കൃത്യമായി പറഞ്ഞാൽ 1968-70 കാലഘട്ടം. എന്റെ പ്രായം 13-15 വയസ്സ്‌. മുറിമീശ മുളയ്ക്കുന്ന പ്രായം. ബാർബറോടു പറഞ്ഞ്‌ വളരെ ബുദ്ധിമുട്ടി ചാട്ടുളി പോലെ നീട്ടിവച്ച കൃതാവും. ഓർമകൾ വർഷങ്ങൾ പിന്നോട്ട്‌ കൊണ്ടുപോയി. ഒരു കോളേജ്‌ കുമാരന്റെ ഗർവ്വോടെ ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായി ചേരുന്നത്‌ 1968-ൽ ആണ്‌. അതിമനോഹരമായ ഒരാരാമം, അതിന് നടുവിലൂടെ പടികൾ കയറി വേണം കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന ക്രൈസ്റ്റ്‌ കോളേജിലെത്താൻ.

ആരാമം തുടങ്ങുന്നിടത്തുതന്നെ ഒരു ഫൗണ്ടൻ. ആരാമത്തിന്റെ ഭാഗമായി ചീങ്കണ്ണിയും മലമ്പാമ്പും മുയലുകളും വിവിധ തരം കിളികളും അവയുടെ പാർപ്പിടങ്ങളിൽ. വർഷങ്ങൾ കഴിഞ്ഞിട്ടും മങ്ങാതെ മനസ്സിൽ നിൽക്കുന്ന ഒരു കോളേജ്‌ കാമ്പസ്‌. ആ ഓർമകളിൽ നിന്ന്‌ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു മുഖമുണ്ട്‌. അതാണ്‌ ഫാദർ ഗബ്രിയേൽ; ഞങ്ങളുടെ പ്രിയപ്പെട്ട ഗബ്രിയേലച്ചൻ.

പ്രീഡിഗ്രി വിദ്യാർഥികൾ മാത്രം താമസിക്കുന്ന ജൂനിയറേറ്റ്‌ ഹോസ്റ്റലിലാണ്‌ ഞാൻ താമസിച്ചിരുന്നത്‌. ഹോസ്റ്റലിനെക്കുറിച്ചുള്ള ഭീതിയോടെയാണ്‌ ഞാൻ അവിടെ താമസിക്കാൻ ചെല്ലുന്നത്‌. അതിനു കാരണം ചേച്ചി താമസിച്ചിരുന്ന കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ്‌ കോളേജിന്റെ ഹോസ്റ്റലിനെക്കുറിച്ചുള്ള ചേച്ചിയുടെ തന്നെ വിവരണങ്ങളായിരുന്നു.

പല സന്ദർഭങ്ങളിലും തിങ്കളാഴ്ചകളിൽ രാവിലെ ചേച്ചിയെ ഹോസ്റ്റലിൽ  കൊണ്ടുവിട്ടിരുന്നത്‌ ഞാനായിരുന്നു. തിരുപ്പൂർ മുതൽ കോയമ്പത്തൂർ വരെ ബസ്സിലിരുന്ന്‌ ചേച്ചി കരയും. കണ്ടക്ടർ സഹതാപത്തോടെ ചേച്ചിയോടും എന്നോടുമെന്ന പോലെ ചോദിക്കും.  ‘എന്നമ്മ കാലേലെ അഴുതിട്ടു പോറേ? (എന്തിനാണ്‌ രാവിലെ കരഞ്ഞുകൊണ്ടേ പോവുന്നതെന്ന്‌) ഹോസ്റ്റലാണ്‌ പ്രശ്നമെന്ന്‌ ഞാനും ചേച്ചിയും മനസ്സിൽ പറയും.

ഇത്തരം ഒരവസ്ഥയിൽ ഞാനെങ്ങനെ ഭീതിയോടെയല്ലാതെ ക്രൈസ്റ്റ്‌ കോളേജിലെ എന്റെ ഹോസ്റ്റലിനെ കാണും. പക്ഷെ, തികച്ചും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു എന്റെ ഹോസ്റ്റൽ ജീവിതത്തിൽ ഉടനീളം. ഒന്നാം ദിവസത്തെ അനുഭവം തന്നെ മധുരം. ആ മധുരം സമ്മാനിച്ചത്‌ ഗബ്രിയേലച്ചനായിരുന്നു.

ഹോസ്റ്റലിലെ ഒരു ദിവസം ആരംഭിക്കുന്നത്‌ വൈകുന്നേരം നാലു മണിക്ക്‌ ശേഷമാണ്‌. എല്ലാവരും കോളേജിൽ നിന്ന്‌ തിരികെ ഹോസ്റ്റൽ മുറിയിലെത്തുന്ന സമയം. ആദ്യത്തെ ദിവസം തിരികെ മുറിയിലെത്തി. ചിലർ പഠിക്കാനുള്ള പരിപാടിയിലാണ്‌. മറ്റു ചിലർ വീടുവിട്ടുവന്ന സങ്കടത്തിൽ പരസ്പരം നോക്കിയിരിക്കുന്നു. വാർഡൻ വന്ന്‌ പറഞ്ഞു:

കോളേജ്‌ പ്രിൻസിപ്പൽ ഗബ്രിയേലച്ചൻ നിങ്ങളെ വിളിക്കുന്നു. ‘വൈകുന്നേരം 6 മണി വരെ ഒരു കുട്ടിയും ഹോസ്റ്റൽ മുറിയിലിരിക്കരുത്‌-പുറത്ത്‌ പോയി കളിക്കണം. ഫുട്‌ബോൾ, ബാസ്കറ്റ്‌ബോൾ, ബാഡ്‌മിന്റൺ, വോളിബോൾ. എല്ലാത്തിനും സൗകര്യമുണ്ട്‌. കളിക്കാനറിയാത്തവർ പോയിരുന്ന്‌ കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക. ഇല്ലെങ്കിൽ  എന്റെ കൂടെ നടക്കാൻ വരാം. കുതിരപ്പുറത്ത്‌വേണമങ്കിൽ അങ്ങനെയുമാകാം’. പുറത്ത്‌ നിർത്തിയിരുന്ന തന്റെ കുതിരയെ ചൂണ്ടിക്കാട്ടി ഗബ്രിയേലച്ചൻ പറഞ്ഞു.

നീ നടക്കാൻ പോരേ’- എന്നെ ചൂണ്ടിക്കാട്ടി അച്ചൻ പറഞ്ഞു. ‘ഇല്ലച്ചോ ഞാൻ കളിക്കാൻ പോകുകയാണ്‌- ഞാൻ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിലേക്ക്‌ ചാടിയിറങ്ങി’. വൈകുന്നേരങ്ങളിൽ അച്ഛന്റെ ഒരുപതിവാണിത്‌. ഹോസ്റ്റലിലെ എല്ലാ മുറികളും കയറിയിറങ്ങും. അതെ,കുട്ടികൾ കളിക്കണം കളിച്ചു വളരണം. ഇന്ന്‌ എത്രപേർ ആ ചിന്താഗതിക്കാരുണ്ട്‌.

ഞായറാഴ്ചകൾ വരാൻ ഞങ്ങൾ കാത്തിരിക്കും. രാവിലെ പന്തയം വെച്ചുള്ള കളികൾ ഉണ്ടാകും. വിവിയനച്ചനും സെബാസ്റ്റ്യനച്ചനും ഉൾപ്പെടുന്ന ടീം ഒരുവശത്ത്‌. ഞങ്ങൾ എതിർ ടീം മറുവശത്ത്‌. പ്രോത്സാഹിപ്പിക്കാൻ ഹോസ്റ്റൽ അന്തേവാസികൾ മുഴുവനും. കൂടെ ഗബ്രിയേലച്ചനുമുണ്ടാകും. ഞായറാഴ്ച ഉച്ചഭക്ഷണം വിഭവസമൃദ്ധമാണ്‌. അതിനെക്കുറിച്ചോർക്കുമ്പോൾ ഇന്നും നാവിൽ  വെള്ളമൂറും. വെള്ളിയാഴ്ച വീട്ടിൽ പോകുന്ന അന്തേവാസികൾ  പോലും ഈ ഭക്ഷണത്തിനായി ഞായറാഴ്ച ഉച്ചയ്ക്ക്‌ ഓടി ഹോസ്റ്റലിലെത്തും.

ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ കൊഴിഞ്ഞുപോയതറിഞ്ഞില്ല. പ്രീഡിഗ്രി പരീക്ഷ പാസ്സായി. എറണാകുളം മഹാരാജാസ്‌ കോളേജിൽ ഞാൻ ഒരു ഡിഗ്രി വിദ്യാർത്ഥിയായി. ഒരാഴ്ച കഴിഞ്ഞപ്പോൾ മനസ്സിന്‌ ഒരു ചാഞ്ചാട്ടം. തിരികെ ക്രൈസ്റ്റ്‌ കോളേജിലേക്ക്‌ പോകണം. ആ ആഗ്രഹവുമായി ഗബ്രിയേലച്ചനെ സമീപിച്ചു. അച്ചൻ അന്നും ക്രൈസ്റ്റ്‌ കോളേജ്‌ പ്രിൻസിപ്പലാണ്‌. അച്ചന്റെ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.

മഹാരാജാസ്‌ കോളേജിൽ പഠനം തുടരണം. വിവിധ കാഴ്ചപ്പാടുള്ളവരുടെ ഇടയിൽ വളരണം. പഠിക്കണം, ലോകമെന്താണെന്ന്‌  മനസ്സിലാക്കാൻ നിന്നെയത്‌ സഹായിക്കും. ഭാവിജീവിതത്തിന്‌ അത്‌ നിനക്ക്‌ വളരെ ഗുണകരമായിരിക്കും. അന്ന്‌ മനസ്സിൽ സങ്കടം തോന്നി, നിരാശതോന്നി. അത്‌ താത്‌കാലികമായിരുന്നു. എന്റെ ജീവിതത്തിലുടനീളം പല സന്ദർഭങ്ങളിലും ആ വാക്കുകളുടെ വില ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

വർഷങ്ങൾ കഴിഞ്ഞ്‌ ഞാൻ ഒരു കാൻസർരോഗ ചികിത്സകനായി. നാലഞ്ചുവർഷം മുൻപൊരു ദിവസം അമല ഹോസ്പിറ്റൽ സന്ദർശിക്കാനിടയായി. ഗബ്രിയേലച്ചനെ കാണാൻ അവസരം ലഭിച്ചു. അച്ചന്റെ കൂടെയിരുന്ന്‌ കാപ്പികുടിക്കുന്നതിനിടയിൽ  എന്നെ അച്ചന്‌ പരിചയപ്പെടുത്തിയത് അമലയിലെ ഒരു ഡോക്ടറായിരുന്നു. ‘ഇത്‌ ഡോ. ഗംഗാധ.’ മുഴുമിച്ചില്ല.

ഗബ്രിയേലച്ചൻ തിരികെ പറഞ്ഞുതുടങ്ങി. ഇത്‌ ഗംഗാധരൻ, അവന്റെ ചേട്ടൻ ബാലചന്ദ്രൻ, വീട്ടുപേര്‌ വടവട്ടത്ത്‌, കൂടെ നടക്കാൻ വിളിച്ചാൽ അവൻ വരില്ല, ബാസ്‌ക്കറ്റ്‌ബോൾ കളിക്കാനോടും. ഞാൻ അന്തംവിട്ടിരുന്നുപോയി. നൂറാം വയസ്സിലും അച്ചനെല്ലാം ഓർത്തിരിക്കുന്നു. ഇന്നലെയെന്നപോലെ.....