്തല്‍. 
ഈ അമ്മയുടെ കൂടെ വളര്‍ന്ന കുട്ടികള്‍ എങ്ങനെ ചിരിക്കാന്‍ പഠിക്കും! കഷ്ടം!
ചില ടീച്ചര്‍മാര്‍ ഇതു പോലെയാ സാറേ... ശ്രുതി പറഞ്ഞു.

എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ പിന്നിലേക്ക് പാഞ്ഞു. വൈക്കം ഗവ. ബോയ്‌സ് സ്‌കൂളില്‍ ഞാന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി. താമസം അച്ഛന്റെ സഹോദരി ഓമനച്ചേച്ചിയുടെയും ഭര്‍ത്താവ് ഗോപിക്കൊച്ചച്ചന്റെയും കൂടെ. ചിരിക്കാനും ചിരിപ്പിക്കാനും മാത്രം അറിയാവുന്ന ഗോപിക്കൊച്ചച്ചന്‍. ചിരിയെന്തെന്നറിയാത്ത ഓമനച്ചേച്ചി. അതെ ഓമനച്ചേച്ചി സ്‌കൂള്‍ ടീച്ചറായിരുന്നു- ഹെഡ്മിസ്ട്രസാകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സ്‌കൂള്‍ ടീച്ചര്‍. അറിയാതെ മനസ്സില്‍ പറഞ്ഞു പോയി.

ഇരിങ്ങാലക്കുട നാഷനല്‍ സ്‌ക്കൂള്‍- മനസ്സിലേക്കോടിയെത്തുന്നത് അവിടത്തെ ചിത്രമാണ്. ഹെഡ്മാസ്റ്റര്‍ ശ്രീധരമേനോന്‍ മാഷ്. കൈയില്‍ ഇടയ്‌ക്കൊക്കെ ചൂരല്‍ വടി കാണുമെങ്കിലും മുഖത്തെ ചിരി ഒരിക്കലും മായാറില്ല. 

എന്താ ചില അധ്യാപകര്‍ മാത്രം ഇങ്ങനെ? ഉത്തരം കിട്ടാത്ത ചോദ്യമായി അത് മനസ്സില്‍ ഉയര്‍ന്നുവന്നു. 
കുട്ടികള്‍ അധ്യാപകരെ ഭയപ്പെടണം. എന്നാലേ അവര്‍ അനുസരിക്കുകയുള്ളൂ. അതിന് മുഖം കടുപ്പിച്ചു തന്നെ നടക്കണം. കുട്ടികളുടെ മുഖത്തു നോക്കി ചിരിക്കാനോ! പിന്നെ എനിക്കെന്ത് വില! എച്ച്.എം. ആയാല്‍ ഒരു ഗമയൊക്കെ വേണം. അത് കളഞ്ഞു കുളിഞ്ഞുകുളിക്കും ചിരിച്ചു കൊണ്ടു നടന്നാല്‍.  പല പല ടീച്ചര്‍മാരുടേതായിരുന്നു ഈ ശബ്ദങ്ങളെല്ലാം.

എന്റെ ചിന്ത വീണ്ടും ശ്രീധരമേനോന്‍ മാഷിലേക്ക് ഓടിയെത്തി. ചിരിച്ചു കൊണ്ടു മാത്രം ഞങ്ങളോട് ഇടപഴകിയിരുന്ന മാഷിനെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ബഹുമാനവും പേടിയുമായിരുന്നു. നിങ്ങളുടെയൊക്കെ ധാരണ തെറ്റാണെന്ന് കുറേ ടീച്ചര്‍മാരോട് വിളിച്ചു പറയണമെന്ന് തോന്നി.

ഊതി വീര്‍പ്പിച്ചതു പോലുള്ള മുഖവുമായി വരുന്നതു കാണുമ്പോള്‍ സമ്മുടെ ബി.പി.കൂടും- രമ്യ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. 

അപ്പോള്‍ അവരുടെ ബി.പി.യോ- ശ്രുതി കൂട്ടിച്ചേര്‍ത്തു.

ശരിയാണ് ചിരി ശക്തിയുള്ളൊരു മരുന്നാണ്. മനസ്സിനെ സന്തോഷിപ്പിക്കാന്‍, ഹൃദയത്തെ നിയന്ത്രിക്കാന്‍. ശരീരത്തിന് ഊര്‍ജമേകാന്‍...

പൊട്ടിച്ചിരിച്ചു കൊണ്ടു മാത്രം ഫോണിലൂടെ സംസാരിക്കുന്ന വരാപ്പുഴയിലെ അമ്മയെ ഓര്‍ത്തു. എന്നെ പ്രസവിച്ചത് ഈ അമ്മയല്ലെന്നേയുള്ളൂ. അത്രയും ആത്മബന്ധമുള്ളയാളാണ് വരാപ്പുഴയിലെ അമ്മ. ചിരിയില്ലെങ്കില്‍ ഈ അമ്മയില്ല.  

മോനേ... ഇടയ്ക്കിടെ അമ്മ പറയും- ചിരിയോടെ അമ്മയെ കാണുമ്പോള്‍ മറ്റുള്ളവരുടെ മനസ്സ് നിറയും മോനേ... നമുക്കും സന്തോഷം. ചേതമില്ലാത്ത ഒരുപകാരമല്ലേ മുഖത്തൊരു ചിരി നിര്‍ത്തുന്നത്!

സാറേ... വിളി കേട്ട് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ഞങ്ങള്‍ തോറ്റു സാറേ- അമ്മ ചികിത്സയ്ക്ക് തയ്യാറല്ല. ആ മകള്‍ കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. 

മിനിയുടെ മുഖത്ത് പക്ഷേ, ഭാവഭേദങ്ങളൊന്നുമില്ല.  

ഞാന്‍ അവരുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.
ചികിത്സയേ വേണ്ട എന്ന് തീരുമാനിച്ചു അല്ലേ?
ഉത്തരമൊന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നു. 
അവരുടെ മുഖത്ത് ഒരു വിജയഭാവമുണ്ടായിരുന്നോ...
അവര്‍ ആരെയാവും തോല്പിച്ചിട്ടുണ്ടാവുക...

Content Highlights: Snehaganga, Dr.V.P. Gangadharan shares his cancer treatment memories, Health, Cancer Awareness