'എന്റെ മരണം അടുത്തെന്ന് എനിക്കറിയാം. കൂടി വന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. അവര്‍ എന്റെ മര്‍മസ്ഥാനം നോക്കിത്തന്നെ ആക്രമിച്ചു കഴിഞ്ഞു. ഇനി എനിക്ക് പിടിച്ചുനില്‍ക്കാനാകില്ല. പക്ഷേ, മരിക്കുന്നതിന് മുന്‍പ് എനിക്ക് ചില വസ്തുതകള്‍ തുറന്നുപറഞ്ഞേ മതിയാകൂ. എന്നെ വെറുക്കുന്ന സമൂഹം അത് അറിയണം. എന്റെ മരണശേഷമെങ്കിലും ഞാന്‍ കുറ്റക്കാരനല്ലെന്നും യഥാര്‍ത്ഥപ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ തിരിച്ചറിയണം. എന്റെ അവസാനത്തെ ഈ വാക്കുകള്‍ ഒരു മരണമൊഴിയായി രേഖപ്പെടുത്തണം.' -സ്ഥിരപരിചയമുള്ള ഈ ശബ്ദം ഒരു കാന്‍സര്‍ കോശത്തിന്റേതാണെന്ന് ഞാന്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
'ഞാന്‍ പാവമായിരുന്നു, ഈ ഭൂമിയില്‍ പിറക്കുമ്പോള്‍ ഒരു കുഞ്ഞും കള്ളനായോ, തീവ്രവാദിയായോ, വിപ്‌ളവകാരിയായോ അല്ല ജനിച്ചുവീഴുന്നത്. ജീവിത സാഹചര്യങ്ങളാണ് അവനെ, അല്ലെങ്കില്‍ അവളെ അങ്ങനെ ആക്കിത്തീര്‍ക്കുന്നത്. എന്നെ ന്യായീകരിക്കാനല്ല ഞാന്‍ ഇതെല്ലാം അവതരിപ്പിക്കുന്നത്.' -കാന്‍സര്‍ കോശം നെടുവീര്‍പ്പോടെ കഥ തുടര്‍ന്നു.
'നിങ്ങളുടെയൊക്കെ വളര്‍ച്ചയെ സഹായിക്കാനായി, നിങ്ങളോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സ്‌നേഹത്തോടെ വളരാനാണ് ഞാന്‍ ആഗ്രഹിച്ചത്. ശ്രമിച്ചത്. പക്ഷേ, എന്റെ കൂടെപ്പിറപ്പായ മറ്റു കോശങ്ങള്‍ക്കൊപ്പം കളിച്ചുചിരിച്ച് വളര്‍ന്ന എന്നെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിച്ചില്ല. അതല്ലേ സത്യം' -സമൂഹത്തിനു നേരെ വിരല്‍ചൂണ്ടി കോശം ആക്രോശിച്ചു.
'നിങ്ങളുടെ സന്തോഷത്തിനായി നിങ്ങള്‍ പുക വലിച്ചു, മദ്യപിച്ചു, പുകയില ചവച്ചരച്ച് ആസ്വദിച്ചു. പഴങ്ങളും പച്ചക്കറികളും ഇലകളും കഴിച്ച് എന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാന്‍ എത്രയോ വട്ടം ഞാന്‍ നിങ്ങേളുടെ കാല്‍ക്കല്‍ വീണ് കെഞ്ചിയിട്ടുണ്ട്. അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ കെമിക്കല്‍സും നാരുകളും മതിയായിരുന്നു എന്റെ സ്വഭാവത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍, ഞാനൊരു നല്ലവനായി വളരാന്‍. വ്യായാമം നിങ്ങള്‍ മറന്നു.
നിങ്ങളുടെ ഫാസ്റ്റ് ഫുഡ് ജീവിതം, നിങ്ങളുടെ തോന്നിവാസ ജീവിതം, നിങ്ങള്‍ തുടര്‍ന്നു..ഫലമോ? എനിക്ക് സൈ്വരമായി ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം നിങ്ങള്‍ സൃഷ്ടിച്ചെടുത്തു. എത്രയോ രാത്രികള്‍ ഞാന്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നോ?'കോശം കണ്ണീരൊപ്പി വീണ്ടും തുടര്‍ന്നു.
'എനിക്ക് ജീവിക്കണം, എനിക്കും ജീവിക്കണം. ഞാന്‍ ഉറച്ച ഒരു തീരുമാനമെടുത്തു. എന്നെ സഹായിക്കാന്‍ എന്റെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളുമായി എനിക്കുചുറ്റും എന്നുമുണ്ടായിരുന്ന മറ്റു കോശങ്ങളും തയ്യാറായിരുന്നു. അങ്ങനെ ഞാന്‍ കുറേശ്ശേ കുറേശ്ശേ..
വായ്ക്കും വയറിനും വിശ്രമമനുവിക്കാതെ ൈകയില്‍ കിട്ടിയതെല്ലാം വാരിവലിച്ചു തിന്ന് നടന്ന നിങ്ങള്‍, ഒരിക്കലെങ്കിലും കണ്ണാടിയില്‍ നോക്കി പൊണ്ണത്തടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !?
എനിക്കു ചുറ്റുമുള്ള പ്രശ്‌നങ്ങളെ, സാഹചര്യങ്ങളെ നേരിടാന്‍ പഠിച്ചു. പതുക്കെ പതുക്കെ ഞാന്‍ അനുസരിയില്ലാത്തവനായി മാറി. അമിതമായി, അനിയന്ത്രിതനായി മരണമില്ലാതെ വളരാന്‍ ഞാന്‍ ശീലിച്ചു. ഒറ്റയ്ക്ക് പൊരുതാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് പെട്ടെന്ന് സംഭവിച്ചതൊന്നുമല്ല. എന്റെ പ്രത്യുത്പാദനശേഷി ഉപയോഗിച്ച് ഞാന്‍ എനിക്കുചുറ്റും മക്കളുടെ ഒരു നിരതന്നെ പടുത്തുയര്‍ത്തി. അവര്‍ ജന്മനാതന്നെ ബലവാന്മാരായിരുന്നു. എന്നേക്കാള്‍ ശക്തര്‍.
പുതിയ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടി ഞങ്ങള്‍ യാത്ര തുടങ്ങിയത് രണ്ടാം ഘട്ടത്തില്‍ മാത്രമായിരുന്നു. അങ്ങനെ, നിങ്ങളറിയാതെ നിങ്ങളുടെ പല രഹസ്യസങ്കേതങ്ങളിലും ഞങ്ങള്‍ എത്തി. അവിടെയും ഞങ്ങള്‍, ഞങ്ങളുടേതായ ഒരു ലോകം തീര്‍ത്തു. പാവം, നിങ്ങളറിഞ്ഞില്ല. നിങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ സംവിധാനങ്ങളില്ലാതെ പോയി.
നിങ്ങളുടെ പട്ടാളക്കാരേയും പോലീസുകാരേയും നിയമപാലകരേയും ഞങ്ങള്‍ നിര്‍വീര്യരാക്കി. ഞങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ച്, ഞങ്ങളുടെ ജീവിതം സുഗമമാക്കി. അങ്ങനെ മനഃസമാധാനത്തോടെ കിടന്നുറങ്ങാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളെടുത്തെന്നു മാത്രം.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഞങ്ങള്‍ പെറ്റുപെരുകിയതോടെ അവശ്യസാധനങ്ങള്‍ക്കുപോലും ക്ഷാമമായിത്തുടങ്ങി. ഞങ്ങള്‍ പട്ടിണികിടക്കാന്‍ തയ്യാറല്ലായിരുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അത്യാവശ്യ സാധനങ്ങള്‍ക്കു പോലും ദൗര്‍ലഭ്യമായിത്തുടങ്ങിയത് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ മുന്നില്‍ ഒരൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. പിടിച്ചുപറിക്കുക, കൊന്ന് കവര്‍ന്നെടുക്കുക. അങ്ങനെ, ഞങ്ങള്‍ കള്ളന്മാരായി, കൊള്ളക്കാരായി നിങ്ങളുടെ നല്ല കോശങ്ങളെ ഞങ്ങള്‍ കവര്‍ന്നു, പലരേയും കൊന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഞങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലല്ലോയെന്നത് ഒരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു എന്നത് ഒരു സത്യം.
എന്നെ, ഞങ്ങളെ, നിങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. ഞങ്ങളുടെ താവളങ്ങള്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു... ഞങ്ങള്‍ നിങ്ങളേക്കാള്‍ ശക്തരായിക്കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഒരു കൈ വെട്ടിയാല്‍. ആയിരം കൈകള്‍ വീണ്ടും പടുത്തുയര്‍ത്താനുള്ള ആര്‍ജവം ഞങ്ങള്‍ സമ്പാദിച്ചു കഴിഞ്ഞിരുന്നു.
നിങ്ങളും തോല്‍ക്കാന്‍, തോല്‍വി സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. അനിവാര്യമായ ഒരു ആഭ്യന്തര യുദ്ധത്തിന് ഞങ്ങള്‍ തയ്യാര്‍. നിങ്ങളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു. മഹാഭാരത യുദ്ധത്തിന് സമാനമായ ഒരന്തരീക്ഷമെന്ന് ഞങ്ങള്‍ക്കുതോന്നി. കര്‍ണന്‍ ഒരാള്‍ മാത്രമായിരുന്നില്ലെന്നു മാത്രം. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളെല്ലാം കര്‍ണന്മാരായിരുന്നു. യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കാന്‍, ഞങ്ങള്‍ വ്യാജഡോക്ടര്‍മാരെ കൂടെക്കൂട്ടി. നിങ്ങളെ സഹായിക്കാന്‍ ധാരാളം പേരുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
നിങ്ങളുടെ ആവനാഴിയിലെ അമ്പുകളുടെ എണ്ണവും ശക്തിയും കൂടുന്നതും ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. സര്‍ജറിയും റേഡിയേഷനും കീമോതെറാപ്പിയും ഇമ്യൂണോ തെറാപ്പിയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും ഞങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ കൂടുതല്‍ ബലവത്താകുന്നത് ഞങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്നുമുണ്ടായിരുന്നു.
നിങ്ങള്‍ ഞങ്ങളുടെ പല ഒളിത്താവളങ്ങളും തകര്‍ത്തു. ഞങ്ങളെ മാത്രം തേടിപ്പിടിച്ച് നശിപ്പിക്കാനുള്ള നിങ്ങളുടെ ശക്തി ഞങ്ങളെ നിര്‍വീര്യരാക്കിത്തുടങ്ങിയിരുന്നു. ഞങ്ങള്‍ ഉറക്കിക്കിടത്തിയിരുന്ന നിങ്ങളുടെ യോദ്ധാക്കളെ നിങ്ങള്‍ ഉണര്‍ത്തിയത്, പൂര്‍വാധികം ശക്തരാക്കിയത്. ഞങ്ങള്‍ക്ക് ഒരു വലിയ തിരിച്ചടിയായി.
വിട്ടുകൊടുക്കാന്‍ ഞങ്ങളും തയ്യാറല്ലായിരുന്നു. പുതിയ പുതിയ ഒളിത്താവളങ്ങള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ജീവിക്കാനും ശക്തി ആര്‍ജിക്കാനും പുതിയ മാര്‍ഗങ്ങള്‍, തന്ത്രങ്ങള്‍ ഞങ്ങള്‍ മെനഞ്ഞു. പക്ഷേ, അന്തിമ വിജയം നിങ്ങള്‍ക്കായിരുന്നു. ധര്‍മത്തിനായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങനെ ഞാന്‍, മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് എന്റെ അവസാന നിമിഷങ്ങള്‍...' -കാന്‍സര്‍ കോശം വികാരാധീനനായി.
'ഞാന്‍ ഇങ്ങിനെയാവില്ലായിരുന്നു... നിങ്ങള്‍ കുറച്ച് ശ്രമിച്ചിരുന്നെങ്കില്‍...' സമൂഹത്തിനു നേരേ വിരല്‍ ചൂണ്ടി കോശം തുടര്‍ന്നു.
'എല്ലാ കോശങ്ങളും നല്ല കോശങ്ങളാണ്. നല്ല കുട്ടികളാണ്. അവരെ വെറുതെവിടൂ. ജീവിക്കാന്‍ അനുവദിക്കൂ. അവര്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കും. നിങ്ങള്‍ക്ക് വേണ്ടി പടപൊരുതും.നിങ്ങള്‍ക്കുവേണ്ടി മരിക്കും. പക്ഷേ, ഒരു കാര്യം മനസ്സില്‍ ഓര്‍ക്കുന്നത് നന്ന്. എന്റെ കിങ്കരന്മാര്‍ അഞ്ചുവര്‍ഷം വരെ നിങ്ങളുടെ കൂടെത്തന്നെയുണ്ടാകും. നിങ്ങളറിയാതെ. അവരെ സൂക്ഷിക്കുക, അവര്‍ ശക്തരാകാതെ നോക്കുക...'
'ഞാന്‍...ഞാന്‍...'കാന്‍സര്‍ കോശം കണ്ണുകളടച്ചു...ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞു.
ഇതൊരു മരണമൊഴിയായി ഞാന്‍ നിങ്ങളുടെ മുന്നിലെത്തിക്കുന്നു.പാവം കാന്‍സര്‍ കോശം.എന്റെ മനസ്സ് മന്ത്രിച്ചു. ഉറക്കച്ചടവോടെ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
Content Highlights: Dr VP Gangadharan, VPG, Oncologist VP Gangadharan