ഴിഞ്ഞദിവസം ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു... കുശലം പറയാനെത്തിയ ഒരാള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സഹോദരിക്ക് കാന്‍സര്‍ ബാധിച്ചതിനെക്കുറിച്ചായിരുന്നു. അവര്‍ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. അവിടെവെച്ചാണ് അസുഖം കണ്ടെത്തിയതും കാര്യമായ ചികിത്സകളെല്ലാം എടുത്തതും.

'ഞങ്ങള്‍ ഭാഗ്യത്തിന് അവിടെ ആയിരുന്നതുകൊണ്ട് നല്ല ചികിത്സയെടുക്കാന്‍ പറ്റി... രക്ഷപ്പെട്ടു... ഇവിടെ ആയിരുന്നെങ്കില്‍ എന്തായേനേ...?' എന്നാണ് അവര്‍ ആശ്വാസത്തോടെ പറഞ്ഞത്.

അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതിനിപ്പോ... ഇവിടെയാണെങ്കിലും ബ്രെസ്റ്റ് കാന്‍സറിന് നല്ല ട്രീറ്റ്മെന്റ് കിട്ടുമല്ലോ... ഒരു കുഴപ്പവുമില്ല.'

'ഓ... ഡോക്ടറേ... ഇവിടത്തെ കാര്യമൊക്കെ നമുക്ക് അറിയാവുന്നതല്ലേ...?'

നമ്മുടെ മിക്ക ആളുകളുടെയും മനോഭാവം തന്നെയാണ് അവരും പ്രകടിപ്പിച്ചത്. വിദേശത്ത് കിട്ടുന്നത് നമുക്കിവിടെ കിട്ടുന്നതിനെക്കാള്‍ വളരെ മികച്ച ചികിത്സയാണ് എന്ന വിചാരം. ഇത് ചികിത്സയുടെ കാര്യത്തില്‍ മാത്രമല്ല... മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താലും സ്ഥിതി ഇതുതന്നെ. നമ്മുടെ ഇവിടത്തെ എം.ഡി. മെഡിസിന് തുല്യമാണ് വിദേശത്തെ എം.ആര്‍.സി.പി. എന്നാല്‍, പൊതുവേയുള്ള വിചാരം എം.ഡി. മെഡിസിന്‍ എന്നത് ഒരു സാധാരണ പി.ജി. കോഴ്സ് ആണെന്നും എം.ആര്‍.സി.പി. എന്നാല്‍ എന്തോ വളരെ സ്‌പെഷ്യല്‍ ആയ ബിരുദമാണെന്നുമാണ്.

വാസ്തവത്തില്‍ നമ്മുടെ നാട്ടില്‍ എം.ഡി. ചെയ്യുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് കിട്ടുന്നത്ര മികച്ച ചികിത്സാ പരിചയമൊന്നും വിദേശത്ത് പഠിക്കുന്നവര്‍ക്ക് കിട്ടുകയില്ല. സിലബസ് വെച്ച് നോക്കിയാലും നമ്മുടെ എം.ഡി.ക്ക് പഠിക്കുന്നവര്‍ക്കുള്ള അത്രയൊന്നുമില്ല പല വിദേശ ബിരുദാനന്തര ബിരുദങ്ങളിലും.

നമ്മുടെ എം.എസ്. കോഴ്സിന് തുല്യമാണ് എഫ്.ആര്‍.സി.എസ്. പക്ഷേ, വിദേശത്തു നിന്ന് എഫ്.ആര്‍.സി.എസ്. എടുത്തയാള്‍ എന്നു കേട്ടാല്‍ എന്തോ വളരെ വലിയ കാര്യമായിട്ടാണ് നമ്മള്‍ കാണാറുള്ളത്.

നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ള പലര്‍ക്കുമുണ്ട്, ഇവിടത്തെ ചികിത്സാ സൗകര്യങ്ങള്‍ മോശവും വിദേശത്തേത് വളരെ മികച്ചതുമാണ് എന്ന തെറ്റായ ധാരണ. വിദേത്തുള്ള ചില ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് നമ്മുടേതിനെക്കാള്‍ നിലവാരമുണ്ട് എന്നതു ശരിയാണ്. അതു പക്ഷേ, വിദേശത്തെ പൊതുവായ കാര്യമല്ല.

നമ്മുടെ നാടിനെക്കുറിച്ചും നമ്മുടെ ശേഷികളെക്കുറിച്ചും ആളുകള്‍ക്ക് പൊതുവെ ഒരു അവബോധം കുറവാണ്. ഗള്‍ഫില്‍ പലയിടത്തും പോകുമ്പോള്‍ എവിടെ ചെന്നാലും അവിടത്തെ ഭരണാധികാരിയുടെ ചിത്രം വെച്ചിരിക്കുന്നത് കാണാം. അതൊരു നിയമമൊന്നുമല്ലെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും കാണാം ഭരണാധികാരിയുടെ ചിത്രം. അത് വെയ്ക്കുന്നതുകൊണ്ട് അവര്‍ക്ക് ചില കാര്യങ്ങളിലൊക്കെ ചില ആനുകൂല്യങ്ങള്‍ അനുഭവിക്കാനും കഴിയുമായിരിക്കും. നമ്മുടെ നാട്ടില്‍ പക്ഷേ, ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ചിത്രം പോലും വളരെ ചുരുക്കമായേ കാണാറുള്ളു.

നമ്മള്‍തന്നെ വിദേശരാജ്യങ്ങളില്‍ ചെന്നാല്‍ അവിടത്തെ നാഷണല്‍ ഡേയ്ക്ക് ആ രാജ്യത്തെ പതാകയൊക്കെ വാഹനങ്ങളില്‍ കുത്തി സഞ്ചരിക്കും. എന്നാല്‍, നമ്മുടെ സ്വാതന്ത്ര്യദിനം വന്നാല്‍പ്പോലും നമുക്കത് അത്ര ആഘോഷമൊന്നുമല്ല. നമ്മുടെ സ്വാതന്ത്ര്യസമരവും അതിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തതുമൊക്കെ ആര്‍ക്കും അഭിമാനകരമാണെങ്കില്‍പ്പോലും ഇപ്പോള്‍ നമ്മള്‍ അതിനെയൊന്നും അത്ര കാര്യമാക്കുന്നില്ലെന്നതാണ് സത്യം.

നമ്മുടെ കായികതാരങ്ങള്‍ പുറത്തുപോയി വലിയ വിജയങ്ങള്‍ നേടിയാലും നമ്മുടെ ആളുകള്‍ അത് ആഘോഷിക്കുകയോ അതിനെ ദേശീയ അഭിമാനത്തിന്റെ കാര്യമായി കാണുകയോ ചെയ്യാറില്ല.

നമ്മള്‍ വിദേശരാജ്യങ്ങളില്‍ വിമാനത്തിലൊക്കെ ചെന്നിറങ്ങുമ്പോള്‍ അവിടെ കൗണ്ടറിലുള്ളവരുടെ പെരുമാറ്റം നോക്കിയാല്‍ മതി. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ കാര്യങ്ങള്‍ വിശദീകരിച്ചു തരാന്‍പോലും ആരും തയ്യാറാവാറില്ല. നമ്മുടെ നാട്ടിലാണെങ്കിലോ എന്തെങ്കിലുമൊരു ചെറിയ കുറവുണ്ടായാല്‍ പോലും വലിയ പ്രശ്‌നമാക്കും. നമ്മുടെ നാട്ടിലെത്തുന്ന വിദേശികളോടൊക്കെ വേണ്ടത്രയോ അതിലധികമോ ബഹുമാനത്തോടെയാണ് പെരുമാറാറുള്ളത്.

നമ്മുടെ ആശുപത്രികളിലാണെങ്കിലും ഒരു വിദേശിയാണ് ചികിത്സയ്ക്ക് വരുന്നതെങ്കില്‍ പ്രത്യേക പരിഗണനയോടെയേ പെരുമാറാറുള്ളു.

മറ്റുള്ളവരോട് ബഹുമാനം പുലര്‍ത്തണം... അത് വിദേശിയായാലും നാട്ടുകാരായാലും. അതല്ലാതെ, നമ്മുടേത് കുറഞ്ഞതാണ് വിദേശിയുടേത് കൂടിയതാണ് എന്ന ധാരണ മനസ്സില്‍ നിന്ന് മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

ഓരോ കുട്ടിയുടെയും മനസ്സില്‍ 'നമ്മള്‍ ഇന്ത്യക്കാരാണ്' എന്ന അഭിമാനബോധം ഉണ്ടാകണം. കാര്യങ്ങള്‍ ശരിയായി കാണാനും മനസ്സിലാക്കാനുമുള്ള സ്വാതന്ത്ര്യമൊക്കെ നാം വിനിയോഗിക്കുകതന്നെ വേണം... ശരിയാണ്. പക്ഷേ, അത് സ്വയം വിലകുറച്ച് കണ്ടുകൊണ്ടാവരുത്.

ഇന്നിപ്പോള്‍ ഒരുവിധം ഏതു കാര്യത്തിലും ലോകത്തെ ഒരുവിധം രാജ്യങ്ങളിലെ അവസ്ഥകളോട് ഒപ്പം നില്‍ക്കാന്‍ നമ്മുടെ ഇന്ത്യക്കു കഴിയും. കഴിഞ്ഞ പത്തെഴുപതു കൊല്ലം കൊണ്ട് നാം നേടിയെടുത്ത വലിയ വളര്‍ച്ചയാണത്. അതിനനുസരിച്ച് നമ്മുടെ ആത്മാഭിമാനവും ആത്മബോധവും വികസിച്ചിട്ടുണ്ടോ എന്നു പക്ഷേ, സംശയമാണ്. അത് അനാവശ്യമായ പൊങ്ങച്ചവാദങ്ങളോ സങ്കുചിതത്വമോ ആവേണ്ടതില്ല. പക്ഷേ, ഇന്ത്യക്കാരായിരിക്കുന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാനുള്ള വക ഇന്നു നമുക്കുണ്ട്... പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍.

Content Highlight: proud to be an Indian,Proud Indian,VPG,Oncologist VPG