വീട് നല്‍കാത്തതിന് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടി...'രാവിലത്തെ പത്രവാര്‍ത്ത എന്നെ ഞെട്ടിച്ചില്ല. ഇതൊരു അപസ്വരം മാത്രം. 

അമ്മയെ സ്‌നേഹിക്കുന്ന, പൊന്നുപോലെ സൂക്ഷിക്കുന്ന വ്യത്യസ്തരായ രണ്ട് മക്കളുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു. ആ മക്കളെ ഒരിക്കലും ദുഃഖിപ്പിക്കരുതെന്നും അവര്‍ പ്രായമായ ഈ അമ്മമാര്‍ക്കുവേണ്ടി വേവലാതിപ്പെടരുതെന്നും രഹസ്യമായി എന്നോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ ആ അമ്മമാരുടെ ചിത്രവും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ അമ്മയെ കൊന്നു കുഴിച്ചുമൂടിയ പത്രവാര്‍ത്തയ്ക്ക് എന്ത് പ്രസക്തി? അതെ, സ്വരങ്ങള്‍ക്കിടയിലെ ഒരു അപസ്വരം മാത്രം. 

അപസ്വരങ്ങള്‍ തെളിച്ച് പ്രദര്‍ശിപ്പിക്കാനും കേള്‍പ്പിക്കാനുമാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് താത്പര്യം. അത്തരം കഥകള്‍ കേള്‍ക്കാനും അതുകേട്ട് സന്തോഷിക്കാനും ആ വാര്‍ത്തകള്‍ പങ്കുവയ്ക്കാനുമാണ് മനുഷ്യമനസ്സുകള്‍ക്കും ഇഷ്ടം. അതിനിടയിലും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ഞാന്‍ കഴിഞ്ഞയാഴ്ച കണ്ടുമുട്ടിയ ആ രണ്ട് മക്കളാണ്. ഈ ലക്കത്തിലെ എന്റെ രണ്ട് കഥാപാത്രങ്ങള്‍.

'അമ്മയുടെ അസുഖം കൂടുതലാണ്' എന്ന് ഞാന്‍ രാജനെ അറിയിച്ച നിമിഷം. ആ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'എന്തുവിലകൊടുത്തും അമ്മയെ...'വാക്കുകള്‍ രാജന്റെ തൊണ്ടയില്‍ തടഞ്ഞു.'അമ്മയെ ഞങ്ങള്‍ക്ക് വേണം സാര്‍...' രാജന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു. 

മരുന്നിന്റെ വില കേട്ടപ്പോള്‍ രാജന്‍ അന്ധാളിച്ച് ഇരുന്നുപോയി. ലക്ഷങ്ങള്‍ വിലവരുന്ന മരുന്നുകള്‍ തന്റെ കൊക്കിലൊതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കിയിട്ടാകാം. ഒരു നെടുവീര്‍പ്പോടെ രാജന്‍ തുടര്‍ന്നു: 'അമ്മയെ രക്ഷപ്പെടുത്താമെങ്കില്‍ എന്തുവിലകൊടുത്തും ഞാനതിനിറങ്ങും സാറേ.സാറെനിക്ക് വാക്കുതന്നാല്‍ മതി.' -രാജന്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

മറുപടി പറയാന്‍ ഞാന്‍ അശക്തനായിരുന്നു. എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ അയാള്‍ തുടര്‍ന്നു.

'സാരമില്ല സാറേ...സാറ് ശ്രമിച്ചുനോക്ക്. അമ്മയില്ലാത്ത ഒരു ജീവിതം, അതെനിക്ക് വേണ്ട സാറേ.' -രാജന്‍ തേങ്ങിത്തേങ്ങി കരഞ്ഞു.

കരച്ചില്‍ കേട്ടിട്ടാകണം അമ്മ പതുക്കെ മുറിയിലേക്ക് കയറിവന്നു.'നീ എന്തിനാടാ കരയണേ...?'രാജന്റെ തലയില്‍ കൈവെച്ച് അമ്മ ചോദിച്ചു.സങ്കടം സഹിക്കാനാകാതെ രാജന്‍ വേഗം മുറിവിട്ടിറങ്ങി.

'എനിക്ക് വിലകൂടിയ മരുന്നൊന്നും കുറിക്കേണ്ട സാറേ. എഴുപത് കഴിഞ്ഞ ഞാനിനി എത്രനാള്‍.'അമ്മ ഒരു ഗദ്ഗദത്തോടെ തുടര്‍ന്നു.

'അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു.എന്റെ രണ്ട് ആണ്‍ മക്കള്‍.അവര്‍ കൂലി വേലയെടുത്തും പത്രം വിതരണം ചെയ്തും സ്വയം അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയി. കൂടെ പഠനവും.'

അതിനിടെ അവരുടെ വിവാഹവും കഴിഞ്ഞു.കുട്ടികളുമുണ്ട്.അവരുടെ തുച്ഛമായ ശമ്പളം, അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. അവരെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു ചികിത്സയും എനിക്ക് വേണ്ട സാറേ. ഞാന്‍ അവര്‍ക്ക് ഒന്നും ചെയ്തുകൊടുത്തിട്ടില്ല. കുട്ടിക്കാലം നഷ്ടപ്പെട്ട രണ്ടുമക്കള്‍.അവര്‍ ജീവിക്കട്ടെ സാറേ.ഞാന്‍ സന്തോഷത്തോടെ അവരെ സ്വര്‍ഗത്തിലിരുന്ന് കണ്ടോളാം.' -ആ അമ്മയുടെ കണ്ണുകളില്‍ തിളക്കം.

രണ്ടുമക്കളും കൂടി അകത്തേക്ക് കയറിവന്ന് അമ്മയുടെ തോളില്‍ മുറുകെപ്പിടിച്ചുകൊണ്ടു നിന്നു.'ഒരു മരണത്തിനും ഈ അമ്മയെ ഞങ്ങള്‍ വിട്ടുകൊടുക്കില്ല' എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നതുപോലെ.

രണ്ടാമത്തെ കഥാപാത്രം ഒരു പെണ്‍കുട്ടിയാണ്. പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യയ്ക്ക് വരെ ശ്രമിക്കുന്ന ഈരാജ്യത്ത്, ഇങ്ങനെ ഒരു പെണ്‍കുട്ടി മകളായി ജനിച്ചിരുന്നെങ്കില്‍ എന്ന് അച്ഛനമ്മമാര്‍ പ്രാര്‍ത്ഥിക്കട്ടെ.

'അമ്മയുടെ ഓപ്പറേഷന് എന്തെങ്കിലും സഹായം ലഭിക്കുമോ.' എന്ന മുഖവുരയോടെയാണ് മുഖശ്രീയുള്ള ആ പെണ്‍കുട്ടി എന്റെ മുറിയിലേക്ക് കടന്നുവന്നത്. 'എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ മതി സാറേ. ഇല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തിക്കൊള്ളാം.'ആ കുട്ടിയുടെ വിനയമാണ് എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത്.

'എങ്ങിനെ കണ്ടെത്തും?' ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു.

'വീടുപണിക്കായി മൂന്നുലക്ഷം രൂപ കടമെടുത്തിട്ടുണ്ട് സാറേ. അതിന്റെ കൂടെ കുറച്ചുകൂടി കടം എടുക്കും. കുറേശ്ശെ കുറേശ്ശെ അടച്ചുതീര്‍ക്കാം. ഇനിയും എന്റെ ജീവിതം ബാക്കിയുണ്ടല്ലോ.ഞാന്‍ ഒറ്റമോളാണ് സാറേ.പ്രായമുള്ള എന്റെ അച്ഛന്റേയും അമ്മയുടെയും ഒരേ ഒരു മോള്‍. അവര്‍ക്ക് തണലായി ഞാന്‍ എന്നും കാണും. അവര്‍ക്കും ആ തണല്‍ മാത്രം മതി സാറേ.'അവള്‍ കരഞ്ഞില്ല. ആ കണ്ണില്‍ ഞാന്‍ കണ്ടത് അവളുടെ ആത്മവിശ്വാസമാണ്, ദൃഢനിശ്ചയമാണ്. 15,000 രൂപ മാത്രം പ്രതിമാസ സ്‌റ്റൈപ്പന്റായി ലഭിക്കുന്ന ഒരു വിദ്യാര്‍ഥിനി. അവളെ ഞാന്‍ മനസ്സുകൊണ്ട് നമിച്ചു.

'ഇവളെ നമുക്ക് സഹായിക്കണം സാറേ..'ഒ.പി.യില്‍ ഉണ്ടായിരുന്ന എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു.
'അതെ...'ഞാനും അത് ഏറ്റുപറഞ്ഞു.

ഇത്തരം മക്കളുണ്ടെന്ന് നാം അറിയുന്നപോലെ, പൊതുജനവും അറിയണം. ഇവരെയാണ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ പൊതുജനത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടത്.

അമ്മയെ കൊന്ന് കുഴിച്ചുമൂടിയവനെയും സയനൈഡ് കൊടുത്ത് കൊന്നവരേയുമൊക്കെ മനസ്സിന് പുറത്തുനിര്‍ത്തുക. അച്ഛനമ്മമാരെ സ്‌നേഹിക്കുന്ന മക്കള്‍. അവര്‍ക്കുവേണ്ടി കരയുന്ന, മക്കള്‍ക്കുവേണ്ടി കരുതുന്ന അച്ഛനമ്മമാര്‍. ജീവിതം എത്ര സുന്ദരം. അതില്‍ ചില അപസ്വരങ്ങള്‍ ഉണ്ടെന്നുമാത്രം.

Content Highlights: Oncologist VP Gangadharan, VP Gangadharan, VPG