കഴിഞ്ഞദിവസം ചാലക്കുടിയില്‍ നിന്ന് ഒരച്ഛനും മകനും കൂടി വന്നു.
'ഓണത്തിനു വരുമ്പോള്‍ ഡോക്ടര്‍ക്ക് ഒരു വാഴക്കുലയുമായി വരണമെന്ന് വിചാരിച്ചിരുന്നതാണ്. പറ്റിയില്ല. ഒരൊറ്റ വാഴയില്ലാതെ എല്ലാം വെള്ളപ്പൊക്കത്തില്‍പ്പെട്ടു...' -അച്ഛന്‍ അത് പറയുമ്പോള്‍ മകന്‍ ചിരിക്കുകയായിരുന്നു. ഒരു 20 -22 വയസ്സുള്ള ചെറുപ്പക്കാരനാണ് മകന്‍.
'എന്തേ ചിരിക്കുന്നത്?' എന്നു ചോദിച്ചപ്പോഴേക്കും മകന്‍ പറഞ്ഞു: ''എന്റെ ഡോക്ടറേ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യം. അപ്പഴാ വാഴക്കുല!''
പ്രളയദുരന്തത്തില്‍ അവരുടെ വീട് മുക്കാലും മുങ്ങി. ഒരുവിധം സാധനങ്ങളൊക്കെ ഒഴുകിയോ വെള്ളം കയറിയോ പോയി. പക്ഷേ, അതിനെച്ചൊല്ലി സങ്കടപ്പെടുന്നതിനെക്കാള്‍ ജീവന്‍ തിരിച്ചുകിട്ടിയതില്‍ ആശ്വസിക്കുകയാണ് അവര്‍. വെള്ളം കയറി വന്നപ്പോള്‍ മകന്‍ വേഗം വീട്ടിലെത്തി അച്ഛനെയും അമ്മയെയും സുരക്ഷിതമായ ഇടത്ത് എത്തിച്ചു. അപ്പോഴേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നു. അതു വകവെയ്ക്കാതെ ചില കൂട്ടുകാരുടെ കൂടി സഹായം തേടി, മകന്‍ പിന്നെയും വീട്ടിലേക്കെത്തി. തൊഴുത്തില്‍ ഒരു പശുവും കിടാവും ഉണ്ടായിരുന്നു. അവയുടെ ജീവന്‍ കൂടി സുരക്ഷിതമാക്കിയിട്ടേ ആ മകന്‍ സ്വന്തം ജീവനെക്കുറിച്ച് ചിന്തിച്ചുള്ളൂ.
ഈ പ്രളയം കേരളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന, നമ്മുടെ ചെറുപ്പക്കാരുടെ മഹത്തായ കര്‍മശേഷിയും അര്‍പ്പണബോധവുമാണെന്നാണ് എനിക്കു തോന്നുന്നത്. വിലമതിക്കാനാവാത്തതാണ് നമുക്കുണ്ടായ നഷ്ടങ്ങള്‍... എത്ര ആയിരം കോടി കിട്ടിയാലും തീര്‍ക്കാനാവില്ല വന്നുപോയ നഷ്ടങ്ങള്‍. പക്ഷേ, വലിയൊരു ഊര്‍ജം കൂടി അതിനൊപ്പം പ്രളയം കൊണ്ടുവന്നു തന്നിട്ടുണ്ട്. ഏതു കൊടിയ വിപത്തിനെയും മറികടക്കാന്‍ നമുക്കു കഴിയുമെന്ന് ഉറപ്പുനല്‍കുന്ന മഹത്തായൊരു ഊര്‍ജം. അത് നമ്മുടെ ചെറുപ്പക്കാരുടെ മനസ്സും കര്‍മശേഷിയുമാണ്.
ഞങ്ങളുടെയൊക്കെ തലമുറയിലുള്ളവര്‍... അതു കഴിഞ്ഞ് പത്തോ ഇരുപതോ കൊല്ലത്തിനുശേഷം ജനിച്ചവര്‍... ഒക്കെ സ്വന്തം കാര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ്, ഏറിയപങ്കും. മറ്റുള്ളവരെ സഹായിക്കില്ലെന്നല്ല... സ്വന്തം കാര്യം കഴിഞ്ഞിട്ടേ അതിനെക്കുറിച്ച് ആലോചിക്കൂ. എന്നാല്‍, സ്വന്തം കാര്യം മാറ്റിവെച്ച്, രക്ഷാപ്രവര്‍ത്തനത്തിനും പിന്നെ ജീവകാരുണ്യത്തിനും ഇറങ്ങിയവരാണ് നമ്മുടെ കുട്ടികള്‍. എനിക്ക് വ്യക്തിപരമായിട്ടാണെങ്കില്‍ അത് ഞെട്ടിപ്പിക്കുന്നൊരു സന്തോഷമാണ്... പലയിടത്തും കണ്ടു, ലീവെടുത്തും സ്വന്തം സ്ഥാപനങ്ങള്‍ അടച്ചിട്ടും ഒക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ ചെറുപ്പക്കാരെ.
പ്രതിസന്ധികള്‍ മുന്നില്‍ വരുേമ്പാഴാണ് നാം നമ്മുടെ യഥാര്‍ഥ ശക്തി തിരിച്ചറിയുന്നത്. അപ്രതീക്ഷിത കോണുകളില്‍ നിന്നായിരിക്കും അപ്പോള്‍ വലിയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്ന് മുന്നില്‍ നിന്ന് നയിക്കുന്നത്. അങ്ങനെയൊന്നായിരുന്നു നമ്മുടെ ചെറുപ്പക്കാരുടെ കാര്യം.
'പുതിയ തലമുറ ലോകബോധമില്ലാത്തവരാണ്... മാനവിക മൂല്യങ്ങള്‍ അറിയാത്തവരാണ്...' എന്നൊക്കെയുള്ള പരിദേവനങ്ങളായിരുന്നല്ലോ എമ്പാടും. പ്രളയാനന്തര കേരളത്തില്‍ ഇനിയാരും അങ്ങനെ കുറ്റപ്പെടുത്തുമെന്നു തോന്നുന്നില്ല. സമൂഹത്തിന്റെയാകെ നേതൃത്വത്തിലേക്കു തന്നെ വന്നുകഴിഞ്ഞു, നമ്മുടെ പുതിയ ചെറുപ്പക്കാര്‍. ഇനി നമുക്ക് പഴയ കേരളമല്ല വേണ്ടത്... പുതിയൊരു കേരളം പണിതുയര്‍ത്തുകയാണ് ഇനിയത്തെ ആവശ്യം. അതിനു കഴിവുള്ളവരാണ് നമ്മുടെ ചെറുപ്പക്കാര്‍ എന്ന് കര്‍മം കൊണ്ട് തെളിയിച്ചിരിക്കുന്നു അവര്‍. മതത്തിന്റെയും ജാതിയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും ക്ഷുദ്രമായ ഇടപെടലുകള്‍ കൊണ്ട് അവരുടെ വലിയ കര്‍മശേഷിയെ ഇല്ലാതാക്കാതിരുന്നാല്‍ മതിയായിരുന്നു.
അമ്മയോടൊപ്പം വന്ന ഒരു യുവാവിന് വലിയൊരു സങ്കടമുണ്ടായിരുന്നു 'സമയത്ത് അമ്മയുടെ രോഗം കണ്ടെത്താനായില്ലല്ലോ' എന്ന്. പ്രളയസമയത്ത് അയാള്‍ ആദ്യം അമ്മയെ അടുത്തൊരു വീട്ടിലാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പോയി. പിറ്റേന്നാണ് അറിയുന്നത് അമ്മ കഴിയുന്ന വീട്ടിലും വെള്ളമെത്തി എന്ന്. ഉടന്‍ പാഞ്ഞെത്തി അമ്മയെ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നെ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് അമ്മയുടെ അടുത്ത് തിരികെ എത്തുന്നത്. അപ്പോഴേക്ക് അമ്മയ്ക്ക് അസുഖമായിക്കഴിഞ്ഞിരുന്നു. വിശദമായ തുടര്‍ പരിശോധനകള്‍ക്ക് പിന്നെയും രണ്ടുനാലു ദിവസം വൈകി. അതിനു ശേഷമാണ് കാന്‍സര്‍ കണ്ടെത്തുന്നത്. 'പ്രളയസമയത്ത് താന്‍ അമ്മയെ വിട്ടു പോയതുകൊണ്ട് രോഗം കണ്ടെത്താന്‍ വൈകിയല്ലോ' എന്നായിരുന്നു മകന്റെ ദുഃഖം.
'ഏതാനും ദിവസം വൈകിയതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല' എന്ന് അയാളെ ആശ്വസിപ്പിച്ചു. 'ആ ദിവസങ്ങളില്‍ കൃത്യമായി അമ്മയുടെ അടുത്ത് ഉണ്ടാകാനും പരിശോധനകള്‍ നടത്താനും കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ ചെയ്തത് അതിനെക്കാള്‍ വലിയ കാര്യങ്ങളാണ്' എന്നു പറഞ്ഞപ്പോള്‍, വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ആ മകന്‍ പതുക്കെ ചിരിച്ചു.
മഹത്തായ കാര്യമാണ് നമ്മുടെ ചെറുപ്പക്കാര്‍ ചെയ്തത്. ആരുടെയും ഒരു നിര്‍ദേശത്തിനും കാത്തുനില്‍ക്കാതെ, ഒരങ്കലാപ്പുമില്ലാതെ ഒരു ജനതയെ ഒന്നാകെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചു കയറ്റുക എന്നത്... സ്വന്തം കാര്യം മാറ്റിവെച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നത്... പ്രളയകാലത്തെ ആ ഒരുമയുടെ നല്ലൊരംശം ബാക്കിനിര്‍ത്താനായാല്‍, നമുക്കു കഴിയും ഏതു പ്രതിസന്ധിയെയും മറികടക്കാന്‍.
Content Highlights: oncologist Dr VP Gangadharan on kerala flood rescue mission