കാന്‍സറിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും എത്രയൊക്കെ പറഞ്ഞുകൊണ്ടിരുന്നാലും ആളുകള്‍ക്ക് അതിനെക്കുറിച്ചൊരു ബോധമുണ്ടാകുന്നില്ലല്ലോ എന്നു തോന്നാറുണ്ട് പലപ്പോഴും. കഴിയാവുന്നിടത്തൊക്കെ പൊതുവേദികളില്‍ പറയുന്നു, എഴുതുന്നു എത്രയൊക്കെ ചെയ്താലും ആളുകള്‍ക്ക് പഴയ തെറ്റിദ്ധാരണകളില്‍ നിന്ന് വിട്ടുപോരാന്‍ മടിയാണ്.

കഴിഞ്ഞദിവസം ആശുപത്രിയില്‍ ഒരു സ്ത്രീ പരിശോധനയ്ക്ക് വന്നു...ഒപ്പം ഭര്‍ത്താവുണ്ട്. ഏഴുകൊല്ലം മുമ്പ് അണ്ഡാശയത്തില്‍ കാന്‍സര്‍ കണ്ടെത്തിയതാണ് അവര്‍ക്ക്. ചികിത്സയിലൂടെ അന്ന് രോഗം പൂര്‍ണമായും ഭേദമാവുകയും ചെയ്തു. ഇങ്ങനെ രോഗം ഭേദമായവര്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ച് മറ്റു കാന്‍സര്‍ സാധ്യകതളൊന്നും എവിടെയുമില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ശരിയായ രീതി. അതുകൊണ്ടുള്ള പരിശോധനകള്‍ക്ക് വന്നതാണ് അവര്‍.

അസുഖമൊക്കെ പൂര്‍ണമായും ഭേദമായെങ്കിലും മനസ്സിന് വലിയ വിഷമമാണെന്ന് അവര്‍.'ഈ രോഗത്തിന്റെ കാര്യത്തില്‍ തത്കാലം ഒന്നും പേടിക്കാനോ വിഷമിക്കാനോ ഇല്ല. ജീവിതമാകുമ്പോള്‍ ചില കാര്യങ്ങളിലൊക്കെ വിഷമങ്ങളുണ്ടായേക്കാം. അതൊക്കെ പരിഹരിച്ച് സന്തോഷമായി കഴിഞ്ഞുപോവുകയല്ലേ നമ്മള്‍ ചെയ്യുന്നത്' എന്നു പറഞ്ഞപ്പോഴാണ് അവര്‍ സങ്കടക്കാര്യം പറയുന്നത്. വിഷമത്തിനു കാരണം ഏഴുകൊല്ലം മുമ്പ് ഭേദമായ ആ കാന്‍സര്‍ തന്നെയാണ്.

അവരുടെ മകന് വന്ന രണ്ട് കല്യാണാലോചനകള്‍ മറ്റെല്ലാ തരത്തിലും ഒത്തിണങ്ങിയതായിരുന്നു. നടന്നേക്കും എന്ന ഘട്ടം വരെയെത്തി. അപ്പോഴാണ് പ്രതിശ്രുതവരന്റെ അമ്മയ്ക്ക് പണ്ട് കാന്‍സര്‍ വന്നിരുന്നു എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്. അതോടെ പിന്മാറുകയായാരുന്നു രണ്ടു കൂട്ടരും!

അമ്മയ്ക്ക് ഓവറിയില്‍ കാന്‍സര്‍ വന്ന് സുഖപ്പെട്ടതിന്റെ പേരില്‍ മകന്റെ കല്യാണം മാറിപ്പോകുന്നു എന്നത് എനിക്ക് അതിശയകരമായിട്ടാണ് തോന്നിയത്. കല്യാണക്കാര്യം ഏതാണ്ട് ധാരണയിലാകുമ്പോഴേക്ക് ഈ അമ്മ തന്നെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കളോട് തന്റെ പഴയ കാന്‍സര്‍ കഥ പറയുന്നത്.

'എന്തിനാണ് നിങ്ങള്‍ ഈ പഴയ രോഗകഥയൊക്കെ പെണ്‍കുട്ടിയുടെ വീട്ടുകാരോട് എടുത്തുപറയാന്‍ നില്‍ക്കുന്നത്...? വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് അടുത്തിടെ കാന്‍സര്‍ എന്നല്ല, ഏതു രോഗം വന്നിട്ടുണ്ടെങ്കിലും പറയുന്നതാണ് മര്യാദ. അല്ലാതെ അമ്മയുടെ പണ്ടത്തെ അസുഖക്കാര്യമൊക്കെ പറയുന്നത് എന്തിനാണ്?' എന്ന് ചോദിച്ചു.

'അത്... ഡോക്ടര്‍... നമ്മള്‍ അത് പറഞ്ഞാലല്ലേ ശരിയാവൂ...'

'എന്നാല്‍, പിന്നെ എനിക്ക് പണ്ട് ചിക്കന്‍പോക്‌സ് വന്നിട്ടുണ്ടായിരുന്നു എന്ന കാര്യം കൂടി എല്ലാവരോടും പറഞ്ഞേക്കാം' -ആ സ്ത്രീക്കൊപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് അനിഷ്ടവും പരിഹാസവും മുഴുവന്‍ ഒളിപ്പിക്കാതെയാണ് പറഞ്ഞത്.

വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ക്ക് ഗൗരവമായ അസുഖങ്ങളുണ്ടെങ്കില്‍ പറയണം... അതാണ് മര്യാദ. ഗൗരവമുള്ള പാരമ്പര്യ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതും പറയേണ്ടതാണ്. അല്ലാതെ, പണ്ടെന്നോ അമ്മയ്ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടായിരുന്നു എന്നു പറഞ്ഞ് മകന്റെ കല്യാണാലോചന ഉപേക്ഷിക്കേണ്ടി വരുന്നത് വിചിത്രമാണ്.

'കാന്‍സര്‍ പാരമ്പര്യ രോഗമല്ല എന്നതാണ് ഒന്നാമത്തെ കാര്യം. വിവിധതരം കാന്‍സറുകള്‍ ഉള്ളതില്‍ അഞ്ച് ശതമാനത്തില്‍ താഴെ എണ്ണത്തിലേ ഏതെങ്കിലും തരത്തിലുള്ള പാരമ്പര്യ ഘടകങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. അതെങ്ങനെയായാലും അമ്മയ്ക്ക് ഓവറിയില്‍ കാന്‍സര്‍ വന്ന് ഭേദപ്പെട്ടതിന്റെ പേരില്‍ മകന് അതേ അസുഖം വരില്ലല്ലോ. ആണുങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ അണ്ഡാശയത്തിലെ രോഗബാധകള്‍!'

ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ കല്യാണാലോചനയ്ക്ക് ജാതകപ്പൊരുത്തം നോക്കുന്നവരെപ്പോലെ ഇനിയൊരു രോഗജാതകവും വേണ്ടി വന്നേക്കും.

അമ്മയ്ക്ക് സ്തനാര്‍ബുദമുണ്ടെന്നറിഞ്ഞ് മകളുടെ കല്യാണാലോചന ഉപേക്ഷിച്ച ഒരു സംഭവവും ഒരിക്കല്‍ കേട്ടിരുന്നു.

കുറച്ചു ദിവസം മുമ്പ് ഇതുപോലെ വാര്‍ഷിക പരിശോധനയ്ക്ക് എത്തിയ ഒരു അമ്മയുടെ സങ്കടം അവരുടെ കുഞ്ഞുങ്ങളെ കൂടെ കിടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നതായിരുന്നു. ആ സ്ത്രീക്ക് കാന്‍സര്‍ വന്ന് ഭേദമായിട്ട് ഏതാനും വര്‍ഷങ്ങളായി. മൂത്ത കുട്ടിക്ക് നാല്-നാലര വയസ്സുണ്ട്. ചെറിയയാള്‍ക്ക് രണ്ടോ രണ്ടരയോ വയസ്സ്. കുട്ടികളെ കൂടെ കിടത്തിയുറക്കാന്‍ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ അമ്മ അനുവദിക്കില്ല.

'നിങ്ങള്‍ ഒരുദിവസം അമ്മയെ കൂട്ടിക്കൊണ്ടു വരാമോ, കാന്‍സര്‍ പകരുന്ന രോഗമോ പാരമ്പര്യമായി വരാറുള്ളതോ അല്ലെന്ന് അവരോട് പറഞ്ഞു മനസ്സിലാക്കാന്‍ നോക്കാം' എന്നു പറഞ്ഞു. പക്ഷേ, ഇത്തരം അബദ്ധ ധാരണകളില്‍ ഉറച്ചു പോയ മനസ്സുള്ളവര്‍ക്ക് അതിനപ്പുറത്തുള്ള ശാസ്ത്രീയ വസ്തുതകളെക്കുറിച്ചൊന്നും അറിയുകയേ വേണ്ടല്ലോ!

ആറേഴു വര്‍ഷം മുമ്പ് രോഗം വന്ന് പൂര്‍ണമായും സുഖപ്പെട്ട ഒരു സ്ത്രീ ഇപ്പോഴും വാര്‍ഷിക പരിശോധനകള്‍ക്ക് വരുമ്പോള്‍ പറഞ്ഞു കരയാറുണ്ട്. രോഗം ഭേദമായ ശേഷം ഒരിക്കല്‍പ്പോലും ഭര്‍ത്താവ് അവരെ ഒപ്പം കിടക്കാന്‍ അനുവദിച്ചിട്ടില്ലെന്ന്. മക്കളുള്ളതുകൊണ്ട് അവര്‍ക്കുവേണ്ടി ഒരു വീട്ടില്‍ അങ്ങു കഴിഞ്ഞു പോവുകയാണ് ഭാര്യയും ഭര്‍ത്താവും.

'കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലുമായി നീ ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ് നിനക്കീ രോഗം വന്നത്' എന്ന് എപ്പോഴും കുറ്റപ്പെടുത്തുന്ന ഒരച്ഛനെക്കുറിച്ച് സങ്കടത്തോടെ പറഞ്ഞത് ഒരു ചെറുപ്പക്കാരനാണ്.

അധ്യാപകരും മറ്റും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന അബദ്ധങ്ങളുടെ ശക്തി വളരെ വലുതാണ്. അടുത്തിടെ ഒരു കാന്‍സര്‍ ചര്‍ച്ചയില്‍ ഈ രോഗത്തിന് പാരമ്പര്യ ബന്ധങ്ങളില്ലെന്ന് പറഞ്ഞപ്പോള്‍ ഒരധ്യാപകന്‍ എതിര്‍ത്തു. അദ്ദേഹത്തിന്റെ അടുത്ത് ഒരു വീട്ടില്‍ മൂന്നുനാലു പേര്‍ക്ക് കാന്‍സര്‍ വന്നു. 'അത് അനുഭവമാണ് ഡോക്ടറേ...' എന്നാണ് പറഞ്ഞത്.

'ഒരു വീട്ടിലെ രണ്ടുപേര്‍ വാഹനാപകടത്തിലോ തീവണ്ടിയപകടത്തിലോ മരിച്ചാല്‍ അത് പാരമ്പര്യമാണെന്ന് നിങ്ങള്‍ പറയുമോ...? അസുഖവും മരണവുമൊക്കെ ആര്‍ക്കും വരാം. പക്ഷേ, ഒരസുഖം പാരമ്പര്യമായി വരുന്നു എന്ന് പറയണമെങ്കില്‍ അതിന് ചില കൃത്യമായ കാരണങ്ങളും രീതികളുമൊക്കെ ഉണ്ടാകണം. ഒരു വീട്ടില്‍ രണ്ടോ നാലോ പേര്‍ക്ക്, ബന്ധുക്കളായ ഒന്നിലേറെ പേര്‍ക്ക് ഏതെങ്കിലും അസുഖം വരുന്നു എന്നതുകൊണ്ട് അത് പാരമ്പര്യരോഗമാവില്ല.'

ഇതു പക്ഷേ, എല്ലാവരുടെയും കാര്യമല്ല കേട്ടോ. കാന്‍സറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളിനക്ഷത്രങ്ങളെപ്പോലെ ചിലരുണ്ട്. രോഗമുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തിലേക്ക് ഒപ്പം കൂടുന്നവരുമൊക്കെ. അത്തരം വെള്ളിനക്ഷത്രങ്ങള്‍ പൊഴിക്കുന്ന പ്രകാശമാണ് ഇരുളുകള്‍ക്കു മീതേ നമ്മുടെ സമൂഹത്തെയാകെ പ്രത്യാശയിലേക്ക് നയിക്കുക. 

Content Highlight: Oncologist VP Gangadharan, Dr VP Gangadharan,VPG