ചേച്ചിയുടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി, തികച്ചും ശൂന്യമായൊരു മനസ്സോടെ കോട്ടയത്തെ ആ പഴയ വീട്ടുമുറ്റത്ത് മരത്തണലില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തിരക്കൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് മരണാനന്തര കര്‍മങ്ങള്‍ക്കെത്തിയ പൂജാരി 'പുനര്‍ജന്മത്തെ'ക്കുറിച്ചും 'മോക്ഷത്തെ'ക്കുറിച്ചുമൊക്കെ പറയാന്‍ തുടങ്ങിയത്.

ചേച്ചിയുടെ ആത്മാവിന് മോചനമായെന്നും മോക്ഷംപ്രാപിച്ച ആത്മാവിന് ഇനി പുനര്‍ജന്മങ്ങളെടുത്ത് അലയേണ്ടിവരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'ജ്ഞാനപ്പാന'യിലെ വരികളെ ഓര്‍മിപ്പിക്കുംവിധം അദ്ദേഹം ഈ ജന്മത്തെക്കുറിച്ചും മുന്‍കാല ജന്മങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു. 'പല പല ജന്മങ്ങള്‍ പല രൂപത്തില്‍ കഴിഞ്ഞ്, പുണ്യംനേടി ഒടുവിലാണ് മനുഷ്യജന്മമെടുക്കുന്നത്' എന്നാണ് അവിടെ പറയുന്നത്.

'ജ്ഞാനപ്പാന'യില്‍ പറയുന്നതുപോലെ

'എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്മം അരിച്ചുനടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ് കഴിഞ്ഞതും' ഒക്കെ പിന്നിട്ട് നേടിയ 'മനുഷ്യജന്മ'ത്തില്‍ പുണ്യപ്രവൃത്തികള്‍ ചെയ്ത് 'മോക്ഷം' നേടാന്‍ കഴിയണമെന്നാണ് പൂജാരി പറഞ്ഞത്. പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതുകൊണ്ടാണ് മോക്ഷമെങ്കില്‍ ചേച്ചിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആലോചിക്കാനൊന്നുമില്ലല്ലോ. 

എനിക്കുപക്ഷേ, അദ്ദേഹത്തിന്റെ പുനര്‍ജന്മ സിദ്ധാന്തത്തില്‍ ചില തിരുത്തലുകളാണ് തോന്നിയത്. അദ്ദേഹത്തിന്റെ മന്ത്രവും 'ജ്ഞാനപ്പാന' പോലുള്ള തത്ത്വചിന്തകളും തിരിച്ചുചൊല്ലേണ്ട കാലമല്ലേ ഇതെന്നായിരുന്നു എന്റെ സംശയം.

'മനുഷ്യനായ് പിറക്കുന്നതിനെക്കാള്‍ പുണ്യം മൃഗജന്മങ്ങള്‍ക്കായിരിക്കില്ലേ...'എന്ന് തോന്നിപ്പോവും ഒന്നാലോചിച്ചാല്‍!

മനുഷ്യജന്മമെടുത്താല്‍ ഈ ജന്മത്തില്‍ത്തന്നെ എത്രയെത്ര ഘട്ടങ്ങള്‍ താണ്ടിയാണ് നമ്മള്‍ 'മരണം' എന്ന പടവിലേക്ക് എത്തുന്നത്! മനുഷ്യജന്മം കിട്ടിയാല്‍ എത്രയോകാലം അനങ്ങാന്‍പോലും കഴിയാതെ വെറുതേ കിടക്കണം. പതുക്കെ നടക്കാനോ ഇഴയാനോ ഉള്ള കഴിവ് നേടിക്കഴിഞ്ഞാല്‍പ്പോലും ഒന്നുരണ്ടു വര്‍ഷം മതിയാവില്ല, സ്വയം നടക്കാനും ഓടാനും സ്വന്തം കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള കഴിവ് ലഭിക്കാന്‍. മൃഗങ്ങള്‍ക്ക് ഈ പൊല്ലാപ്പുകളൊന്നുമില്ലല്ലോ... ജനിച്ചുവീണ് ഏതാനും മണിക്കൂറുകള്‍ക്കകം അവ എഴുന്നേറ്റുനടക്കാനും സ്വന്തംകാര്യം സ്വയം തേടാനുമുള്ള കഴിവ് നേടിത്തുടങ്ങും. ചില ജീവികള്‍ക്ക് ഏതാനും ആഴ്ചകള്‍ അമ്മയുടെയോ അച്ഛന്റെയോ പരിചരണം വേണ്ടിവന്നേക്കാം. എന്നാലും അത് പരമാവധി ഏതാനും ആഴ്ചകളോളം മതി.

മനുഷ്യ ജന്മത്തിലോ! എത്രയോ വര്‍ഷം അച്ഛനമ്മമാരുടെ സഹായത്തോടെ അലഞ്ഞലഞ്ഞാണ് പൂര്‍ണവളര്‍ച്ചയിലേക്ക് എത്തുക! ഓരോ ഘട്ടവും കഴിയുമ്പോഴാകട്ടെ മനുഷ്യ ജന്മത്തില്‍ കുരുക്കുകള്‍ മുറുകി മുറുകിയാണ് വരിക.

ഞങ്ങളുടെ കൊച്ചുമകള്‍ ചിത്രാനി ആര്യ അവളുടെ വിശിഷ്ടമായ മനുഷ്യജന്മത്തില്‍ ഒരുഘട്ടം പൂര്‍ത്തിയാക്കി, അടുത്തഘട്ടത്തിലേക്ക് കടന്നു. അവള്‍ പ്ലേ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്കൊക്കെ അത് ആഹ്ലാദവും ആഘോഷവും നല്‍കുന്ന കാര്യമാണ്. എന്നാല്‍, അവള്‍ക്ക് പാരതന്ത്ര്യത്തിന്റെ ആദ്യത്തെ പടവല്ലേ അത് എന്ന് എനിക്ക് തോന്നാറുണ്ട്. മുമ്പ് അവള്‍ക്ക് തോന്നുമ്പോള്‍ ഉണര്‍ന്ന്, തോന്നുന്നത്ര സമയം കളിച്ചുതിമിര്‍ത്ത് ഞങ്ങളോടൊക്കെ കല്‍പനകള്‍ പുറപ്പെടുവിച്ച്, സദാ കൊച്ചുരാജകുമാരിയായി കഴിഞ്ഞാല്‍ മാത്രം മതിയായിരുന്നല്ലോ. ഇപ്പോള്‍ സമയത്ത് എഴുന്നേല്‍ക്കണം, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയത്ത് ഭക്ഷണം കഴിക്കണം, കുറേനേരം അവളുടെ അമ്മയുടെയും മുത്തച്ഛന്റെയും ഒക്കെയടുത്തുനിന്ന് വിട്ട് പുതിയൊരു ലോകത്തേക്ക് പറക്കാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടണം. അവളുടെ സമാധാനം കുറയുകയാണോ കൂടുകയാണോ ചെയ്യുന്നത്...?

ഈ ജന്മത്തില്‍ത്തന്നെ അവള്‍ ഇനിയും എത്രയോ ഘട്ടങ്ങള്‍ താണ്ടിയാണ് ജീവിതയാത്ര തുടരേണ്ടത്. 'എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും, എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും, എത്ര ജന്മം അരിച്ചു നടന്നതും' ഒക്കെയായി 'ജ്ഞാനപ്പാന'യില്‍ പറയുന്ന ആ ജന്മജന്മാന്തരങ്ങളുടെയൊക്കെ കണക്ക് ഒരൊറ്റ ജന്മത്തില്‍ പിന്നെയും അനുഭവിക്കുകയല്ലേ മനുഷ്യര്‍...?

അപ്പോള്‍, മനുഷ്യജന്മം എത്രയോ കൂടുതല്‍ സങ്കീര്‍ണവും എത്രയോ വിഷമംപിടിച്ചതുമാണ്. ഇതിനെക്കാള്‍ എത്രയോ ലളിതമാണ് മൃഗജന്മങ്ങള്‍ !

ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ ഒരാള്‍ പറഞ്ഞത് എനിക്ക് ഓര്‍മ വന്നു. 'ഒരുതരത്തില്‍ പറഞ്ഞാല്‍, മനുഷ്യരുടെ വലിയ ശത്രുവാണ് ഡോക്ടര്‍ എന്ന്! ദുര്‍ഘടമായ ഈ മനുഷ്യജീവിതം കഴിയാവുന്നത്ര നീട്ടിക്കൊടുക്കുകയല്ലേ ഡോക്ടര്‍ ചെയ്യുന്നത്...?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

'പല പല ജന്മങ്ങള്‍ പിന്നിട്ടാണ് മനുഷ്യജന്മത്തിലേക്ക് എത്തുന്നത്' എന്ന പഴയ കാഴ്ചപ്പാടിനെക്കാള്‍ ശരി 'ഈ ജന്മത്തില്‍ത്തന്നെ നമ്മള്‍ എത്രയെത്ര ജന്മഘട്ടങ്ങളുടെ ദുരിതങ്ങളാണ് താണ്ടിപ്പോകുന്നത്' എന്ന് തിരിച്ചറിയുകയാണ്.

ഈ ജന്മത്തിലെ ഘട്ടങ്ങള്‍ താണ്ടിപ്പോകുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, ജലത്തില്‍ കഴിഞ്ഞതും മരത്തില്‍ കഴിഞ്ഞതും മണ്ണില്‍ കഴിഞ്ഞതും മരമായി നിന്നതും ഒന്നും അത്ര മോശം കാര്യമല്ല, ദുര്‍ഘടവുമല്ല. 

ഈ ജന്മത്തില്‍ നിന്ന് ആഹ്ലാദത്തോടെ, നന്മയോടെ കടന്നുപോകാന്‍ നമുക്ക് കഴിയണം. മറ്റുള്ളവര്‍ക്ക് നമ്മളാലാവുന്ന നന്മയേകി, ആ പുണ്യങ്ങളുടെ ബലത്തിലുള്ള നമ്മുടെ കടന്നുപോകല്‍ തന്നെയല്ലേ ഈ മോക്ഷം..?

Content Highlights: Oncologist VP Gangadharan