നിയെങ്കിലും എന്നെ വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെടുത്തുമോ? തങ്കപ്പന്‍ നായരുടെ ചോദ്യം കേട്ട് ഞാന്‍ മുഖമുയര്‍ത്തി നോക്കി. വീട്ടുതടങ്കലോ ആര്‍ക്ക് എന്തിന്? എന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത് പ്രവീണാണ്. തങ്കപ്പന്‍ നായരുടെയും രാധയുടെയും ഏകമകന്‍. സാറിനറിയാമല്ലോ അച്ഛനെയും അമ്മയെയും. ഒരാള്‍ക്ക് 65 വയസ്സ്. മറ്റെയാള്‍ക്ക് 60 വയസ്സും. ഇവരെ രണ്ടു പേരെയും സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും ഞാന്‍ ഒരൊറ്റയാള്‍ തന്നെ. അച്ഛനാണെങ്കില്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞിരിക്കുന്നയാള്‍. അമ്മയുടെ ചികിത്സ കഴിഞ്ഞതാകട്ടെ മൂന്നാഴ്ച മുമ്പു മാത്രവും. അമ്മയ്ക്ക് ഇപ്പോഴും മൂന്നാഴ്ച കൂടുമ്പോള്‍ വന്ന് കുത്തിവെപ്പ് എടുക്കാനുമുണ്ട്. ഒരു വര്‍ഷമായി അമ്മയിങ്ങനെ മൂന്നാഴ്ച കൂടുമ്പോള്‍ വരുന്നത് സാറിനറിയാമല്ലോ! എനിക്കാണെങ്കില്‍ ഇപ്പോള്‍ ഓണ്‍ലൈനിലാണെങ്കിലും ഓഫീസിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ടാണ് ഞാനങ്ങനെ... അല്ല! അതു കൊണ്ടാണല്ലോ ഇവര്‍ രണ്ടു പേരും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ, കോവിഡ് വരാതെ കഴിയുന്നത്. ഇവരുടെ മുറിയില്‍ ഞാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ഫ്രിഡ്ജ് ഉണ്ട്. ടി.വി. ഉണ്ട്. ഞാന്‍ ഇവരുടെ മുറിയുടെ അടുത്തു തന്നെയുണ്ട്. ഭാര്യയും അഞ്ചു വയസ്സുള്ള മകനും താഴത്തെ നിലയിലുണ്ട്. നാലു നേരവും ആഹാരം കൃത്യമായി എത്തിച്ചു കൊടുക്കുന്നുമുണ്ട്. പിന്നെ ഇവര്‍ക്ക് എന്തു പ്രശ്നം! അച്ഛനാണ് പരാതി മുഴുവന്‍. അമ്മയ്ക്ക് ഒരു കാര്യത്തിലും ഒരു പരാതിയുമില്ല.

പ്രവീണിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. അച്ഛന്‍ പറയട്ടെ എന്ന മട്ടില്‍ ദിവാകരന്‍ നായരുടെ മുഖത്ത് നോക്കി. രണ്ടു വര്‍ഷം കഴിഞ്ഞു സാറേ പുറംലോകം കണ്ടിട്ട്. ഇവള്‍ക്ക് മൂന്നാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരാനെങ്കിലും പുറത്തിറങ്ങാം. അച്ഛന്‍ വരണ്ട എന്നു പറഞ്ഞ് ഇങ്ങോട്ടുള്ള വരവിലും എന്നെ ഒഴിവാക്കും. ഞാനാണെങ്കില്‍ നാട്ടിലെ വായനശാലയുമായി ബന്ധപ്പെട്ടും നാട്ടുകാരുമൊത്ത് എല്ലാ കാര്യങ്ങളിലും ഇടപെട്ടും ജീവിതം ആസ്വദിച്ച ഒരു സാധാരണ മനുഷ്യനാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ആ മുറിക്കു പുറത്തിറങ്ങിയിട്ട്. 

പുറത്തേയ്ക്കിറങ്ങാനുള്ള വാതില്‍ അടച്ചു പൂട്ടാറില്ല എന്നതു ഭാഗ്യം. അതിനു പകരം പ്ലാസ്റ്റിക്കു പോലെ ഒരു സാധനമിട്ട് മൊത്തം വാതിലും അടച്ചിരിക്കുകയാണ്. ആഹാരം അകത്തേക്ക് വെക്കാന്‍ അതിനു താഴെ ഒരു കിളി വാതിലുണ്ട്. നാലും നേരവും കുശിനിക്കാരന്‍ രാമന്‍ ആഹാരം കൊണ്ടു വെക്കും എന്നത് സത്യമാണ്. വീട്ടിലെ പട്ടിക്കൂട്ടിലേക്ക് ആഹാരം വെച്ചു കൊടുക്കുന്നതു പോലെ വെച്ചിട്ട് ഞങ്ങളെ ദയനീയമായി ഒന്നു നോക്കിയിട്ട് പോകും. ടി.വി.യും സീരിയലും പാട്ടുമൊക്കെ എത്ര നേരമെന്നു വെച്ചിട്ടാ കണ്ടു കൊണ്ടിരിക്കുന്നത്? മടുത്തു സാറേ... ഇവളെയും കൊന്ന് ഞാനും ആത്മഹത്യ ചെയ്താലോ എന്നു വരെ ആലോചിച്ചു പോയിട്ടുണ്ട്. തലയ്ക്ക് ഭ്രാന്തു പിടിച്ച അവസ്ഥ സാറേ. ആകെ ആശ്വാസം....

അച്ഛനെ പറഞ്ഞു മുഴുമിപ്പിക്കാന്‍ പ്രവീണ്‍ അനുവദിച്ചില്ല. ഇവര്‍ക്ക് ആ മുറിയില്‍ എന്താണ് സാറേ പ്രശ്നം! നേരത്തേ പറഞ്ഞതു പോലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുണ്ട് ആ മുറിയില്‍. ജനല്‍ തുറന്നിട്ട് പുറത്തേക്കു നോക്കിയാല്‍ മനോഹരമായ കാഴ്ചകള്‍ കിട്ടും. അടുത്തു തന്നെ ഞങ്ങളെല്ലാവരുമുണ്ട്. ഇടയ്ക്ക് മോളുടെ ശബ്ദം കേള്‍ക്കാം... പ്രവീണിനെ പറഞ്ഞെത്തിക്കാന്‍ അച്ഛനും സമ്മതിച്ചില്ല.
അതേടാ.. അതെ. ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന അവളുടെ ശബ്ദം... തങ്കപ്പന്‍ നായരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതേടാ, അവളുടെ ശബ്ദം മാത്രം കേട്ടു കൊണ്ട് രണ്ടു വര്‍ഷം- ഈ വയസ്സു കാലത്ത് ഇങ്ങനെയൊരു ജീവിതം- അമ്മ കരഞ്ഞു തുടങ്ങി. എല്ലാവരുമുണ്ട്, ആരുമില്ല എന്ന മട്ടിലുള്ള ജീവിതം. മടുത്തു ആ മുറിക്കുള്ളില്‍. കാന്‍സറിനെക്കാള്‍ എനിക്കു പേടി ആ മുറിക്കുള്ളിലെ തടങ്കല്‍ ജീവിതമാണ്. പാവം ഈ മനുഷ്യന്‍! പുറത്തേക്കും നോക്കിയിരുന്ന് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ അമ്മ കണ്ണുകള്‍ തുടച്ചു.

പ്രവീണേ... ഇത്രയൊക്കെ വേണോ? എന്റെ ചോദ്യത്തിന് പ്രവീണിന്റെ ഉത്തരം ഒരു കുറ്റപ്പെടുത്തലോടെയായിരുന്നു. എനിക്കെന്താ! ഞാന്‍ ഇവരെ തുറന്നു വിടാം. ഒരാഴ്ചയ്ക്കകം കൊറോണയുമായി ഇവര്‍ സാറിന്റെ അടുത്തെത്തും. അപ്പോള്‍ സാറ് എന്നെ കുറ്റപ്പെടുത്തരുത്. അച്ഛനും അമ്മയും എന്റെ കൂടെ ഇനിയും ഏറെക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതാണ് ഞാന്‍ ഇങ്ങനെ...
അതിന് ഇങ്ങനെയൊന്നും വേണ്ട പ്രവീണേ... ഇവര്‍ക്ക് വീട്ടു തടങ്കലൊന്നും വേണ്ട. കൊച്ചുമകളുമൊത്ത് കളിച്ച് സുഖമായി ജീവിക്കട്ടെ. കഴിയുന്നതും വീട്ടില്‍ത്തന്നെ ഇരുത്തിയാല്‍ മതി. തിരക്കുള്ള സ്ഥലങ്ങളും നാട്ടുകാരെ കാണാനുള്ള യാത്രകളുമൊന്നും വേണ്ടെന്നു വെച്ചാല്‍ മതി. അത് തന്നെ ഉദ്ദേശിച്ചുള്ളതാണെന്നറിഞ്ഞ് തങ്കപ്പന്‍ നായര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു- ഇല്ല സാറേ! ഞാന്‍ അങ്ങനെ പോവില്ല. കൊച്ചുമോള്‍ ഉണ്ടല്ലോ അവിടെ. അവള്‍ മതി ഞങ്ങള്‍ക്ക് നേരം പോകാന്‍.
*************************************

ഇതാ മറ്റൊരു തടങ്കല്‍ ജീവിതം. മക്കളേ, നിങ്ങളെയൊക്കെ കണ്ടിട്ട് എത്ര നാളായി! തിരിഞ്ഞു നോക്കുമ്പോള്‍ ജാനകി എന്റെ പിന്നില്‍ നില്‍ക്കുന്നുണ്ട്. പത്തു പന്ത്രണ്ടു വര്‍ഷമായി മുടങ്ങാതെ തുടര്‍ പരിശോധനയ്ക്ക് വരുന്നുണ്ട് ജാനകി. അവര്‍ ഓടി വന്ന് എന്റെ കൂടെയുണ്ടായിരുന്ന സിസ്റ്ററിന്റെ കൈയില്‍ പിടിച്ചു. ഇപ്രാവശ്യം പരിപ്പു വടയും സമോസയും ഒന്നുമില്ല മക്കളേ! എന്റെ കച്ചവടമൊക്കെ പൂട്ടി. എന്നാലും വെറു കൈയോടെ നിങ്ങളെ കാണാന്‍ വരരുതല്ലോ. അതു കൊണ്ട് ഞാന്‍ ഇതൊക്കെ വാങ്ങി. കൈയിലിരുന്ന ബാഗില്‍ നിന്ന് ഉപ്പേരിയും ബിസ്‌കറ്റുമെടുത്ത് ജാനകി ഞങ്ങളുടെ നേരേ നീട്ടി. ഇവള്‍ എന്നെ മുറിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല. മകളെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ഇവളും കെട്ടിയോനും വീടു പൂട്ടി രാവിലെ തന്നെ പോകും. എനിക്കുള്ള ആഹാരം എന്റെ മുറിയില്‍ മേശപ്പുറത്തു വെച്ചിട്ട് പോകും. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ തോന്നില്ല മക്കളേ. മറ്റു മുറികളിലേക്ക് പോകരുതെന്ന് നിബന്ധനയുള്ളതു കൊണ്ട് ഞാന്‍ മുറിക്കകത്തു നിന്ന് പുറത്തിറങ്ങാറില്ല.

നമ്മള്‍ എല്ലാം ഓരോരോ കുമിളകള്‍ പോലെ ജീവിച്ചാല്‍ കോവിഡ് വരില്ല എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അവര്‍ പറയുന്നത് കേള്‍ക്കാം. എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ സാധ്യതയുള്ള കുമിളകള്‍ പോലെ എന്തു ജീവിതം എന്ന് ഞാന്‍ മനസ്സില്‍ പറയും. ജാനകിയുടെ കണ്ണുകള്‍ സ്വയമറിയാതെ നിറഞ്ഞു വന്നു.

*********************************************
ഇവളെക്കൊണ്ട് ഞാന്‍ മടുത്തു- അത് രാജപ്പന്റെ സങ്കടവും ദേഷ്യവുമാണ്. എനിക്ക് വയസ്സ് 73 ആയി. ദിവസവും നടപ്പും വ്യായാമവും കൊണ്ട് ഒരു വിധം ആരോഗ്യമായി പോയിക്കൊണ്ടിരുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവള്‍- എന്റെ ഭാര്യ- പുറത്തിറങ്ങാന്‍ സമ്മതിക്കുന്നേയില്ല. നടപ്പും വ്യായാമവും ഇല്ലാതായി. സന്ധി വേദനയും കൂടെ ഷുഗറും കൂടി ആയപ്പോള്‍ ഞാന്‍ പെട്ടെന്ന് വയസ്സനായി. ഇനി എത്ര നാളാണാവോ!- രാജപ്പന്റെ സങ്കടവും ഭയവും തുറന്നൊഴുകുകയാണ്.

ഈ രോദനങ്ങള്‍ വല്ലതും കോവിഡ് അറിയുന്നുണ്ടോ! ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി. പെട്ടെന്ന് എന്റെ മനസ്സിലേക്കു കടന്നു വന്നത് മറ്റൊരു കൂട്ടരാണ്. എന്തിനും ഏതിനും കോവിഡിനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍. കാന്‍സര്‍ കണ്ടു പിടിക്കാന്‍ താമസിക്കുന്നവര്‍. കണ്ടു പിടിച്ചിട്ടും ചികിത്സയ്ക്ക് വരാത്തവര്‍. ഇടയ്ക്കു വെച്ച് ചികില്‍സ വേണ്ടെന്നു വെക്കുന്നവര്‍. തുടര്‍ പരിശോധനകള്‍ക്ക് വരാത്തവര്‍. ഇവരെയൊക്കെ ഞാന്‍ മുമ്പ് നന്നായി ശകാരിക്കുമായിരുന്നു. ഇപ്പോള്‍ അവരെല്ലാം ശകാരങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. എല്ലാവര്‍ക്കും പറയാന്‍ ഒരു കാരണമുണ്ട്- സാറേ.. കോവിഡ്... അതു കാരണമാണ് വരാന്‍ കഴിയാതിരുന്നത്. അതിനു മുന്നില്‍ ഒരു ശബ്ദവുമുയര്‍ത്താന്‍ എനിക്കു കഴിയാറില്ല. പറയുന്നത് നുണയാണെന്ന് നൂറുശതമാനവും ഉറപ്പുള്ളവരോടു പോലും ശകാരമൊന്നുമില്ല. ഇതും കോവിഡ് അറിയുന്നില്ലല്ലോ!.. കോവിഡ് നമ്മുടെയൊക്കെ മനസ്സുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഞാന്‍ കോവിഡിന്റെ പക്ഷത്തേക്ക് ചായുകയാണോ എന്ന് എനിക്കു തന്നെ തോന്നാറുണ്ട്.

Content Highlights: Snehaganga, Dr.V.P.Gangadharan shares his cancer patient's experience