ഴിഞ്ഞയാഴ്ച പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ കൂടെ കുറച്ചുസമയം സംവാദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നല്ല കുട്ടികള്‍. ഉന്മേഷവും ഉത്സാഹവും ഉദ്വേഗവും കുറച്ച് മണിക്കൂറുകള്‍ അവര്‍ എനിക്ക് സമ്മാനിച്ചു. പത്തുവയസ്സ് കുറഞ്ഞ അനുഭവമാണ് അവര്‍ എനിക്ക്, ആ കുറഞ്ഞ സമയംകൊണ്ട് നല്‍കിയതെന്നും അതിനുള്ള നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നെന്നും പറഞ്ഞാണ് ഞാന്‍ പിരിഞ്ഞത്. 

മറക്കാനാകാത്ത എന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, ജീവിതാനുഭവങ്ങള്‍. ഇതെല്ലാം അവര്‍ കൈയടിച്ച്, ആഹ്ലാദം പങ്കുവെച്ച്, ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു.

'ഇത്രയും നാളത്തെ ഡോക്ടറുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ചില അനുഭവങ്ങള്‍. അതൊന്ന് വിവരിക്കാമോ?' മുന്‍വരിയില്‍ ഇരുന്ന വെളുത്തുമെലിഞ്ഞ പെണ്‍കുട്ടിയുടേതായിരുന്നു ആ ചോദ്യം.

ആ കണ്ണുകളിലെ തിളക്കം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 'ഇക്കഴിഞ്ഞ ഒരുമാസത്തെ അനുഭവങ്ങള്‍ തന്നെ ധാരാളം' ഇത് ഞാനറിയാതെ, എന്റെ മനസ്സില്‍നിന്ന് വന്ന ഉത്തരം. ആ അനുഭവങ്ങളുടെ ഓര്‍മകള്‍ എന്റെ കണ്ണിന്റെ തിളക്കവും കൂട്ടുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

2019 നവംബര്‍ 19, ചൊവ്വാഴ്ച. ഈ ദിവസം മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്നില്ല. ഒരിക്കലും മാഞ്ഞുപോകരുതേ എന്നും ആഗ്രഹിച്ചുപോകുന്നു.

ഒരു കലാപരിപാടിയുടെ ഭാഗമായി അന്നേദിവസം രാവിലെ ഞാന്‍ എറണാകുളത്തെ ചോയ്സ് സ്‌കൂള്‍ അങ്കണത്തിലെത്തിയതാണ്. ഞാന്‍ എന്റെ ബുള്‍ബുളിന്റെ കമ്പികള്‍ മുറുക്കിക്കൊണ്ടിരുന്ന നിമിഷങ്ങള്‍. എന്റെ ഇടത്തേ തോളിലൂടെ ഊര്‍ന്നുവന്ന് കഴുത്തില്‍ ഒരു മൃദുലസ്പര്‍ശം. തിരിഞ്ഞുനോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു കൊച്ചുമാലാഖ. അവളെന്നോട് ചേര്‍ന്നുനിന്ന് ചെവിയില്‍ പതുക്കെ പറഞ്ഞു: 'താങ്ക്യൂ അങ്കിള്‍, എന്റെ അച്ഛനെ എനിക്ക് തിരികെ തന്നതിന്, എന്റെ അച്ഛനെ ഡോക്ടര്‍ അങ്കിളാണ് ചികിത്സിച്ചത്...താങ്ക്യൂ അങ്കിളേ...'അവള്‍ക്ക് പോകാന്‍ മനസ്സു വരുന്നില്ല, അവളെ വിടാന്‍ എനിക്കും.

കണ്ണീരടക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. എന്റെ ഈ അവസ്ഥ കണ്ടിട്ടാവണം, ആ കുഞ്ഞിന്റെ അമ്മ സ്വയം പരിചയപ്പെടുത്തി, എന്റെ അടുത്തേക്ക് ഓടിവന്നു: 'അദ്ദേഹം സുഖമായിരിക്കുന്നു ഡോക്ടര്‍, നന്ദിയുണ്ട് എല്ലാത്തിനും. ഡോക്ടറിനെ കണ്ടപ്പോള്‍ അവള്‍ എല്ലാംമറന്ന് ഡോക്ടറുടെ അടുത്തെത്തിയതാണ്. തെറ്റാണ് ചെയ്തതെങ്കില്‍ അവളോട് ക്ഷമിക്കണം, ഡോക്ടറേ.' മകളേയും കൊണ്ട് ആ അമ്മ നടന്നകന്നു. എന്നെ വിട്ടുപോകാന്‍ മനസ്സുവരാത്തതുകൊണ്ടാകാം, അമ്മയുടെ കൈയില്‍ തൂങ്ങി അവള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

ഞാന്‍ തിരികെ പോരുന്നതിന് മുമ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും കൂട്ടി അവള്‍ വീണ്ടും എന്റെ അരികിലെത്തി.'ഈ മൂന്നാംക്ലാസുകാരിക്ക് ഡോക്ടറെ ഒന്നുകൂടി കാണണം എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ കൂട്ടിക്കൊണ്ടുപോന്നത്.' അവളെ എന്റെ അരുകില്‍ നിര്‍ത്തിയിട്ട് പ്രിന്‍സിപ്പല്‍ നടന്നകന്നു.

ഒരിക്കല്‍ക്കൂടി അവള്‍ എന്റെ കഴുത്തില്‍ കൈയിട്ട് എന്നോട് ചേര്‍ന്നുനിന്നു. 'ഇത് അങ്കിളിന്'അവളുടെ കൈയിലിരുന്ന ഒരു കാര്‍ഡ് അവള്‍ വെച്ചുനീട്ടി. സ്വന്തം കൈപ്പടയിലെഴുതി, അവളെനിക്ക് സമ്മാനിച്ച ഒരപൂര്‍വ സമ്മാനം. വികാരവും വിഷാദവും സ്‌നേഹവും കലര്‍ന്ന കുറേ വാക്കുകള്‍.

അച്ഛന്റെ അസുഖം ആ കുഞ്ഞുമനസ്സിനെ എത്രമാത്രം വിഷമിപ്പിച്ചിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷം. അവളുടെ യഥാര്‍ത്ഥ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു. എന്റെ ഈ ജീവിത്തിനും അര്‍ത്ഥമുണ്ടെന്ന് മനസ്സില്‍ തോന്നിയത് സ്വാഭാവികം മാത്രം.

നവംബര്‍ 14 ചാച്ചാജിയുടെ ജന്മദിനം, ശിശുദിനം. ഏറെ സവിശേഷതകളുള്ള ഒരു ദിവസം. 2019 നവംബര്‍ 14 എനിക്ക് സമ്മാനിച്ചതും മധുരമുള്ള കുറേ ഓര്‍മകളായിരുന്നു.

യു.എ.ഇ.യിലെ അലെയ്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ഞാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയ്ക്കായി കാത്തിരിക്കുന്ന സമയം. അന്നത്തെ 'മാതൃഭൂമി' പത്രത്തിലെ തലക്കെട്ടുകളില്‍ കണ്ണോടിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുവ ദമ്പതിമാര്‍ എന്റെ രണ്ടുവശത്തുമായി വന്നുനിന്നത് ഞാന്‍ കണ്ടില്ല. കൂടെയുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനവരെ ശ്രദ്ധിച്ചത്.

'ഡോക്ടറെന്നെ ഓര്‍ക്കുന്നുണ്ടോ? വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സ്‌കൂള്‍ക്കുട്ടിയായിരുന്ന സമയത്ത് ഡോക്ടര്‍ എന്നെ ചികിത്സിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്നു.'ഭര്‍ത്താവിനെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. 'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം' അതുപറഞ്ഞ് അവള്‍ കരയുകയായിരുന്നു.

'ഇത് സന്തോഷക്കണ്ണീരാണ് ഡോക്ടറേ. ഈ കണ്ണീര്‍ രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. എന്റെ ജീവന്‍ തിരികെത്തന്ന ഡോക്ടറെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടതിന്റെ സന്തോഷം ഒരു വശത്ത്. കുറേനാളത്തെ കാത്തിരിപ്പിനുശേഷം ഞാന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷം മറുവശത്ത്. ഡോക്ടര്‍ എനിക്ക് തിരികെത്തന്ന എന്റെ ജീവനും, എന്റെ ഉള്ളില്‍ ഞങ്ങള്‍ നല്‍കിയ മറ്റൊരു ജീവനും'ഭര്‍ത്താവിനെ നോക്കി അവള്‍ പറഞ്ഞുനിര്‍ത്തി.

എന്റെ സുഹൃത്തിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

'ഒരു ഫോട്ടോയെടുത്തോട്ടേ, ഞങ്ങള്‍ സാറിന്റെ കൂടെനിന്ന്'ഭര്‍ത്താവാണ് ഫോണുമായി മുന്നോട്ടു വന്നത്. ഫോട്ടോയുമെടുത്ത് നടന്നുനീങ്ങുമ്പോള്‍ അവളും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. എന്റെ സാമീപ്യം ആഗ്രഹിക്കുന്നതുപോലെ.

അതേദിവസം തന്നെ, വൈകീട്ട് അലെയ്നില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി നഴ്സിങ് മേഖലയില്‍ സേവനം തുടരുന്ന, 35 'ഭൂമിയിലെ മാലാഖ'മാരെ ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. അതില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. എന്നെ സദസ്സിന് പരിചയപ്പെടുത്തിയതിനുശേഷം സ്വാഗത പ്രാസംഗികന്‍ തുടര്‍ന്നു: 'ഡോക്ടറെ ആദരിക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് അതിന് ഏറ്റവും അര്‍ഹതപ്പെട്ട ഒരു വ്യക്തിയെത്തന്നെയാണ്. നീണ്ട ഒരു മൗനം.

ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍'ആരായിരിക്കും അത്...'എന്റെ മനസ്സും ചിന്തിച്ചു.
'ഭരത്...'ഉച്ചഭാഷിണിയിലൂടെ ആ പേര് ഉയര്‍ന്നുകേട്ടു. 'ഡോക്ടര്‍ ചികിത്സിച്ച, ഡോക്ടറുടെ പ്രിയപ്പെട്ട ഭരത്'
ഭരത് പതുക്കെ പതുക്കെ സ്റ്റേജിലേക്ക് നടന്നുകയറി. പതിനെട്ടു വയസ്സ് പ്രായംവരുന്ന ഒരു സുന്ദരന്‍.

എന്റെ ചിന്തകള്‍ വര്‍ഷങ്ങള്‍ പിറകോട്ടേക്ക് പാഞ്ഞു, ഒന്നര വയസ്സുകാരനായ ഭരതിനെ ഞാന്‍ ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുത്തു. ഷാളണിയിച്ച്, എനിക്കുള്ള പുരസ്‌കാരവും സമ്മാനിച്ച ഭരതും ഞാനും ഒരുനിമിഷം പരസ്പരം നോക്കിനിന്നു. പരിസരം മറന്ന് ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. ഒരു വിതുമ്പലിന്റെ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

'ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട സമ്മാനം'മനസ്സ് മന്ത്രിച്ചു.

നവംബറിലെ ഒരു ശനിയാഴ്ച. ഏതുദിവസം എന്നതിന് ഒരു പ്രസക്തിയുമില്ലെന്ന് മനസ്സു പറയുന്നതിനാല്‍ തീയതി കുറിക്കുന്നില്ല. ഒരു വിവാഹച്ചടങ്ങാണ്. കോട്ടയത്തിനടുത്ത് ഒരു പള്ളിയിലാണ് വിവാഹം. ഞാനും കുറച്ചു സുഹൃത്തുക്കളും വിവാഹച്ചടങ്ങുകള്‍ ആസ്വദിച്ച് നില്‍ക്കുന്ന നിമിഷം. വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന അച്ചന്റെ പ്രസംഗം.

'വളരെ അപൂര്‍വമായ ഒരു നിമിഷമാണിത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു മുഹൂര്‍ത്തമാണിത്. ചികിത്സിച്ച ഡോക്ടറും ചികിത്സനേടിയ രണ്ടു രോഗികളും ഒരേവേദി പങ്കിടുന്ന ഒരു അമൂല്യനിമിഷം. ഈ സ്റ്റേജില്‍ നില്‍ക്കുന്ന നവവധുവും കാര്‍മികനായ ഞാനും ഡോക്ടറുടെ കൈകളിലൂടെ തിരികെ ജീവിതത്തിലേക്ക് വന്ന രണ്ടുപേരാണ്. ദയവുചെയ്ത് ഡോക്ടര്‍ സ്റ്റേജിലേക്ക് വരണം...'അച്ചന്‍ പറഞ്ഞുനിര്‍ത്തി.

പള്ളി അങ്കണത്തില്‍ തികഞ്ഞ നിശ്ശബ്ദത. എല്ലാ കണ്ണുകളും എന്നിലേക്ക് തിരിഞ്ഞു. എങ്ങുനിന്നോ ഒഴുകിവന്ന ഈരടികള്‍ മാത്രം ചെവിയില്‍ മുഴങ്ങുന്നു: മറക്കാന്‍ കഴിയുമോ, 'സ്‌നേഹം' മനസ്സില്‍ വരയ്ക്കും വര്‍ണചിത്രങ്ങള്‍, മായ്ക്കാന്‍ കഴിയുമോ? ഈരടിയിലെ മാറിക്കേട്ട വാക്ക്.. മനസ്സ് സമ്മാനിച്ചതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.