കുട്ടിക്കാലത്ത് സന്ധ്യയ്ക്ക് അമ്മൂമ്മയുടേയും അമ്മയുടേയും കൂടെയിരുന്ന് പാടിയിരുന്ന കീര്‍ത്തനം. 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം,പാവമാം ഞങ്ങളെ കാക്കുമാറാകേണം...'

'ഗംഗേ, കൈകൂപ്പി തൊഴുതുകൊണ്ട് പാട്. അല്ലെങ്കില്‍ ദൈവം ഇതൊന്നും ചെവിക്കൊള്ളില്ല...'അമ്മൂമ്മയുടെ സ്വരം ചെവിയില്‍.

അഞ്ചാറുമാസം മുമ്പ് നെന്മാറയില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചത് ചുറുചുറുക്കുള്ള സുന്ദരിയായ ഒരു അമ്മൂമ്മയായിരുന്നു. അമ്മൂമ്മ വരികള്‍ കുറച്ചൊന്ന് മാറ്റി ആലപിച്ചു...

'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, പാവമീ പെന്‍ഷനേഴ്സിനെ കാക്കുമാറാകേണം. 

മനസ്സില്‍ ചിരിയുടെ അമിട്ട് പൊട്ടി. പ്രാര്‍ത്ഥനയായതുകൊണ്ട് എല്ലാവരും ചിരിയടക്കിനിന്നു.

'പെന്‍ഷനറായ ആ അമ്മൂമ്മയേയും ദൈവം കാക്കും. അമ്മൂമ്മ കണ്ണടച്ച് കൈകൂപ്പി ആത്മാര്‍ത്ഥമായി മനസ്സുരുകി ആലപിച്ച ആ വരികള്‍ ദൈവം കേള്‍ക്കാതിരിക്കില്ല...'എന്റെ മനസ്സ് പറഞ്ഞു.

പക്ഷേ, ഞാന്‍ രണ്ടുദിവസം മുമ്പ് കണ്ട കാഴ്ച, കേട്ട പ്രാര്‍ത്ഥന. അത് ആ മുറിക്കപ്പുറം പോയിക്കാണില്ല. പക്ഷേ, അതാണ് ന്യൂജെന്‍ പ്രാര്‍ത്ഥന. സാങ്കേതിക മുന്നേറ്റങ്ങള്‍ പ്രാര്‍ത്ഥനകളേയും സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ വയസ്സനായ ഞാന്‍ താമസിച്ചുപോയതാണോ എന്നൊരു ശങ്കമാത്രം മനസ്സില്‍.

മരണാസന്നനായി കിടക്കുന്ന ഒരു രോഗി. ഞാന്‍ ആ രോഗിയെ പരിശോധിക്കാന്‍ മുറിയിലേക്ക് കടന്നുചെന്നതാണ്. രോഗിയുടെ മൂക്കില്‍ ആഹാരം നല്‍കാനുള്ള കുഴല്‍. പ്രാണവായു ശ്വസിക്കാനുള്ള മാസ്‌ക് മുഖത്തെ ഭാഗികമായി മറച്ചിരിക്കുന്നു. ശ്വാസം ഇടവിട്ടിടവിട്ട് മാത്രം. എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന രണ്ട് കുഴലുകളാണ്. ആ കുഴലിന്റെ മറ്റേ അറ്റം ഘടിപ്പിച്ചിരിക്കുന്നത് ഒരു ഫോണിലേക്കാണ്. ഇടക്കിടക്ക് മിന്നിമറയുന്ന ഫോണിന്റെ സ്‌ക്രീനിലേക്ക് ഞാനൊന്ന് കണ്ണോടിച്ചു. '1001 ചാന്റിങ്' എന്ന് ഇടക്കിടയ്ക്ക് തെളിഞ്ഞുകാണാമായിരുന്നു.

ഒരറ്റം ഫോണില്‍ നിന്ന് മാറ്റിയപ്പോള്‍ കേള്‍ക്കാം മുറതെറ്റാതെയുള്ള നാമജപം. നാമജപം കേട്ടുകൊണ്ട് അച്ഛന് മരിക്കാന്‍ ന്യൂജന്‍ മക്കള്‍ തിരഞ്ഞെടുത്ത ഒരു അത്യാധുനിക മാര്‍ഗം.

'ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും..' എന്ന തത്ത്വം മനസ്സില്‍ കൊണ്ടായിരിക്കാം, എന്റെ മനസ്സ് സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

എന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി. അത് മുറിയിലെ മറ്റു കാഴ്ചകളിലേക്ക് കണ്ണോടിച്ചപ്പോഴാണ്. മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ അതേ മുറിയിലിരുന്ന് ടി.വി. സ്‌ക്രീനിലെ രംഗങ്ങള്‍ കണ്ട് ആര്‍ത്തുല്ലസിക്കുന്ന കാഴ്ച അവിശ്വസനീയമായി തോന്നി. അതില്‍ ഒരാളെങ്കിലും അദ്ദേഹത്തിന്റെ സമീപത്തിരുന്ന് നാമജപം നടത്തിയിരുന്നെങ്കില്‍ അദ്ദേഹം മനഃസമാധാനത്തോടെ കണ്ണടച്ചേനെ.

പാവം മനുഷ്യന്‍. ചെറിയില്‍ മുഴങ്ങുന്ന മന്ത്രജപം അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടാകും. ആ യന്ത്രം ചെവിയില്‍ നിന്നൊന്ന് മാറ്റിയിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ചുകാണും. അദ്ദേഹത്തിന്റെ ഒരു നിസ്സഹായാവസ്ഥ. ആ ചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു.

മനസ്സില്‍ അമ്മയുടെ അവസാന നാളുകള്‍ തെളിഞ്ഞുവന്നു. അമ്മ കണ്ണടച്ചു കിടക്കും. പെറ്റമ്മയല്ലെങ്കിലും ഞാന്‍ മാതൃതുല്യം സ്‌നേഹിച്ചിരുന്ന ശാന്താ നമ്പ്യാര്‍ കീര്‍ത്തനങ്ങളും നാമജപവുമായി അമ്മയുടെ അടുത്തുണ്ടാകും. ഈണത്തിലുള്ള ആ കീര്‍ത്തനങ്ങളും നാമജപവും ഇന്നും ചെവിയില്‍ മുഴങ്ങുന്നു. അമ്മയ്ക്ക് കിട്ടിയ ഒരു അപൂര്‍വ ഭാഗ്യം.

ഐ.സി.യു.വിലെ മറ്റൊരു സംഭവം മനസ്സില്‍ തെളിഞ്ഞുവന്നു. ഐ.സി.യു.വിലേക്ക് കടന്നുചെല്ലുമ്പോള്‍ എല്ലാവരും തിരക്കില്‍. ഡോക്ടര്‍മാരോ നഴ്സുമാരോ അല്ല തിരക്കിട്ട് ഓടുന്നത്, ഐ.ടി. വിഭാഗത്തിലെ സാങ്കേതിക വിദഗ്ധര്‍. ഒരു രോഗിയുടെ അവസാന നിമിഷങ്ങള്‍ അമേരിക്കയിലുള്ള മകളെ കാണിക്കാന്‍ തത്രപ്പെടുന്ന കാഴ്ചയായിരുന്നു അത്.

നഴ്സ് എന്റെയടുത്ത് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. അവരുടെ മകള്‍ക്ക് ഇവിടെയെത്താന്‍, അമ്മയുടെ അവസാന നിമിഷങ്ങളില്‍ കൂടെനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതുകൊണ്ട്, അവരുടെ അഭ്യര്‍ത്ഥന മാനിച്ച് ആശുപത്രി അധികൃതര്‍ ഒരുക്കിക്കൊടുത്ത സംവിധാനമാണത്രെ ഇത്. ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില മാറ്റങ്ങള്‍. മനസ്സ് വീണ്ടും ശാന്തമാക്കാന്‍ ശ്രമിച്ചു.

മനസ്സ് വീണ്ടും അസ്വസ്ഥമായി. അത് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലെ ഒരു സംഭവമാണ്. വിമാനത്തിലെ യാത്രക്കാരെല്ലാം അവരവരുടെ സീറ്റില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. എന്റെ പിറകിലത്തെ സീറ്റിലിരുന്ന് ഒരു പെണ്‍കുട്ടി ഉച്ചത്തില്‍ സുഹൃത്തിനോട് സംസാരിക്കുന്നത് തെളിഞ്ഞുകേള്‍ക്കാം. 

'എന്റെ അമ്മയ്ക്ക് ടി.വി. സീരിയലുകളോടുള്ള കമ്പം നിനക്കറിയാമല്ലോ... അമ്മയ്ക്ക് മാത്രമല്ല, വീട്ടിലെ എല്ലാവര്‍ക്കും...' അവള്‍ കൂട്ടിച്ചേര്‍ത്തു: 'അത് കണ്ടു കൊണ്ടിരിക്കുമ്പോഴായിരിക്കും സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും വരവ്. അമ്മ കണ്ണിറുക്കിക്കാണിച്ചുകൊണ്ട് പറയും. എല്ലാവരും നാമജപത്തിലാണെന്ന് പറയ്... അവര്‍ പൊയ്‌ക്കോളും. 'സന്ധ്യാനേരത്തെ നാമജപത്തിന്റെ പരോക്ഷമായ മറ്റൊരു ഗുണം...'മനസ്സ് മന്ത്രിച്ചു.

അമ്പലങ്ങളില്‍ അഭിഷേകത്തിന് കണ്‍വേയര്‍ ബെല്‍റ്റ് വഴി സംവിധാനങ്ങള്‍ വരും. ജീവനുള്ള പാണ്ടിമേളവും പാഞ്ചാരിമേളവും ആധുനിക സാങ്കേതികവിദ്യകള്‍ക്ക് മുന്നില്‍ വഴിമാറിക്കൊടുക്കേണ്ടതായി വരും. റോബോട്ടുകള്‍, കൃത്യമായി ആ ജോലികള്‍ ഏറ്റെടുക്കും. ആരാധനാലയങ്ങളിലെ പ്രസാദം വീട്ടിലെത്തിക്കാനുള്ള 'ബൈക്ക് യുവാക്കള്‍' രംഗത്തിറങ്ങും. എല്ലാ ദേവാലയങ്ങളും ആരാധനകളും നമ്മുടെ വീട്ടിലെ ടി.വി./കംപ്യൂട്ടര്‍ സ്‌ക്രീനിലെത്തും. അങ്ങിനെ നാം ഒരു യന്ത്രമനുഷ്യന് തുല്യമാകും. നമ്മുടെ മനസ്സ് യന്ത്രവത്കരിക്കപ്പെടും. അന്ന് അവിടെ, ഈ പ്രാര്‍ത്ഥനകള്‍ക്ക് പ്രസക്തിയുണ്ടാകുമോ ആവോ 'ദൈവമേ കൈതൊഴാം...'പ്രസക്തിയുണ്ടാകും... പക്ഷേ, പാടുന്നത്, ഏറ്റു ചൊല്ലുന്നത് യന്ത്രങ്ങളായിരിക്കുമെന്നു മാത്രം.

Content Highlights: Oncologist VP Gangadharan, VPG,